പ്രാർഥനകളിൽ മുഴുകി വിശ്വാസികൾ; റമസാൻ അവസാന പത്തിലേക്ക്

Mail This Article
അബുദാബി ∙ ഗൾഫ് രാജ്യങ്ങളിൽ ഇന്നു മുതൽ റമസാൻ അവസാന പത്തിലേക്കു കടന്നതോടെ പ്രാർഥനാ നിർഭരമായി വിശ്വാസികൾ. ആയിരം മാസങ്ങളെക്കാൾ ശ്രേഷ്ടമായ ലൈലത്തുൽ ഖദ്റിന്റെ രാത്രികൾ പ്രതീക്ഷിക്കുന്ന അവസാന പത്തിലെ പ്രാർഥനകൾക്ക് പുണ്യമേറെ ആയതിനാൽ വീടുകളും മസ്ജിദുകളുമെല്ലാം പ്രാർഥനാ മുഖരിതം.
മസ്ജിദുകളിൽ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെടുന്നത്. റമസാനിൽ 5 നേരത്തെ നമസ്കാരങ്ങൾക്ക് എത്തുന്ന വിശ്വാസികളെകൊണ്ട് ആരാധനാലയങ്ങളും നിറഞ്ഞിരുന്നു. അവസാന പത്തിന് ഇന്നു തുടക്കമാകുന്നതിനാൽ ഇനിയുള്ള 10 ദിനരാത്രങ്ങളിൽ വിശ്വാസികളുടെ ഒഴുക്ക് കൂടും. അനുഗ്രഹത്തിന്റെ ആദ്യ പത്തു ദിനങ്ങളും പാപമോചനത്തിന്റെ രണ്ടാമത്തെ പത്തും കർമനിരതമാക്കിയ വിശ്വാസികൾ അവസാന പത്തിൽ നരകമോചനത്തിനായി പ്രാർഥനയിൽ മുഴുകും.
റമസാനിലെ ഏറ്റവും സവിശേഷമായ നിർണയത്തിന്റെ രാത്രി എന്നറിയപ്പെടുന്ന ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കുന്നതും അവസാന പത്തിലാണ്. ഒരായുഷ്കാലത്തെ പ്രാർഥനകളിൽ ഏർപ്പെട്ടതിന്റെ പുണ്യം ഒറ്റ രാവുകൊണ്ട് നേടിയെടുക്കാനുള്ള അസുലഭ അവസരമാണ് ലൈലത്തുൽ ഖദ്ർ. അത് റമസാനിലെ അവസാന പത്തിലെ 21, 23, 25, 27, 29 രാവുകളിൽ ഒന്നായിരിക്കുമെന്നാണ് സൂചന.
കൃത്യമായി ഒരു ദിവസം എടുത്തുപറയാത്തതിനാൽ അവസാന പത്തിൽ പുലരുംവരെ നമസ്കാരത്തിലും ഖുർആൻ പാരായണത്തിലും അനുബന്ധ പ്രാർഥനകളിലും വിശ്വാസികൾ മുഴുകും. യുഎഇയിൽ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് ഉൾപ്പെടെ രാജ്യത്തെ പ്രധാന പള്ളികളിലെല്ലാം വൻ ഒരുക്കങ്ങളാണ് നടക്കുന്നത്.