മക്കൾക്ക് 'വഴികാട്ടി', സ്വപ്നങ്ങളെ 'ധൈര്യത്തോടെ' പിന്തുടരാൻ സഹായിക്കുന്നവർ: അമ്മാർക്ക് ആശംസകളുമായി യുഎഇ പ്രസിഡന്റ്

Mail This Article
അബുദാബി ∙ ലോകത്തെങ്ങുമുള്ള അമ്മാർക്ക് മാതൃദിനത്തിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആശംസകൾ അർപ്പിച്ചു. മക്കൾക്ക് "വഴികാട്ടിയായി" വർത്തിക്കുകയും അവരുടെ സ്വപ്നങ്ങളെ "ധൈര്യത്തോടെ" പിന്തുടരാൻ സഹായിക്കുകയും ചെയ്യുന്നവരാണ് അമ്മമാരെന്ന് അദ്ദേഹം പറഞ്ഞു. തന്റെ സ്വന്തം മാതാവ് ഉൾപ്പെടെ നൽകിയ മഹത്തായ സംഭാവനകളെ അദ്ദേഹം സന്ദേശത്തിൽ എടുത്തു പറഞ്ഞു.
എന്റെ മാതാവിനും എല്ലായിടത്തുമുള്ള അമ്മമാർക്കും നിങ്ങളുടെ കാരുണ്യം, ജ്ഞാനം, ശക്തി എന്നിവയിലൂടെ ഞങ്ങളുടെ സ്വപ്നങ്ങളെ ധൈര്യത്തോടെ പിന്തുടരാൻ പ്രചോദിപ്പിക്കുന്ന വഴികാട്ടിയാണ് നിങ്ങൾ. ഇന്നും എല്ലാ ദിവസവും നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യത്തിനും ഞങ്ങൾ നന്ദി പറയുന്നു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ജീവിതങ്ങളെ രൂപപ്പെടുത്തുന്നതിൽ അമ്മമാരുടെ നിർണായക പങ്കിനെ പ്രശംസിച്ചു. അമ്മയാണ് ആദ്യത്തെ ജന്മനാട്, ആദ്യ സ്നേഹം, ആദ്യ വിദ്യാലയം, ഒരിക്കലും മങ്ങാത്ത ശാശ്വത സ്നേഹം-അദ്ദേഹം കുറിച്ചു. നമ്മുടെ ജീവിതത്തിലെ എല്ലാ നേട്ടങ്ങളും നമ്മുടെ അമ്മമാരുടെ ത്യാഗങ്ങളുടെ ഭാഗമാണ്. എല്ലാ വർഷവും അമ്മമാർ നന്മയാൽ അനുഗ്രഹിക്കപ്പെടട്ടെ.
എല്ലാ വർഷവും അമ്മമാർ ഏറ്റവും വിലപ്പെട്ട നിധിയും ഏറ്റവും വലിയ അനുഗ്രഹവുമായി നിലനിൽക്കട്ടെ. എല്ലാ വർഷവും, അമ്മമാർ ജീവിതത്തിലെ ഏറ്റവും സുന്ദരിയും മികച്ച ഭാഗവുമാകട്ടെ. മധ്യപൂർവദേശവും വടക്കൻ ആഫ്രിക്കയും വർഷം തോറും മാർച്ച് 21 ന് മാതൃദിനം ആഘോഷിക്കുന്നു. യുകെ, അയർലൻഡ്, നൈജീരിയ എന്നിവിടങ്ങളിൽ 30 നാണ് മതൃദിനം. യുഎസും ഇന്ത്യയും ഉൾപ്പെടെ ഒട്ടേറെ രാജ്യങ്ങൾ മേയ് രണ്ടാമത്തെ ഞായറാഴ്ചയാണ് മാതൃദിനം ആഘോഷിക്കുക. ഈ വർഷം മേയ് 11 ആണ് ആ ദിനം.