വഫ്രയിലെ തൊഴിലാളികളുടെ ഇഫ്താര്

Mail This Article
കുവൈത്ത് സിറ്റി ∙ കുവൈത്തിൽ നോമ്പുകാലത്ത് ചെറുതും വലുതുമായ നൂറുകണക്കിന് ഇഫ്താർ സംഗമങ്ങൾ നടക്കുന്നു. സംഘടനകൾ, വ്യാപാര സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവ കൂടാതെ സുഹൃത്തുക്കൾ ഒത്തുചേർന്ന് ചെറിയ കൂട്ടായ്മകളായും ഇഫ്താർ സംഘടിപ്പിക്കാറുണ്ട്.
സൗഹൃദ കൂട്ടായ്മകൾ ജാതിമത ഭേദമില്ലാതെ നടത്തപ്പെടുന്നു. പൊതുവെ സ്കൂളുകൾ, ഓഡിറ്റോറിയങ്ങൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലാണ് സംഗമങ്ങൾ നടക്കാറ്. എന്നാൽ വ്യത്യസ്തത പുലർത്തുന്ന സംഗമങ്ങളും ഉണ്ട്. അത്തരത്തിലുള്ള ഒന്നാണ് മരുഭൂമി പ്രദേശമായ വഫ്രായിലെ കൃഷി ഇടങ്ങളിലെ തൊഴിലാളികളുടെ ചെറിയ കൂട്ടായ്മ. സാമൂഹിക പ്രവർത്തകൻ സലീം കൊമേരിയും സുഹൃത്തുക്കളും തൊഴിലാളികൾക്ക് ഒന്നിച്ച് ഇഫ്താറിന് സൗകര്യം ഒരുക്കുന്നു.
വഫ്രാ ആരീഫ്ജാൻ ക്യാംപിന് എതിർവശമുള്ള കൃഷി ഇടങ്ങളിലൊന്നിലാണ് തൊഴിലാളികൾക്കൊപ്പം ഈ നോമ്പ് തുറക്കുന്നത്. തമിഴ്നാട് ഗൂഡല്ലൂർ സ്വദേശികളായ സഹോദരങ്ങൾ ഷിഹാബും അഷ്റഫും ജോലി ചെയ്യുന്ന കൃഷിയിടത്തിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. റിഗ്ഗയ്, മങ്കെഫ് എന്നിവിടങ്ങളിൽ നിന്നും സാമൂഹിക പ്രവർത്തകർ വീടുകളിൽ നിന്ന് ഉണ്ടാക്കിയ ഭക്ഷണങ്ങളാണ് പലപ്പോഴും എത്തിക്കാറ്. എന്നാൽ ഇങ്ങനെയൊരു സംരംഭം അറിഞ്ഞ് ചില വ്യക്തികളും സ്ഥാപനങ്ങളും ഇപ്പോൾ ഭക്ഷണം സ്പോൺസർ ചെയ്യാറുണ്ട്.

തുറന്ന സ്ഥലത്താണ് നോമ്പ് തുറക്കാൻ സൗകര്യമൊരുക്കിയിരിക്കുന്നത്. 30ൽ അധികം തൊഴിലാളികൾ ഇവിടെ ഒത്തുചേരുന്നു. ബിഹാർ, യു.പി, കശ്മീർ കൂടാതെ ബംഗ്ലാദേശ്, സുഡാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും നോമ്പ് തുറക്കാനെത്താറുണ്ട്. ഷിഹാബിന്റെ മേൽനോട്ടത്തിലുള്ള കൃഷിയിടത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ളവരാണ് ഇവർ. ഏതെങ്കിലും സാഹചര്യത്തിൽ വരാൻ സാധിക്കാത്തവർക്ക് ഭക്ഷണം എത്തിച്ചു നൽകുന്നുമുണ്ട് ഈ ചെറിയ കൂട്ടായ്മ.

ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന അഹമദ് ഷിബാലിയാണ് ഷിഹാബിന്റെ സ്പോൺസർ. തിരക്കില്ലാത്തപ്പോൾ സ്പോൺസറും പങ്കെടുക്കാൻ എത്താറുണ്ട്. പെരുന്നാളിനോടനുബന്ധിച്ച് തൊഴിലാളികൾക്ക് പുതിയ വസ്ത്രങ്ങളും സാമൂഹിക പ്രവർത്തകർ നൽകിയിട്ടുണ്ട്.
സംഘടനകളുടെ ഇഫ്താറുകളിൽ മാനവ സൗഹൃദത്തിനൊപ്പം ലഹരി വിരുദ്ധ പ്രചാരണവും പ്രധാന വിഷയമാണ്. സംഘടനകളുടെ ഇഫ്താർ ആണെങ്കിൽ ചെറിയൊരു പൊതുസമ്മേളനവും ഒരുക്കാറുണ്ട്. അതിൽ ഇഫ്താർ സന്ദേശത്തിനായി ഇസ്ലാം മതപണ്ഡിതന്മാരെയും ഉൾപ്പെടുത്തും. അത്തരത്തിലുള്ള സംഗമത്തിൽ സാമൂഹ്യ പ്രവർത്തകർക്കും പ്രസംഗിക്കാൻ അവസരം നൽകും. ഇത്തരം വേദികളിലെല്ലാം നിറഞ്ഞുനിൽക്കുന്നത് മാനവ ഐക്യ സന്ദേശവും ഇന്ന് കേരളം നേരിടുന്ന ലഹരിമരുന്ന് വിപത്തും തുടർന്നുണ്ടാകുന്ന അക്രമവും കൊലപാതക പരമ്പരയുമാണ്.

സന്ദേശം നൽകുന്ന മതപണ്ഡിതന്മാർ അടക്കം ഇതിൽ ഊന്നി പ്രസംഗിക്കുന്നു. അതുപോലെ ലഹരി വിരുദ്ധ സമൂഹത്തിനായി കൈകോർക്കാനുള്ള പ്രതിജ്ഞയും ചില വേദികളിൽ എടുക്കുന്നുണ്ട്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് പ്രധാനമായും സംഘടനകളുടെ ഇഫ്താർ നടക്കുന്നത്.


ഇട ദിവസങ്ങളിൽ സൗഹൃദ കൂട്ടായ്മകൾ ഫ്ലാറ്റുകളിലും റസ്റ്ററന്റുകളിലുമായി നടത്തും. ലഹരി മരുന്നിനെതിരെ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ കൂട്ടായി ഒന്നിച്ച് പ്രവർത്തിക്കണമെന്ന സന്ദേശമാണ് പ്രവാസ ലോകത്ത് നിന്ന് ഉയർന്നു വരുന്നത്.