ഹൃദയാഘാതം: പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു

Mail This Article
ദമാം∙ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി അൽഖോബറിൽ അന്തരിച്ചു. മൂന്ന് പതിറ്റാണ്ടിലേറെയായി ബിസിനസ് രംഗത്ത് പ്രവർത്തിച്ചു വന്നിരുന്ന കോഴിക്കോട്, ഫറോക്ക് സ്വദേശി അബ്ദുൽ മജീദ് വേങ്ങാട് (62) ആണ് മരിച്ചത്.
രാത്രിയിലെ ഇശാ നമസ്കാരത്തിന് അൽ കോബാറിലെ വീട്ടിൽ ഒരുങ്ങുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അൽമന ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിഴക്കൻ പ്രവിശ്യയിലെ അൽ കോബാബർ കേന്ദ്രീകരിച്ച് ബിസിനസ് രംഗത്തും, പ്രവാസ ലോകത്തും, നാട്ടിലും മത, സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ രംഗത്തും അദ്ദേഹം സജീവമായിരുന്നു. ദമാം ഫറോക്ക് ഇസ്ലാമിക് സെന്ററിന്റെ ചെയർമാനായിരുന്നു.
ഭാര്യ: ഫാത്തിമ. മക്കൾ: ഫൈറൂസ്, തഫ്സീല. കെഎംസിസി സൗദി നാഷനൽ കമ്മിറ്റി സെക്രട്ടറി അഷ്റഫ് വേങ്ങാട് പിതൃസഹോദര പുത്രനാണ്.
കെഎംസിസി അൽഖോബർ വെൽഫെയർ വിങ് കോഓർഡിനേറ്റർ ഹുസൈൻ നിലമ്പൂരിന്റെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തീകരിച്ച് മൃതദേഹം ഇന്ന് (വ്യാഴം) തുഖ്ബ ഖബർസ്ഥാനിൽ കബറടക്കം നടത്തും. നേരത്തെ സൗദിയിൽ വെച്ച് അന്തരിച്ച മാതാവിനെയും ഇതേ ഖബർസ്ഥാനിലാണ് സംസ്കരിച്ചത്.