ദുബായിലെ വിദേശ വ്യാപാര സ്ഥാപനങ്ങളിൽ ഒന്നാം സ്ഥാനം ഇന്ത്യക്കാർക്ക്

Mail This Article
ദുബായ് ∙ ദുബായിൽ പ്രവർത്തിക്കുന്ന വിദേശ ബിസിനസുകളുടെ എണ്ണത്തിൽ ഇന്ത്യൻ കമ്പനികൾ ഒന്നാം സ്ഥാനത്താണെന്ന് ദുബായ് ചേംബേഴ്സ് ചെയർമാൻ സുൽത്താൻ ബിൻ സയീദ് അൽ മൻസൂരി പറഞ്ഞു. ഇന്ത്യൻ ബിസിനസുകൾക്കും സംരംഭകർക്കും പ്രിയപ്പെട്ട വ്യാപാര, നിക്ഷേപ കേന്ദ്രമെന്ന നിലയിൽ ദുബായിയുടെ പദവിക്ക് വലിയ പ്രാധാന്യമുണ്ട്. 2024ൽ ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ ഏറ്റവും കൂടുതൽ പുതിയ അംഗത്വങ്ങൾ നേടിയത് ഇന്ത്യൻ കമ്പനികളാണ്- 16,623. ദുബായ് ചേംബേഴ്സ് ആസ്ഥാനത്ത് യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീറുമായി നടന്ന കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ദുബായ്-ഇന്ത്യ ബന്ധങ്ങളിലെ നിലവിലുള്ള ശക്തമായ ബന്ധം എല്ലാ ബിസിനസ് മേഖലകളുടെയും വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്നു. ദുബായിയും ഇന്ത്യയും തമ്മിലുള്ള ശക്തമായ സാമ്പത്തിക ബന്ധത്തിന്റെ പ്രാധാന്യവും വ്യാപാരത്തിലും നിക്ഷേപത്തിലും ഉഭയകക്ഷി സഹകരണം വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും സുൽത്താൻ ബിൻ സയീദ് അൽ മൻസൂരിയും സഞ്ജയ് സുധീറും ചർച്ച ചെയ്തു. ദുബായ് ചേംബേഴ്സ് പ്രസിഡന്റും സിഇഒയുമായ മുഹമ്മദ് അലി റാഷിദ് ലൂത്തയുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.
സുസ്ഥിര സാമ്പത്തിക വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിനും പരസ്പര വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും ലോകത്തെങ്ങുമുള്ള രാജ്യങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന് പ്രതിജ്ഞാബദ്ധരാണ്. വൈവിധ്യമാർന്ന മേഖലകളിലേക്കുള്ള ഇന്ത്യൻ ബിസിനസ് സമൂഹത്തിന്റെ വ്യാപനം തുടരുന്നതിനും വാഗ്ദാനമായ ആഗോള വിപണികളിൽ പ്രവേശിക്കുന്നതിന് ഒരു ലോഞ്ച്പാഡായി ദുബായിയെ പ്രയോജനപ്പെടുത്തുന്നതിനും ദുബായ് ചേംബേഴ്സ് ശ്രമിക്കുന്നു.
ദുബായിലെ ബിസിനസുകൾ ഇന്ത്യയുമായി തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കാൻ ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ബിസിനസ് കൗൺസിൽ, ഉഭയകക്ഷി വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു. ലോജിസ്റ്റിക്‌സ്, വ്യോമയാന മേഖലകളിൽ ഡിജിറ്റൽ, സാങ്കേതിക പരിഹാരങ്ങൾ വികസിപ്പിക്കുന്നതിന് വിവരസാങ്കേതിക മേഖലയിൽ ഇന്ത്യയുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെയും പങ്കിട്ട വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്തുന്നതിന്റെയും പ്രാധാന്യം വലുതാണ്.
വ്യാപാര അവസരങ്ങൾ വികസിപ്പിക്കുക, ആഗോള വ്യാപാരത്തിന്റെ ഒഴുക്ക് സുഗമമാക്കുക, ചെലവ് കുറയ്ക്കുക, ലോജിസ്റ്റിക് സേവന സമയപരിധികൾ കുറയ്ക്കുക, അതോടൊപ്പം അംഗങ്ങൾക്ക് ആഗോള വിപണി അവസരങ്ങളിലേക്ക് പ്രവേശിക്കുന്നതിനുള്ള പുതിയ വഴികൾ തുറക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ദുബായ് ആരംഭിച്ച വേൾഡ് ലോജിസ്റ്റിക്സ് പാസ്‌പോർട്ട് സംരംഭത്തെക്കുറിച്ച് ചർച്ച ചെയ്തു.
∙ദുബായ് ആഗോളവിപണികളിലേക്കുള്ള കവാടം
ദുബായ് ആഗോളവിപണികളിലേക്കുള്ള കവാടമാണ്. ദുബായിലെ ഇന്ത്യൻ സംരംഭകർ, പ്രത്യേകിച്ച് ആഗോള വിപണികളിലേക്കുള്ള വ്യാപനത്തിനുള്ള ഒരു കവാടമായി എമിറേറ്റിനെ പ്രയോജനപ്പെടുത്തുന്നു. ലോകത്തെങ്ങുമുള്ള ദുബായ് ഇന്റർനാഷനൽ ചേംബറിന്റെ 33 പ്രതിനിധി ഓഫിസുകളുടെ വിപുലമായ ശൃംഖലയുടെ ഗുണങ്ങളും ചർച്ചക്ക് വിഷയമായി. ഇത് ഇന്ത്യൻ ബിസിനസുകളെ പ്രാദേശിക, രാജ്യാന്തര വിപണികളിലേക്ക് വ്യാപിപ്പിക്കുന്നതിനെ പിന്തുണയ്ക്കുകയും പ്രമുഖ ആഗോള വ്യാപാര, നിക്ഷേപ കേന്ദ്രമെന്ന നിലയിൽ ദുബായിയുടെ സ്ഥാനം വർധിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യൻ നിക്ഷേപങ്ങളെ ആകർഷിക്കുന്നതിലും ദുബായ് ആസ്ഥാനമായുള്ള കമ്പനികളെ ഇന്ത്യയിൽ അവയുടെ വികാസത്തിനും വളർച്ചയ്ക്കും സഹായിക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്ന മുംബൈയിലെ ചേംബറിന്റെ പ്രതിനിധി ഓഫിസ് ഇതിൽ ഉൾപ്പെടുന്നു.