ഷെയ്ഖ ഹെസ്സ അന്തരിച്ചു; വിടവാങ്ങിയത് ഉമ്മുൽഖുവൈൻ ഭരണാധികാരിയുടെ മാതാവ്, മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

Mail This Article
ഉമ്മുൽഖുവൈൻ ∙ യുഎഇ സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽഖുവൈൻ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ലയുടെ മാതാവ് ഷെയ്ഖ ഹെസ്സ ബിൻത് ഹുമൈദ് ബിൻ അബ്ദുൽറഹ്മാൻ അൽ ഷംസി അന്തരിച്ചു.
3 ദിവസത്തേക്ക് എമിറേറ്റിൽ ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി. ഔദ്യോഗിക പരിപാടികൾ റദ്ദാക്കുകയും ചെയ്തു. അൽറാസിലെ ഷെയ്ഖ് അഹ്മദ് ബിൻ റാഷിദ് അൽ മുഅല്ല മോസ്ക്കിൽ മയ്യിത്ത് നമസ്കാര ശേഷം കബറടക്കം നടത്തി.
കബറടക്ക ചടങ്ങിൽ റാസൽഖൈമ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി, യുഎഇ സഹിഷ്ണുതാ – സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി, ഷാർജ ഉപഭരണാധികാരിയും എക്സിക്യൂട്ടീവ് കൗൺസിൽ ഉപാധ്യക്ഷനുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സാലിം ബിൻ സുൽത്താൻ അൽഖാസിമി, ഷാർജ ഉപഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ അഹ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി, അജ്മാൻ കിരീടാവകാശി ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി, ഫുജൈറ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി, ഉമ്മുൽഖുവൈൻ കിരീടാവകാശി ഷെയ്ഖ് റാഷിദ് ബിൻ സൗദ് ബിൻ റാഷിദ് അൽ മുഅല്ല, റാസൽഖൈമ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സൗദ് ബിൻ സഖർ അൽ ഖാസിമി തുടങ്ങിയ ഒട്ടേറെ പ്രമുഖർ പങ്കെടുത്തു.
ഇന്നും (ഏപ്രിൽ 1) നാളെയും രാവിലെ 9 മുതൽ ളുഹർ നമസ്കാരം വരെയും വൈകിട്ട് അസർ മുതൽ ഇശാ നമസ്കാര സമയം വരെയും ഉമ്മുൽഖുവൈൻ റൂളേഴസ് കോർട്ടിൽ അനുശോചനം അറിയിക്കാം.