‘കുടിയേറ്റത്തിന്റെ പറുദീസ’യിൽ അടുത്തയാഴ്ച മുതൽ ജീവിത ചെലവ് ഉയരും; സമസ്ത മേഖലകളിലും വില വർധിക്കും

Mail This Article
ലണ്ടൻ ∙ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട സമസ്ത മേഖലയിലും ബ്രിട്ടനിൽ അടുത്തയാഴ്ച മുതൽ ചെലവ് ഉയരും. മെച്ചപ്പെട്ട ജോലിയും മികച്ച ജീവിത സാഹചര്യങ്ങളും സ്വപ്നം കണ്ട് ബ്രിട്ടനിലേക്ക് എത്തിയവർക്കും ബ്രിട്ടനിലെ സാധാരണ ജനങ്ങൾക്കും താങ്ങാനാകാത്ത വിലവർധനയാണ് എല്ലാ മേഖലയിലും വരാനിരിക്കുന്നത്.
മാസശമ്പളം കൊണ്ട് നിത്യനിദാന ചെലവുകൾപോലും കഴിയാനാകാത്തവിധമാണ് സമസ്ത സർവീസ് മേഖലയിലും നിരക്കു വർധന അടുത്തയാഴ്ച മുതൽ പ്രാബല്യത്തിലാകുന്നത്. മിനിമം വേതനത്തിൽ നേരിയ വ്യത്യാസം വരുത്തിയത് ചൂണ്ടിക്കാട്ടി ഈ വില വർധനവിനെ ന്യായീകരിക്കാൻ സർക്കാർ ശ്രമിക്കുമ്പോഴും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ അധികസമയം ജോലിചെയ്യേണ്ട സ്ഥിതിയിലാണ് രാജ്യത്തെ മഹാഭുരിപക്ഷം ജനങ്ങളും. വെള്ളംം, വൈദ്യുതി, ഗ്യാസ്, കൗൺസിൽ ടാക്സ്, കാർ ടാക്സ്, ബ്രോഡ്ബാൻഡ്, ടിവി ലൈസൻസ്, ഫോൺ ചാർജുകൾ, സ്റ്റാംപ് ഡ്യൂട്ടി, എന്നിവയാണ് പുതിയ സാമ്പത്തിക വർഷത്തിൽ വർധിക്കുന്നത്. കുടിയേറാൻ പറ്റിയ പറുദീസയായി ബ്രിട്ടനെ കാണുന്നവരും വിവരം അറിഞ്ഞതോടെ നിരാശയിലാണ്.
∙വാട്ടർ ബില്ല്
ഇംഗ്ലണ്ടിലെയും വെയിൽസിലെയും ഓരോ സാധാരണ കുടുംബത്തിനും ശരാശരി പത്തു പൗണ്ടിന്റെ വർധന പ്രതിമാസം വാർട്ടർ ബില്ലിൽ ഉണ്ടാകും. ഉദാഹരണത്തിന് സതേൺ വാട്ടർ കമ്പനി, 47 ശതമാനവും ആംഗ്ലിയൻ വാട്ടർ കമ്പനി 19 ശതമാനവുമാണ് നിരക്കു വർധന വരുത്തുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിനും പൈപ്പുകളുടെയും മറ്റും അറ്റകുറ്റ പണികൾക്കും ഇത് അനിവാര്യമാണെന്നാണ് കമ്പനികളുടെ വിശദീകരണം. സീവേജ് പ്ലാന്റുകളുടെയും റിസർവോയറുകളുടെയും നിർമാണം ചൂണ്ടിക്കാട്ടിയാണ് മറ്റുചില കമ്പനികൾ നിരക്ക് വർധിപ്പിക്കുന്നത്. സ്കോട്ട്ലൻഡിൽ 10 ശതമാനമാണ് വാർട്ടർ കമ്പനികൾ നിരക്ക് വർധിപ്പിക്കുന്നത്.
∙ഗ്യാസ്, വൈദ്യുതി
നിരക്കുവർധനക്ക് സർക്കാർ റഗുലേറ്ററായ ഓഫ്കോം ഏർപ്പെടുത്തിരുന്ന നിയന്ത്രണങ്ങൾ നീക്കിയതോടെയാണ് ഗ്യാസ്, വൈദ്യുതി കമ്പനികൾ വീണ്ടും ചാർജ് വർധന വരുത്തുന്നത്. പുതിയ വർധന പ്രകാരം ഓര കുടുംബത്തിനും ശരാശരി 111 പൗണ്ടിന്റെ വർധന ഗ്യാസ്- ഇലക്ട്രിസിറ്റി നിരക്കിൽ ഉണ്ടാകും. 1849 പൗണ്ടാകും രാജ്യത്തെ ശരാശരി എനർജി ബില്ല് നിരക്ക്. ഇംഗ്ലണ്ടിലെയും വെയിൽസിലെയും 22 മില്യൻ കുടുംബങ്ങളെ എനർജി ബില്ല് വർധന പ്രതീകൂലമായി ബാധിക്കും. ഫിക്സഡ് താരിഫിലേക്ക് മാറുന്നതാകും ഉചിതമെന്ന മുന്നറിയിപ്പ് ഓഫ്കോം തന്നെ നൽകുന്നത് ഭാവിയിൽ ഇനിയും മറ്റൊരു നിരക്കു വർധന മുന്നിൽ കണ്ടാണ്.
∙കൗൺസിൽ ടാക്സ്
ഓരോ വർഷവും 4.99 ശതമാനം വരെ കൗൺസിൽ ടാക്സ് വർധിപ്പിക്കുന്നതിന് പ്രാദേശിക കൗൺസിലുകൾക്ക് അനുമതിയുണ്ട്. സോഷ്യൽ കെയർ ഉത്തരവാദിത്വങ്ങൾ ഇല്ലാത്ത കൗൺസിലുകൾക്ക് 2.99 ശതമാനവും നിരക്കു വർധിപ്പിക്കാം. ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ എല്ലാ കൗൺസിലുകളും നിരക്കു വർധന പ്രാബല്യത്തിലാക്കി വീട്ടുടമകൾക്ക് ബില്ലുകൾ അയച്ചുകഴിഞ്ഞു. ബ്രാഡ്ഫോർഡ്, ന്യൂഹാം, ബർമിങ്ങാം, സോമർസെറ്റ്, വിൻസർ, മെയ്ഡൻഹെഡ് എന്നീ കൗൺസിലുകൾക്ക് ആവശ്യമെങ്കിൽ 4.99 എന്ന ലിമിറ്റ് മറികടക്കാനും സർക്കാർ അനുമതിയുണ്ട്. ഈ കൗൺസികളെല്ലാം സർക്കാർ അനുമതിയുടെ മറവിൽ അഞ്ചു ശതമാനത്തിലേറെ വർധന വരുത്തിക്കഴിഞ്ഞു. സ്കോട്ട്ലൻഡിൽ 2007 മുതൽ കൗൺസിൽ ടാക്സിൽ വർധന ഇല്ലായിരുന്നു. എന്നാൽ ഇക്കുറി പ്രത്യേക സാമ്പത്തിക സാഹചര്യങ്ങൾ പരിഗണിച്ച് ചില കൗൺസിലുകൾ 10 ശതമാനം വരെ കൗൺസിൽ ടാക്സ് വർധിപ്പിച്ചു. വെയിസിലും ചില കൗൺസിലുകൾ 15 ശതമാനം വരെ ടാക്സ് വർധിപ്പിച്ചിട്ടുണ്ട്.
∙കാർ ടാക്സ്
2017നു ശേഷം റജിസ്റ്റർ ചെയ്തിട്ടുള്ള കാറുകൾക്ക് മോഡലും വലുപ്പവും ഉപയോഗിക്കുന്ന ഇന്ധനവും അനുസരിച്ച് അഞ്ചു പൗണ്ടു മുതൽ 195 പൗണ്ടിന്റെ വരെ വർധനയാണ് ടാക്സിൽ വരുന്നത്. ഇതുവരെ റോഡ് ടാക്സ് നൽകേണ്ടിയിരുന്നില്ലാത്ത ഇലക്ട്രിക് വാഹനങ്ങളെയും ഈ വർഷം മുതൽ നികുതി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2025 മുതൽ റജിസ്റ്റർ ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് ആദ്യത്തെ വർഷം പത്തുപൗണ്ട് ഇനിമുതൽ റോഡ് ടാക്സ് നൽകണം. രണ്ടാം വർഷം മുതൽ ഈ വാഹനങ്ങളും സ്റ്റാൻഡേർഡ് നിരക്കിലേക്ക് മാറും. 2017 മുതൽ റജിസ്റ്റർ ചെയ്തിട്ടുള്ള ഇലക്ട്രിക് വാഹനങ്ങൾ ഈയാഴ്ച മുതൽ സാധാരണ നിരക്കിലുള്ള നികുതി ബ്രാക്കറ്റിലാകും.
∙ടിവി ലൈസൻസ്
ടെലിവിഷൻ ലൈസൻസാണ് അടുത്തയാഴ്ച ഉയരുന്ന മറ്റൊരു ഫീസ്. കളർ ടിവി ലൈസൻസ് ഫീസ് അഞ്ചു പൗണ്ട് വർധിച്ച് 174.50 പൗണ്ടാകും. ബ്ലാക്ക് ആൻഡ് വൈറ്റ് ടിവി ലൈസൻസ് ഫീസ് 1.50 പൗണ്ട് വർധിച്ച് 58.50 പൗണ്ടാകും.
∙മൊബൈൽ, ബ്രോഡ്ബാൻഡ്
മൊബൈൽ ഫോണുകൾ ബ്രാഡ്ബാൻഡ് എന്നിവയാണ് നിരക്ക് കൂടുന്ന മറ്റു രണ്ട് സേവനങ്ങൾ. വെർജിൻ മീഡിയ ബ്രോഡ്ബാൻഡ് കസ്റ്റമർമാർക്ക് ബില്ലിൽ ശരാശരി 7.5 ശതമാനം വർധനയാണ് കമ്പനിതന്നെ മുൻകൂട്ടി അറിയിച്ചിട്ടുള്ളത്. ഇ.ഇ കസ്റ്റമർമാർക്ക് പ്രതിമാസം 1.50 പൗണ്ടിന്റെ വർധനയും ഉണ്ടാകുമെന്ന് കമ്പനി അറിയിപ്പുണ്ട്.
∙സ്റ്റാംപ് ഡ്യൂട്ടി
ഏപ്രിൽ ഒന്നു മുതൽ ഇംഗ്ലണ്ടിലും നോർതേൺ അയർലൻഡിലും വീടു വാങ്ങുന്നവർ 125,000 പൗണ്ടിനു മുകളിലുള്ള തുകയ്ക്ക് സ്റ്റാംപ് ഡ്യൂട്ടി നൽകണം. നിലവിൽ 250,000 പൗണ്ടുവരെയുള്ള വീടുകൾക്ക് സ്റ്റാംപ് ഡ്യൂട്ടി ഇളവ് അനുവദിച്ചിരുന്നു. ആദ്യമായി വീടു വാങ്ങുന്നവർക്ക് നിലവിൽ 425,000 പൗണ്ടു വരെയുള്ള വീടുകൾക്ക് സ്റ്റാംപ് ഡ്യൂട്ടി നൽകേണ്ടിയിരുന്നില്ല. ഈ ലിമിറ്റ് 300,000 പൗണ്ടായി ഏപ്രിൽ ആറു മുതൽ കുറയും.