ഇത് 'ആർമി'യുടെ വിജയം; ബിടിഎസ് താരത്തിന് അനുകൂലമായി കോടതി വിധി; തട്ടിപ്പിന്റെ സൂത്രധാരൻ കാണാമറയത്ത്

Mail This Article
സോൾ ∙ ഐഡന്റിറ്റി മോഷണത്തിനിരയായി ബിടിഎസ് താരം. ദക്ഷിണകൊറിയൻ സംഗീതബാൻഡായ ബിടിഎസിലെ ജിയോൺ ജങ് കുക്കാണ് അടുത്തിടെ തട്ടിപ്പിനിരയായത്. താരത്തിന്റെ കോടികൾ വിലമതിക്കുന്ന ഓഹരികളാണ് തട്ടിപ്പ് നടത്തിയവർ ലക്ഷ്യമിട്ടത്. അതേസമയം, സംഭവത്തിൽ താരത്തിന് അനുകൂലമായി വിധി വന്നതിന്റെ സന്തോഷത്തിലാണ് ബിടിഎസ് ആർമി എന്ന ആരാധകവൃന്ദം.
2024 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ജങ് കുക് നിർബന്ധിത സൈനിക സേവനം ആരംഭിച്ചതിന് തൊട്ടുപിന്നാലെ, ഹാക്കർ ജങ് കുക്കിന്റെ പേരിൽ ഒന്നിലധികം അനധികൃത അക്കൗണ്ടുകൾ ആരംഭിച്ചു. ഈ അക്കൗണ്ടുകൾ ഉപയോഗിച്ച് ജങ് കുക്കിന്റെ ഹൈബിലെ (HYBE) 33,000 ഓഹരികൾ പുതിയ അക്കൗണ്ടിലേക്ക് മാറ്റുകയും അതിൽ നിന്നും 500 ഓഹരികൾ മറ്റൊരു നിക്ഷേപകന് വിൽക്കുകയും ചെയ്തു. ഇടപാട് നടക്കുന്ന സമയത്ത് ഈ ഓഹരികളുടെ ആകെ മൂല്യം 5.7 മില്യൻ യുഎസ് ഡോളർ ആയിരുന്നു. തട്ടിപ്പിന് പിന്നിലുള്ള വ്യക്തിക്ക് ജങ് കുക്കിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അടുത്ത ധാരണ ഉണ്ടായിരിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
∙ നിയമ പോരാട്ടവും കോടതി വിധിയും
സംഭവത്തെ തുടർന്ന് ജങ് കുക്കിന്റെ ഏജൻസി സോൾ വെസ്റ്റേൺ ഡിസ്ട്രിക്റ്റ് കോടതിയെ സമീപിച്ചു. ജങ് കുക് ഐഡന്റിറ്റി മോഷണത്തിന് ഇരയായെന്നും നിയമാനുസൃതമായ ഒരു സ്റ്റോക്ക് ട്രാൻസ്ഫർ കരാറിന്റെ അഭാവം മൂലം ഓഹരികളുടെ വിൽപന അസാധുവാണെന്നും ചൂണ്ടിക്കാട്ടി കോടതി വിധി താരത്തിന് അനുകൂലമായി. ജങ് കുക്കിന്റെ അറിവോ സമ്മതമോ കൂടാതെ മൂന്നാം കക്ഷിക്ക് വിറ്റ 500 ഓഹരികൾ തിരിച്ചു നൽകാനാണ് കോടതി വിധി. അതേസമയം സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച ഹാക്കറെ ഇതുവരെ പിടികൂടിയിട്ടില്ല.

∙ ബിഗ്ഹിറ്റിന്റെ പ്രതികരണം
സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ജങ് കുക്കിന്റെ ഏജൻസിയായ ബിഗ്ഹിറ്റ് മ്യൂസിക് ഉടനടി നടപടി സ്വീകരിച്ചു. ജങ് കുക്കിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചു. കൂടാതെ അപഹരിക്കപ്പെട്ട ഓഹരികളുടെ മൂല്യം പുനഃസ്ഥാപിക്കാനും കമ്പനി നടപടി സ്വീകരിച്ചിട്ടുണ്ട്. ജങ് കുക്കിന്റെ വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങൾക്ക് ചുറ്റുമുള്ള സുരക്ഷ വർധിപ്പിക്കുമെന്നും ബിഗ്ഹിറ്റ് മ്യൂസിക് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഏജൻസി ഒരു പ്രസ്താവനയും പുറത്തിറക്കിയിരുന്നു.
∙ നിർബന്ധിത സൈനിക സേവനം
ദക്ഷിണ കൊറിയയിലെ നിയമമനുസരിച്ച് 18നും 28നും ഇടയില്‍ പ്രായമുള്ള ആരോഗ്യവാന്‍മാരായ എല്ലാ പുരുഷന്‍മാരും നിർബന്ധമായും സൈനിക സേവനത്തിലേര്‍പ്പെട്ടിരിക്കണം. ഇതുപ്രകാരം ബിടിഎസ് പാട്ടിൽ നിന്ന് ഇടവേളയെടുത്ത് സൈനികസേവനത്തിനിറങ്ങി. 18 മുതൽ 21 മാസം വരെ നീളുന്ന സേവനമാണിത്. ബിടിഎസ് അംഗങ്ങൾക്കു നൽകിയ രണ്ടു വർഷത്തെ പ്രത്യേക ഇളവും കഴിഞ്ഞതോടെ ബാൻഡിലെ മുതിർന്ന അംഗമായ ജിൻ 2022 ഡിസംബറിൽ ദക്ഷിണ കൊറിയൻ ബൂട്ട് ക്യാംപിൽ പ്രവേശിച്ചു. മാസങ്ങളുടെ ഇടവേളയിൽ മറ്റുള്ളവരും ക്യാംപിലെത്തി.

2023 ഡിസംബർ 12 നാണ് ജങ് കുക് തന്റെ നിർബന്ധിത സൈനിക സേവനത്തിനായി പോയത്. ഈ വർഷം ജൂൺ 11 ന് ഷെഡ്യൂൾ ചെയ്തിരിക്കുന്ന തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകർ.
∙ ബിടിഎസിന്റെ തിരിച്ചുവരവ്
ബിടിഎസിന്റെ മടങ്ങിവരവ് പ്രതീക്ഷിച്ച് ആരാധകർ. ആരാധകരുടെ ആകാംക്ഷ വര്‍ധിപ്പിച്ച് അടുത്തിടെ പുറത്തിറങ്ങിയ ബിടിഎസ് 7 മൊമന്റ്‌സ് പ്രോജക്ടിന്റെ ടീസര്‍. ബാൻഡിന്റെ മടങ്ങിവരവിനു വേണ്ടി നാളുകളെണ്ണി കാത്തിരിക്കുകയാണ് ബിടിഎസ് ആർമി.