ഇന്ത്യക്കാരെ ആശങ്കയിലാക്കി ട്രംപിന്റെ ഗോൾഡ് കാർഡ്; ഒറ്റയടിക്ക് ഗ്രീൻ കാർഡും പൗരത്വവും, ഇബി–5 വീസയ്ക്ക് പകരം, കൂടുതൽ അറിയാം

Mail This Article
വാഷിങ്ടൻ∙ വിദേശ നിക്ഷേപകർക്കുള്ള വീസ പ്രോഗ്രാമിന് പകരം 5 മില്യൻ ഡോളറിന്റെ ഗോൾഡ് കാർഡ് വീസ അവതരിപ്പിക്കാനൊരുങ്ങി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് ഗ്രീൻ കാർഡ് വീസയ്ക്കായി കാത്തിരിക്കുന്ന ഇന്ത്യക്കാരുടെ ആശങ്ക ഉയർത്തുന്നതാണിത്.
യുഎസ് ഗ്രീൻ കാർഡിന്റെ പ്രീമിയം പതിപ്പാണ് പുതിയ കാർഡ്. നിക്ഷേപകർക്കുള്ള നിലവിലെ ഇബി–5 പ്രോഗ്രാമിന് പകരമാണ് പുതിയ ഗോൾഡ് കാർഡ്. അടുത്ത രണ്ടാഴ്ചക്കുള്ളിൽ ഇബി–5 ന് പകരം ഗോൾഡ് കാർഡ് നിലവിൽ വരുമെന്നാണ് കൊമേഴ്സ് സെക്രട്ടറി ഹൊവാർഡ് ലുട്നിക്ക് സ്ഥിരീകരിച്ചത്.
ഇബി–5 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമ്പോൾ ഗോൾഡ് കാർഡിലൂടെ യുഎസ് റസിഡൻസിയും പൗരത്വവും നേരിട്ട് സ്വന്തമാക്കാം. സമ്പത്തിന്റെ അടിസ്ഥാനത്തിലുള്ള ഇമിഗ്രേഷൻ മാതൃകയിലേക്കുള്ള പരിവർത്തനം ഗ്രീൻ കാർഡിനായി കാത്തിരിക്കുന്ന ലക്ഷകണക്കിന് വരുന്ന ഇന്ത്യക്കാരുടെ ഓപ്ഷനുകളെ മാറ്റിമറിയ്ക്കുന്നതാണ്. സമ്പന്നരായവർ, വലിയ പ്രതിഭയുള്ളവർ എന്നിവർക്ക് യുഎസ് പൗരത്വത്തിലേക്കുള്ള പാതയാണ് ഗോൾഡ് കാർഡ് എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
∙ഗോൾഡ് കാർഡ്
ഗ്രീൻ കാർഡിന്റെ ആനുകൂല്യവും അതോടൊപ്പം തന്നെ 5 മില്യൻ യുഎസ് ഡോളർ ഫീസ് നൽകി യുഎസ് പൗരത്വവും സ്വന്തമാക്കാൻ കഴിയുന്നതാണ് ഗോൾഡ് കാർഡ്. പരമ്പരാഗത ഇബി–5 നിക്ഷേപ വീസയിൽ 8,00,000 മുതൽ 1.05 മില്യൻ യുഎസ് ഡോളർ നിക്ഷേപമുള്ള ഒരു ബിസിനസ് കുറഞ്ഞത് 10 യുഎസ് തൊഴിൽ അവസരങ്ങളാണ് സൃഷ്ടിക്കുമ്പോൾ ഗോൾഡ് കാർഡ് ഇത്തരം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നില്ലെന്ന് മാത്രമല്ല സമ്പന്നരായ വ്യക്തികൾക്കായുള്ള പ്രീമിയം റസിഡൻസ് അവസരം മാത്രമാണ് ഗോൾഡ് കാർഡ് നൽകുന്നത്.
ഇബി–5 വീസയിൽ നിക്ഷേപം 10 ലക്ഷം ഡോളർ മതിയെങ്കിൽ ഗോൾഡ് കാർഡ് വീസയിൽ 50 ലക്ഷം യുഎസ് ഡോളർ വേണം. അതേസമയം പുതിയ കാർഡിലെ തൊഴിൽ അവസരങ്ങൾ, ബിസിനസ് നിക്ഷേപം, നടപടിക്രമത്തിനെടുക്കുന്ന സമയം തുടങ്ങിയ കാര്യങ്ങൾ ഇനിയും അധികൃതർ വ്യക്തമാക്കിയിട്ടില്ല.
∙ഇന്ത്യക്കാരെ ബാധിക്കുന്നത്?
യുഎസ് ഗ്രീൻ കാർഡിനായി കാത്തിരിക്കുന്നവരിൽ ഏറ്റവുമധികം പേരും ഇന്ത്യക്കാരാണ്. കഴിഞ്ഞ 50 വർഷത്തിലധികമായി മാറ്റിനിർത്തപ്പെട്ട ചില തൊഴിൽ അടിസ്ഥാനത്തിലുള്ള വിഭാഗങ്ങളിൽപ്പെട്ട ഇന്ത്യക്കാരാണിത്. സമ്പന്നരായ ഇന്ത്യക്കാർക്ക് മാത്രം സ്വന്തമാക്കാൻ കഴിയുന്ന ഗോൾഡ് കാർഡ് ഗ്രീൻ കാർഡിനായി കാത്തിരിക്കുന്ന ഇന്ത്യക്കാരുടെ ഭാവി അനശ്ചിതത്വത്തിലാക്കുമെന്നതിൽ സംശയമില്ല.
തൊഴിൽ അടിസ്ഥാനത്തിലുള്ള ഗ്രീൻ കാർഡുകൾക്ക് പകരമായി ഇബി–5 നിക്ഷേപ വീസ ഉപയോഗിച്ചിരുന്ന ഇടത്തരക്കാരായ നിക്ഷേപകരെ ഒഴിവാക്കുന്നതാണ് ഗോൾഡ് കാർഡ്. തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ നിന്ന് സ്വത്തിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വിദഗ്ധ പ്രഫഷനലുകളേക്കാൾ സമ്പന്നരായ ഇന്ത്യൻ ടൈക്കൂണുകൾക്കാണ് അനുകൂലമാകുന്നത്.
ഇബി–5 വീസ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ നിക്ഷേപ ചിലവ് അഞ്ചിരട്ടി (10 ലക്ഷം ഡോളറിൽ നിന്ന് 50 ലക്ഷം ഡോളറാകും) ആകുമെന്നതും ഇന്ത്യക്കാർക്ക് താങ്ങാൻ കഴിയില്ല. ഇബി–5 നിക്ഷേപകർക്ക് ഫണ്ടിനായി ലോണുകളും മറ്റും ഉപയോഗിക്കാം. എന്നാൽ ഗോൾഡ് കാർഡിൽ പണം മുൻകൂറായി അടക്കണം. ഇന്ത്യൻ ടൈക്കൂണുകൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതാണ് പുതിയ കാർഡ്.
അതേസമയം ടെക് എക്സിക്യൂട്ടീവുമാർ, വ്യവസായികൾ തുടങ്ങിയ യുഎസിലെ സമ്പന്നരായ ഇന്ത്യക്കാർക്ക് പ്രോഗ്രാം പ്രയോജനപ്പെടും. നിലവിൽ എച്ച്–1ബി, ഇബി–2, ഇബി–3 വീസകളിലുള്ള ഇന്ത്യക്കാർക്കും 5 മില്യൻ ഡോളർ നൽകാൻ ശേഷിയുണ്ടെങ്കിൽ ഗോൾഡൻ കാർഡിന് അപേക്ഷിക്കാം. ഗോൾഡ് കാർഡ് വാങ്ങാൻ ശേഷിയില്ലാത്ത ഇന്ത്യക്കാർക്ക് പരമ്പരാഗത തൊഴിൽ അധിഷ്ഠിത ഗ്രീൻ കാർഡുകൾ ആയ ഇബി–1, ഇബി–2, ഇബി–3, എച്ച്–1ബി എന്നീ വീസകൾക്ക് അപേക്ഷിക്കാം.