ADVERTISEMENT

കോവിഡ് വ്യാപന ഭീതിക്കൊപ്പം ആളുകളുടെ മാനസിക പിരിമുറുക്കവും വർധിക്കുകയാണ്.  അന്യസംസ്ഥാനത്തുനിന്നും വിദേശത്തുനിന്നും മടങ്ങിവരുന്നവർ ഉൾപ്പെടെയുള്ള മലയാളികൾ ഇന്ന് ആരോഗ്യ, സാമ്പത്തിക, മാനസിക സമ്മർദങ്ങളിലാണ്. ഈ സാഹചര്യത്തിൽ വർധിച്ചുവരുന്ന മാനസിക രോഗങ്ങളെപ്പറ്റിയും കേരളത്തിലെ ആരോഗ്യരംഗം അതിനെ നേരിടാൻ എടുത്ത തയാറെടുപ്പുകളെപ്പറ്റിയും സംസാരിക്കുകയാണ് കൽപ്പറ്റ ജനറൽ ആശുപത്രിയിലെ കൺസൽറ്റന്റ് സൈക്യാട്രിസ്റ്റും വിമുക്തിലഹരിവിമോചന കേന്ദ്രം ഇൻ ചാർജും അതിഥി തൊഴിലാളികളുടെ മാനസികാരോഗ്യ പരിപാലനത്തിനായുള്ള റാപിഡ് റെസ്പോൺസ് ടീം നോഡൽ ഓഫീസറും ആയ ഡോ. ജോസ്റ്റിൻ ഫ്രാൻസിസ്.  

കോവിഡ് 19 നമ്മുടെ നാട്ടിലും പിടി മുറുക്കിക്കഴിഞ്ഞു.  ഈ രണ്ടു മാസക്കാലം മാനസിക രോഗങ്ങളും വളരെ വർധിച്ചെന്നാണ് സൂചന. അതിനെപ്പറ്റി പറയാമോ?

നമ്മുടെ സമൂഹത്തിൽ ഇതുപോലെയുള്ള ഒരു പകർച്ചവ്യാധി ഇപ്പോഴുള്ള തലമുറയുടെ ഓർമകളിൽ ഇല്ല. 1918 മുതൽ 20 വരെയുള്ള കാലത്തു വ്യാപിച്ച സ്പാനിഷ് ഫ്ലൂ നേരിട്ട ഒരു ലോകമല്ല ഇപ്പോൾ ഉള്ളത്. വലിയ വ്യത്യാസം വന്നിട്ടുണ്ട്.  ഒരു മഹാമാരിയോടുള്ള നമ്മുടെ സമീപനവും ഒരുപാടു മാറി. സമൂഹത്തിലെ വലിയൊരു ശതമാനം ആളുകളും മാനസിക രോഗങ്ങൾക്കു ജനിതക സാധ്യതയുള്ളവരാണ്. വലിയ രീതിയിൽ മാനസികവും സാമൂഹികവുമായ സമ്മർദ്ദമുണ്ടാകുമ്പോൾ (psychosocial stress) പലപ്പോഴും മാനസിക രോഗങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ വെള്ളപ്പൊക്കം, ഭൂകമ്പം, കൊടുങ്കാറ്റ് തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ, സാമ്പത്തിക പ്രതിസന്ധി, കൊറോണ പോലെയുള്ള മഹാമാരി ഒക്കെ വരുമ്പോൾ ആളുകളിൽ മാനസിക രോഗങ്ങൾ മറനീക്കി പുറത്തു വരാനുള്ള സാധ്യത വളരെ കൂടുതൽ ആണ്.  കഴിഞ്ഞ വർഷം പ്രളയത്തിന്റെ സമയത്തും മാനസിക രോഗങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെയാണ് ഇപ്പോൾ കൊറോണ വ്യാപനത്തെത്തുടർന്നു മാനസിക പ്രശ്നങ്ങൾ കൂടുതൽ ആളുകളിൽ കണ്ടുവരുന്നതിനെപ്പറ്റി ചർച്ച ചെയ്യേണ്ടതിന്റെ ആവശ്യം വരുന്നത്.

എന്തൊക്കെ മാനസിക രോഗങ്ങളാണ് കോവിഡ് കാലത്ത് സാധാരണയായി അഭിമുഖീകരിച്ചത്?

ജനിതക സാധ്യതയുമായി ജനിച്ചുവീഴുന്ന പലർക്കും സാമൂഹികമോ മാനസികമോ ആയ സമ്മർദ്ദം ഉണ്ടാകുമ്പോൾ മാനസിക രോഗങ്ങൾ പുറത്തുവരാൻ ഇടയാകും.  സമൂഹത്തിൽ ചില അസുഖത്തിന്റെ സാധ്യത കൂടുതൽ ആയിരിക്കും.  അങ്ങനെയുള്ള രണ്ടു പ്രധാനപ്പെട്ട അസുഖങ്ങളാണ് അമിത ഉൽകണ്ഠയുമായി ബന്ധപ്പെട്ട അസുഖങ്ങൾ (Anxiety spectrum disorders), വൈകാരികജന്യരോഗങ്ങൾ (Mood disorder).  വൈകാരികജന്യരോഗങ്ങൾ പ്രധാനമായും രണ്ടു തരമാണ്. വിഷാദ രോഗവും (depression disorder) ബൈപോളാർ രോഗവും (bipolar disorder).  അമിത ഉൽക്കണ്ഠ കാരണം ഉണ്ടാകുന്ന അസുഖങ്ങളിൽ പെടുന്ന പ്രധാനപ്പെട്ട അസുഖങ്ങളാണ് generalized anxiety disorder, panic attack ഇങ്ങനെയുള്ള പ്രശ്നങ്ങൾ.  ഈ രണ്ട് അസുഖങ്ങളും വളരെ കൂടുതലായി ഇപ്പോൾ ആളുകൾക്കിടയിൽ കണ്ടുവരുന്നുണ്ട്. 

കോവിഡ് ബാധ കാരണം ആണോ ഈ മാനസിക രോഗങ്ങൾ മറനീക്കി പുറത്തു വന്നത്?

കോവിഡ് മാത്രമല്ല അതിന്റെ സാമൂഹിക പ്രത്യാഘാതവും വളരെ പ്രധാനമാണ്.  കോവിഡ് വ്യാപനത്തോടെ ഒരുപാട് കർഷകർക്ക് കൃഷി ചെയ്യാൻ കഴിയാതെയായി, തൊഴിലാളികൾക്ക് തൊഴിൽ ഇല്ലാതായി അവരുടെ ജീവിതം വളരെ പെട്ടെന്ന് നിന്നു പോകുന്ന ഒരു അവസ്ഥ വന്നു. സ്ഥിരവരുമാനം ഇല്ലാത്ത, ഗവൺമെന്റ് സെക്ടറിൽ ജോലി ഇല്ലാത്ത സാധാരണ ജനവിഭാഗത്തിന് ജീവിതം വളരെ പെട്ടെന്നു നിലച്ചു പോകുന്ന ഒരു അവസ്ഥ വന്നു. ഇനിയെന്ത് എന്നുള്ള ഒരു പ്രതിസന്ധി അവർക്കുണ്ടാകുന്നു,  ഇത് വലിയൊരു സമ്മർദ്ദം ആണ് ആണ് സമൂഹത്തിൽ ഉണ്ടാക്കിയത്. ദിവസവും ലഭിക്കുന്ന തുച്ഛമായ വരുമാനം കൂട്ടി വച്ചാണ് മനുഷ്യർ ജീവിക്കുന്നത്.  ഇത് പെട്ടെന്നു നിന്നുപോകുമ്പോൾ മാനസിക സംഘർഷം ഉണ്ടാവുകയും മാനസിക രോഗം പുറത്തുവരികയും ചെയ്യുന്നു. ഒരിക്കൽ മാനസിക രോഗം പ്രകടമായി ചികിൽസിച്ചു ഭേദമായ ആളിന് രണ്ടാമത്തെ എപ്പിസോഡ് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. മൂന്നാമത് ഒരു സാധ്യത മരുന്നു കഴിച്ചു കൊണ്ടിരിക്കുകയാണ്. കുഴപ്പമൊന്നുമില്ല എന്ന് വിചാരിച്ചിരുന്ന ആളുകൾക്ക് വളരെ പെട്ടെന്ന് പുതിയ ഒരു എപ്പിസോഡ് വരുന്നു. ഇങ്ങനെയുള്ള മൂന്നു സാഹചര്യങ്ങളാണ് കൊറോണയുമായി ബന്ധപ്പെട്ട് പ്രധാനമായും ഉണ്ടായത്. 

പലപ്പോഴും ഇതിന്റെ പ്രാഥമിക ലക്ഷണമായി കണ്ടത് നെഞ്ചിടിപ്പാണ്. രണ്ടാമതായി കണ്ട ലക്ഷണം ഉറക്കക്കുറവാണ്. ഉറങ്ങാൻ കഴിയുന്നില്ല എന്ന് പരാതിപ്പെട്ട് ഒരുപാട് ആളുകൾ വരികയുണ്ടായി. വിശദമായി അവരുടെ രോഗലക്ഷണമൊക്കെ പരിശോധിക്കുമ്പോഴാണ് ഇത് വെറും ഉറക്കകുറവല്ല വിഷാദരോഗം അല്ലെങ്കിൽ അമിത ഉൽകണ്ഠ കൊണ്ടുണ്ടാകുന്ന രോഗം ആണെന്ന് മനസ്സിലാകുന്നത്.  അതുപോലെ വിശപ്പില്ലായ്മ, രുചിയില്ലായ്മ എന്നിവയാണ് മറ്റുചില ലക്ഷണങ്ങൾ. റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റൊരു ലക്ഷണം ഒന്നിനും ഒരു താല്പര്യം ഇല്ലാത്ത അവസ്ഥ (disinterested behavior) ആണ്, മറ്റൊരു ലക്ഷണം ലൈംഗിക കാര്യങ്ങളോടുള്ള താൽപര്യക്കുറവ് (sexual dysfunction).  ഇങ്ങനെയുള്ള ലക്ഷണങ്ങളുമായി വരുന്ന ആളുകളെ പരിശോധിക്കുമ്പോൾ അത് മാനസിക രോഗത്തിലാണ് ചെന്നെത്തുക. ഇതാണ് കോവിഡിന്റെ കാലത്ത് പ്രധാനമായും കണ്ടുവരുന്ന മാനസിക പ്രശ്നങ്ങൾ.

കോവിഡ് വ്യാപന കാലത്ത് ആരോഗ്യരംഗത്തു വന്ന മറ്റൊരു വെല്ലുവിളിയായിരുന്നു ലഹരി ഉപയോഗിക്കുന്നവരിൽ കണ്ട പിൻവാങ്ങൽ ലക്ഷണം, അതിനെപ്പറ്റി?

കോവിഡ് വ്യാപനത്തോടൊപ്പം ആരോഗ്യ രംഗം നേരിട്ട മറ്റൊരു വെല്ലുവിളിയായിരുന്നു ലഹരിപദാർഥങ്ങളുടെ ലഭ്യതക്കുറവുകൊണ്ടുണ്ടായ പ്രശ്നങ്ങൾ.  നമ്മുടെ സമൂഹത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ലഹരിവസ്തു നിക്കോട്ടിനാണ്, പുകയില, പുകവലി, പാൻമസാല എന്നിവ വഴിയുള്ള ലഹരി ഉപയോഗം. അടുത്തത് ആൾക്കഹോൾ ആണ്, പിന്നെ കഞ്ചാവ് (cannabis).  കൊറോണ വ്യാപനത്തെ തുടർന്ന് സർക്കാർ മദ്യശാലകൾ പൂട്ടിയപ്പോൾ ആദ്യ ആഴ്ച തന്നെ പിൻവാങ്ങൽ ലക്ഷണങ്ങളുമായി (withdrawal symptoms) കുറെയേറെ ആളുകൾ  ആശുപത്രിയിൽ വരികയുണ്ടായി, പക്ഷേ ഫലപ്രദമായ മരുന്നുചികിത്സ വഴി കേസുകളുടെ തോത് കുറയ്ക്കാൻ കഴിഞ്ഞു. അത് വളരെ ഭംഗിയായി നമ്മുടെ സംസ്ഥാനത്തിന് കൈകാര്യം ചെയ്യാൻ കഴിഞ്ഞു എന്നുള്ളതാണ് നമ്മുടെ ആരോഗ്യവകുപ്പിന്റെ പ്രധാനപ്പെട്ട ഒരു നേട്ടം.  ഓരോ ജില്ലയിലും "വിമുക്തി" എന്ന പേരിൽ ഡി അഡിക്‌ഷൻ സെന്റർ തുടങ്ങി.  ആരോഗ്യവകുപ്പും എക്സൈസ് ഡിപ്പാർട്ട്മെന്ററും സംയുക്തമായാണ് ഈ വിമുക്തി ലഹരിവിമോചന കേന്ദ്രങ്ങൾ ഓരോ ജില്ലയിലും ആരംഭിച്ചത്.  വയനാട് ജില്ലയിലാണ് ഞാൻ ജോലി ചെയ്യുന്നത്.  വയനാട് ജില്ലയിലെ വിമുക്തി ലഹരി വിമോചന കേന്ദ്രം ജില്ലയുടെ സിരാകേന്ദ്രമായ കൽപ്പറ്റയിൽ തന്നെയാണ്.  ആദ്യത്തെ ആഴ്ച കുറച്ച് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തെങ്കിലും പിന്നീട് മരുന്നുകൊടുത്തു അവരെ മാനേജ് ചെയ്യുന്നത് വഴി കേസുകൾ കുറഞ്ഞുവന്നു.  നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ ശക്തി വെളിവായ ഒരു സന്ദർഭം കൂടി ആയിരുന്നു അത്,  നമുക്ക് ഓരോ പഞ്ചായത്തിലും ഓരോ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഉണ്ട്.  പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ കീഴിൽ ജോലി ചെയ്യുന്ന ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, പബ്ലിക് ഹെൽത്ത് നഴ്സ്മാർ, ആശാപ്രവർത്തകർ എന്നിവർ വളരെ കൃത്യമായി മാനസികരോഗം ഉള്ളവരെ കണ്ടെത്തുകയും, പെട്ടെന്ന് അസുഖം കൂടിയവരെയും മരുന്ന് നിർത്തിയ വരെയും ലഹരി വസ്തുക്കളുപയോഗിച്ച് പ്രശ്നം ഉണ്ടായ ആളുകളെയും ഒക്കെ വളരെ പെട്ടെന്ന് തന്നെ ആശുപത്രികളിൽ എത്തിക്കുകയും ചെയ്തു.  കേരളത്തിലെ എല്ലാ ജില്ലയിലും സമാനമായ പ്രവർത്തനങ്ങൾ ഉണ്ടായി.  ഓരോ വീടുകളിലും ഈ പ്രവർത്തകരുടെ നോട്ടം എത്തിയതുകൊണ്ട് ഈ കേസുകൾ ആദ്യത്തെ ഒരു മാസം കൊണ്ട് വളരെ വിദഗ്ധമായി കൈകാര്യം ചെയ്യാൻ കഴിഞ്ഞു.   പിന്നീട് ഈ സിസ്റ്റത്തിൽ ഒരു വീഴ്ച സംഭവിച്ചത് സർക്കാരിന്റെ നയം മാറിയതോടെയാണ്.  എന്തെന്നാൽ ഡോക്ടർമാരുടെ കുറിപ്പടിയോടുകൂടി ആവശ്യമുള്ളവർക്ക് മദ്യം വിതരണം ചെയ്യാമെന്ന് ഒരു നിലപാട് സർക്കാർ എടുത്തു.  ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ അതിനെ വളരെ ശക്തമായി എതിർത്തു കാരണം മദ്യാസക്തിയുമായി ബന്ധപ്പെട്ട പിൻവാങ്ങൽ ലക്ഷണങ്ങൾ ഒരാൾ പ്രകടിപ്പിച്ചാൽ അതിന്റെ പ്രതിവിധി എന്താണെന്ന് മെഡിക്കൽ കരിക്കുലത്തിൽ കൃത്യമായ മാർഗനിർദേശം ഉണ്ട്.  അതിനുപകരം മദ്യം തന്നെ ഒരു മരുന്നായി അവർക്ക് കൊടുത്ത് അഡിക്ഷൻ കൈകാര്യം ചെയ്യാം എന്നുള്ള തലതിരിഞ്ഞ ആശയം ഗവൺമെന്റ് ഒരു പോളിസി ആയി കൊണ്ടുവന്നു.  ഡോക്ടർമാർ അതിനെ ശക്തമായി എതിർത്തു.  ഡോക്ടർമാരുടെ ഇടയിൽ തന്നെ കുറിപ്പടി കൊടുക്കാമെന്നും, കൊടുക്കാൻ കഴിയില്ല എന്നും രണ്ടുതരം അഭിപ്രായങ്ങൾ ഉണ്ടായി.  ആ ഒരു സമയത്ത് കേരളത്തിൽ ആളുകൾ വ്യാപകമായി മദ്യത്തിന്റെ കുറിപ്പടിക്കുവേണ്ടി ആശുപത്രികളിൽ എത്തുന്ന ഒരു സാഹചര്യം ഉണ്ടായി അത് നമ്മുടെ ക്വാറന്റീനിന്റെ അന്തസ്സത്തയെ തകർക്കുന്ന രീതിയിൽ വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കിയത്.   പലയിടത്തും ആളുകൾ സംഘർഷം ഉണ്ടാക്കി. ഡോക്ടർമാരുടെ സംഘടനയായ കേരള ഗവൺമെന്റ് മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ ഹൈക്കോടതിയിലേക്ക് പോവുകയും, അനുകൂലമായ വിധി നേടിയെടുക്കുകയും ഹൈക്കോടതി ഗവൺമെന്റിന്റെ തീരുമാനത്തെ സ്റ്റേ ചെയ്യുകയും ചെയ്തു.  മതസംഘടനകളിൽ നിന്നും പൊതു സമൂഹത്തിൽ നിന്നും ഉണ്ടായ ശക്തമായ എതിർപ്പിനെ തുടർന്ന് സർക്കാർ പിന്നെ അതിന് അപ്പീലിന് പോയില്ല.  ആ ഒരു നയം സർക്കാർ റദ്ദാക്കി.  കോടതിയിൽ നിന്നും വിധി വന്നതിനെത്തുടർന്ന് ആ പ്രശ്നം അവസാനിച്ചു.  

മദ്യാസക്തിയുമായി ബന്ധപ്പെട്ട് മറ്റൊരു തെറ്റായ പ്രചരണം വന്നിരുന്നു.  മദ്യം ലഭിക്കാതെ ആളുകൾ ആത്മഹത്യ ചെയ്യുന്നു എന്ന് മാധ്യമങ്ങളിൽ കൂടി വന്ന വാർത്തകൾ വാസ്തവവിരുദ്ധമായിരുന്നു.  യഥാർത്ഥത്തിൽ ആ കേസുകളിലൊന്നും സൈക്കളോജിക്കൽ ഓട്ടോപ്സി നടന്നിട്ടില്ല.  സൈക്കളോജിക്കൽ ഓട്ടോപ്സി എന്ന് പറഞ്ഞാൽ ഒരാൾ ഏതു തരം മാനസിക സാഹചര്യം കൊണ്ടാണ് ആത്മഹത്യ തിരഞ്ഞെടുത്തത് എന്നുള്ളതിനെ കുറിച്ച് ഒരു മാനസികാരോഗ്യ വിദഗ്ധൻ നടത്തുന്ന അന്വേഷണമാണ്. മാനസികപ്രശ്നങ്ങൾ ഉള്ള നിരവധി ആളുകൾ മദ്യം ഉപയോഗിക്കുന്നുണ്ട്.  അങ്ങനെയുള്ള ഒരു വ്യക്തി ആത്മഹത്യ ചെയ്യുമ്പോൾ വല്ലപ്പോഴും മദ്യം കഴിച്ചിരുന്നു എന്നുള്ള കാര്യം മാത്രം ഉയർത്തിപ്പിടിച്ചുകൊണ്ട് മദ്യം കിട്ടാതെ വന്നപ്പോൾ  ആളുകൾ ആത്മഹത്യ ചെയ്യുന്നു എന്ന് റിപ്പോർട്ടുകളാണ് മാധ്യമങ്ങളിൽ വന്നത്.  പലതും പിന്നീട് അങ്ങനെയല്ല എന്ന് തെളിയിക്കപ്പെട്ടു.  പിന്നെ കഞ്ചാവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വലിയ പ്രശ്നം ഉണ്ടായി.  കർണാടക, തമിഴ്നാട് എന്നീ അന്യസംസ്ഥാനങ്ങളിൽ നിന്നായിരുന്നു കഞ്ചാവ് കൂടുതലും അതിർത്തി കടന്ന് നമ്മുടെ സംസ്ഥാനത്തേക്ക് എത്തികൊണ്ടിരുന്നത് അതിന്റെ വരവ് നിലച്ചതോടുകൂടി കഞ്ചാവിന്റെ ലഭ്യത കുറയുകയും കഞ്ചാവ് ഉപയോഗിച്ചുകൊണ്ടിരുന്ന വ്യക്തികൾ വിഷാദം, ഉൽകണ്ഠ തുടങ്ങിയ മാനസിക രോഗങ്ങളിലേക്കു ചെന്നെത്തുകയും ചെയ്തു.  ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവർക്ക് അത് അളവിൽ കൂടുന്നതുകൊണ്ട് മാനസിക പ്രശ്നങ്ങൾ ഉണ്ടാകാം, അതുപോലെ തന്നെ ഇതിന്റെ ഉപയോഗം പെട്ടെന്ന് നിർത്തുമ്പോൾ ഉണ്ടാകുന്ന പിൻവാങ്ങൽ ലക്ഷണങ്ങൾ മൂലവും ഇവർക്ക് മനോരോഗം ഉണ്ടാക്കാം ഇങ്ങനെ പല രീതിയിലുള്ള പ്രശ്നങ്ങളുമായി ആളുകൾ ഈ കൊറോണക്കാലത്തു സമീപിച്ചു.   ഇവർക്കെല്ലാം കൃത്യമായി വിമുക്തി ലഹരി വിമോചന കേന്ദ്രം വഴി ചികിത്സ കൊടുക്കാൻ സാധിച്ചു എന്നുള്ളത് ഒരു വലിയ നേട്ടമാണ്.

അതിഥി തൊഴിലാളികളിലും മാനസിക രോഗങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിച്ചില്ലേ?

ഇതിനിടയിൽ ഉണ്ടായ വളരെ പ്രധാനപ്പെട്ട ഒരു കാര്യമായിരുന്നു അന്യസംസ്ഥാന തൊഴിലാളികളുടെ പ്രശ്നം.  അന്യസംസ്ഥാന തൊഴിലാളികൾ ആ സമയത്ത് വീട്ടിലേക്ക് പോകാനായി നടന്നുപോകാൻ ശ്രമിക്കുകയും അവർക്ക് വീട്ടിൽ പോകാൻ പറ്റില്ല എന്ന ഭീതിയിൽ സൈക്കളോജിക്കൽ പ്രശ്നങ്ങളുണ്ടായി വയലന്റ് ആവുകയും ചെയ്തു.  ഒന്ന് രണ്ടു പേർ ക്യാറ്റടോണിയ (catatonia) എന്ന് പറയുന്ന ഗുരുതരമായ മാനസിക പ്രശ്നവുമായി അഡ്മിറ്റ് ചെയ്യപ്പെട്ടു.   ക്യാറ്റടോണിയ (catatonia) എന്ന് പറഞ്ഞാൽ ഒരു വ്യക്തി മാനസിക ആഘാതം മൂലം മെഴുകു പ്രതിമ പോലെ ആയി മാറുന്ന അവസ്ഥയാണ്.  ഒരു മണിക്കൂർ ഒക്കെ ഒരു ചലനവും ഇല്ലാതെ സംസാരിക്കാതെ ഇരിക്കും, എന്ത് ചോദിച്ചാലും മറുപടി ഒന്നും പറയില്ല.  ഇതിനെ mutism എന്നും പറയും.  പക്ഷേ കൃത്യമായ ചികിത്സ വഴി അവരെല്ലാം സുഖം പ്രാപിച്ചു. കലക്ടറുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും ഒരു സെൽ തന്നെ ഇതിനായി രൂപവൽക്കരിച്ചു.

ക്വാറന്റീനിൽ ആയ ആളുകളിൽ ഉണ്ടായ മാനസിക വിഭ്രാന്തിയെപ്പറ്റി കേട്ടിരുന്നു

ക്വാറന്റീനിൽ ഇരിക്കുന്നവരും, അവരോടു അടുത്ത് ഇടപഴകുന്നവരും തൊട്ടടുത്ത വീട്ടിലെ ആളുകളുമൊക്കെ അനുഭവിക്കുന്ന മാനസിക സംഘർഷം ഉണ്ട്.  പോസിറ്റീവ് കേസുകളുടെ കോൺടാക്റ്റുകൾ, വിദേശരാജ്യങ്ങളിൽ നിന്നു വന്നു ക്വാറന്റീനിൽ തുടരുന്നവർ, ഇവരൊക്കെ അനുഭവിക്കുന്ന മാനസിക സംഘർഷം വളരെ വലുതാണ്, അതുകൊണ്ടുതന്നെ ഇവരിൽ പലർക്കും ഓൺലൈൻ കൗൺസിലിങ് പോലെയുള്ള കാര്യങ്ങൾ ചിലയിടത്ത് കൊടുക്കേണ്ടിവന്നു.  ചിലർ ക്വാറന്റീൻ ലംഘിച്ച് പുറത്തിറങ്ങുന്നതിന് കാരണം തന്നെ ഇതാണ്.  നാട്ടിലെത്തി വീണ്ടും 14 ദിവസം മുതൽ 20 ദിവസം വരെ മുറി അടച്ച് ഇരിക്കേണ്ടി വരുന്നവർക്ക് വല്ലാത്തൊരു ട്രോമ ആണ് അനുഭവപ്പെട്ടത്. പുറത്തിറങ്ങാൻ കഴിയാത്ത ബുദ്ധിമുട്ടു മാത്രമല്ല ലഹരിവസ്തുക്കൾ ഉപയോഗിച്ചുകൊണ്ടിരുന്ന ആൾക്കാർക്ക് അത് ലഭിക്കാതെ വന്നപ്പോൾ ഉണ്ടായ അസ്വസ്ഥതയും വയലന്റ് ആവാൻ കാരണമാണ്. പക്ഷേ ഇതെല്ലാം വളരെ കൃത്യമായി കൈകാര്യം ചെയ്യാൻ നമ്മുടെ ഹെൽത്ത് സിസ്റ്റത്തിൽ സാധിച്ചു എന്നുള്ളതാണ് കേരളത്തിന്റെ നേട്ടംഎനിക്ക് തോന്നുന്നത് ഇന്ത്യയിൽതന്നെ കേരളത്തിലാണ് ഏറ്റവും കാര്യക്ഷമമായി കോവിഡ് മാനേജ്മെന്റ് നടക്കുന്നത്.  

സമൂഹത്തിലുണ്ടായ കോവിഡ് ഭീതി വളരെ വലുതായിരുന്നു, പക്ഷേ ഇപ്പോൾ പലരും ഇത് ശ്രദ്ധിക്കാതെ ആയിട്ടുണ്ട്, എല്ലാം സാധാരണ നിലയിൽ ആവുകയാണോ?

കോവിഡ് വ്യാപനത്തെ തുടർന്ന് പുറത്തിറങ്ങാൻ കഴിയാത്ത ആൾക്കാർ വിവരങ്ങളറിയാൻ മാധ്യമങ്ങളെ അഭയം പ്രാപിച്ചു കഴിയുകയായിരുന്നു. എന്നും രാവിലെ മുതൽ വൈകുന്നേരം വരെ വാർത്തകൾ കണ്ട് അതിൽനിന്നുണ്ടാകുന്ന ഭീതിയിലാണ് ആളുകൾ ജീവിച്ചു കൊണ്ടിരുന്നത് പക്ഷേ ആളുകൾക്ക് വാർത്തകൾ മടുത്തു തുടങ്ങിയിരിക്കുന്നു. ആളുകൾ ഭീതിയിൽ നിന്നു നിസ്സംഗതയിലേക്കു മാറി. learned helplessness എന്ന ഒരു അവസ്ഥയിലേക്കാണ് ഇപ്പൊ ആളുകൾ മാറിയിട്ടുള്ളത്.  ഒരു പ്രശസ്തമായ കഥയുണ്ട്.  ഒരു കുരങ്ങനെ കൂട്ടിൽ അടച്ചിരിക്കുകയാണ്.  കുരങ്ങന് കൂടിന്റെ വാതിൽ തുറക്കാനായി ഒരു ലിവറിൽ ചവിട്ടിയാൽ മതി. പക്ഷേ വാതിലിന്റെ ലിവറിൽ വൈദ്യുതി കടത്തിവിട്ടിട്ടുണ്ട്, കുരങ്ങൻ തൊട്ടാൽ ഷോക്ക് അടിക്കും, പലവട്ടം ഷോക്ക് അടിച്ച കുരങ്ങൻ പിന്നെ അതിൽ തൊടാതായി, ഇലക്ട്രിക് ഷോക്ക് നിർത്തിയിട്ടും കുരങ്ങൻ പുറത്തുകടക്കാനുള്ള ശ്രമങ്ങളൊന്നും പിന്നെ നടത്തുന്നില്ല. തുടർച്ചയായ പരാജയങ്ങളിൽ കൂടി കുരങ്ങൻ അതിന്റെ തടവറ ജീവിതവുമായി പൊരുത്തപ്പെടുകയാണ് ഉണ്ടായത്.  

അതുപോലെ ഇപ്പൊൾ ലോകമെമ്പാടും നിസ്സഹായത ഒരു ശീലമായി. ആദ്യകാലത്ത് ഇറ്റലിയിൽ കേസുകൾ കൂടുന്നു, ജർമനിയിൽ കേസുകൾ കൂടുന്നു എന്നൊക്കെയുള്ള വാർത്തകൾ പത്രങ്ങളിൽ വലിയ തലക്കെട്ടോടെ വന്നിരുന്നു. ഇപ്പോൾ ഇന്ത്യയിൽ അതിൽ കൂടുതൽ കേസുകൾ വന്നിട്ടും നമ്മൾ അങ്ങനെ ഭ്രാന്തമായ രീതിയിൽ പ്രതികരിക്കുന്നതായി കാണുന്നില്ല.  നമ്മൾ ആ അവസ്ഥയോട് പൊരുത്തപ്പെട്ടു തുടങ്ങി.  ആദ്യകാലത്ത് ജീവൻരക്ഷാ ഉപകരണങ്ങൾ കിട്ടുമോ മരുന്നു കിട്ടുമോ എന്നുള്ള അങ്കലാപ്പിൽ ആയിരുന്നു. നിപ്പ വൈറസ് അല്ലെങ്കിൽ പ്രളയം വന്ന സമയത്ത് നമ്മൾ എങ്ങനെ പ്രതിരോധിച്ചോ അതുപോലെ ഒന്ന് രണ്ട് മാസം കൊണ്ട് ഇത് പ്രതിരോധിക്കാൻ കഴിയും എന്നായിരുന്നു സർക്കാർ പോലും വിചാരിച്ചത്.  ഇങ്ങനെയൊരു അവസ്ഥ നമ്മൾ ഭാവനയിൽ പോലും കണ്ടിട്ടില്ല. ഇന്ത്യയിൽ കേസുകൾ കൂടി വരികയാണ്.  കോവിഡിന്റെ ഒരു പ്രധാന കേന്ദ്രമായി ഇന്ത്യ മാറാൻ പോവുകയാണ് എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല.  ഇറ്റലി പോലെ കേസുകൾ വരാൻ സാധ്യതയുണ്ട്.  എന്നാൽ ഇറ്റലി അത് മാനേജ് ചെയ്തത് പോലെ ഉള്ള സംവിധാനം നമുക്ക് ഇല്ല. നമ്മൾ പരമാവധി ശ്രമിക്കുന്നുണ്ട്, ഇത് ആരുടേയും പിടിപ്പുകേടാണ് എന്ന് പറയാൻ കഴിയില്ല, ഇത്രയൊക്കെയേ മനുഷ്യന് ചെയ്യാൻ കഴിയു.  135 കോടിയിൽ കൂടുതൽ ആളുകളുള്ള ഒരു രാജ്യത്ത് ലക്ഷക്കണക്കിന് ആളുകൾ ഒരേ സമയം കോവിഡ് പോസിറ്റീവ് ആയാൽ ഇവിടെ എല്ലാ സംവിധാനവും തകരാറിലാകും. വളരെ ഉയർന്ന ആരോഗ്യ സംവിധാനങ്ങൾ ഉണ്ടായിരുന്ന ഒരു രാജ്യമായിരുന്നു ഇറ്റലി, അവർ പോലും പകച്ചു നിൽക്കുന്ന അവസ്ഥയുണ്ടായി, പിന്നെ അവിടെ വൃദ്ധരുടെ എണ്ണം കൂടുതലായിരുന്നു, അതുകൊണ്ടു വളരെ വലിയ മരണനിരക്ക് ഉണ്ടായി, ഇപ്പോൾ ആ ഒരു ദുരന്തം നമ്മുടെ മുന്നിൽ വന്നിരിക്കുകയാണ്, നമുക്ക് ഇങ്ങനെ തന്നെയേ മുന്നോട്ട് പോവാൻ കഴിയു.  

ഇതിനിടയിൽ ബ്ലാക്ക്മാൻ എന്നൊക്കെ പറഞ്ഞു ചില കിംവദന്തികൾ പരന്നിരുന്നു, ഇങ്ങനെയുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നതും മാനസിക വൈകല്യമാണോ?

ഇങ്ങനെ ഒരു പ്രതിസന്ധി വരുമ്പോൾ നമ്മുടെ സമൂഹത്തിന് മൊത്തത്തിൽ തീരുമാനമെടുക്കാനുള്ള ഒരു ശേഷി നഷ്ടപ്പെടും,  യുക്തിസഹമായി ചിന്തിക്കാൻ കഴിയില്ല. ബ്ലാക്ക്മാൻ ഭീതി പടർത്തിയതിന്റെ പിന്നിലെ കാര്യം ഇതാണ്.  കൊറോണ ജൈവായുധമാണ് എന്ന് പറയുന്നതിന്റെ പിന്നിലെ വികാരവും  ഇതുതന്നെയാണ്. ഈയിടെ കോവിഡ്-19 വൈറസ് കാരണം അല്ല ബാക്ടീരിയ കാരണം ഉണ്ടായ ഒരു രോഗമാണ് എന്ന് ചിലർ പറയുകയുണ്ടായി.  കൊറോണ ഒരു തട്ടിപ്പാണ് എന്നൊക്കെ പറഞ്ഞു പരത്തി,  പക്ഷേ ഒന്ന് ആലോചിച്ചുനോക്കൂ പോളിമറൈസ്ഡ് ചെയിൻ റിയാക്ഷനിലൂടെ ഈ വൈറസിന്റെ സാന്നിധ്യം ഉറപ്പിച്ചിട്ടാണ് കേരളത്തിൽ പോലും ഈ കേസ് ഉറപ്പാക്കിയത്.  പിന്നെ ഇത് വൈറസ് കൊണ്ടാണോ ബാക്ടീരിയ കൊണ്ടാണോ എന്ന് തർക്കിക്കുന്നത് എന്ത് ബുദ്ധിമോശം ആണ്.  എന്നിട്ടും ഈ കിംവദന്തി അഭ്യസ്തവിദ്യരായ ആളുകൾ പ്രചരിപ്പിച്ചു, ബ്ലാക്ക്മാനെ കുറിച്ചുള്ള കഥകൾ പ്രചരിപ്പിച്ചു, ഇതിനു കാരണം ആൾക്കാർക്ക് തീരുമാനമെടുക്കാനുള്ള ശേഷി കൈമോശം വരുന്നതാണ്.  ചരിത്രത്തിൽ എമ്പാടും സംഭവിച്ചിട്ടുള്ള കാര്യമാണ്, നമുക്ക് ഒരു പുതുമ ആയിട്ട് തോന്നുന്നു എന്നേയുള്ളൂ.  മുൻ മാതൃകകൾ പരിശോധിക്കുമ്പോൾ ഒട്ടും അതിശയോക്തി തോന്നുന്നില്ല, വീണ്ടും മാനസിക രോഗങ്ങൾ കൂടുകതന്നെ ചെയ്യും.  കാരണം സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോൾ സാമ്പത്തികമാന്ദ്യം ഉണ്ടാക്കാൻ സാധ്യതയുണ്ട്, പലർക്കും തൊഴിൽ നഷ്ടപ്പെട്ടിരിക്കും, ജീവിതത്തിന്റെ തുടർച്ചകൾ നഷ്ടപ്പെട്ടവർ ഉണ്ടാകും, വരുമാനം നിലച്ചിട്ടുണ്ടാകും, വേണ്ടപ്പെട്ടവർ മരണമടഞ്ഞവർ ഉണ്ടാകും, ബിസിനസ് ചെയ്യുന്നവർക്ക് മൂലധനത്തിൽ നഷ്ടം വന്നിട്ടുണ്ടാകും.  ലോകം മുഴുവൻ പ്രതിസന്ധിയിൽ ആയതുകൊണ്ട് ഒരുമിച്ച് നമ്മൾ കരകയറും എന്ന് പ്രത്യാശിക്കാം.  ആഗോള പ്രതിസന്ധി ആകുമ്പോൾ ഒന്നോരണ്ടോ രാജ്യങ്ങൾ മാത്രം പ്രതിസന്ധി നേരിടുന്നതിൽ നിന്ന് വ്യത്യസ്തമായ ഒരു സാഹചര്യമാണ് ഉണ്ടാകുന്നത് അതുകൊണ്ട് നയപരമായ കാര്യങ്ങൾക്ക് ഒരു ആഗോള സ്വഭാവം ഉണ്ടാകും അതുപോലെ ലോകക്രമത്തിൽ ഒക്കെ വലിയ മാറ്റങ്ങൾ സംഭവിക്കും.  മാസ്ക് വെക്കുന്നത് മാത്രമല്ല പലപ്പോഴും ഈ രോഗത്തെ പ്രതിരോധിക്കാൻ നമ്മൾ എടുത്ത പല തീരുമാനങ്ങളും സമൂഹത്തിൽ ശേഷിക്കും.  ഇനി ഒരിക്കലും തിരിച്ചു വരാൻ കഴിയാത്ത വിധം നമ്മുടെ സമൂഹം മാറി പോകും എന്നുള്ള കാര്യത്തിൽ തർക്കമില്ല.  അങ്ങനെ സംഭവിച്ചിട്ടുണ്ട്, രണ്ടാം ലോകമഹായുദ്ധാനന്തരം ലോകം ഇനി ഒരിക്കലും തിരിച്ചു വരാത്ത വിധം മാറിപ്പോയിട്ടുണ്ട്.   അതുപോലെ തന്നെയാണ് ഇങ്ങനെ ഒരു പകർച്ചവ്യാധി വരുമ്പോഴും.  

ഈ ഭീതി മറികടക്കാൻ നമുക്ക് എന്ത് ചെയ്യാൻ കഴിയും?

വാർത്തകളിൽനിന്നു ഗ്യാപ്പ് എടുക്കുക.  ഇങ്ങനെ നിരന്തരം നെഗറ്റീവ് വാർത്തകൾ മാത്രം കണ്ടുകൊണ്ടിരുന്നാൽ അത് നിങ്ങളുടെ മാനസിക നില തകരാറിലാക്കും. നമ്മൾ ഇപ്പോൾ തീരാൻ പോവുകയാണ് എന്ന ഒരു ചിന്ത പ്രബലം ആകും. അതുകൊണ്ടുതന്നെ രാവിലെ കുറച്ചു നേരം വാർത്ത കണ്ടു കഴിഞ്ഞാൽ പിന്നെ വൈകുന്നേരം കാണുക, ക്രിയേറ്റീവ് ആയിട്ടുള്ള എന്തെങ്കിലും ചെയ്യുക, വിനോദങ്ങളിൽ ഏർപ്പെടുക, വായിക്കുക, കണ്ടുതീരാത്ത സിനിമകൾ കാണുക, ബന്ധുക്കളെ വിളിക്കുകയും സംസാരിക്കുകയും സൗഹൃദവും സ്നേഹവും പങ്കുവയ്ക്കുകയും ചെയ്യുക, ബന്ധങ്ങൾ പുതുക്കുക അതേസമയം ഫോണിൽ കൂടുതൽ സമയം ചെലവഴിക്കാതെ ഇരിക്കുക. ആറു മണിക്കൂറിൽ കൂടുതൽ ഫോണിൽ ചെലവഴിച്ചാൽ ഉറക്കം കുറയും.  ഫോണിൽ നിന്നു വരുന്ന വെളുത്ത വെളിച്ചം നിങ്ങളുടെ കണ്ണിൽ വീണു മെലാടോണിൻ എന്ന് പറയുന്ന ഹോർമോണിന്റെ ഉല്പാദനം കുറച്ചു അത് ഉറക്കക്കുറവിന് കാരണമാകും.  

ഇപ്പോൾ ജീവിതം ഏതാണ്ട് സാധാരണനിലയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്.  എന്നിരിക്കിലും ജീവിതം സാധാരണ നിലയിലേക്ക് വരാൻ മാസങ്ങൾ എടുക്കും. എന്റെ ഊഹം ശരിയാണെങ്കിൽ ഈ വർഷം ഏതാണ്ട് നമുക്ക്പൂർണമായും നഷ്ടപ്പെട്ടു കഴിഞ്ഞു.  2021ൽ  എങ്കിലും നമുക്ക് ഇതിൽ നിന്നും പുറത്തുകടക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കാം.  നമ്മൾ അതിജീവിക്കുക എന്നുള്ളത് തന്നെയാണ് 2020 ലെ പ്രധാനപ്പെട്ട ലക്ഷ്യം.

English Summary: COVID and mental health

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com