കഴിക്കുന്നതെന്തോ അതാണ് നാം, തലച്ചോറിനും വേണം പോഷകങ്ങൾ; മൈൻഡ്ഫുൾ ഈറ്റിങ് ശീലമാക്കാം
Mail This Article
നമ്മുടെ തലച്ചോർ വിശ്രമമില്ലാതെ എപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. ഉറങ്ങുമ്പോൾ പോലും നമ്മുടെ ചിന്തകളെയും ചലനങ്ങളെയും ശ്വസനം, ഹൃദയമിടിപ്പ്, ഇന്ദ്രിയങ്ങൾ ഇവയെല്ലാം നിലനിർത്താൻ തലച്ചോർ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ എല്ലാ സമയവും തലച്ചോറിന് പോഷകങ്ങളും ആവശ്യമാണ്.
നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ് ഈ പോഷകങ്ങൾ ലഭിക്കുന്നത്. എന്താണ് കഴിക്കുന്നത് എന്നത് പ്രധാനമാണ്. തലച്ചോറിന്റെ ആരോഗ്യത്തെ അത് ബാധിക്കുന്നു. എന്താണോ കഴിക്കുന്നത് അതാണ് നാം. പോഷകാഹാരവിദഗ്ധയായ മറീന റൈറ്റ് തന്റെ ഇന്‍സ്റ്റഗ്രാം പേജിൽ നാഡീവ്യവസ്ഥയുടെ ആരോഗ്യത്തിൽ നല്ലമാറ്റം വരുത്താൻ സഹായിക്കുന്ന പോഷകശീലങ്ങളെക്കുറിച്ച് പറയുന്നുണ്ട്. അവ എന്തൊക്കെയെന്നറിയാം.
∙രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക
രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വരുന്ന മാറ്റങ്ങൾ, ന്യൂറോട്രാൻസ്മിറ്ററിന്റെ പ്രവർത്തനങ്ങളിൽ മാറ്റം വരുത്തും. ഇത് സ്ട്രെസ് റെസ്പോൺസ് വർധിപ്പിക്കുകയും ഇൻഫ്ലമേഷൻ കൂട്ടുകയും െചയ്യും. അതുകൊണ്ട് ഒരു സമീകൃതഭക്ഷണം കഴിക്കണം. നാരുകൾ ധാരാളമുള്ള അന്നജവും പ്രോട്ടീനും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
∙ ഉദരത്തിൽ നല്ല ബാക്ടീരിയകൾ വേണം
ഉദരത്തിലെ സൂക്ഷ്മാണുക്കൾ ന്യൂറോ ട്രാൻസ്മിറ്റർ സിന്തസിസിനെ സ്വാധീനിക്കുകയും പ്രീബയോട്ടിക് ഭക്ഷണങ്ങളായ ഉള്ളി, ആപ്പിൾ, വാഴപ്പഴം ഇവയോടൊപ്പം പ്രോബയോട്ടിക് ഭക്ഷണമായ യോഗർട്ടും ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തണം.
∙വേഗസ് നാഡിയെ പോഷിപ്പിക്കുന്ന ഭക്ഷണങ്ങൾ
കോളിൻ, ബി12, ഒമേഗ 3, പ്രോബയോട്ടിക്സ്, പോളിഫിനോളുകൾ ഇവയെല്ലാം ശരീരത്തിന് നൽകണം. മത്സ്യം, ഇറച്ചി ഇവയിൽ നിന്ന് ബി12, മുട്ട, കരൾ ഇവയിൽ നിന്ന് കോളിൻ, കൊഴുപ്പുള്ള മത്സ്യങ്ങളിൽ നിന്ന് ഒമേഗ 3 ഫാറ്റി ആസിഡ്, യോഗർട്ട്, കെഫിർ എന്നിവയിൽ നിന്ന് പ്രോബയോട്ടിക്സ്, ബെറിപ്പഴങ്ങൾ, ഗ്രീൻ ടീ ഇവയിൽ നിന്ന് പോളിഫിനോളുകൾ എന്നിവ ലഭിക്കും.
∙കുടലിലെ ഇൻഫ്ലമേഷൻ കുറയ്ക്കണം
അതിനായി ആന്റി ഓക്സിഡന്റുകൾ ധാരാളമടങ്ങിയ ബെറിപ്പഴങ്ങൾ, ഇലക്കറികൾ, കോരമത്സ്യം, ഒലിവ് ഓയിൽ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പ്രോസസ് ചെയ്ത ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്ക്കണം.
∙ പിന്തുടരാം, മൈന്‍ഡ്ഫുൾ ഈറ്റിങ്
ഭക്ഷണം പതിയെ ആസ്വദിച്ച് കഴിക്കുമ്പോൾ പാരാസിംപതറ്റിക് നാഡീവ്യവസ്ഥ ഉദ്ദീപിപ്പിക്കപ്പെടും. ശാന്തിയും വിശ്രാന്തിയും അനുഭവപ്പെടും. വളരെ സാവധാനം ശ്രദ്ധയോടെ ഭക്ഷണം ചവച്ചു കഴിക്കണം. മൈൻഡ്ഫുൾ ഈറ്റിങ് പരിശീലിക്കുമ്പോൾ ശരീരം തരുന്ന സൂചനകൾ ശ്രദ്ധിക്കുന്നതു മൂലം വിശപ്പും വയർ നിറയുന്നതുമെല്ലാം മനസ്സിലാക്കാൻ സാധിക്കും.