ADVERTISEMENT

പാസിഫ്ലോറ എഡുലിസ് എന്നറിയപ്പെടുന്ന പാഷൻ ഫ്രൂട്ട് ഒരു ഉഷ്ണമേഖലാ ഫലമാണ്. തെക്കേ അമേരിക്കയാണ് ഇതിന്റെ സ്വദേശമെങ്കിലും കേരളത്തിൽ ഏറെ സുലഭമായ ഒരു പഴമാണിത്. പല നിറങ്ങളിലും രൂപത്തിലും ഇതു കാണാറുണ്ട്. പർപ്പിൾ, മഞ്ഞ എന്നിവയാണ് ഏറ്റവും അറിയപ്പെടുന്ന ഇനങ്ങൾ. ഈ പഴത്തിന്റെ 76% ജലാംശം ആണ്. ഇതിൽ അവശ്യ വൈറ്റമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്.

ഗുണമേന്മയിൽ ഒന്നാമത്
നാരുകളാൽ സമ്പന്നമാണ് പാഷൻ ഫ്രൂട്ട്. 100 ഗ്രാം ഫ്രൂട്ടിൽ 10.4 ഗ്രാം നാരുകൾ ഉണ്ട്. ഇതു ദഹനത്തിനു സഹായിച്ച് കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്നു. മലബന്ധം ഒഴിവാക്കുന്നു. കൊളസ്ട്രോൾ കുറച്ച് ഹൃദയത്തെ സംരക്ഷിക്കുന്നു. ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്തുകയും കോശ സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നതും ആന്റി ഫംഗൽ ഗുണങ്ങളുള്ളതുമായ ഒരു ഡൈമെറിക് പ്രോട്ടീൻ പാഷൻ ഫ്രൂട്ടിലുണ്ട്. കുറഞ്ഞ ഗ്ലൈസീമിക് സൂചികയുള്ള പഴമായതിനാൽ ഇതു പ്രമേഹരോഗികൾക്കും ഉപയോഗിക്കാം. ഇൻസുലിൻ സംവേദന ക്ഷമത മെച്ചപ്പെടുത്താൻ കഴിയുന്ന പിസിയാറ്റനോൾ എന്ന ഒരു സംയുക്തം പാഷൻ ഫ്രൂട്ടിലുണ്ട്. വൈറ്റമിൻ സി,  വൈറ്റമിൻ എ, കരോട്ടിൻ, പൊട്ടാസ്യം, കാത്സ്യം, സോഡിയം, ഇരുമ്പ് എന്നിവയാൽ സമ്പുഷ്ടമാണിത്. രോഗപ്രതിരോധശേഷി പ്രദാനം ചെയ്യുന്നു എന്നതാണു മറ്റൊരു സവിശേഷത. പാഷൻ ഫ്രൂട്ടിൽ മഗ്നീഷ്യം ധാരാളമായിട്ടുണ്ട്. അതു മാനസിക സമ്മർദവും ഉത്കണ്ഠയും കുറയ്ക്കുന്നു. പാഷൻ ഫ്രൂട്ട് പതിവായി കഴിക്കുന്നതു വൈറ്റമിൻ എയുടെ ആവശ്യമായ അളവ് ഉറപ്പാക്കുകയും അങ്ങനെ അന്ധതയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു എന്നു പറയാം. ചർമത്തെ ചെറുപ്പമാക്കി നിലനിർത്തുന്നതിനും സഹായിക്കുന്നു.

yellow-passion-fruit-juice-ws-studio-istock-photo-com
Representative Image. Photo Credit: WS Studio / iStockPhoto.com

വേറിട്ട രുചികൾ
പാഷൻ ഫ്രൂട്ട് പല രീതിയിൽ ആഹാരത്തിലുൾപ്പെടുത്താം. ഇതിന്റെ പൾപ്പിൾ പഞ്ചസാരയും വെള്ളവും ചേർത്ത് ജ്യൂസാക്കി കൂടിക്കാം. വളരെ രുചികരമാണത്. പാഷൻ ഫ്രൂട്ടു കൊണ്ട് ജാം, മധുരപലഹാരങ്ങൾ, കേക്കുകൾ എന്നിവ തയാറാക്കാം. കേക്കുകളുടെ ടോപ്പിങ്, ഫ്ലേവറിങ് എന്നിവ ചെയ്യാം. സാലഡ് തയാറാക്കാം. (ഫ്രൂട്ട് സാലഡ്, സ്മൂത്തി).

കരുതലോടെ കഴിക്കാം
ചില വ്യക്തികൾക്ക് പാഷൻ ഫ്രൂട്ട് അലർജി ഉണ്ടാക്കാം (ലാറ്റക്സ് അലർജി ഉള്ളവർക്ക്). ഇതിൽ ധാരാളമായി ഓക്സലേറ്ററുകൾ ഉണ്ട്. ഇത് വൃക്ക രോഗസാധ്യതയുള്ളവരിൽ വൃക്കയിൽ കല്ലുണ്ടാകാനിടയാക്കാം. പാഷൻ ഫ്രൂട്ടിന്റെ തൊലി കഴിക്കരുത്. ഇതിൽ സയനൈഡിന്റെ അംശമുള്ള സയനോജനിക് ഗ്ലൈക്കോസൈഡുകൾ ചെറിയ അളവിൽ അടങ്ങിയിട്ടുണ്ട്.

പോഷകമൂല്യം (100 ഗ്രാമിൽ)
ഊർജം – 97 കിലോ കാലറി
പ്രോട്ടീൻ – 2.2 ഗ്രാം
അന്നജം – 23.38 ഗ്രാം
കൊഴുപ്പ് – 0.7 ഗ്രാം
നാരുകൾ – 10.4 ഗ്രാം
വൈറ്റമിൻ സി – 30 മി. ഗ്രാം
കാത്സ്യം – 12 മി. ഗ്രാം
മഗ്നീഷ്യം – 29 മി. ഗ്രാം
സോഡിയം – 28 മി. ഗ്രാം
(ലേഖിക തിരുവനന്തപുരം എസ്‌യുറ്റി ഹോസ്പിറ്റൽ ചീഫ് ക്ലിനിക്കൽ ന്യൂട്രിഷനിസ്റ്റാണ്)

English Summary:

Unlock the Tropical Powerhouse: Unveiling the Health Benefits of Passion Fruit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com