ADVERTISEMENT

മുതിര്‍ന്ന പൗരന്മാരുടെ ജന്മദിനവും വിവാഹ വാര്‍ഷികവുമൊക്കെ എല്ലാവരും ചേര്‍ന്ന് ഓര്‍മിക്കുകയും ആഘോഷിക്കുകയും ചെയ്യുമ്പോള്‍ പ്രത്യേക സന്തോഷമുണ്ടാകും. ഊഷ്മളതയ്ക്കും സ്‌നേഹത്തിനുമാണ് ഊന്നല്‍ നല്‍കേണ്ടത്.

നമ്മുടെ സന്തോഷം, വീടിന്റെ സന്തോഷം  
ചിലര്‍ക്ക് സമപ്രായക്കാരായ കൂട്ടുകാരെ സല്‍ക്കരിക്കണമെന്ന മോഹം കാണും. വീട്ടിലുള്ളവരുമൊത്ത് ലളിതമായി ചെയ്യണമെന്ന വിചാരമുള്ളവരുണ്ടാകും. പ്രാര്‍ഥനാദിനമാക്കി മാറ്റണമെന്നാകും ചിലര്‍ക്ക്. ഈ പ്രായത്തില്‍ എന്തിനാണ് ഇതൊക്കെ എന്ന നിലപാടുള്ളവരും ഉണ്ടാകും. അവരുടെ താല്‍പര്യങ്ങള്‍ കൂടി പരിഗണിച്ചുള്ള ആഘോഷങ്ങള്‍ വേണം നടത്താന്‍. എല്ലാ ജന്മദിനങ്ങളും  ആളുകളെ കൂട്ടി ചെയ്യണമെന്നില്ല. സപ്തതി പോലെയുള്ള നാഴികക്കല്ലുകള്‍ അങ്ങനെ ചെയ്യാം. ഓര്‍ത്ത് ചെയ്തതിനാകണം ക്രെഡിറ്റ്. എങ്ങനെ ചെയ്തു എന്നതിനാകരുത്.

Representative image. Photo Credit: PitukTV/Shutterstock.com
Representative image. Photo Credit: PitukTV/Shutterstock.com

മാതാപിതാക്കളുടെ ജീവിത സായാഹ്നത്തില്‍ അവരുടെ വിശേഷ ദിനങ്ങള്‍ വീട്ടിലുള്ളവരൊക്കെ ചേര്‍ന്ന് പൊലിപ്പിച്ചെടുക്കുമ്പോള്‍ കുടുംബബന്ധങ്ങള്‍ക്ക് മധുരം കൂടും. സ്‌നേഹത്തിന്റെ നൂലിഴ വേണ്ടുവോളമുണ്ടെങ്കില്‍ വേറൊന്നും ഇല്ലാതെ കൂട്ടായി നല്‍കുന്ന ആശംസ പോലും മൂല്യമുള്ളതാകും.

മധുരം എങ്ങനെ കൂട്ടാം?
നല്ല ഓര്‍മകളെ ഉണര്‍ത്തുംവിധമുള്ള പഴയ ഫോട്ടോകള്‍ തപ്പിയെടുത്ത് ആ ദിനത്തെ മധുരമുള്ളതാക്കാം. ഇഷ്ടപ്പെട്ടിരുന്ന പഴയ സിനിമാപ്പാട്ടുകള്‍ ആഘോഷ വേളകളില്‍ കേള്‍പ്പിക്കാം. ജീവിതത്തിലെ സന്തോഷ നാളുകളെക്കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ പറയാന്‍ പ്രേരിപ്പിക്കാം. അതൊക്കെ കൗതുകത്തോടെ കേള്‍ക്കാം. വിദേശത്തുള്ള മക്കള്‍ക്ക് ഓണ്‍ലൈന്‍ ജന്മദിനം ഒരുക്കാം. ഇവിടെ ഒപ്പമില്ലാത്തതിന്റെ കുറവ് ആ സ്‌നേഹത്തില്‍ അലിഞ്ഞുപോകട്ടെ.

old-woman-Dragon-Images-Shutterstock
Representative image. Photo Credit: Dragon Images/Shutterstock.com

ഇത്തരം വേളകള്‍ സംഘടിപ്പിക്കാനുള്ള ചുമതല പേരക്കുട്ടികള്‍ ഏറ്റെടുക്കട്ടെ. അത് വലിയ സന്തോഷം നല്‍കും. അവരുണ്ടാക്കുന്ന കാര്‍ഡുകളും സ്വന്തം കരവിരുതിലൂടെ സൃഷ്ടിച്ചെടുക്കുന്ന ചെറിയ സമ്മാനങ്ങളും അമൂല്യമായി മാറും.

അന്നത്തെ ഭക്ഷണത്തില്‍ മുതിര്‍ന്നവരുടെ ഇഷ്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം. ആവശ്യങ്ങളില്‍ ഉപകരിക്കുന്ന കൊച്ചു സമ്മാനങ്ങള്‍ നല്‍കാം. സമയവും സൗകര്യവുമനുസരിച്ച് പോകാനാഗ്രഹമുള്ള ഇടങ്ങളില്‍ കൊണ്ടുപോകാം.

ഓരോ വര്‍ഷവും ആഘോഷങ്ങളില്‍ പുതിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്താം. വിസ്മയിപ്പിക്കാം. ജീവിതത്തില്‍ കൂടുതല്‍ മധുരം ചേര്‍ക്കാം.
(എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ സീനിയര്‍ സൈക്യാട്രിസ്റ്റ് ആണു ലേഖകന്‍.)

English Summary:

The Mental Health Benefits of Celebrating Seniors' Special Days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com