ചിന്തിച്ചു കാടുകയറാറുണ്ടോ? ഇനി ടെൻഷൻ വേണ്ട, പരിഹാരം ഇവ
Mail This Article
എന്തെങ്കിലും കിട്ടിയാല്‍ അതിനെ പറ്റി അമിതമായി ചിന്തിച്ച് ടെന്‍ഷനടിക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടോ? എപ്പോഴും ചുറ്റിലും നെഗറ്റീവ് ചിന്തകളാണോ നിങ്ങള്‍ക്കുള്ളത്? അവസാനമില്ലാത്ത ലൂപ്പിലെന്ന പോലെ നിങ്ങളുടെ ഭയങ്ങളും ഉത്കണ്ഠകളും കാടു കയറിയ ചിന്തകളും നിങ്ങളെ വലയം ചെയ്യുന്നുണ്ടെങ്കില്‍ ഉറപ്പിക്കാം, നിങ്ങളൊരു ഓവര്തിങ്കറാണെന്ന്.
നിങ്ങളുടെ ബന്ധങ്ങള്‍, ജോലി, ആരോഗ്യം എന്നിവയെ ചുറ്റിപറ്റിയെല്ലാം ഇത്തരം കാടുകയറിയ ചിന്തകള്‍ ഉണ്ടായെന്ന് വരാം. ഇത്തരം അമിതമായ ചിന്തകള്‍ വിഷാദരോഗം പോലുള്ള മാനസികപ്രശ്നങ്ങളായും മാറാം. അമിതമായ ചിന്തയെ നിയന്ത്രിക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ സഹായിക്കും.
1. വേറെ എന്തിലെങ്കിലും ശ്രദ്ധ തിരിക്കുക
നെഗറ്റീവായി എന്തിനെ പറ്റിയെങ്കിലും അമിതമായി ചിന്തിക്കാന്‍ തുടങ്ങുമ്പോഴെ വെറെ എന്തെങ്കിലും കാര്യത്തിലേക്ക് ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട എന്തെങ്കിലും കാര്യങ്ങള്‍ ഈ സമയത്ത് ചെയ്യാന്‍ ശ്രമിക്കുക. കൂട്ടുകാരുടെ ഒപ്പം പുറത്ത് പോവുകയോ, ഷോപ്പിങ് ചെയ്യുകയോ, സിനിമ കാണുകയോ, നല്ല ഭക്ഷണം കഴിക്കാന്‍ പോവുകയോ അങ്ങനെ എന്ത് വേണമെങ്കിലും ആകാം. നെഗറ്റീവ് ചിന്തയ്ക്ക് ഇടം കൊടുക്കാത്ത വിധം സ്വയം തിരക്കിലാകുക.
2. ചിന്തകള്‍ പങ്കുവയ്ക്കാം
നിങ്ങളെ മനസ്സിലാക്കുന്ന ഒരാളോട് ഉത്കണ്ഠകളും ഭയാശങ്കകളുമൊക്കെ പങ്കു വയ്ക്കുന്നതും ഗുണം ചെയ്യും. ഇത് വൈകാരികമായ ഒരു പിന്തുണ നിങ്ങള്‍ക്ക് ഉറപ്പാക്കും.
3. ധ്യാനം
നിങ്ങളെ അലട്ടുന്ന ചിന്തകളെ പ്രതിരോധിക്കാനും മനസ്സിനെ ശാന്തമാക്കാനും മികച്ച വഴിയാണ് ധ്യാനം. നിങ്ങളുടെ ശ്വാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കൊണ്ട് നെഗറ്റീവ് ചിന്തകളെ പതിയെ അകറ്റി മനസ്സിനെ ശാന്തമാക്കാന്‍ ശ്രമിക്കുക. ധ്യാനം ചെയ്ത് ശീലമില്ലാത്തവര്‍ ഒരു മെഡിറ്റേഷന്‍ ഗുരുവിന്റെ സഹായത്തോടെ ഇത് പരിശീലിക്കുക.
4. നെഗറ്റീവ് കൂട്ടുകെട്ടുകളില്‍ നിന്ന് അകന്നു നില്ക്കുക
എപ്പോഴും പരാതിപ്പെടുകയും നെഗറ്റീവിറ്റി പരത്തുകയും ചെയ്യുന്ന കൂട്ടുകാരില്‍ നിന്ന് അകലം പാലിക്കണം. ഇവര്‍ നിങ്ങളുടെ അമിത ചിന്തകളെ കൂടുതല്‍ പ്രശ്നകലുഷിതമാക്കും.
5. ഡയറി എഴുതുക
ചെറിയൊരു ഡയറി എപ്പോഴും കൈയ്യില്‍ കരുതി നിങ്ങളുടെ നെഗറ്റീവ് ചിന്തകളും ആശങ്കകളുമൊക്കെ അതില്‍ കുറിച്ച് വയ്ക്കുക. എന്ത് സാഹചര്യമാണ് നിങ്ങളുടെ അമിത ചിന്തകള്‍ക്ക് കാരണമാകുന്നതെന്ന് ഇതിലൂടെ കണ്ടെത്താന്‍ ചിലപ്പോള്‍ സാധിച്ചേക്കാം.
6. യാത്ര ചെയ്യാം
അമിത ചിന്ത യാത്ര ചെയ്യാനുള്ള നിങ്ങളുടെ പദ്ധതികളെ തകിടം മറിക്കാതെ നോക്കുക. യാത്രകള്‍ മനസ്സിനെ വ്യാപൃതമാക്കുകയും പോസിറ്റീവ് ചിന്തകള്‍ ഉണ്ടാക്കുകയും ചെയ്യും. ഇതിനാല്‍ പറ്റുന്നിടത്തോളം യാത്രകള്‍ ചെയ്യുക.
ഇത്തരം ചില നടപടികള്‍ ചിന്തകളുടെ കടിഞ്ഞാണ്‍ വിട്ടു പോകാതിരിക്കാന്‍ കുറേയൊക്കെ സഹായിക്കും. എന്നാല്‍ കാര്യങ്ങള്‍ നിങ്ങളുടെ നിയന്ത്രണത്തിലല്ല എന്ന് തോന്നിയാല്‍ ഒരു മനശാസ്ത്ര വിദഗ്ധന്റെ സഹായം തേടാനും മടിക്കരുത്.