ADVERTISEMENT

പ്രതിരോധിക്കാന്‍ കഴിയുന്ന 12 കാരണങ്ങള്‍കൊണ്ടാണ് മറവിരോഗങ്ങളുടെ 40 ശതമാനവും ഉണ്ടാകുന്നതെന്ന് പ്രശസ്ത വൈദ്യശാസ്ത്ര ജേണലായ 'ലാന്‍സെറ്റ്' 2020ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനം വെളിപ്പെടുത്തി. അമിത രക്തസമ്മര്‍ദം, പ്രമേഹം, പുകവലി, മദ്യപാനം, വ്യായാമമില്ലായ്മ, സാമൂഹികബന്ധം ഇല്ലായ്മ എന്നിവയായിരുന്നു ഇവയില്‍ പ്രധാനം. മറ്റുള്ളവരോട് സംസാരിക്കാതെ ഒറ്റപ്പെട്ടുകഴിയുന്ന വ്യക്തികളില്‍ മറവിരോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ഒട്ടേറെ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. സാമൂഹിക ഒറ്റപ്പെടല്‍ വിഷാദരോഗം പോലുള്ള മാനസിക പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. അതേസമയം, മറ്റുള്ളവരുമായി നിരന്തരം ഇടപഴകാന്‍ അവസരം ലഭിക്കുന്ന വ്യക്തികളില്‍ ഏകാന്തതയും അതിന്റെ ഫലമായി ഉണ്ടാകുന്ന വിഷാദവും കുറവായിരിക്കും. അവര്‍ക്ക് മറവിരോഗത്തിനുള്ള സാധ്യതയും കുറവാണ്.  


വായിച്ചു 'വളരാം'
വായനയിലൂടെ കൂടുതല്‍ അറിവു സമ്പാദിക്കുകയും അത് സംസാരത്തിലൂടെ മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യുന്നത് മറവി പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. തൊഴില്‍ ചെയ്തിരുന്ന മേഖലയെക്കുറിച്ചുള്ള പുതിയ അറിവുകള്‍ സ്വായത്തമാക്കിയ ശേഷം ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പുതുതലമുറയോട് സംസാരിക്കുന്നത് ഏറെ ഗുണകരമാണ്. കണ്ടും കേട്ടും വായിച്ചും പുതിയ അറിവുകള്‍ സ്വായത്തമാക്കുക വഴി തലച്ചോറിന്റെ വിജ്ഞാന വിശകലന ശേഷി ചടുലമാകുന്നു. മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ ഈ അറിവുകള്‍ ഓര്‍മകളായി തലച്ചോറില്‍ സ്ഥാപിക്കപ്പെടുന്നു. തലച്ചോറിന്റെ വിവിധ മേഖലകള്‍ സജീവമായി നിലനില്‍ക്കാന്‍ ഈ പ്രക്രിയ സഹായിക്കും.പുതിയ സാങ്കേതികവിദ്യകള്‍ പുതിയ തലമുറയുടെ സഹായത്തോടെ മനസ്സിലാക്കുകയും പരീക്ഷിക്കുകയും ചെയ്യുന്നതും മക്കളോടും കൊച്ചുമക്കളോടും ഊഷ്മളമായ ബന്ധം നിലനിര്‍ത്തുന്നതും തലച്ചോറിനെ സജീവമായി നിലനിര്‍ത്താന്‍ സഹായിക്കും.

old-age-man-senior-citizen-ai-generated-image
Photo Credit: Representative Image created using AI Art Generator

ഭാഷയും മറവിയും
ഭാഷാസ്വാധീനം കൂടുതലുള്ളവരില്‍ മറവിരോഗം വരാന്‍ സാധ്യത കുറവാണെന്ന് തെളിയിക്കുന്ന പഠനങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ നടന്നിട്ടുണ്ട്. മറ്റുള്ളവരുമായി കഴിയുന്നത്ര കൂടുതല്‍ സംസാരിക്കുന്നത് തലച്ചോറിന് പലരീതിയില്‍ ഗുണകരമാണ്. പുതിയ കേട്ടറിവുകള്‍ നേടാനും അത്തരം അറിവുകളെ മനസ്സില്‍ ദൃശ്യവല്‍ക്കരിക്കാനും സാധിക്കുന്നതുവഴി തലച്ചോറിലെ കോശങ്ങള്‍ ജീര്‍ണിക്കുന്നത് ഒരു പരിധിവരെ തടയാന്‍ കഴിയും.

സംഭാഷണത്തിനിടയില്‍ ഉണ്ടാകുന്ന ആരോഗ്യകരമായ സംവാദങ്ങളും അഭിപ്രായവ്യത്യാസങ്ങളുമൊക്കെ തലച്ചോറിന് ഗുണകരമായ കാര്യങ്ങള്‍തന്നെ. യുക്തി ഉപയോഗിച്ച് സ്വന്തം വാദഗതികളെ സമര്‍ഥിക്കാനുള്ള ഉദ്യമത്തിന്റെ ഭാഗമായി പഴയ ഓര്‍കള്‍ ചികഞ്ഞെടുക്കേണ്ടിവരാം. ഇത് തലച്ചോറിലെ കോശങ്ങള്‍ ജീര്‍ണിക്കാതിരിക്കാന്‍ സഹായകമാണ്.

happy-mood-senior-citizens-ai-generated-image
Photo Credit: Representative Image created using AI Art Generator

തുറന്നു പറഞ്ഞാല്‍
മനസ്സിന്റെ വൈകാരിക അവസ്ഥകള്‍ തുറന്നു പ്രകടിപ്പിക്കാതെ അവ ഒതുക്കിവയ്ക്കുന്ന സ്വഭാവം പലര്‍ക്കുമുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് അത്ര നല്ലതല്ല. ഇത് മാനസികസമ്മര്‍ദം വര്‍ധിപ്പിക്കാനും ഉല്‍കണ്ഠയും ദേഷ്യവും പോലുള്ള അനാരോഗ്യകരമായ മാനസികാവസ്ഥകള്‍ക്കും കാരണമാകാം. മനസ്സില്‍ തോന്നുന്ന പ്രയാസങ്ങള്‍ മറ്റുള്ളവരോടു തുറന്നുപറയുന്നതു തന്നെയാണ് നല്ലത്.

സംസാരം കുറഞ്ഞോ?
പല കാരണങ്ങള്‍ കൊണ്ടും വാര്‍ധക്യത്തില്‍ സംസാരം കുറഞ്ഞുവരുന്ന അവസ്ഥ ഉണ്ടാകാം. താന്‍ പറയുന്ന പല കാര്യങ്ങളും മക്കള്‍ അംഗീകരിക്കുന്നില്ലെന്ന ചിന്തയില്‍ പല വയോജനങ്ങളും ഉള്‍വലിയുന്നതായി കാണാം. വിവിധതരം മാനസികാരോഗ്യപ്രശ്‌നങ്ങളുടെ ഫലമായും സംസാരം കുറയാം. വിഷാദം, ഉല്‍കണ്ഠ, മനോദൗര്‍ബല്യം തുടങ്ങിയവയൊക്കെ സംസാരം കുറച്ചേക്കാം. തൈറോയ്ഡ് കുറയുന്നതും ഹൈപ്പോതൈറോയ്ഡിസവും വൈറ്റമിന്‍ ഡി കുറയുന്നതുമൊക്കെ സംസാരം കുറയാന്‍ കാരണമാകാം. മറവിരോഗം വരുന്നതിനു മുന്നോടിയായി വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ വരുന്ന പെരുമാറ്റവൈകല്യത്തിന്റെ ഭാഗമായും സംസാരത്തില്‍ കുറവുവരാം. അതുകൊണ്ടുതന്നെ വയോജനങ്ങളില്‍ പെട്ടെന്ന് സംസാരം കുറയുന്ന അവസ്ഥ കണ്ടാല്‍ അതിനെ ഗൗരവമായെടുത്ത് കാരണം കണ്ടെത്തി പരിഹരിക്കണം.

വിവരങ്ങള്‍ക്കു കടപ്പാട്:
ഡോ. അരുണ്‍ ബി. നായര്‍, 
പ്രഫസര്‍, സൈക്യാട്രി വിഭാഗം, 
മെഡിക്കല്‍ കോളജ് തിരുവനന്തപുരം
arunb.nair@yahoo.com

English Summary:

Boost Your Brain Health: 12 Ways to Reduce Dementia Risk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com