ADVERTISEMENT

കുറച്ചു കാലങ്ങൾക്കു മുൻപുവരെ മേൽക്കൂര അല്ലെങ്കിൽ റൂഫിങ് എന്നു പറയുമ്പോൾ വീട്ടുടമസ്ഥരുടെ നെറ്റി ചുളിയുമായിരുന്നു. അനാവശ്യമായ ചെലവ്, വീടിന്റെ ഭംഗി കളയുന്ന ഒന്ന്, തുണി ഉണക്കാൻ വേണ്ടിയുള്ള സ്ഥലം എന്നിങ്ങനെ റൂഫിങ്ങിനെ സംബന്ധിച്ച് പലവിധ ധാരണകളായിരുന്നു. എന്നാൽ, ഇന്നു റൂഫിങ് വീടിന്റെ സംരക്ഷണത്തെ മുൻനിർത്തി ചെയ്യുന്ന കാര്യമാണ്. അതിനാൽത്തന്നെ ഇന്ന് ഏറ്റവും കൂടുതൽ പുതുമകൾ പരീക്ഷിക്കപ്പെടുന്നതും ഈ മേഖലയിൽ തന്നെ. വ്യത്യസ്തതരം ഷീറ്റുകൾ, ൈടലുകൾ എന്നിവ വഴി വീടിന്റെ സ്വാഭാവികമായ ഭംഗിക്കും എലവേഷനും യാതൊരുവിധ ഏറ്റക്കുറച്ചിലുകളും വരാതെ റൂഫിങ് ചെയ്യുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. 

 

റൂഫിങ് എങ്ങനെ? ഏതെല്ലാം?

ടെറസിൽ ഒന്നരയാൾ പൊക്കത്തിൽ കാലുകൾ നാട്ടി അതിൽ ഷീറ്റ് ഘടിപ്പിക്കുന്നതാണു റൂഫിങ്. ഇതു വീടിന്റെ ഘടന ഉപയോഗം എന്നിവ അനുസരിച്ച് വ്യത്യസ്തമായിരിക്കും. ഇത്തരത്തിൽ റൂഫിങ് ചെയ്ത ഭാഗം ടെറസ് ഫാമിങ്, ലെഷർ ഏരിയ, ഗാർഡനിങ് തുടങ്ങിയവയ്ക്കായി ഉപയോഗിക്കാം. ജിപ്സം ഭിത്തികള്‍ നിർമിച്ച് ഈ ഭാഗം സ്റ്റോർ റൂമാക്കുന്നവരും വാടകയ്ക്കു നൽകുന്നവരുമുണ്ട്. 

നിലവിലെ മേൽക്കൂരയോടു ചേർന്നു ടൈലുകൾ ഘടിപ്പിക്കുന്ന സമ്പ്രദായവുമുണ്ട്. ഇതു വീടിന്റെ ഭംഗി വർധിപ്പിക്കും. ചരിച്ചു വാർത്ത മേൽക്കൂരകളിലാണ് ഇതു ചെയ്യുന്നത്. വീടിനു മഴവെള്ളത്തിൽ നിന്നു സംരക്ഷണം നൽകുക എന്നതിനൊപ്പം വീടിന്റെ അഴക് വർധിപ്പിക്കുക, തണുപ്പു നൽകുക തുടങ്ങിയ ലക്ഷ്യങ്ങളും ഇതിനുണ്ട്. ഇതിനായി സിറാമിക്, ക്ലേ ടൈലുകൾ വിപണിയിലുണ്ട്. ടൈലുകൾക്കു പകരം റൂഫിങ് ഷീറ്റുകൾ കൊണ്ടും ഇത്തരം റൂഫുകൾ ചെയ്യാറുണ്ട്. 

truss-roofing

 

എന്തുകൊണ്ട് ട്രസ് റൂഫ്?

ആർക്കിടെക്ടുകളുടെ അഭിപ്രായപ്രകാരം നമ്മുടെ നാടിന് ഏറ്റവും അനുയോജ്യമാണ് ട്രസ് റൂഫ് വീടുകൾ. കാലാവസ്ഥയിൽ വരുന്ന വ്യതിയാനങ്ങൾക്കനുസരിച്ച് റൂഫിലെ സ്ലാബ് വികസിക്കുകയും വിള്ളലുകൾ വരികയും ചെയ്യുന്നതു തടയാൻ ട്രസ് റൂഫിനു സാധിക്കും. മാത്രമല്ല, കുറഞ്ഞ ചെലവിൽ നല്ലൊരു യൂട്ടിലിറ്റി ഏരിയ ലഭിക്കുകയും ചെയ്യും. ട്രസിങ്ങിൽ സോളർ പാനലുകളോ വാട്ടർ ഹീറ്ററുകളോ ഘടിപ്പിക്കാം. കെട്ടിടത്തിന്റെ ഉറപ്പ് വർധിപ്പിക്കാനും ട്രസിങ്ങിനു കഴിയും. ചൂടു കുറയുന്നതിനാൽ വൈദ്യുതിച്ചെലവും കുറയ്ക്കാം. മൈല്‍ഡ് സ്റ്റീൽ, സ്റ്റെയിൻലെസ് സ്റ്റീൽ എന്നിവയാണ് ട്രസിങ്ങിനു കൂടുതൽ ഉപയോഗിക്കുന്നത്. ഉപയോഗിക്കുന്ന സെക്ഷനുകൾ ജിഐ ആയിരിക്കുന്നതു നന്ന്. വെൽഡിങ് സമയത്ത് കൂടുതൽ വരുന്ന ഫ്ലക്സ് മാറ്റിക്കളയണം. വെൽഡ് ചെയ്ത ഭാഗങ്ങൾ മിനുസപ്പെടുത്തിയെടുക്കുക. മുറിച്ചതും വെൽഡ് ചെയ്തതുമായ ഭാഗങ്ങളിൽ മൂന്നു ലെയർ പെയിന്റ് അടിക്കണം. 

 

റൂഫിങ് ഷീറ്റുകളെ അടുത്തറിയാം

മേൽക്കൂരയോടു ചേർന്നുള്ള റൂഫിങ് ആയാലും ട്രെസ് വർക്ക് ആയാലും ഏറ്റവും അധികമാളുകൾ തിരഞ്ഞെടുക്കുന്നത് റൂഫിങ് ഷീറ്റുകൾ കൊണ്ടുള്ള നിർമാണരീതിയാണ്. 

ട്രെസ് റൂഫിങ് ചെയ്യുമ്പോൾ പലപ്പോഴും ആളുകൾ ചിന്തിക്കുന്നത് വെള്ളം ഷീറ്റിൽ വീഴുമ്പോള്‍ ഉണ്ടാകാവുന്ന ശബ്ദത്തിന്റെ അലോസരത്തെക്കുറിച്ചാണ്. എന്നാൽ, ഇതിനും പ്രതിവിധിയുണ്ട്. ഷിംഗിൾസ് പോലുള്ള റൂഫിങ് ഷീറ്റുകളിൽ വെള്ളം പതിച്ചാലും അധികം ശബ്ദമുണ്ടാകില്ല. സമാനമായി ട്രസിങ് ഇട്ട് കൂര മേയാൻ ഒട്ടേറെ മെറ്റീരിയലുകൾ വിപണിയിലുണ്ട്. 

ഇതിൽ തന്നെ പ്രീകോട്ടഡ് ഷീറ്റുകൾ കളർ കോട്ടഡ് ആയാണു ലഭിക്കുന്നത്. അൽപം കൂടി പണം ചെലവഴിക്കാൻ തയാറാണെങ്കിൽ ‍‍ഡബിൾ സൈഡഡ് ഷീറ്റുകൾ ലഭ്യമാണ്. ഡബിൾ സൈഡഡ് ഷീറ്റുകളിൽ രണ്ടു ഭാഗത്തും നിറം പൂശിയിരിക്കും. സൺഷേഡിന് ഇത്തരം ഷീറ്റുകളാണു നല്ലത്. റൂഫിങ് െചയ്യുമ്പോൾ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്നതു പോളികാർബണേറ്റ് ഷീറ്റുകളാണ്. ഇതു രണ്ടു തരത്തിലുണ്ട്. സോളിഡും മൾട്ടിവോളും. മൾട്ടിവോൾ രീതിയിലുള്ള ഷീറ്റിൽ രണ്ടു ഷീറ്റുകൾക്കിടയ്ക്ക് 4–6 മി.മീ കനത്തിൽ ട്യൂബുലർ സ്ഥലമുണ്ടാകും. ഇത് വായുവിനെ പിടിച്ചു നിർത്തുന്നതിനാൽ ചൂടു കുറയും. എന്നാൽ ബ്രാൻഡുകൾ കൃത്യമായി തിരഞ്ഞെടുക്കുക. ഗുണമേന്മ ഉറപ്പു വരുത്തുക തുടങ്ങിയവ പ്രധാനം. കാരണം, വേഗം പൊട്ടാൻ സാധ്യതയുള്ള ഷീറ്റുകളാണിവ. മറ്റു റൂഫിങ് ഷീറ്റുകളെ അപേക്ഷിച്ച് ഇതിനു വിലക്കുറവാണ്. സോളിഡ് പോളികാർബണേറ്റിന് ചതുരശ്ര അടിക്ക് 200 രൂപയുണ്ട്. മൾട്ടിവോളിന് 70 രൂപയോളം വരും. 

ട്രസ് റൂഫിങ് ചെയ്യുമ്പോൾ അലുമിനിയം റൂഫുകളും ടെംപേര്‍ഡ് ഗ്ലാസ് റൂഫുകളും ഉപയോഗിക്കാറുണ്ട്. അലുമിനിയം ഷീറ്റുകൾക്കു വില കൂടുതലാണ്. ടെറസിലെ ലോബി പോലെയുള്ള സ്ഥലങ്ങളിൽ ടെംപേർഡ് ഗ്ലാസ് ഭംഗിയേകും. ഇവയ്ക്ക് ഏകദേശം ചതുരശ്ര അടിക്ക് 200 രൂപയോളമാകും. ഇതിനു പുറമേ ഗ്രാനുലർ കോട്ടിങ്ങുള്ള റൂഫിങ് ഷീറ്റുകളുണ്ട്. മഴ പെയ്യുമ്പോൾ കാതടപ്പിക്കുന്ന ശബ്ദം കേൾപ്പിക്കാത്ത ഷീറ്റുകളാണിവ. ഷിംഗിൾസ് പോലെയുള്ള ഇത്തരം ഷീറ്റുകൾക്ക് വില അൽപം കൂടും. മാത്രമല്ല, ഫ്ലാറ്റായ റൂഫിൽ മറൈൻപ്ലൈ പോലുള്ള ഫ്രെയിം വർക്കുകൾ ചെയ്തിട്ടു വേണം ഷിംഗിൾസ് ഒട്ടിക്കാൻ. ഇതിനു ചെലവു കൂടും. 

 

ക്ലാസിക് ലുക്കിന് ക്ലേ ടൈലുകൾ

നമ്മുടെ പഴയകാല വീടുകളുടെ മേൽക്കൂര ഓടു പാകുന്നതു പോലെയുള്ള ഫീലാണ് ക്ലേ ടൈലുകള്‍ പിടിപ്പിച്ച റൂഫ് നൽകുന്നത്. ഇതു സാധാരണ ഓടു കൊണ്ടു തന്നെയാണു നിർമിക്കുന്നത്. എന്നാൽ, ട്രെൻഡിന് ആനുപാതികമായി ഡിസൈനുകൾ, ആകൃതി എന്നിവയ്ക്ക് മാറ്റം വരുത്തുമെന്നു മാത്രം. എന്നാൽ, ഓട് ആയതിനാൽ തന്നെ നാലോ അഞ്ചോ മഴയോടു കൂടി ഇത്തരം ടൈലുകളിൽ പായൽ പിടിച്ചു തുടങ്ങും. ഇതു തടയുന്നതിനായി ൈടലുകളിൽ ‘വെതർ പ്രൂഫ്’ പെയിന്റ് അടിക്കണം. ക്ലേ ൈടലുകളുടെ നിറമുള്ള പെയിന്റ് മാത്രമല്ല, പല നിറത്തിലുള്ള പെയിന്റ് അടിക്കാം. ചെറിയ ടൈലുകളാണെങ്കിൽ സിമന്റ് വച്ചുറപ്പിക്കണം. അവയ്ക്കു താഴോട്ട് ആണി ഇല്ലാത്തതിനാൽ ട്രസിങ്ങു കൃത്യമായി ചേർന്നിരിക്കണമെന്നില്ല. സ്റ്റീൽ കൂടുതലായി ഉപയോഗിക്കേണ്ടി വരികയും ചെയ്യും. ഇന്ന് ആഡംബരത്തിന്റെ ഭാഗമായിത്തന്നെ ക്ലേ ടൈലുകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ചരിച്ചു വാർത്ത മേൽക്കൂരയുടെ പുറത്തു മാത്രമല്ല, വീടിനകത്തെ മേൽക്കൂരയിലും ഇത്തരം ടൈലുകൾ പിടിപ്പിക്കുന്നുണ്ട്. 

 

ഈടും ഉറപ്പുമായി കോൺക്രീറ്റ് ടൈലുകൾ

ടെറാക്കോട്ട ടൈലുകളുടെ അതെ ഭംഗി നിലനിർത്തിക്കൊണ്ട് തന്നെയാണ് കോൺക്രീറ്റ് ടൈലുകൾ വിപണിയിൽ ഇടം പിടിക്കുന്നത്. മാറ്റ് ഫിനിഷിങ് ആണ് ഇവയുടെ പ്രത്യേകത. എന്നാൽ, ഗ്ലോസി ഫിനിഷിലും ആവശ്യാനുസരണം കോൺക്രീറ്റ് ടൈലുകൾ ലഭ്യമാണ്. എളുപ്പത്തിൽ പൊട്ടില്ല. എന്നാൽ, പുറമേ നിന്നു ഭംഗി തോന്നുമെങ്കിലും കോൺക്രീറ്റ് ടൈലുകൾ ചൂടിനെ ആഗിരണം ചെയ്യും. അതിനാൽ വീടിനുള്ളിൽ ചൂടു കൂടും. ഈട് കൂടുതലായതിനാൽ വിലയും കൂടും. 

 

ആരും മോഹിക്കുന്ന ഷിംഗിൾസ്

ഭാരക്കുറവാണ് ഷിംഗിൾസിന്റെ പ്രധാന ആകർഷണം. ആസ്ഫാൾട്ട് മെറ്റീരിയലും ഫൈബറും കൂട്ടിച്ചേർത്താണ് ഷിംഗിൾസ് നിർമിക്കുന്നത്. ഗ്രാമ, നഗര വ്യത്യാസം കൂടാതെ എല്ലാ വീടുകൾക്കും കെട്ടിടങ്ങള്‍ക്കും യോജിക്കുന്ന ഒന്നാണിത്. വിദേശത്തു നിന്നാണ് ഷിംഗിൾസ് വന്നിരിക്കുന്നത്, ചെരിഞ്ഞ പ്രതലത്തിലാണ് ഷിംഗിൾസ് സ്ഥാപിക്കുക. ചൂടു തട്ടുമ്പോൾ ഷിംഗിൾസിലെ പശ ഉരുകി മേൽക്കൂരയിൽ ഉറയ്ക്കുന്നു. അതോടെ ഷിംഗിൾസ് മേൽക്കൂരയുടെ ഭാഗമായി മാറും. ഇതിനു പുറമേ ക്ലൈമറ്റിക് കൺട്രോൾ ഷീറ്റ് എന്നൊരു വിദ്യകൂടി വ്യാപകമാണ്. മേൽക്കൂരയിലെ ഓടിനോ മെറ്റൽ ഷീറ്റിനോ അടിയിൽ വിരിക്കുന്ന കനംകുറഞ്ഞ ഷീറ്റാണിത്. ചൂടു ചെറുക്കുകയാണ് പ്രധാന ഉദ്ദേശ്യം. പോളി പ്രൊപ്പലീൻ, പോളി കാർബൺ തുടങ്ങിയ പദാർഥങ്ങൾ കൊണ്ടാണു നിർമിക്കുന്നത്. 

 

പ്രധാന റൂഫിങ് ഷീറ്റുകൾ 

  • പ്ലെയിൻ ഷീറ്റുകൾ
  • കോറുഗേറ്റഡ് ഷീറ്റുകൾ
  • ഓടു പോലെ തോന്നിക്കുന്ന ടൈൽ പ്രൊഫൈൽ ഷീറ്റുകൾ
  • പ്രീ കോട്ടഡ് ഷീറ്റുകൾ
  • ഡബിൾ സൈഡഡ് പ്രീ കോട്ടഡ് ഷീറ്റ്
  • പോളി കാർബണേറ്റ് ഷീറ്റ്
  • ജിഐ ഷീറ്റ്

 

തയാറാക്കിയത്

ലക്ഷ്മി നാരായണൻ

English Summary- Roofing Sheets for Houses; Roofing Trend in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com