ADVERTISEMENT

‌കൊടുങ്ങല്ലൂർ കനോലി കനാലിൽ ശ്രീനാരായണപുരം, പൂവത്തുംകടവ് പ്രദേശത്തെ കൂടുമത്സ്യക്കൃഷിയിൽ മത്സ്യങ്ങൾ ചത്തുപൊന്തി. കർഷകർക്കു ലക്ഷങ്ങളുടെ നഷ്ടം. പൂവത്തുംകടവ് പാലത്തിനു വടക്കുവശം, വെളുത്തകടവ്, വള്ളിവട്ടം കടവ്, ശാന്തിപുരം എന്നിവിടങ്ങളിലെ മത്സ്യക്കൃഷിയിലെ കാളാഞ്ചി മത്സ്യമാണു ചത്തുപൊന്തിയത്. ഈ പ്രദേശത്തു മാത്രം 50ലേറെ കർഷകരുണ്ട്. ഫിഷറീസ് വകുപ്പിന്റെ പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതി പ്രകാരം സ്ഥാപിച്ച മത്സ്യക്കൂടുക്കൃഷിയിലെ മത്സ്യങ്ങളാണ് കൂട്ടത്തോടെ ചത്തത്. യൂണിറ്റിന് 2.5 ലക്ഷം രൂപ ചെലവഴിച്ച് 4 യൂണിറ്റ് കൃഷി ചെയ്യുന്നവരും ഇവിടെയുണ്ട്.

45–55 രൂപ നിരക്കിൽ കാളാഞ്ചിക്കുഞ്ഞിനെ എത്തിച്ചു തീറ്റ നൽകിയാണു പരിചരിച്ചത്. ചില കൂടുകളിൽ വിളവെടുപ്പിനു പാകമായപ്പോഴാണ് ചത്തു പൊന്തിയത്. പലരുടെയും കൂടുകളിൽ 2 കിലോഗ്രാമിലേറെ തൂക്കം വരുന്ന കാളാഞ്ചിയുണ്ട്. ഒരു മാസം വളർച്ചയെത്തിയ കുഞ്ഞുങ്ങളും വലിയ മീനുകളും ചത്തതായി കർഷകരായ മമ്പളം വിനയൻ, കാതിക്കോടത്ത് സുരേഷ് എന്നിവർ പറഞ്ഞു.

ഓക്സിജൻ കുറവോ?

കനത്ത മഴയിൽ പുഴയിൽ വെള്ളം ഉയർന്നിരുന്നു. ഇതിനിടയിലാണ് കലങ്ങിയ വെള്ളവും കുളവാഴയും ഒരുമിച്ച് ഒഴുകിയെത്തിയത്. ഇതോടെ വെള്ളത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞു. ഇതുകൊണ്ടാണ് മത്സ്യം ചത്തതെന്നു കർഷകർ സംശയിക്കുന്നു.

പ്രതീക്ഷയലിഞ്ഞു

പെരിയാറിന്റെ കൈവഴിയിലും കനോലി കനാലിലും കൂടുമത്സ്യക്കൃഷി വിജയമായതോടെ കൂടുതൽ ആളുകൾ ഈ രംഗത്തേക്ക് എത്താൻ തുടങ്ങി. പുഴയിൽ മാലിന്യം നിറഞ്ഞു ഉൾനാടൻ മത്സ്യബന്ധനം പ്രതിസന്ധിയിലായതോടെ കർഷകരുടെ ബദൽ മാർഗമായി ഇതു മാറുകയായിരുന്നു. കേന്ദ്ര – സംസ്ഥാന ഏജൻസികളുടെ പിന്തുണയും ബാങ്കുകളിൽനിന്നു സബ്‌സിഡി ഉൾപ്പെടെ വായ്പകളും ലഭ്യമായതോടെ കായൽപ്പരപ്പിൽ കൃഷി വിജയമായി. എന്നാൽ ആ പ്രതീക്ഷയാണ് മലിനജലം മൂലം ഇപ്പോൾ വെള്ളത്തിലാകുന്നത്.

പുഴയോരത്ത് കൂടുകൾ ഒരുക്കി മത്സ്യക്കുഞ്ഞുങ്ങളെ വളർത്തി വലുതാക്കുന്ന ശൈലിയാണ് കൂട് മത്സ്യക്കൃഷി. കോട്ടപ്പുറം കിഡ്സ് 18 വർഷം മുൻപാണ് ഈ ശൈലിക്കു തുടക്കമിട്ടത്. ഡയറക്ടറായിരുന്ന റവ.ഡോ.ജോൺസൺ പങ്കേത്ത് ആണ് മത്സ്യമേഖലയിൽ പുതിയ പരീക്ഷണത്തിനു മുൻകയ്യെടുത്തത്.

വിദേശ സഹായത്തോടെ ആയിരുന്നു പദ്ധതി. ആദ്യഘട്ടത്തിൽ തന്നെ പദ്ധതി വൻ വിജയമായതോടെ കൃഷിയിലേക്ക് ഏറെപ്പേരെത്തി. ആനാപ്പുഴ മുതൽ വി.പി.തുരുത്ത് വരെയുള്ള പ്രദേശത്തു മാത്രമായിരുന്നു അദ്യഘട്ടത്തിൽ. പിന്നീട് കനോലി കനാലിലും കൃഷി നിറഞ്ഞു. തമിഴ്നാട്ടിലെ നാഗപട്ടണം, കാരക്കൽ, ആന്ധ്രയിലെ മച്ചിലിപട്ടണം എന്നിവിടിങ്ങളിൽ നിന്നാണ് കാളാഞ്ചിക്കുഞ്ഞുങ്ങളെ എത്തിക്കുന്നത്. വർഷത്തിൽ 4 തവണ വിളവെടുപ്പുണ്ടാകും. ഒഴുകിപ്പോകാതിരിക്കാൻ പുഴയിൽ ഇരുമ്പുതൂണുകൾ സ്ഥാപിച്ചാണ് കൂട് ഒരുക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com