മാവ് പതിവായി കായ്ക്കാൻ

Mail This Article
കേരളത്തിൽ മാവുകൃഷി നേരിട്ടുകൊണ്ടിരിക്കുന്ന രണ്ടു പ്രശ്നങ്ങളാണ് സ്ഥിരമായി കായ്ക്കാത്തതും കാലം തെറ്റി പൂക്കുകയും കായ്ക്കുകയും ചെയ്യുന്നതും. അരനൂറ്റാണ്ടിലേറെയായി ഇവ രണ്ടിനുമുളള പരിഹാരം കണ്ടെത്താനുളള ശ്രമങ്ങള്‍ നടന്നുവരുന്നു. ഈ സ്വാഭാവമിസല്ലാത്ത ഇനങ്ങൾ തിരഞ്ഞെടുത്ത് അവയുടെ കൃഷി പ്രോത്സാഹിപ്പിക്കുക, പ്രത്യേക വിളപരിപാലനമുറകള്‍ അവലംബിക്കുക എന്നതു മാത്രമാണ് ഇതുവരെ കണ്ടെത്താനായിട്ടുളള പരിഹാരമാർഗങ്ങൾ. സാധാരണയായി മാവു നട്ടു നാലഞ്ചുവർഷമാകുന്നതോടെ പൂവിടാൻ തുടങ്ങുന്നു. അതിനുമുൻപും പൂവിടുമെങ്കിലും അതു ചെടിയുടെ വളർച്ച കുറയ്ക്കുമെന്നതിനാൽ പൂങ്കുലകൾ അടർത്തിക്കളയുന്നതിനാണ് ശുപാർശ.
കാലാവസ്ഥ വ്യതിയാനങ്ങളും പൂവിടുന്നതിനെ സ്വാധീനിക്കുന്നു. കനത്ത മഴയും മേഘം മൂടിക്കെട്ടിയ അന്തരീക്ഷവും പൂവിടുന്നതിനെ തടസ്സപ്പെടുത്തുന്നു. പൂക്കുന്നതിനു സഹായകമാകുന്നതാണ് വരണ്ട കാലാവസ്ഥ. പാലക്കാട് ജില്ലയിൽ മുതലമട പോലെയുളള സ്ഥലങ്ങളിൽ മാവുകൃഷി വിജയകരമായി കണ്ടുവരുന്നതിനുളള കാരണം ഈ കാലാവസ്ഥാ പ്രത്യേകതയാണ്.
മാവിൽ പുതിയ ശാഖകൾ ഉണ്ടാകുന്നതിനു കാലാവസ്ഥ ഒരു പ്രധാനഘടകമാണ്. അനുകൂല സാഹചര്യങ്ങളാകട്ടെ മുൻകൂട്ടി പ്രവചിക്കാനുമാകില്ല. ആയതിനാൽ ക്രമംതെറ്റി അവസരത്തിലുണ്ടാകുന്ന പൂക്കളിൽ പരാഗണം നടക്കാതെ വന്നാൽ അവ കൊഴിയുന്നതിന് ഇടയാക്കുന്നു. ഇതു കൂടാതെ ആന്തരികഘടകങ്ങളാലും ഒന്നിരാടം വർഷങ്ങളിൽ മാത്രം കായ്ക്കുന്നതുമായ ചില മരങ്ങളെയും കാണാം. ആന്തരികഘടകങ്ങള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സസ്യപോഷണത്തിന്റെ അളവ്, പൂക്കളുടെ ലിംഗാനുപാതം, ഹോർമോൺ അസന്തുലിതാവസ്ഥ, പാരമ്പര്യഘടകങ്ങൾ തുടങ്ങിയവയാണ്. അന്തരീക്ഷതാപനില, ഈർപ്പം, കാറ്റ്, കീടരോഗബാധ തുടങ്ങിയ ബാഹ്യഘടകങ്ങളും കായ്പിടുത്തത്തെ സ്വാധീനിക്കുന്നവയാണ്.
ശരിയായ വളപ്രയോഗം, ജലസേചനം, കീടരോഗനിയന്ത്രണം, കാര്യക്ഷമവും സമയബന്ധിതവുമായ കൃഷിപരിപാലനമുറകൾ എന്നിവ കൃത്യമായി നടത്താനായാൽ പ്രശ്നങ്ങള്‍ ഒരളവുവരെ പരിഹരിക്കാം.