ADVERTISEMENT

എല്ലാ കൃഷിഭവനുകളിലും സർക്കാർ പദ്ധതികളാണ് നടപ്പാക്കുന്നതെങ്കിലും ചില കൃഷിഭവനുകളിൽ അവ വേറിട്ട പദ്ധതിയായി മാറുന്നത് കാണാം. സംസ്ഥാനത്തെ വിവിധ കൃഷിഭവനുകളിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട മികവിന്റെ മാതൃകകളിൽ ഒന്നായ മാങ്ങാട്ടിടം കൃഷിഭവനിലെ പ്രവർത്തനങ്ങൾ അറിയാം.

മാങ്ങാട്ടിടത്തെ വിളഗ്രാമങ്ങള്‍

ആകെ 50  തെങ്ങിൻതൈകളുണ്ടാവും. അത് 10 വാർഡിനു വീതം വയ്ക്കുമ്പോൾ ഒരു വാർഡിൽ ‍5 എണ്ണം. ഒരാൾക്ക് ഒരു തൈ വീതം വാർഡ് തോറും 5 പേർക്ക്  തൈ നല്‍കി കടമ തീര്‍ക്കും. 100 ടിഷ്യൂകൾചർ വാഴ കിട്ടിയാലും 150 പച്ചക്കറിത്തൈ കിട്ടിയാലും ഇതുതന്നെ സ്ഥിതി. കിട്ടുന്നവര്‍ക്കു തൃപ്തിയില്ല. നാടിന്റെ ഭക്ഷ്യസുരക്ഷയ്ക്കു പ്രയോജനവുമില്ല. കൃഷിഭവനുകളില്‍ ആചാരമെന്നപോലെ തുടരുന്ന ഇത്തരം പദ്ധതികളില്‍ വേറിട്ടൊരു മുന്നേറ്റമായിരുന്നു കണ്ണൂർ മാങ്ങാട്ടിടത്ത് വിപ്ലവം സൃഷ്ടിച്ച വിളഗ്രാമങ്ങൾ.  

തരിശുരഹിത ഗ്രാമമാകുന്നതിന്റെ ഭാഗമായി 15 ഹെക്ടര്‍ പാടത്തു നെൽകൃഷിയോടെയാണ് തുടക്കം. ഒപ്പം 20 ഹെക്ടറിൽ കരനെൽകൃഷിയും തുടങ്ങി. 100 ടണ്ണോളം വിളവു കിട്ടിയപ്പോഴാണ് ഉൽപാദനത്തില്‍ സംഘസമീപനത്തിന്റെ സാധ്യത ബോധ്യമായത്. കിലോയ്ക്ക് 27 രൂപ നിരക്കിൽ നെല്ല് സംഭരിച്ചു. നാട്ടിൽ ഉൽപാദിപ്പിച്ച നെല്ല് പ്രാദേശികമായി സംസ്കരിച്ച് മാങ്ങാട്ടിടം എന്ന ബ്രാൻഡിൽ വിഷരഹിത അരിയായി നാട്ടുകാർക്കു നൽകി. 

mangattidam-5

ക്ലസ്റ്ററുകളുടെ എണ്ണം ഒന്നിൽനിന്നു മൂന്നാക്കിയതോടെ പച്ചക്കറി ഉൽപാദനത്തി‍ൽ സ്വയം പര്യാപ്തമായപ്പോള്‍ മറ്റു ഭക്ഷ്യവിളകളിലും ക്ലസ്റ്റർ സമീപനം സ്വീകരിച്ച് നേട്ടമുണ്ടാക്കാമെന്ന ചിന്ത ഉദിച്ചു. ഏറെ ഖ്യാതി നേടിയ റെഡ് ചില്ലീസ് പദ്ധതിയുടെ തുടക്കം അങ്ങനെ. ഒരു കൃഷിക്കാരൻ 25 സെന്റിൽ കുറഞ്ഞത് 800 തൈകൾ വീതം 75 കർഷകർ ചേർന്നു 30 ഏക്കറിൽ നടത്തിയ  വറ്റൽമുളകുകൃഷി കേരളമാകെ ശ്രദ്ധിച്ചു. വിഷരഹിത മുളക് ഉൽപാദിപ്പിക്കുക മാത്രമല്ല, ഉണക്കിപ്പൊടിച്ച് ‘റെഡ് ചില്ലീസ്’ ബ്രാൻഡിൽ വിൽക്കാനും സാധിച്ചു. കൂൺ, റംബുട്ടാൻ, തേൻ, മഞ്ഞൾ വിളഗ്രാമങ്ങള്‍ തൊട്ടുപിന്നാലെയെത്തി. ഇപ്പോഴിതാ ക്ലസ്റ്റർ അടിസ്ഥാനത്തില്‍ ഇലവാഴ ഉൽപാദനവും. വാഴക്കന്ന് വിതരണം ചെയ്തുകഴിഞ്ഞു. വളർച്ചയെത്തിയ ഇല വെട്ടി കെട്ടുകളാക്കുകയേ കൃഷിക്കാർ ചെയ്യേണ്ടതുള്ളൂ. ഇലയെടുക്കാൻ കൃഷിഭവനിൽനിന്ന് ആളു വരും. ഉൽപാദനം വർധിപ്പിക്കാന്‍ മാത്രമല്ല വിപണനത്തിനും പിന്തുണ നൽകിയതാണ് കൃഷിഭവന്റെ ഈ പദ്ധതികളെ കർഷകപ്രിയമാക്കിയത്.  മുളകായാലും മഞ്ഞളായാലും കൂണായാലും കൃഷിക്കാർ ഉൽപാദിപ്പിക്കുകയേ വേണ്ടൂ. അവ വീടുകളിലെത്തി സംഭരിക്കാനും സംസ്കരിക്കാനും വിപണനം നടത്താനും അഗ്രി പാർക്ക് എന്ന പേരിൽ ഒരു കൃഷിക്കൂട്ടം സൊസൈറ്റിയായി റജിസ്റ്റർ ചെയ്തിട്ടുണ്ട്. 5 വനിതകൾക്ക് സ്ഥിരജോലി ഉറപ്പാക്കാനും കഴിയുന്നു. അഗ്രി പാർക്ക് പ്രവർത്തകർ സംഭരിച്ചതും സംസ്കരിച്ചതുമായ ഉൽപന്നങ്ങൾ വിൽക്കുന്നതിന് ഇക്കോഷോപ്പ് ഉൾപ്പെടെ 5 വിപണനകേന്ദ്രങ്ങള്‍ കൃഷിഭവനു കീഴിലുണ്ട്. മുളകുപൊടിക്ക് റെഡ് ചില്ലീസ് ബ്രാൻഡ്പോലെ മഞ്ഞളിന് മാങ്ങാട്ടിടം ഗോൾഡ്, തേനിനു മാങ്ങാട്ടിടം ഹണി എന്നീ ബ്രാൻഡുകളുമുണ്ടാക്കി. റെഡ് ചില്ലീസ് ബ്രാൻഡ് പ്രശസ്തമായതോടെ പഞ്ചായത്തിനു പുറത്തുനിന്നുപോലും ഡിമാന്‍ഡ് ഉണ്ട്.

mangattidam-3
റെഡ് ചില്ലീസ് മുളകുപൊടി

നിശ്ചിത തോതില്‍ ഉൽപാദനം ഉറപ്പാക്കിയ ഈ  പദ്ധതികളിലൂടെ ഗ്രാമത്തിന്റെ സമ്പദ് വ്യവസ്ഥയിൽ കൃഷിക്കു സ്ഥാനക്കയറ്റം നൽകാൻ കൃഷി ഓഫിസർ സൗമ്യയ്ക്കും സഹപ്രവർത്തകർക്കും ഒപ്പം നിന്ന പഞ്ചായത്ത് ഭരണസമിതിക്കും സാധിച്ചു. തിരഞ്ഞെടുത്ത വിളകൾക്ക് പ്രത്യേകം പ്രോജക്ട് തയാറാക്കി പ്രോത്സാഹനം നൽകുകയും വിപുലമായ ഉൽപാദനം സാധ്യമാക്കാന്‍ ക്ലസ്റ്ററുകൾ രൂപീകരിക്കുകയുമാണ് വിളഗ്രാമം എന്ന ആശയത്തിലൂടെ കൃഷിഭവൻ ചെയ്തത്. വിപുലമായ പരിശീലനമാണ് ഓരോ ക്ലസ്റ്ററിലും ആദ്യചുവട്. പരിശീലനശേഷം അതതു വിളകളിൽ താൽപര്യമുള്ളവർക്ക് നടീൽവസ്തുക്കൾ, ധനസഹായം, ഉൽപാദനോപാധികൾ എന്നിവ നൽകി. ജനകീയാസൂത്രണം, ഹോർട്ടികൾചർ മിഷൻ, കൃഷിവകുപ്പ്, തൊഴിലുറുപ്പുപദ്ധതികള്‍ പ്രയോജനപ്പെടുത്തി. കുറഞ്ഞത് 25 സെന്റിൽ ഒരു വിള കൃഷി ചെയ്യുന്നവരെയാണ് പദ്ധതിയുടെ ഭാഗമാക്കിയത്. ഏതു വിളയും 40-50 പേർ എങ്കിലും ചെയ്യുന്നു. 

പരിചിതമല്ലാത്ത വറ്റൽ മുളകുകൃഷി ചെയ്ത് ക്വിന്റൽ കണക്കിനു മുളകുപൊടി ഉൽപാദിപ്പിച്ചത് ഈ മാതൃകയുടെ കരുത്ത് വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം 6.5 ടൺ മുളകാണ് വിളവെടുത്തത്. ഇതുവരെ 30 ലക്ഷം രൂപ വിറ്റുവരവും 15 തൊഴിലവസരവു മാണ് നേടിയത്.  

mangattidam-2
കൂൺ ഗ്രാമത്തിലെ വിളവെടുപ്പ് ഉദ്ഘാടനം കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പി.കെ.ബേബിറീന നിർവഹിക്കുന്നു

കൂൺകൃഷിയിലും സ്ഥിതി വ്യത്യസ്തമല്ല. കൂൺ സംരംഭകർ നാമമാത്രമായിരുന്ന പഞ്ചായത്തിൽ ഇന്നു നൂറോളം പേർ കൂൺ ഉൽപാദിക്കുന്നു. 46 പേർക്കു സബ്സിഡി കിട്ടി. അവരിൽ 16 പേർ 200ൽ അധികം ബെഡുകളുമായി വാണിജ്യാടിസ്ഥാനത്തിലുളള കൂൺ ഉൽപാദനത്തിലൂടെ വരുമാനം കണ്ടെത്തുന്നു.   

mangattidam-4
മാങ്ങാട്ടിടം ഹണി

തേൻ ഗ്രാമം പദ്ധതിപ്രകാരം  ഒരാൾക്കു കുറഞ്ഞത് 2 തേനീച്ചപ്പെട്ടി വീതം ആകെ 100 പേരാണ് ഉൽപാദനം തുടങ്ങിയത്. ഇവരിൽ 63 പേർ ഒരു വർഷം പിന്നിട്ടപ്പോൾത്തന്നെ പെട്ടികളുടെ എണ്ണം ഇരട്ടിയാക്കി. കേവലം 3 വർഷത്തിനിടയിലാണ് ഈ മാറ്റങ്ങളെല്ലാമെന്നും കൃഷി ഓഫിസർ സൗമ്യയുടെയും സൗമ്യയുടെ ഭർത്താവും കൃഷി അസിസ്റ്റന്റുമായ സന്തോഷിന്റെയും ആത്മാർഥമായ പ്രവർത്തനം ഇതിൽ നിർണായകമാണെന്നും പ‍ഞ്ചായത്ത് പ്രസിഡന്റ് പി.സി. ഗംഗാധരൻ മാസ്റ്റർ ചൂണ്ടിക്കാട്ടി.

ഫോൺ: 9961068827 (സന്തോഷ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT