കോവിഡ് 19 ഭീതിയിൽ ‘പ്ലേഗ്’ വായന; വാക്കുകൾ സൂക്ഷിച്ചുപയോഗിക്കണം, ഡോക്ടർമാർ അങ്ങനെയൊരു ആഹ്വാനം നടത്തിയിരുന്നോ...
Mail This Article
കൊറോണാ വൈറസിന്റെ കാലത്ത് ‘ദ് പ്ലേഗി’ന്റെ പ്രസക്തി; വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഈ പുസ്തകം ജപ്പാനില്‍ ചൂടപ്പം പോലെ വിറ്റഴിയുന്നു. ജപ്പാനില്‍ ഇപ്പോള്‍ ഏറ്റവുമധികം വിറ്റഴിയപ്പെടുന്ന പഴയ ക്ലാസിക് നോവലുകളിലൊന്ന് ‘ദ് പ്ലേഗ്’ ആണ്. കൊറോണാ വൈറസ്, അല്ലെങ്കില്‍ കോവിഡ്-19 മുന്നേറുന്നതിനിടയില്‍ ചില ഡോക്ടര്‍മാര്‍ ഈ നോവല്‍ വായിക്കാന്‍ ആഹ്വാനം ചെയ്‌തെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.
ലോകമെമ്പാടും ഒരു മഹാമാരിയായിത്തീരാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നു എന്നതാണ് കോവിഡ്-19 ന്റെ സാന്നിധ്യം ഭീതിപരത്തുന്നത്. എന്നാല്‍, ചില സാഹിത്യകാരന്മാര്‍ ഇത്തരം സാഹചര്യങ്ങള്‍ മുന്നില്‍ കണ്ടിരുന്നോ? ഡീന്‍ കൂണ്‍ട്‌സ് (Dean Koontz) എന്ന എഴുത്തുകാരന്‍ ഇത് 1981ല്‍ പ്രവചിച്ചിരുന്നു എന്നാണ് ചില ഓണ്‍ലൈന്‍ കണ്‍സ്പിരസി സിദ്ധാന്തക്കാര്‍ വാദിക്കുന്നത്. എന്നാല്‍ ഇതില്‍ കാര്യമായ ശരിയൊന്നുമില്ല എന്നാണ് കണ്ടെത്തല്‍.
ഡീനിന്റെ നോവലായ ‘ദി ഐ ഓഫ് ഡാര്‍ക്‌നസി’ല്‍ വുഹാന്‍-400 (Wuhan-400) എന്നൊരു കൊലയാളി വൈറസിനെ പറ്റി പരാമര്‍ശമുണ്ട് എന്നതു ശരിയുമാണ്. ചൈനയിലെ വുഹാനിലാണ് കോവിഡ്-19 ആദ്യം കണ്ടെത്തിയതെന്നാണല്ലോ കരുതപ്പെടുന്നത്. ഡീന്‍, വുഹാന്‍-400 എന്ന ജൈവായുധത്തിന് 100 ശതമാനം മരണ സാധ്യതയാണ് തന്റെ നോവലില്‍ നല്‍കുന്നത്. എന്നാല്‍, നോവലിലെ വൈറസും ഇപ്പോള്‍ പടരുന്ന കോവിഡ്-19 ഉം തമ്മില്‍ കാര്യമായ സമാനതകളില്ല എന്നാണ് നിഷ്പക്ഷമതികള്‍ വിധിയെഴുതുന്നത്.
പക്ഷേ അങ്ങനെയല്ല ‘ദ് പ്ലേഗി’ന്റെ കാര്യം. സാമൂഹികവും രാഷ്ട്രീയപരവുമായി ഈ രൂപകത്തിന് പ്രസക്തിയേറിയിരിക്കുകയാണ് എന്നാണ് ചിലര്‍ നിരീക്ഷിക്കുന്നത്. ലോക ചരിത്രത്തില്‍ മറ്റൊരിക്കലും സാധ്യമല്ലാതിരുന്ന വേഗത്തിലാണ് ഇക്കാലത്ത് വ്യാജവാര്‍ത്ത പടരുന്നത്. യാഥാർഥ്യത്തിലൂന്നി, സ്പഷ്ടമായ വാക്കുകള്‍ ഉപയോഗിച്ചു മാത്രം മഹാമാരിയെ നേരിടണം എന്ന മുന്നറിയിപ്പും ‘ദ് പ്ലേഗ്’ നല്‍കുന്നു. ഫാഷിസത്തിന്റെ ഫണംവിരിച്ചാടലിനെയും ഈ നോവല്‍ വരച്ചിടുന്നു.
‘പകര്‍ച്ചവ്യാധികള്‍ പടരുന്നത് ഒരു സവിശേഷരീതിയിലാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഒരെണ്ണം നീലാകാശത്തുനിന്ന് നമ്മുടെ തലയിലേക്ക് പൊട്ടിവീണു എന്ന കാര്യം നമുക്ക് വിശ്വസിക്കാന്‍ പ്രയാസമാണ്. ചരിത്രത്തില്‍ പല വസൂരികളും യുദ്ധങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ വസൂരികളും യുദ്ധങ്ങളും പൊട്ടിപ്പുറ പ്പെടുന്നത് എക്കാലത്തും മനുഷ്യരെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്’– നോവല്‍ പറയുന്നു. കോവിഡ്-19 എത്തിയ പല രാജ്യക്കാരും ഇതു ശരിവയ്ക്കും.
ദ് പ്ലേഗ്
അറുപതു വര്‍ഷം മുമ്പാണ് ഫ്രഞ്ച് എഴുത്തുകാരനും നൊബേല്‍ സമ്മാന ജേതാവുമായ ആല്‍ബേര്‍ കമ്യു തന്റെ പ്രശസ്തമായ നോവല്‍ ‘ദ് പ്ലേഗ്’ (വസൂരി) എഴുതുന്നത്. തന്റെ ആദ്യ നോവലായ ദി ഔട്‌സൈഡറില്‍ (അന്യന്‍), അദ്ദേഹം അസംബന്ധത്തിലൂന്നിയത് എന്നു തോന്നാവുന്ന തരത്തിലുള്ള ഒരു കഥാപാത്രത്തെ യാണ് അവതരിപ്പിച്ചത്-തന്റെ അമ്മ മരിച്ചത് എന്നാണെന്ന് ഓര്‍ത്തെടുക്കാനാകാത്ത ഒരാളെ. പ്ലേഗിലാകട്ടെ, അസംബന്ധമെന്നു തോന്നാവുന്ന രീതിയില്‍ പടരുന്ന വസൂരിയെ നേരിടുന്ന ഒരു സമൂഹത്തെ വരച്ചിടുന്നു. കഥ നടക്കുന്ന നഗരമായ ഒറാനില്‍ (Oran) പ്ലേഗ് എന്ന വാക്ക് ഉച്ചരിക്കാന്‍ആളുകള്‍ ഭയപ്പെടുന്നു.
നോവലിന്റെ തുടക്കത്തില്‍ പറ്റംപറ്റമായി മരണാസന്നരായ എലികള്‍ ഇളകിമറിഞ്ഞെത്തുകയാണ് ഓറാനിലേക്ക്. അവയുടെ ശരീരത്തില്‍ നിറയെ മുറിപ്പാടുകളും രക്തവും കാണാം. ഇവ നിരത്തുകളില്‍ ചത്തു കിടന്നതിനു ശേഷമാണ് ഒറാന്‍ വാസികളില്‍ ബ്യൂബോണിക് വസൂരിയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നത്. നോവലിലെ സംഭവങ്ങള്‍ വിവരിക്കുന്നത് കേന്ദ്ര കഥാപാത്രങ്ങളിലൊരാളായ ഡോക്ടര്‍ റിയു (Rieux) ആണ്. അദ്ദേഹം പറയുന്നത് ദേശവാസികള്‍ ഇത് പ്ലേഗ് ആണെന്നു വിശ്വസിച്ചില്ല എന്നാണ്. അതു സ്വാഭാവികമാണ്. വസൂരി പടരുമ്പോഴും തങ്ങള്‍ സ്വതന്ത്രരാണെന്ന് അവര്‍ കരുതി. എന്നാല്‍, പകര്‍ച്ചവ്യാധിയുള്ളപ്പോൾ ആരും ഒരിക്കലും സ്വതന്ത്രരല്ല, റിയു പറയുന്നു.
ആദ്യം അധികാരികളും വ്യാധിയുടെ പേരു പറയാന്‍ വിസമ്മതിച്ചു. അവര്‍ക്ക് പൊതുജനത്തെ ഭയപ്പെടുത്താന്‍ ആഗ്രഹമില്ലായിരുന്നു. പൊതുജനത്തെപ്പോലെ തന്നെ അവര്‍ക്കും തങ്ങള്‍ കാണുന്നതു വിശ്വസിക്കാന്‍ താത്പര്യവുമില്ലായിരുന്നു. കാണുന്നതു വിശ്വസിക്കാനാകുന്നില്ല, കാരണം ചില വിശ്വാസങ്ങൾ നേര്‍ക്കാഴ്ചകളെപ്പോലും അവിശ്വസനീയമാക്കുന്നു. എന്നാല്‍, പിന്നീട് അധികാരികള്‍ സമ്മതിക്കുന്നു – രോഗലക്ഷണങ്ങള്‍ വസൂരി ബാധയുടേതിന് സമാനമാണ് എന്ന്.
നഗരത്തെ ക്വാറന്റീന്‍ ചെയ്യുന്നു, അഥവാ മറ്റിടങ്ങളും ഒറാനുമായുള്ള ബന്ധം വിച്ഛേദിക്കുന്നു. ദേശവാസികള്‍ ഇതിനെക്കുറിച്ച് പല രീതിയില്‍ പ്രതികരിക്കുന്നു. ചിലര്‍ നഗരത്തില്‍ നിന്നു രക്ഷപ്പെട്ടു പോകാന്‍ ശ്രമിക്കുന്നു. ചിലര്‍ മദ്യത്തില്‍ അഭയം തേടുന്നു. തങ്ങള്‍ ഇവിടുത്തുകാരല്ല എന്നു പറയുന്നവരെയും കാണാം. ഈ വാദം ഉയര്‍ത്തുന്ന ഒരാളോട് ഡോക്ടര്‍ റിയു പറയുന്നു: ‘നിങ്ങളുടെ വാദം അസംബന്ധമാണ്. ഇപ്പോള്‍ മുതല്‍ നിങ്ങള്‍ ഇവിടത്തുകാരനാണ്. മറ്റെല്ലാവരെയും പോലെ. നമ്മളെല്ലാം ഇതില്‍ ഉള്‍പ്പെട്ടിരിക്കുകയാണ്. ഇതെന്താണോ, അതിനെ അങ്ങനെ തന്നെനമ്മളെല്ലാം അംഗീകരിക്കേണ്ടിയിരിക്കുന്നു’. വസൂരി പോലെയൊരു രോഗം വന്നാല്‍ നമ്മള്‍ സ്ഥിരം താമസിക്കുന്നിടത്തു തന്നെയാണ് കഴിയുന്നതെങ്കിലും നമ്മുടെ സാഹചര്യം എത്രമേല്‍ മാറിമറിയുമെന്നതിന്റെ നേര്‍ സാക്ഷ്യമാണ് ‘ദ് പ്ലേഗ്’
‘ദ് പ്ലേഗ്’ പല തലങ്ങളുള്ള ഒരു നോവലാണ്. വസൂരിയുടെ ജൈവ ഭീഷണി, തത്വശാസ്ത്രപരമായ ഒന്നായി നോവലില്‍ പിന്നീട് വേഷംമാറുന്നു. സ്വേച്ഛാധിപത്യത്തിനെതിരെ തിരിയുന്ന ഈ നോവല്‍ കമ്യൂ എഴുതാന്‍ തുടങ്ങുന്നതു തന്നെ ഫ്രാന്‍സിലേക്ക് ആക്രമിച്ചു കയറിയ നാത്‌സി പടയാളികള്‍ വിട്ടുപോകാന്‍ വിസമ്മതിക്കുന്ന സമയത്താണ്. ഇതിനെതിരെയുള്ള മുന്നേറ്റത്തില്‍ കമ്യുവും പങ്കാളിയായി. നാത്‌സികളുടെ കുലമേന്മാ വാദവും വംശഹത്യയും മാത്രമല്ല, അധികാരക്കൊതി മൂത്ത ഫ്രഞ്ച് ഉദ്യോഗസ്ഥന്മാര്‍ അതിക്രമിച്ചു കയറിയവര്‍ക്കൊപ്പം ചേര്‍ന്നു എന്നതും അദ്ദേഹത്തെ അരിശംകൊളളിച്ചു.
ഡോക്ടര്‍ റിയുവിലൂടെ കമ്യൂ നല്‍കുന്ന സന്ദേശങ്ങളിലൊന്ന് വസ്തുതകളെ തിരിച്ചറിയണം എന്നതാണ്. സ്വന്തം ഭാവി എന്ന സ്വാർഥചിന്തയില്‍ നിന്ന് സമൂഹത്തിന്റെ മുഴുവന്‍ ഭാവി എന്ന ചിന്തയിലേക്കു മാറണം. അതു മാത്രംപോരാ. ചരിത്രത്തിലെങ്ങും മനുഷ്യര്‍ ആവശ്യമില്ലാതെ നടത്തിപ്പോരുന്ന ബലംപിടുത്തങ്ങളിലൊന്ന് യാഥാർഥ്യത്തിനു പകരം ഭാവനയെ പ്രതിഷ്ഠിക്കുക എന്നതും ശരിയായ വിവരത്തിനു പകരം അജ്ഞതയ്ക്കു പ്രാധാന്യം നല്‍കുക എന്നതുമാണ്. ഇക്കാര്യത്തിലും ഡോക്ടര്‍ റൂവിലൂടെ കമ്യൂ സംസാരിക്കുന്നു: സമൂഹത്തില്‍ കഴുകിക്കളയാന്‍ ഏറ്റവും വിഷമമുള്ള തിന്മകളിലൊന്ന് അജ്ഞത– തനിക്കെല്ലാം അറിയാമെന്നു ഭാവിക്കുന്നതാണ്. ശരിയെന്തെന്നറിയാനും അതിന് കീഴടങ്ങാനും ശ്രമിക്കാതെ, തന്റെ ഭാവനയില്‍ മാത്രമുള്ള ലോകമാണ് ശരിയെന്ന് ചിലര്‍ ശഠിക്കുമ്പോള്‍ അവര്‍ ശരിക്കുള്ള ലോകത്തെ നശിപ്പിക്കുകയാണ്.
വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ കരുതല്‍ വേണം
കൂടാതെ നമ്മള്‍ നമ്മുടെ ലോകത്തെ മാത്രം കരുതലോടെ നോക്കിയാല്‍ പോര. നമ്മുടെ വാക്കുകളും കരുതലോടെ മാത്രമേ ഉപയോഗിക്കാവൂ. അധികാരികളെ എതിര്‍ത്തുകൊണ്ട് ഡോക്ടര്‍ റിയു, പടര്‍ന്നിരിക്കുന്നത് വസൂരി തന്നെയാണ് എന്നു പറയുന്നു. മറ്റൊരു കഥാപാത്രമായ ജീന്‍ തറൂ (Jean Tarrou) പറയുന്നത്, പ്രശ്‌നങ്ങള്‍ തുടങ്ങുന്നത് നമ്മള്‍ അവ്യക്തമായ ഭാഷാപ്രയോഗങ്ങള്‍ നടത്തുന്നതുകൊണ്ടുകൂടിയാണ് എന്നാണ്. വ്യക്തതയുള്ളതും ലളിതവുമായ ഭാഷാപ്രയോഗങ്ങള്‍ ഗുണം ചെയ്യും. ഇരു കഥാപാത്രങ്ങളും ഇക്കാര്യത്തില്‍ ഒന്നിക്കുന്നു: പരസ്പരം കൈമാറുന്നത് വസ്തുകളാണെന്ന് ഉറപ്പുവരുത്തുക, കഥകളല്ലെന്നും. ഇതിലൂടെ, നമുക്ക് പ്രകൃത്യാ വരുന്നതും മനുഷ്യ നിര്‍മിതവുമായ ഒരു വസൂരിയും പടരുന്നില്ലെന്ന് ഉറപ്പാക്കാം.
കോവിഡ്-19ന് ഊര്‍ജം കൂടിക്കൂടി വരുന്ന ഈ കാലത്ത് കമ്യൂ ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന് ഇതില്‍ ഒരദ്ഭുതവും തോന്നുമായിരുന്നില്ല. ചൈനയിലേതു പോലെ സ്വേച്ഛാധിപത്യ സ്വഭാവമുള്ള ഗവണ്‍മെന്റുകള്‍ സത്യം പുറത്തുവരുന്നത്, വൈറസുകള്‍ പുറത്താകുന്നതിനെക്കാള്‍ ഭയക്കുന്നു. ഇത്തരം ഭീതി ലോകത്തെ പല ഭരണകൂടങ്ങള്‍ക്കും ഉണ്ടെന്നതും അദ്ദേഹത്തിനു മനസ്സിലാകും. കൊറോണാ വൈറസ് പരക്കുന്നില്ലെന്ന് ഭാവിക്കുകയും പിന്നെ പരിഭ്രാന്തിയിലാകുകയും ചെയ്ത അമേരിക്ക അടുത്തിടെ പറഞ്ഞത് ആരോഗ്യരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ തങ്ങളുടെ പ്രസ്താവനകള്‍ നടത്തുന്നതിനുമുമ്പ് വൈസ് പ്രസിഡന്റ് മൈക് പെന്‍സിന്റെ അനുമതി വാങ്ങണം എന്നാണ്. ഈ പെന്‍സിന്റെ പൂര്‍വ ചരിത്രവും വളരെ രസകരമാണ് – പുകവലി മരണകാരണമാവില്ല എന്നും ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിച്ചെന്നു കരുതി ലൈംഗികതയിലൂടെ പകരുന്ന രോഗങ്ങള്‍ പകരാതിരിക്കില്ല എന്നും മറ്റും തട്ടിവിട്ടിട്ടുള്ളയാളാണ് അദ്ദേഹം.
വെള്ളിടി പോലെയാണ് ചില രോഗങ്ങള്‍ എത്തി സമൂഹത്തിന്റെ ഊടുംപാവും നശിപ്പിക്കുന്നത്. ഇത്തരം അനിശ്ചിതത്വമാണ് ‘ദ് പ്ലെയ്ഗി’ല്‍ അവതരിപ്പിച്ചിരിക്കുന്ന പ്രശ്‌നങ്ങളിലൊന്ന്. രോഗം പകരലിനൊപ്പം സ്വേച്ഛാധിപത്യത്തിന്റെ വളര്‍ച്ചയും എടുത്തു കാട്ടുന്നു എന്നത് ഈ നോവലിനെ നമ്മുടെ കാലത്തും വളരെ പ്രസക്തിയുള്ളതാക്കുന്നു.
കമ്യൂ തന്റെ നോവല്‍ അവസാനിപ്പിക്കുന്നതു നോക്കുക: പ്ലേഗ് കീടാണു ഒരിക്കലും ചത്തുപോകുകയോ എന്നന്നേയ്ക്കുമായി ഇല്ലാതാകുകയോ ചെയ്യില്ല. സത്യം.
English Summary : Why You Should Read The Pleague At The Time Of Corona Virus Quarantine