ADVERTISEMENT

ഓരോ പേജിലും അതിരുകളില്ലാത്ത ഭാവനയും കഥാലോകവും വിരിയുന്ന ഒരു മാന്ത്രിക മണ്ഡലമാണ് ബാലസാഹിത്യം. കാലാതീതമായ ക്ലാസിക്കുകൾ മുതൽ സമകാലിക പരീക്ഷണങ്ങൾ വരെയടങ്ങിയ ഈ സാഹിത്യശാഖ പഠിപ്പിക്കുകയും രസിപ്പിക്കുകയും മാത്രമല്ല മനോഹരവും ഉത്തരവാദിത്വപൂർണവുമായ ജീവിതം ജീവിക്കുവാനും യുവ വായനക്കാരെ പ്രചോദിപ്പിക്കുന്നു.‌

അതിശയിപ്പിക്കുന്ന സാഹസികതകളും സമ്പന്നമായ കഥാപാത്രങ്ങളും നിറഞ്ഞ ഹാരി പോട്ടർ സീരീസ് അടക്കമുള്ള പുസ്തകങ്ങൾ കുട്ടികളുടെ പ്രിയപ്പെട്ടവയാണ്. ഇവ തലമുറകളെയും ഭാഷകളെയും സംസ്കാരങ്ങളെയും മറികടന്ന് ഏവരുടെയും പ്രിയപ്പെട്ട ക്ലാസിക്കുകളായി മാറിയിരിക്കുന്നു. 

കാലാതീതമായ ജ്ഞാനം, സ്നേഹം, ദയ, സഹാനുഭൂതി, സഹിഷ്ണുത എന്നിവയെക്കുറിച്ചുള്ള അമൂല്യമായ പാഠങ്ങൾ നൽകുന്ന ലോക പ്രസിദ്ധമായ ബാലസാഹിത്യകൃതികൾ പരിചയപ്പെടാം.

openbook-harry-potter

ഹാരി പോട്ടർ പുസ്തക പരമ്പര 

ഫാന്റസി ഫിക്‌ഷൻ വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന പരമ്പര എഴുതിയത് ഒരു ബ്രിട്ടിഷ് എഴുത്തുകാരിയായ ജെ.കെ. റൗളിങ്ങാണ്. ഹോഗ്‌വാർട്‌സ് സ്‌കൂൾ ഓഫ് വിച്ച്‌ക്രാഫ്റ്റ് ആൻഡ് വിസാർഡ്‌റി എന്ന മാന്ത്രിക വിദ്യാലയത്തില്‍ പഠിക്കാനെത്തുന്ന ഹാരി പോട്ടർ, സുഹൃത്തുക്കളായ ഹെർമിയോൺ ഗ്രാൻജർ, റോൺ വീസ്‌ലി എന്നിവരുടെ സാഹസികതകളാണ് കഥാപശ്ചാത്തലം. ആഗോളതലത്തിൽ ദശലക്ഷക്കണക്കിനു കോപ്പികൾ വിറ്റഴിഞ്ഞ ഈ പരമ്പര വിജയകരമായ ഒരു ഫിലിം ഫ്രാഞ്ചൈസി, തീം പാർക്കുകൾ എന്നിവയ്ക്ക് പ്രചോദനമായിട്ടുണ്ട്. ഈ പരമ്പരയിൽ ഉൾപ്പെടുന്ന ഏഴ് പ്രധാന പുസ്തകങ്ങളും 1997 മുതൽ 2007 വരെയുള്ള പത്തു വർഷ കാലയളവിലാണ് പ്രസിദ്ധീകരിച്ചത്. ഹാരി പോട്ടർ പുസ്‌തകങ്ങൾ 9 വയസ്സും അതിനു മുകളിലും പ്രായമുള്ള വായനക്കാർക്ക് അനുയോജ്യമായി കണക്കാക്കുന്നു.

ടിൻടിൻ പുസ്തക പരമ്പര

ഹെർഗെ എന്ന തൂലികാനാമത്തിൽ എഴുതിയ ബെൽജിയൻ കാർട്ടൂണിസ്റ്റ് ജോർജ് റെമിയാണ് സാഹസികതയോട് അഭിനിവേശമുള്ള ഒരു യുവ റിപ്പോർട്ടറായ പ്രധാന കഥാപാത്രമായ ടിൻടിൻ പുസ്തക പരമ്പര സൃഷ്ടിച്ചത്. 1929 നും 1983 നും ഇടയിൽ 24 പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ട പരമ്പര നിരവധി സിനിമകൾ, ടെലിവിഷൻ പരമ്പരകൾ, വിഡിയോ ഗെയിമുകൾ, സ്റ്റേജ് പ്രൊഡക്‌ഷനുകൾ എന്നിവയ്ക്ക് പ്രചോദനമായിട്ടുണ്ട്. എക്കാലത്തെയും മികച്ച കോമിക് പുസ്തക പരമ്പരകളിലൊന്നായി കണക്കാക്കപ്പെടുന്ന ഇത് 100 ലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടടകയും ലോകമെമ്പാടും 200 ദശലക്ഷത്തിലധികം കോപ്പികൾ വിറ്റഴിക്കപ്പെടുകയും ചെയ്തു.

tintin
ടിന്‍ടിൻ എന്ന കഥാപാത്രത്തിന്റെ സ്കെച്ച്, Picture Credit: https://www.tintin.com

ദ് ക്രോണിക്കിൾസ് ഓഫ് നാർനിയ പുസ്തക പരമ്പര

സി.എസ്.ലൂയിസ് 1950 നും 1956 നും ഇടയിൽ എഴുതിയ ഫാന്റസി നോവലുകളുടെ പരമ്പരയാണ് ദ് ക്രോണിക്കിൾസ് ഓഫ് നാർനിയ. മായാജാലങ്ങളുടെയും സംസാരിക്കുന്ന മൃഗങ്ങളുടെയും നാടായ നാർനിയയുടെ സാങ്കൽപിക ലോകമാണ് ഈ പരമ്പരയുടെ പശ്ചാത്തലം. ഈ പുസ്തകപരമ്പര 47-ലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യുകയും ലോകമെമ്പാടും 120 ദശലക്ഷത്തിലധികം കോപ്പികൾ വിറ്റഴിക്കുകയും ചെയ്തു. പ്രസിദ്ധീകരിച്ച ഏഴ് പുസ്തകങ്ങളാണ് പരമ്പരയിലുള്ളത്. നാർനിയ എന്ന അസാധാരണ സ്ഥലത്തിലേക്കുള്ള വഴിയായ ഒരു മാന്ത്രിക അലമാര കണ്ടെത്തിയ പെവൻസി സഹോദരങ്ങൾ – പീറ്റർ, സൂസൻ, എഡ്മണ്ട്, ലൂസി എന്നിവരാണ് ഈ പരമ്പരയിലെ പ്രധാന കഥാപാത്രങ്ങൾ. 

openbook-narnia

ഭാവനയുടെയും ജ്ഞാനത്തിന്റെയും ജീവിതപാഠങ്ങളുടെയും കലവറയാണ് ബാലസാഹിത്യം. കുട്ടികളുടെ പുസ്തകങ്ങൾ ആബാലവൃദ്ധം വായനക്കാരുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്നു. ഹൃദയങ്ങളെ സ്പർശിക്കാനും യുവ വായനക്കാരിൽ സഹാനുഭൂതിയും വിവേകവും വളർത്താനും ഇവയ്ക്ക് അതുല്യമായ കഴിവുണ്ട്. സഹാനുഭൂതിയുടെയും സ്വീകാര്യതയുടെയും ശരിയായതിന് വേണ്ടി നിലകൊള്ളുന്നതിന്റെയും പ്രാധാന്യം കുട്ടികളെ പഠിപ്പിക്കുകയും ചെയ്യുന്നു. 

English Summary:

Children's Book Day special

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com