ADVERTISEMENT

‘‘മയ്യഴി, ജീവിതം പഠിക്കാനുള്ള ഒരു പള്ളിക്കൂടം മാത്രമായിരുന്നു. ജീവിതത്തിൽ ഉപരിപഠനം നടത്താനും ഗവേഷണം നടത്താനുമുള്ള സർവകലാശാല ഡൽഹി തന്നെയായിരുന്നു.’’

അറുപതുകളുടെ ആരംഭത്തിൽ ഒരു തൊഴിൽ കിട്ടാൻ ഡൽഹി എന്ന മഹാനഗരത്തിലേക്കു പോയ ഫ്രഞ്ച് എംബസിയിൽ ഉന്നത പദവിയിൽ എത്തിയ മലയാളികളുടെ പ്രിയ സാഹിത്യകാരൻ എം. മുകുന്ദന്റെ ജീവിതകഥയാണ് ''എന്റെ എംബസിക്കാലം'.

അമ്പത്തിനാല് അധ്യായങ്ങളിൽ ‘ഫ്രഞ്ച് എംബസി ഉദ്യോഗപർവം’ ഒരു മുകുന്ദൻ നോവൽ പോലെ മനസ്സിൽ പതിയും. ഡോ. എം. ലീലാവതി ടീച്ചർ ഇങ്ങനെയാണ് ഈ പുസ്തകത്തെ വായിച്ചത്. ‘‘എന്റെ എംബസിക്കാലമാണ് ഞായറാഴ്ച മാതൃഭൂമി കിട്ടിയാൽ ആദ്യം വായിച്ചിരുന്നത് നോവൽ അല്ലാതെ ഒരു പരമ്പരയും ഇത്ര ആകാംക്ഷയോടെ കാത്തിരുന്നിട്ടില്ല.’’

മാന്ത്രിക സ്പർശമുള്ള മയ്യഴിയിലെ ഇന്ദ്രജാലക്കാരന്റെ സർഗാത്മകമായ നുണകൾ/സത്യങ്ങൾ എന്നും നെഞ്ചിലേറ്റിയവരാണ് നമ്മൾ. വിരസമായിപ്പോകാവുന്ന, ഔദ്യോഗിക പ്രൗ‍ഢിയുടെ കൊടിയടയാളങ്ങൾ ആസ്വാദനത്തിന്റെ, വേറിട്ട തലങ്ങളിലേക്ക് എത്തിക്കുന്നു എന്നതാണ് 1966 മുതൽ 2004 വരെയുള്ള ആ കർമകാണ്ഡം.

ആത്മകഥയുടെ ആരംഭം

2004 വർഷത്തിലെ ഭാഷാപോഷിണിയിലാണ് ‘ഡൽഹി നാളുകൾ എംബസി നാളുകൾ’ എന്ന പേരിൽ ആത്മകഥ ആദ്യം വരുന്നത്. എല്ലാക്കാര്യങ്ങളിലും രണ്ടെണ്ണത്തിന്റെ സാധ്യതകളില്‍ വിനോദം കണ്ടെത്തിയ സാഹിത്യകാരൻ സ്വന്തം കഥയിലും അങ്ങനെയൊരു ശ്രമത്തിൽ പിന്നിലായില്ല. 1968ൽ വായനക്കാരെ ആകർഷിച്ച ദൽഹി നോവലിന്റെ ആരംഭമാണ് ആത്മകഥയുടെ തുടക്കം. ജോലിക്കായി ദൽഹിയിൽ എത്തിയ അരവിന്ദനും മുകുന്ദനും ഒരാളാകുന്നു. അരവിന്ദനെത്തിയത് മഴക്കാലത്തും നോവലിസ്റ്റ് എത്തിയത് ഉഷ്ണകാലത്തും എന്ന ഒരു വ്യത്യാസം ഉണ്ട്. അരവിന്ദൻ ചിത്രകാരൻ ആകുവാൻ ആഗ്രഹിച്ച പോലെ സാഹിത്യകാരനാകുവാനായിരുന്നു മുകുന്ദൻ രാജ്യതലസ്ഥാനത്തെത്തിയത്. 

എന്റെ എംബസിക്കാലം 2023 ൽ മാതൃഭൂമി വാരാന്ത്യപ്പതിപ്പിൽ വന്നപ്പോൾ ദല്‍ഹി നഗരത്തിൽ നിന്ന് തന്നെയാണ് തുടങ്ങുന്നത്. ജെയിംസ് ജോയ്സിന്റെ രചനകളിൽ മിക്കവാറും ഉള്ള ഡബ്ലിൻ നഗരത്തെപ്പോലെയാണ് എം. മുകുന്ദന്റെ ദില്ലി എന്ന സാദൃശ്യമാണ് തുടക്കം. 

Book-ente-embasykalam

അധ്യായങ്ങളുടെ ശീർഷകങ്ങൾക്കു പോലുമുണ്ട് ചാരുത. നഗരങ്ങളുടെ നഗരം, രാവണനും ചൗഎൻലായിയും അയുബ്ഖാനും, അശോക റോഡിലെ ഉച്ചനടത്തം, മഹാത്മാക്കളുടെ വീട്, എഴുത്തുകാർ ഉപേക്ഷിക്കുന്ന ഡൽഹി, ഞാനൊരു പുസ്തകത്തിന്റെ ഉടമയാകുന്നു, എഴുത്തുകാരുടെ കോക്ടെയ്‌ൽ പാർട്ടി, എന്തുകൊണ്ട് ചരസ് വലിക്കുന്ന കഥാനായകന്മാർ, കവികളുടെ പാനീയം, രാഹുൽഗാന്ധിയുടെ തുഗ്ലക് ലെയിനിൽ, ഖസാക്കിന്റെ ഉദയം, ഡല്‍ഹിയിലെ സായാഹ്നങ്ങൾ, സഞ്ചാരിയുടെ ഇരട്ട ജീവിതം, വിമാനങ്ങളിൽ യാത്ര പോകുന്ന എഴുത്തുകാർ, ഡൽഹിയിലെ പൂതപ്പാട്ട്, ഡൽഹിയിലെ രണ്ടു നീന്തൽക്കുളങ്ങൾ, അടിയന്തരാവസ്ഥക്കാലത്തെ മൗനങ്ങൾ, എഴുത്തുകാരുടെ സെമിത്തേരികൾ, ലോകത്തിനുള്ളിൽ മറ്റൊരു ലോകം, പുസ്തകപ്രസാധകരുടെ എംബസി സന്ദർശനം, അമേരിക്കയിൽ മലയാളി എഴുത്തുകാരുടെ ശബ്ദങ്ങൾ, ശിഥില പ്രണയങ്ങളുടെ രാജ്യം, യമുനയുടെ മുകളിലെ പാലം, കുരുക്ഷേത്രവും ഹിരോഷിമയും, കഥാരചനയിൽ നിന്ന് പ്രഭാഷണരചനയിലേക്ക്, ഒരു നോവലിസ്റ്റിന്റെ നാടകാനുഭവങ്ങൾ, ഒരു കാറിന്റെ കപ്പൽയാത്ര, ഒരു ഫ്രഞ്ച് പുഴയുടെ തീരങ്ങളിൽ, ഇരട്ട ഹൃദയമുള്ള മനുഷ്യൻ, ബുദ്ധി ജീവികൾക്ക് ഒരു വിശ്രമവേള, ചില പ്രസ് ക്ലബ് ദൃശ്യങ്ങൾ, ഒരു പ്രാദേശിക എഴുത്തുകാരന്റെ സങ്കടങ്ങൾ, കോട്ടയത്ത് റെ‍ഡ് വൈൻ കിട്ടുമോ?, വരൂ, നഴ്സുമാരുടെ മാർക്കറ്റ് കാണാം, അക്ഷരങ്ങളെ തേടി വരുന്ന ഷെവലിയർ ബഹുമതി, ക്ലോണുകളുടെ നോവൽ, എഴുത്തും നൃത്തവും, പുഴയുടെ സമുദ്രത്തിലേക്ക്, ഇ.കെ. നായനാരും പാമ്പും, കനകക്കുന്നു കൊട്ടാരത്തിലെ സിനിമ, നോക്കിയാലും കാണാത്ത യാഥാർഥ്യങ്ങൾ, ഛായാപടങ്ങളിലെ ഇന്ദിരാഗാന്ധി, എഴുത്തുകാരന്റെ കുടുംബജീവിതം, ഡൽഹിയിലെ സ്ത്രീകള്‍, പാരിസിലെ പാതാളം, എംബസിക്കാലത്തെ ആത്മീയാന്വേഷണങ്ങൾ, കുട്ടിയുടെ പേരുള്ള കവിയുടെ ഡൽഹി സന്ദർശനം, മദാമ്മയുടെ ജീവിതം പറഞ്ഞ മലയാളി ജ്യോത്സ്യൻ, ഡൽഹിയിലെ ആൺനോട്ടങ്ങൾ, മോശം മനുഷ്യൻ, വലിയ കലാകാരൻ, പിക്കാസോയുടെ ഇന്ത്യൻ യാത്ര, ചിന്താവിഷ്ടനായ ഞാൻ, മനസാസ്മരാമി എന്നീ അധ്യായങ്ങൾ പരിചയപ്പെടുത്തുന്നത് ലോകസാഹിത്യമാണ്. ഫ്രഞ്ച് കലാകാരന്മാരെയാണ്, വിശ്വപ്രസിദ്ധ സാഹിത്യകാരന്മാരെയാണ്. മലയാളത്തിലെ പ്രതിഭാധനന്മാരെയാണ്, ചലച്ചിത്രകാരന്മാരെയാണ്, ഫ്രഞ്ച് എംബസി ഉന്നത ഉദ്യോഗസ്ഥരെയാണ്, സാധാരണക്കാരെയാണ്, നിരവധി ബുദ്ധിജീവികളെയാണ്.

ദില്ലിയിലെ പ്രകൃതി മയ്യഴിയായി സങ്കൽപിക്കുന്നത് കഥാകാരന്റെ വികൃതിയാണ്. ഗോതമ്പ് വയൽ നെൽപ്പാടങ്ങളായും സിഖ് പെൺകുട്ടികൾ മലയാളിപ്പെൺകുട്ടികളുമായി വേർപെടുത്താനാവാത്ത ബന്ധം നിലനിർത്തി. ഫ്രഞ്ച് മയ്യഴിയിൽ ജനിച്ച എം. മുകുന്ദൻ ഫ്രഞ്ച് അക്ഷരമാലയായിരുന്നു ചാര്‍ളി സായിപ്പിൽ (ചാർളി മാസ്റ്റർ– നോവൽ) നിന്ന് പഠിച്ചത്. പതിനാലു വയസ്സുവരെ ഫ്രഞ്ച് പൗരനായ, മലയാളിയായ മറ്റൊരു വിശ്വപ്രസിദ്ധ നോവലിസ്റ്റ്.  

എംബസി ഉദ്യോഗസ്ഥനായിരുന്ന, ജ്യേഷ്ഠൻ എം. രാഘവന്റെ നിഴലിലാണ് ഗ്രന്ഥകർത്താവ് ഉദ്യോഗത്തിൽ പ്രവേശിക്കുന്നത്. ഫ്രഞ്ച് സാംസ്കാരിക നിലയത്തിൽ ഔദ്യോഗിക പദവിയിൽ ഉന്നത നിലയിൽ എത്തിയതിന്റെ നേർ ചിത്രം ഭാഷയിലുള്ള കരവിരുത് കൊണ്ട് സമൃദ്ധം.  സാധാരണ വായനക്കാർക്ക് പെട്ടെന്ന് പിടികൊടുക്കാത്ത നോവലുകളും ചലച്ചിത്രങ്ങളും ചിത്രകലയും ആധുനിക വൈദേശിക സാഹിത്യവും തൊഴിലിന്റെ ഭാഗമായും അല്ലാതെയും  ൈകകാര്യം ചെയ്യാനുണ്ടായ അസുലഭ സന്ദർഭങ്ങളാണ് മലയാളിക്ക് ലഭിച്ച ജനപ്രിയ രചനകൾക്ക് ആധാരം. തൊഴിലില്ലായ്മയും, നിന്ദയും, ആത്മരോഷവും വിപ്ലവവും ക്രോധവും പ്രണയവും കാമവും ലഹരിയുമെല്ലാം മലയാളി ശീലിച്ചിട്ടില്ലാത്ത രീതിയിൽ മനസ്സിനെ ആഴത്തിൽ സ്പർശിച്ചത് അദ്ദേഹത്തിന്റെ കൃതികളിലൂടെയാണ്. വൈദേശിക മാതൃകകൾ ഉണ്ടാകാമെങ്കിലും എല്ലാത്തിനും ഈ നാടിന്റെ ഗന്ധമുണ്ടായിരുന്നു. ലാളിത്യമുണ്ടായിരുന്നു. നമ്മെ അദ്ഭുതപ്പെടുത്തുകയും നിരന്തരം പിന്തുടരുകയും ചെയ്യുന്ന കൃതികൾ. 

ദില്ലി – സൗന്ദര്യത്തിനുള്ളിൽ ഹിംസ ഒളിപ്പിച്ചു വച്ചിരിക്കുന്ന നഗരം

അധികാരത്തിന്റെ ഹുങ്കും സമ്പന്നതയുടെ ധാർഷ്ട്യവും നിറഞ്ഞ മലിനീകരിക്കപ്പെട്ട ദില്ലി. ഈ പശ്ചാത്തലത്തിലാണ് വായനക്കാരെ ഞെട്ടിച്ച ‘ദൽഹി 81’ എന്ന ചെറുകഥയും ‘ഡൽഹി ഗാഥകളും’ രചിക്കപ്പെട്ടത്. അടിയന്തരാവസ്ഥയുടെ കറുത്തനാളുകൾ നിറഞ്ഞതാണ് ഡൽഹി ഗാഥകൾ. മാനവികതയിൽ അടിയുറച്ചുവിശ്വസിക്കുന്ന ഒരു എഴുത്തുകാരന്റെ ഉൾക്കണ്ണുകളിലെ ദൃശ്യമാണ് അദ്ദേഹത്തിന്റെ കൃതികൾ. 

എം. മുകുന്ദന്റെ സാംസ്കാരിക ജീവിതത്തിലെ നിറഞ്ഞ മനസ്സോടുകൂടിയുള്ള സാന്നിധ്യമായിരുന്നു ദൽഹി സാഹിത്യകാരന്മാരും പത്രപ്രവർത്തകരും. ഒ.വി. വിജയൻ, വി. കെ. എൻ, കാക്കനാടൻ, എം. പി. നാരായണപിള്ള, ആനന്ദ്, എൻ. എസ്. മാധവൻ, ഉണ്ണിക്കൃഷ്ണൻ, തിരുവാഴിയോട് എന്നീ പ്രഗത്ഭമതികളുടെ സഹവാസം ഗ്രന്ഥകാരന്റെ സർഗ ജീവിതത്തിലെ അനർഘനിമിഷങ്ങളായി രേഖപ്പെടുത്തിയിരിക്കുന്നു. വിഖ്യാത നോവലായ ഖസാക്കിന്റെ ഇതിഹാസത്തെക്കുറിച്ചുള്ള അധ്യായം ശ്രദ്ധാർഹം. സൗമ്യനും മിതഭാഷിയുമായ ഗുരുസാഗരമായി വിശ്വപ്രസിദ്ധ കാർട്ടൂണിസ്റ്റും നോവലിസ്റ്റുമായ ഒ. വി. വിജയൻ അദ്ദേഹത്തിന്റെ നനുത്ത ശബ്ദം കേൾക്കുന്ന സുഖം  ഈ അധ്യായം വായിക്കുമ്പോൾ സഹൃദയർക്ക് ലഭിക്കുന്നു. ഒ.വി. വിജയൻ എന്റെ അച്ഛൻ മേലാറ്റൂർ രാധാകൃഷ്ണന്റെ ഗുരുനാഥനായിരുന്നു. മലബാർ ക്രിസ്ത്യൻ കോളജിൽ വിജയൻ കൃതികളുെട ശേഖരത്തോടൊപ്പം 1970 കാലഘട്ടത്തിൽ അദ്ദേഹം അയച്ച കത്തുകളും ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. കത്തിന്റെ പകർപ്പ് എം. മുകുന്ദന് അയച്ചപ്പോൾ അതൊരു നിധിയായി സൂക്ഷിക്കണം എന്നാണ് മറുപടി വന്നത്. അത്രയേറെ ആത്മബന്ധം മധുരംഗായതിക്കാരനുമായി സൂക്ഷിക്കാറുണ്ടെങ്കിലും അദ്ദേഹത്തെ നേരിട്ട് കണ്ടാൽ വിഷാദമുണ്ടാകുമെന്നു കൂടി എഴുതാൻ ഗ്രന്ഥകാരനുമടിയില്ല. എഴുത്തുകാർ ഏകാകികളും സ്വഭാവങ്ങളിൽ നിഗൂ‍ഡതയുമുണ്ടാകണമെന്ന പക്ഷക്കാരനാണ് രചയിതാവ്. അടിയന്തരാവസ്ഥക്കാലത്തു മൗനിയാകേണ്ടി വന്ന എഴുത്തുകാരില്‍ ഒരാളാണ് എം. മുകുന്ദനും. ഡൽഹി ഗാഥകൾ പിറന്നത് അങ്ങനെയാണ്. അടിയന്തരാവസ്ഥയുടെ വ്രണങ്ങൾ ഉണങ്ങിയത് മുപ്പത്തഞ്ചു വർഷങ്ങൾ കൊണ്ടാണ്. ദുഃഖിക്കുമ്പോഴും  അശാന്തനായിരിക്കുമ്പോഴുമാണ് അദ്ദേഹത്തിന്റെ സർഗശക്തി മലയാളി അറിയുന്നത്. 

ലോകത്തിനുള്ളിൽ മറ്റൊരു ലോകമായിട്ടാണ് കേരളത്തെ എംബസിക്കാലത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. ‘ഇന്ത്യയിലെ ഫ്രാൻസാണ് കേരളം’. ഒരേസമയം കേരളത്തിലെയും ദില്ലിയിലെയും സാംസ്കാരിക/ ചലച്ചിത്ര/ ചിത്രകല/ സംഗീതമേഖലകളിൽ അനുവാചകരെ മയക്കിയെടുത്തു. ഏറ്റവും താൽപര്യമുള്ള ഫ്രഞ്ച് അക്കാദമിയുടെ നിയമവ്യവസ്ഥയിലേക്ക് എത്തിക്കുന്നതിന്റെ ചാരുത വായിച്ചറിയാനുള്ളതാണ്. 

പ്രസാധകന്മാരും എഡിറ്റർമാരും നിയന്ത്രിക്കുന്ന സർഗപ്രതിഭകളാണ് 

വിദേശത്തെ എഴുത്തുകാർ അവരെ അന്വേഷിച്ചു ചെല്ലുന്നവർ നിരാശരാകും. ഒരു പക്ഷേ താമസിക്കുന്ന വീടിന്റെ മേൽവിലാസം പോലും അനായാസേന കണ്ടെത്താനാകില്ല. അഭിമുഖങ്ങൾക്കു പിന്നാലെ പായാതെ എഴുത്തിന്റെ ലോകത്തില്‍ മാത്രം(?) ഒതുങ്ങിക്കൂടുന്നവരായിട്ടാണ് അവരെയൊക്കെ ഉയർത്തിക്കാട്ടുന്നത്. മദ്യാസക്തരും പ്രേമ ചാപല്യങ്ങളില്‍ അകപ്പെട്ടിരുന്ന വിശ്വസാഹിത്യപ്രതിഭകളുടെ കഥകൾ പ്രസിദ്ധമാണ്. ഒരു പക്ഷേ അകാലത്തില്‍ എവരുടെ പ്രതിഭ അസ്തമിക്കുന്നതും ഗുരുതരരോഗങ്ങൾ ബാധിക്കുന്നവരായും സാഹിത്യചരിത്രത്തിന്റെ ഭാഗമാകുന്നു. ഉന്മാദികളും ഏകാകികളുമായ നിരവധി വിശ്വസാഹിത്യകാരന്മാരെക്കൊണ്ട് നിറഞ്ഞതാണ് എംബസിക്കാലും. എംബസിക്കാലത്തിലെ വഴിത്തിരിവ്. 1984 നമ്മുടെ പ്രിയ കഥാകൃത്തിന്റെ എംബസിക്കാലത്തിൽ വഴിത്തിരിവായ വർഷമാണ്. ‘‘ആരെയും നോവിക്കാതെ സത്യസന്ധമായി എങ്ങനെ എഴുതാൻ കഴിയും? കോൺഗ്രസുകാരെ നോവിക്കാതെ എങ്ങനെ ഡൽഹിയിലെ സിഖ് നരഹത്യയെക്കുറിച്ചു പറയും? കമ്യൂണിസ്റ്റുകാരെ നോവിക്കാതെ എങ്ങനെ സ്റ്റാലിന്‍ സോവിയറ്റ് യൂണിയനിൽ നടത്തിയ കുരുതിക്കളത്തെക്കുറിച്ചു പറയും? സംഘപരിവാറുകാരെ നോവിക്കാതെ എങ്ങനെ ഗുജറാത്തിലെ കൂട്ടക്കൊലപാതകങ്ങളെക്കുറിച്ചു പറയും?’’

ഫ്രഞ്ച് മേധാവികളെക്കുറിച്ചു പറയുമ്പോൾ വിദേശനിയമം പിന്തുടരുന്നു

ഭരണപാടവം നന്നായിട്ടുള്ള ഫ്രാന്‍സിസ്ഴെക്കുത്ത് (യഥാർഥ പേരല്ല) എന്ന സാംസ്ക്കാരിക വകുപ്പിന്റെ തലവനാണ് കഥാപുരുഷനെ തൊഴിലിടത്തിൽ കെട്ടിയിട്ടത് എന്നു പറയാം. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സാംസ്കാരിക വിനിമയ സഹകാരിയായി നിയമിച്ചു. ഉദ്യോഗക്കയറ്റം നൽകി. നോവലുകളും  കഥകളും ഗ്രന്ഥകാരന്റെ മനസ്സില്‍ തിങ്ങി വിങ്ങി. കണ്ണു തുറന്നിരിക്കുമ്പോൾ നല്ല സ്വപ്നങ്ങളും ഉറക്കത്തിൽ ദുഃസ്വപ്നങ്ങളും കണ്ട് വായനക്കാരെ വിസ്മയിപ്പിക്കുന്നു. ഗുരുവായ എം.ടി. വാസുദേവൻ നായരെക്കുറിച്ചുള്ള നിരീക്ഷണം ഇങ്ങനെയാകുന്നു: ദൈവത്തെക്കുറിച്ചു എന്തു പറഞ്ഞാലും ദൈവം കുലുങ്ങില്ല. മിണ്ടില്ല. സാഹിത്യലോകത്തില്‍ എം. ടിയിൽ നിന്ന് ലഭിച്ച അംഗീകാരങ്ങൾ മധുരസ്മരണകളത്രെ.

m-mukundan
എം. മുകുന്ദൻ

സാർത്രിന്റെ കൃതികളിൽ, ആശയങ്ങളിൽ, ചിന്തകളിൽ മനസ്സർപ്പിച്ച നോവലിസ്റ്റ് കമ്യുവിനെ പിന്തുടരുന്ന ഒ. വി. വിജയനെ അവതരിപ്പിക്കുന്നതിലൂടെ മാനവികതയിൽ വിശ്വസിക്കുന്ന ഇടതുപക്ഷ സഹയാത്രികനായി നില കൊള്ളുന്നു. ആത്മകഥയുടെ അവസാനം ഇനി ഞാൻ ഉറങ്ങട്ടെ എന്നത്എംബസിയിൽ നിന്ന് ഇറങ്ങട്ടെ എന്ന് വായിക്കാനാണ് സാഹിത്യ പ്രേമികൾക്കിഷ്ടം. ലോകം മുഴുവൻ വിലപിക്കുമ്പോൾ, അസ്വസ്ഥമായിക്കൊണ്ടിരിക്കുന്ന രോഗാതുരമായിക്കൊണ്ടിരിക്കുമ്പോൾ എങ്ങനെ എം. മുകുന്ദന് ഉറങ്ങാൻ കഴിയും?

പ്രശാന്ത് ഒളവിലത്തിന്റെ മുകുന്ദൻ രേഖാചിത്രങ്ങളും, ജീവിതത്തിലെ വിലപ്പെട്ട സന്ദര്‍ഭങ്ങളിലെ ഫോട്ടോകളും മാതൃഭൂമി ബുക്സ് 2024ൽ പ്രസിദ്ധപ്പെടുത്തിയ ഈ ആത്മകഥയെ മനോഹരമാക്കുന്നു. 

English Summary:

Ente Embasykalam by M Mukundan

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com