‘നീ പേര് എടിതി’ ?; വടക്കൻ കേരളത്തിൽ ലിപിയും ലിഖിതവുമില്ലാതെ ഈ മാതൃഭാഷ

Mail This Article
"എന്ത് പോയേതി" (എവിടേക്കു പോകുന്നു), "നീ പേര് എടിതി "(നിന്റെ പേരെന്താണ്), സംശയം വേണ്ട. വടക്കൻ കേരളത്തിൽ അൻപതിനായിരത്തോളം ആളുകൾ പതിറ്റാണ്ടുകളായി സംസാരിക്കുന്ന ഭാഷയാണിത്. മൺപാത്ര നിർമാണം കുലത്തൊഴിലായി സ്വീകരിച്ച കുംഭാര സമുദായത്തിൽ പെട്ടവരുടെ മാതൃഭാഷയ്ക്കു "കുമ്മറ" എന്നാണു പേര്.
എന്നാൽ, ലിപി ഇല്ല എന്നതിനാൽ ലിഖിതരൂപവുമില്ല എന്നതാണു ഭാഷ നേരിടുന്ന പ്രധാന വെല്ലുവിളി. സമുദായ അംഗങ്ങൾ പരസ്പരം സംസാരിക്കുമ്പോൾ മാത്രമാണു സ്വന്തം ഭാഷ ഉപയോഗിക്കുന്നത്. മറ്റുള്ളവരോട് ആശയ വിനിമയം നടത്തുന്നതു മലയാളത്തിലാണ്.
ഈ സമുദായത്തിൽ പെട്ടവർ ഏറെക്കാലം മുൻപ് ആന്ധ്രയിൽ നിന്നു തമിഴ്നാട് വഴി കേരളത്തിലെത്തിയെന്നാണു പറയുന്നത്. തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിലായാണു എൺപതിനായിരത്തോളം ആളുകൾ കഴിയുന്നത്. ഇവർ കൂടുതലായി ഉള്ളത് പാലക്കാട്, മലപ്പുറം ജില്ലകളിലാണ്. "കുമ്മറ" എന്നായിരുന്നു സമുദായത്തിന്റെ ആദ്യകാലത്തെ പേര്. പിന്നീട്, "കുംഭാര" ആയി മാറി. "കുമ്മറ" എന്ന പേരാണ് പ്രാചീന ഗോത്രഭാഷയ്ക്കും നൽകിയത്. ചെറിയ കുട്ടികൾ പോലും വീട്ടിൽ ഈ ഭാഷയാണു ഉപയോഗിക്കുന്നത്.
സമുദായത്തിൽ പെട്ടവരുടെ വിവാഹം, കുടുംബസംഗമം തുടങ്ങിയ അവസരങ്ങളിലും ഭാഷ സംസാരിക്കാറുണ്ട്. എന്നാൽ, വീടിനു പുറത്തിറങ്ങിയാൽ സംസാരിക്കാൻ പലരും മടി കാണിച്ചതിനാലാണു പ്രചാരം ലഭിക്കാതെ പോയതെന്നു ഈ ഭാഷയെക്കുറിച്ചു ഗവേഷണം നടത്തുന്ന ബാബു കക്കോടിയും ഉണ്ണിക്കൃഷ്ണൻ ഫെറോക്കും പറയുന്നു.
ഭാഷയ്ക്കു സ്വന്തമായി ലിപി ഉണ്ടാക്കാനുള്ള ശ്രമത്തിലാണു ഇരുവരും. ആദ്യപടിയായി നിഘണ്ടുവും വ്യാകരണവും തയാറാക്കിക്കഴിഞ്ഞു. സ്വന്തമായി ലിപി ആയിക്കഴിഞ്ഞാൽ പുസ്തകങ്ങളും മറ്റും ഈ ഭാഷയിൽ എഴുതാൻ കഴിയുമെന്നും ബാബുവും ഉണ്ണിക്കൃഷ്ണനും പറഞ്ഞു.