മാതൃഭാഷകൾ കവർന്നെടുക്കപ്പെടുമ്പോൾ; ഉപേക്ഷിക്കപ്പെടുമോ മലയാളവും?

Mail This Article
ചുണ്ടുകൾക്കു മേലുള്ള വീഞ്ഞാണു ഭാഷയെന്നു പറഞ്ഞത് വെർജീനിയ വുൾഫാണ്. അങ്ങനെയെങ്കിൽ നാവിലലിഞ്ഞ് ഉള്ളിലേക്കിറങ്ങുന്ന, മത്തുപിടിപ്പിക്കുന്ന, പഴകി വീര്യമേറിയ വീഞ്ഞാണ് മാതൃഭാഷ. അനന്യമായ ആവിഷ്കാരാനുഭവമാണ് അതു പകരുന്നത്. കയ്യും കാലും വരിഞ്ഞുകെട്ടി നടക്കുന്നതും കൈവീശി സ്വതന്ത്രമായി നടക്കുന്നതും പോലുള്ള വ്യത്യാസമുണ്ട്, മാതൃഭാഷയ്ക്കും മറ്റു ഭാഷകൾക്കും തമ്മിൽ. മാതൃഭാഷകൾ കവർന്നെടുക്കപ്പെടുമ്പോൾ ഒരു ജനതയുടെ സാംസ്കാരികമായ ഈടുവയ്പുകൾ തന്നെയാണ് ഇല്ലാതാകുന്നത്. ലോകമെങ്ങും മരണശയ്യയിലായ ആയിരക്കണക്കിനു ഭാഷകളുണ്ടെന്നു ഭാഷാപഠനങ്ങൾ നമ്മോടു പറയുന്നു. എത്രയോ മനുഷ്യരുടെ തായ്മൊഴികളാണതെല്ലാം.
മലയാളത്തിന്റെ ശക്തിസൗന്ദര്യങ്ങൾ നമ്മെ ആവോളം അനുഭവിപ്പിച്ച ‘ബാല്യകാലസഖി’ ബഷീർ ആദ്യം എഴുതിയത് ഇംഗ്ലിഷിലായിരുന്നെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? അന്നു ബഷീർ ലോകം ചുറ്റിയുള്ള സഞ്ചാരത്തിലായിരുന്നു. ഇംഗ്ലിഷിൽ അതങ്ങനെ പരന്നുപോയി. പിന്നീടാണ് അതെല്ലാം വേണ്ടെന്നുവച്ച് മാതൃഭാഷയിൽത്തന്നെ ബാല്യകാലസഖിയെഴുതാൻ ബഷീർ തീരുമാനിച്ചത്. ആ നോവൽ മലയാളത്തിലല്ലെങ്കിൽ അതിന്റെ ഭാവതീവ്രതയും സ്വാഭാവികതയും ചോർന്നുപോകുമെന്നു ബഷീർ തിരിച്ചറിഞ്ഞു. മാതൃഭാഷയ്ക്കുള്ള ആദരമായി വേണം ആ തിരിച്ചറിവിനെ വിലയിരുത്താൻ.

ഓരോ അനുഭവത്തിനും ഒരു ഭാഷയുണ്ട്. ജൈവികമായ അനുഭവങ്ങൾ, ഓരോ പ്രദേശത്തിന്റെയും സംസ്കാരത്തിന്റെയും പശിമരാശി മണ്ണിൽ വേരോട്ടമുള്ള ആഖ്യാനങ്ങൾ ആവിഷ്കരിക്കാൻ മറ്റേതു ഭാഷയിലും ഉചിതം മാതൃഭാഷയാണ്. ‘ഖസാക്കിന്റെ ഇതിഹാസ’ത്തെ വിജയൻ തന്നെ ഇംഗ്ലിഷിലേക്കു മൊഴിമാറ്റിയപ്പോൾ അതു മലയാളത്തിൽ തലമുറകൾ തീവ്രതയോടെയറിഞ്ഞ ഖസാക്കല്ലാതായി മാറി. അപ്പുക്കിളിയും അള്ളാപിച്ച മൊല്ലാക്കയും മൈമുനയുമൊന്നും ഇംഗ്ലിഷിൽ വേണ്ടത്ര ഫലിച്ചില്ല. ഇന്ത്യൻ നോവൽ സാഹിത്യത്തിലെ എക്കാലത്തെയും രചനകളിലൊന്നാണു ഖസാക്ക് എന്നോർക്കണം. അനുഭവങ്ങൾ ഗാഢമാകുന്തോറും ജൈവികമാകുന്തോറും അതു മാതൃഭാഷയിലല്ലാതെ ആവിഷ്കരിക്കാനാകില്ലെന്നു വരുന്നു. ബഷീറിനെപ്പോലെ, വികെഎന്നും ഇടശ്ശേരിയും വൈലോപ്പിള്ളിയുമെല്ലാം മലയാളത്തിലാണു കസറുക. അവരുടെ എഴുത്ത് ഉപരിപ്ലവമല്ലെന്നും അതു അനുഭവങ്ങളുടെ അടരുകളിലേക്കു വേരോടിയിട്ടുണ്ടെന്നുമുള്ളതിന്റെ തീവ്രസാക്ഷ്യമാണ് അത്.

എഴുത്തുകാരൻ ഇ.സന്തോഷ് കുമാറുമായി നടത്തിയ സംഭാഷണത്തിൽ എൻ.എസ്. മാധവൻ അടുത്തിടെ പറഞ്ഞൊരു കാര്യമുണ്ട്: ‘എഴുതുക എന്നത് എന്റെ ആഗ്രഹമാണ്. ഇംഗ്ലിഷിൽ എന്തുകൊണ്ട് എഴുതുന്നില്ല എന്ന ചോദ്യം ഏറെ കേൾക്കേണ്ടിവന്നിട്ടുണ്ട്. ഇംഗ്ലിഷ് മീഡിയത്തിൽ പഠിച്ച്, പ്രവർത്തിച്ച്, വായന അധികവും ഇംഗ്ലിഷിൽ തന്നെ തുടരുന്ന ഞാൻ ആ ഭാഷയിൽ എഴുതുകയില്ലെന്നു കടുംപിടിത്തം പിടിച്ചതാണ്. ഇംഗ്ലിഷ് ഭാഷയിൽ ഒരു ഇംഗ്ലിഷുകാരൻ എഴുതുമ്പോൾ അയാളുടെ നാട്ടുകാർ മനസ്സിലാക്കുന്ന പോലെയല്ല നമ്മൾ മനസ്സിലാക്കുന്നത്. ഭാഷാഭേദം ഉള്ളിടത്തോളം കാലം സ്വഭാഷയിലല്ലാതെ എഴുതരുത് എന്നു വിശ്വസിക്കുന്നയാളാണ് ഞാൻ’. ഭാഷയുടെ സൂക്ഷ്മരാഷ്ട്രീയത്തെ തിരിച്ചറിഞ്ഞൊരു എഴുത്തുകാരന്റെ ബോധ്യത്തിൽനിന്നാണ് ഈ വാക്കുകൾ വരുന്നത്. ‘എന്റേതാകാൻ വിസമ്മതിക്കുന്നൊരു ഭാഷയെ എന്റേതാക്കാൻ നടത്തുന്ന പോരാട്ടത്തെക്കുറിച്ച്’ യെൻ ഊയിയുടെ കവിതയുണ്ട്. അങ്ങനെ വിസമ്മതിക്കുന്നൊരു ഭാഷയെ നമുക്ക് എത്രത്തോളം നമ്മുടേതാക്കാമെന്നതിനു നിശ്ചയമായും പരിധികളുണ്ട്.
‘ഇപ്പോൾ ഇല്ലാത്ത ഭാഷയിൽ’ എന്ന വീരാൻകുട്ടിയുടെ കവിത ഭാഷാനഷ്ടത്തെക്കുറിച്ചുള്ള തീവ്രധ്യാനമാണ്.
‘ഉപേക്ഷിക്കപ്പെട്ട ഭാഷയുടെ
ആക്രിക്കടയിൽ
വരുംകാലത്തൊരാൾ ചെല്ലാനിടവന്നാൽ
അക്ഷരങ്ങളുടെ ചളുങ്ങിയ രൂപങ്ങളെ
എങ്ങനെയാവും ഓർത്തെടുക്കുക?’ എന്ന ആലോചനയിൽ തുടങ്ങുന്ന ആ കവിത ഉപേക്ഷിക്കപ്പെട്ട ഓരോ അക്ഷരത്തെയും ഓരോന്നായി സങ്കൽപ്പിക്കാൻ ശ്രമിക്കുന്നു.
അ യെ ആനയായിട്ടേ കാണൂ
എഴുത്തച്ഛന്റെ പടക്കളത്തിൽ
വാലും ചുണ്ടുമറ്റ് അതു കിടക്കുന്നു.
അളമുട്ടിയ പാമ്പിൻ ശൗര്യം ഉ,
ഇഴയാൻ മനസ്സില്ലാത്തതിനാൽ
ഞണ്ടാകാനുള്ള ശ്രമം പാതിയിലുപേക്ഷിച്ച ഋ.
ച–കേടായ കലപ്പ;
ഉഴുതുമറിച്ച ലോകങ്ങളെ അതോർമ്മിപ്പിച്ചേക്കും.
ഞ്ഞ–ഇത്രയും കാലുകൾവച്ച്
എങ്ങനെ നടക്കുന്നു എന്ന ചോദ്യത്തിൽ
യാത്ര നിലച്ചുപോയ തേരട്ട.
പ–പ്രണയികളുടെ കട്ടിൽ.
ഹ–ശവമഞ്ചം.
കവിതയുടെ ഒടുവിൽ, ആക്രിക്കടയുടെ സൂക്ഷിപ്പുകാരൻ വിറയാർന്ന ചൂണ്ടനക്കുന്നു.
‘ഉള്ളിൽ തിളയ്ക്കുന്നുണ്ടാവണം അയാൾക്ക്
ഇപ്പോളില്ലാത്ത ഭാഷയിൽ
അതു പറയാനാവാത്തതിന്റെ
അവസാനിക്കാത്ത
വിമ്മിട്ടം’ എന്നാണു കവിത തീരുന്നത്. ഏതു ഭാഷയും ഇതുപോലെ ഉപേക്ഷിക്കപ്പെട്ട് ആക്രിക്കടയിലെത്താം. ഒരുപാടു മനുഷ്യർ പ്രതിഷേധിക്കാനും പ്രണയിക്കാനും ഒരുമിക്കാനും കലഹിക്കാനും സ്വാതന്ത്ര്യത്തിനായി പോരാടാനും ഉപയോഗിച്ച മാതൃഭാഷ. സ്വപ്നത്തിന്റെയും ജാഗ്രത്തിന്റെയും ഭാഷയാണത്.
ഒരു ഇംഗ്ലിഷ് വ്യാകരണപ്പുസ്തകത്തിനൊപ്പം പ്രസാധകർ ഏതാനും ഒട്ടിപ്പോ സ്റ്റിക്കറുകൾ കൂടി നൽകിയിരുന്നു. എവിടെ അക്ഷരപ്പിശാചിനെ കണ്ടാലും, വ്യാകരണപ്പിശാചിനെ കണ്ടാലും അതു തിരുത്തി പകരം ഒട്ടിക്കാനുള്ളതായിരുന്നു അത്. ഭാഷയുടെ പ്രയോഗത്തിലെ പിഴവുകളെ തിരുത്താനുള്ള പണിക്കോപ്പുകളായിരുന്നു അത്. മലയാളത്തിനും അതുപോലുള്ള ഒട്ടിപ്പോകൾ വേണം. മാധ്യമങ്ങളിലും പുറത്തെ ചുമരെഴുത്തുകളിലും ബാനറുകളിലും അറിയിപ്പു ബോർഡുകളിലുമെല്ലാം മലയാളം നിരന്തരം തൊലിയുരിക്കപ്പെടുന്നതു നാം കാണുന്നു. ഭാഷയുടെ സ്വാഭാവികോജസ്സും സൗന്ദര്യവും ചോർന്നുപോകുന്നു. അടിമുടി വരണ്ട, അങ്ങേയറ്റം കൃത്രിമമായ, കാപട്യങ്ങൾ നിറഞ്ഞ ഭാഷ ആവർത്തിച്ചു ശീലിച്ച് നമ്മളും കാപട്യം നിറഞ്ഞ ജനതയായി മാറിക്കഴിഞ്ഞു. ‘തോറ്റ ജനതയാണ് നാം’ എന്നറിയാൻ നമ്മുടെ ഭാഷയിലേക്കു നോക്കിയാൽ മതി.