മരണമേ മാറിനിൽക്കൂ; അമേലിന മരിച്ചിട്ടില്ല, മരിക്കുകയുമില്ല

Mail This Article
റഷ്യ ആക്രമണം തുടങ്ങുമ്പോൾ യുക്രെയ്ൻ എഴുത്തുകാരി വിക്ടോറിയ അമേലിന ഇളയ മകനുമൊത്ത് അവധിക്കാല യാത്രയിലായിരുന്നു. ഈജിപ്ത് വിമാനത്താവളത്തിൽ എത്തിയപ്പോൾ മാതൃരാജ്യത്തേക്ക് വിമാനങ്ങൾ പോലുമില്ല. റഷ്യയുടെ നിരന്തര ആക്രമണത്തെ ധീരതയോടെ ചെറുത്തുനിന്ന യുക്രെയ്നിൽ വാഴ്സോ–പ്രേഗ് വഴിയാണ് എത്തിയത്. വിദേശ രാജ്യത്ത് സുരക്ഷിതയായി സ്വന്തം നാട്ടിലെ യുദ്ധക്കെടുതിയുടെ ഇരകളെക്കുറിച്ച് കണ്ണീരൊഴുക്കാമായിരുന്നു. അത്തരക്കാർക്ക് ഒരു കുറവുമില്ല താനും. എന്നാൽ, ഭീരുവായിരുന്നില്ല അമേലിന.
നാടിനൊപ്പം നിൽക്കാനാണ് തിരിച്ചെത്തിയത്. അനിശ്ചിതത്വത്തിലേക്ക്. ചോരപ്പുഴയൊഴുകുന്ന നാട്ടിലേക്ക്. ദാരിദ്ര്യത്തിലേക്കും തകർച്ചയിലേക്കും കഷ്ടപ്പാടുകളിലേക്കും. ആ തീരുമാനത്തിന് കൊടുക്കേണ്ടിവന്നത് വലിയ വില. അതിന്റെ ഫലമാണ് ലുക്കിങ് അറ്റ് വിമൻ, ലുക്കിങ് അറ്റ് വാർ എന്ന പുസ്തകം. യുദ്ധത്തിന്റെയും ന്യായത്തിന്റെയും ഡയറി. യുദ്ധമുഖത്ത്, മിസൈലുകൾ തകർത്ത മുറിപ്പാടുകളിൽ നിന്ന് ജീവൻ കൊണ്ട് തുന്നിക്കൂട്ടിയ വാക്കുകൾ. അക്ഷരാർഥത്തിൽ രക്തവും കണ്ണീരും പുരണ്ട പുസ്തകം. അതിപ്പോൾ അതിജീവനത്തിന്റെ, സാഹസികതയുടെ, മരണാനന്തര ജീവിതത്തിന്റെ തെളിവ് കൂടിയാകുന്നു.
കുട്ടികളുടെ എഴുത്തുകാരി. നോവലിസ്റ്റ്. ന്യൂയോർക്കിലെ സാഹിത്യോത്സവത്തിന്റെ സംഘാടക. എന്നാൽ, യുദ്ധം തുടങ്ങിയതോടെ സാഹിത്യത്തിന്റെ നിരർഥകത അമേലിനയ്ക്ക് ബോധ്യപ്പെട്ടു. പ്രിയപ്പെട്ടവർ മരിച്ചുകൊണ്ടിരിക്കുമ്പോൾ, ഏതു നിമിഷവും മരണം സംഭവിക്കാവുന്ന നാട്ടിൽ ആർക്കു വേണം വാക്കുകൾ. എഴുത്തിൽ മാത്രം ഒതുങ്ങിക്കൂടിയിട്ടു കാര്യമില്ല. സന്നദ്ധ സേവികയായി. മുറിവേറ്റവർക്ക് മരുന്ന് എത്തിച്ചു. ആശുപത്രികളിലേക്കും സുരക്ഷിത സ്ഥാനങ്ങളിലേക്കും മാറ്റി. സന്നദ്ധ സംഘടനയ്ക്കൊപ്പം ഊർജിതപ്രവർത്തനം. ഇതിനിടയിലും വാക്കുകൾ കൈവിട്ടില്ല. നേരിൽ കണ്ട ദുരിതങ്ങളൊക്കെയും കുറിച്ചിട്ടു. തുടരുന്ന ക്രൂരതയെക്കുറിച്ച് അമർഷത്തോടെ എഴുതി. യുദ്ധക്കുറ്റങ്ങൾ അക്കമിട്ട് നിരത്തി. ഭാവിയിലെ പ്രതിരോധം എങ്ങനെ ആയിരിക്കണമെന്ന വ്യക്തമായ ദിശാബോധം പ്രകടിപ്പിച്ചു.

ഇതിനൊപ്പം, യുദ്ധത്തെ പേടിക്കാതെ ജീവിക്കുന്ന സ്ത്രീകളെക്കുറിച്ചും എഴുതാൻ തുടങ്ങി. ഇംഗ്ലിഷിൽ തന്നെ. വിവിധ മേഖലകളിലെ സ്ത്രീകളുമായുള്ള അഭിമുഖങ്ങൾ. അനുഭവങ്ങൾ. കവിതയും. യുദ്ധക്കുറ്റവാളികൾക്ക് ഒരിക്കലും ഒഴിഞ്ഞുമാറാൻ ആകരുത്. അവരെ ലോകത്തിനു മുന്നിൽ തുറന്നുകാണിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. ഒപ്പം യുദ്ധകാലത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാൻ രേഖയും. ഒരു വർഷത്തോളം ഈ പുസ്തകത്തിനു വേണ്ടി രാപകൽ പ്രവർത്തിച്ചു. ഒപ്പം സന്നദ്ധ പ്രവർത്തനങ്ങളും തുടർന്നു; 2023 ജൂൺ 27വരെ. അന്നു നടന്ന ശക്തമായ മിസൈൽ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. 64 പേർക്ക് പരുക്കേറ്റു. അവരിൽ ഒരാളായി അമേലിനയും. ഏതാനും ദിവസത്തിനു ശേഷം അനുതാപത്തിന്റെ അധ്യായം ബാക്കിയാക്കി ആശുപത്രിയിൽ മരണത്തിനു കീഴടങ്ങി.
ആക്രമണത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് ഭർത്താവ് അലക്സ് അമേലിനും സുഹൃത്തുക്കളും ചേർന്നാണ് അമേലിയ തയാറാക്കിക്കൊണ്ടിരുന്ന പുസ്തകത്തിന്റെ കയ്യെഴുത്ത് പ്രതി കണ്ടെടുക്കുന്നത്. അത് ഉപേക്ഷിക്കാൻ അവർക്ക് മനസ്സ് വന്നില്ല. എഴുത്തുകാരിയുടെ ആഗ്രഹം മരണാനന്തരമെങ്കിലും സാക്ഷാത്കരിക്കാൻ ഉറപ്പിച്ചു. അമേലിന എഴുതിയതൊക്കെ അതേപടി നിലനിർത്തി. ഒപ്പം കൂറേക്കൂടി വിവരങ്ങൾ കൂട്ടിച്ചേർത്തു. തുടരുന്ന യുദ്ധത്തിന്റെ തീരാത്ത മുറിവുകൾ. അപൂർണമെങ്കിലും പൂർണതയോടെ പ്രസിദ്ധീകരിച്ച പുസ്തകം ഒറ്റവായനയിൽ ആശയക്കുഴപ്പമുണ്ടാക്കും. അതങ്ങനെ തന്നെയാണ് ഉദ്ദേശിച്ചതും. യുദ്ധത്തെ ഇങ്ങനെയല്ലാതെ എങ്ങനെ അവതരിപ്പിക്കും. ചിന്നിച്ചിതറിയ ചിന്തകളാണ്. പല ദിവസങ്ങളിലെ എഴുത്തുകളാണ്. ഒന്നിനോടൊന്ന് ബന്ധമില്ലാത്തവയുണ്ട്. എന്നാൽ, യുദ്ധം ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു നാടിന്റെ വർത്തമാനമാണ്. മരണത്തിനും കീഴടക്കാനാകാത്ത വാക്കുകളാണ്. മിസൈൽ ആക്രമണം നടക്കുന്നതിന് തലേദിവസം വരെയുള്ള സംഭവങ്ങൾ അമേലിന തന്നെയാണ് കുറിച്ചിരിക്കുന്നത്.
ബലാൽസംഗം ഉൾപ്പെടെ സ്ത്രീകൾക്കു നേരെയുള്ള കുറ്റകൃത്യങ്ങൾ വ്യക്തമായി പറയുന്നുണ്ട് പുസ്തകം. കഥയോ വിവരണമോ അല്ല. ജീവിതം തന്നെ. ആക്രമണത്തിന്റെ ഇടവേളകളിൽ വിനോദങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. അവർ സമാധാനത്തിന്റെ പുതിയ കാലം പ്രതീക്ഷിക്കുന്നു. ഇരുട്ട് മാറി വെളിച്ചം വരുമെന്ന ആഗ്രഹം പങ്കുവയ്ക്കുന്നു.
യുക്രെയ്ൻ കവി ടരസ് ഷെവ്ചെങ്കോയുടെ ശവകുടീരം റഷ്യയുടെ പ്രധാന ആക്രമണ ലക്ഷ്യമായിരുന്നു. ഇവിടെ നടന്ന ആക്രമണത്തിലാണ് അമേലിനയ്ക്ക് മാരകമായി പരുക്കേൽക്കുന്നതും ആശുപത്രിയിൽ മരിക്കുന്നതും. കവിയുടെ സ്മാരകം തകർക്കുന്നതിൽ റഷ്യ വിജയിച്ചിരിക്കാം. അമേലിനയെ ഇല്ലാതാക്കുന്നതിലും വിജയം അവർക്കു തന്നെ. എന്നാൽ, ലോകം കീഴടക്കുന്ന ഈ പുസ്തകത്തെ തടയാൻ ആർക്കുമാവില്ല.