ഉടലുണർവുകളുടെ ഉത്സവം; ഉയിരിന്റെ സ്വാതന്ത്ര്യപ്രഖ്യാപനം, എഴുത്തിലെ ഒരേയൊരു കൃഷ്ണനാമ

Mail This Article
‘സ്നേഹം, ലൈംഗികത, പിന്നെ മരണവും. ഈ ഗ്രഹത്തെ നിർവചിക്കുന്ന വികാരങ്ങൾ ഇതാണ്. ഇവയ്ക്കുവേണ്ട ഇടം കാത്തുസൂക്ഷിക്കാൻ ഞാൻ എല്ലായ്പ്പോഴും ശ്രമിച്ചിട്ടുണ്ട്’. ഇതു പറയുമ്പോൾ കൃഷ്ണ സോബ്തിക്കു 92 വയസ്സായിരുന്നു. തൊട്ടടുത്ത വർഷം അവർ മണ്ണോടുചേരുകയും ചെയ്തു. ജീവിച്ചിരുന്നെങ്കിൽ എഴുത്തിലെ മഹാജ്വാലയ്ക്ക് ഈ വർഷം ഫെബ്രുവരി 18നു നൂറു വയസ്സു തികയുമായിരുന്നു. അവസാനനാളുകളിലും അവരുടെ ധിഷണയിൽ കനലണഞ്ഞിരുന്നില്ല. മരണത്തിന്റെ അടുത്തടുത്തുവരുന്ന കാലൊച്ച പോലും അധൈര്യപ്പെടുത്തിയില്ല. ‘ലൈംഗികതയ്ക്ക് അടിപ്പെട്ട എഴുത്തുകാരി’ തുടങ്ങിയ ആക്ഷേപങ്ങൾക്ക് ഒരിക്കലും ചെവികൊടുത്തതേയില്ല. രത്യുൽസുകരായ പെൺകഥാപാത്രങ്ങളെ വീണ്ടും വീണ്ടും സൃഷ്ടിച്ച് യാഥാസ്ഥിതികരെ അലോസരപ്പെടുത്തി.

ബ്രിട്ടിഷ് ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ഗുജ്‌റാത് നഗരത്തിലാണ് സോബ്തി ജനിച്ചത്. കശ്മീരിന് അടുത്ത്, ചിനാബ് നദിയുടെ തീരത്തുള്ള അതിമനോഹരമായ നഗരം. അച്ഛൻ ബ്രിട്ടിഷ് സർക്കാരിനു േവണ്ടി ജോലിയെടുത്തിരുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരുന്നു. ഷിംലയിലെ ലേഡി ഇർവിൻ സ്‌കൂളിലും ലഹോറിലെ ഫതേഹ് ചന്ദ് കോളജിലും പഠിച്ച സോബ്തിക്കു വായനയുടെ വലിയൊരു ലോകമുണ്ടായിരുന്നു. അതാണ് എഴുത്തിലേക്ക് എത്തിച്ചത്. ലാമ, നഫീസ തുടങ്ങിയ കഥകളാണ് ആദ്യമെഴുതിയതെങ്കിലും ഇന്ത്യാ വിഭജനത്തെക്കുറിച്ചുള്ള ‘സിക്കാ ബാദൽ ഗയാ’ എന്ന ചെറുകഥയാണ് എഴുത്തുകാരിയെന്ന നിലയിൽ കൃത്യമായി അടയാളപ്പെടുത്തിയതും ശ്രദ്ധേയയാക്കിയതും. ‘ഹഷ്മത്’ എന്ന ആൺപേരിൽ കുറിപ്പുകളും എഴുതിയിട്ടുണ്ട്.
ഇന്ത്യ കണ്ട എക്കാലത്തെയും വലിയ എഴുത്തുകാരിലൊരാളെന്നു നിസംശയം വിശേഷിപ്പിക്കാം കൃഷ്ണ സോബ്തിയെ. ഒരു ഘട്ടം കഴിഞ്ഞാൽ പുതുക്കാതെ സ്വയം ആവർത്തിക്കുന്ന പതിവിൽനിന്ന് വേറിട്ടുനിന്നു. നിരന്തരം എഴുതുക മാത്രമല്ല, അതിന്റെ തിളനില താഴാതെ കാക്കുകയും ചെയ്തു. സോബ്തി എഴുതിത്തുടങ്ങിയതിനു ശേഷമുള്ള ഓരോ പതിറ്റാണ്ടിലും അവരിൽനിന്ന് ഗംഭീരരചനകൾ പുറത്തുവന്നു. പുരസ്കാരങ്ങൾക്കു വേണ്ടി അന്ധമായ രാഷ്ട്രീയവിധേയത്വം പുലർത്തുകയും ഏതു ഹിംസയെയും ന്യായീകരിച്ചുകൊടുക്കുകയും ആത്മാഭിമാനം അടിയറവയ്ക്കുകയും ചെയ്യുന്ന എഴുത്തുകാരുടെ കൂട്ടത്തിൽ ഒരിക്കലും സോബ്തിയുണ്ടായിരുന്നില്ല. 2010ൽ പത്മഭൂഷൺ തേടിയെത്തിയെങ്കിലും സ്വീകരിച്ചില്ല. അധികാരകേന്ദ്രങ്ങളിൽനിന്ന് ആനുകൂല്യം പറ്റുന്നില്ലെന്ന നിലപാടെടുത്ത് അതു തിരസ്‌ക്കരിച്ചു. രാജ്യമാകെ പടരുന്ന അസഹിഷ്ണുതയ്ക്കു സർക്കാർ കൂട്ടുനിൽക്കുന്നെന്ന് ആരോപിച്ച് പുരസ്‌കാരങ്ങൾ തിരിച്ചുനൽകി. പതിവുകൾ തെറ്റിക്കുന്നതു ശീലമാക്കിയ സോബ്തി വിവാഹിതയായത് എഴുപതാം വയസ്സിലായിരുന്നു. ദോഗ്രി എഴുത്തുകാരൻ ശിവ്നാഥായിരുന്നു പങ്കാളി. ഇരുവരും ജനിച്ചത് ഒരേ വർഷം, ഒരേ തീയതിയിൽ എന്ന യാദൃച്ഛികതയുമുണ്ട്. ഏതാനും വർഷങ്ങളാണെങ്കിലും അവർ സന്തോഷത്തോടെ ജീവിച്ചു. ശിവ്നാഥിന്റെ മരണശേഷം സോബ്തി ഏകാന്തയാത്ര തുടർന്നു.
സോബ്തി ഒരിക്കലും പ്രശസ്തി തേടിപ്പോയില്ല. പക്ഷേ അതെപ്പോഴും എഴുത്തുകാരിയെ തേടിവന്നു. പെണ്ണെഴുതുന്നത് എങ്ങനെയാവണമെന്ന ഉഗ്രശാസനകളെ തരിമ്പും കൂസിയില്ല. 1950കൾ തൊട്ടേ പെൺ ശരീരത്തിന്റെ ഉണർവുകളെക്കുറിച്ചും തീവ്രമായ അഭിലാഷങ്ങളെക്കുറിച്ചും വാക്കിന്റെ മറക്കുടകളെ കാറ്റിൽപ്പറത്തി എഴുതി. രതിയെ അശ്ലീലമെന്നു കരുതിയ സദാചാരക്കാരെ തൃപ്തിപ്പെടുത്താൻ മനസ്സില്ലായിരുന്നു. സ്ത്രീ എന്തായിരിക്കണമെന്നതിനു സമൂഹം സൃഷ്ടിച്ച നിർവചനങ്ങളിൽ ഒതുങ്ങാത്ത കഥാപാത്രങ്ങളെ സോബ്തിയുടെ എഴുത്തിൽ കണ്ടുമുട്ടാനാകും. ജീവിതോൽസുകതയാൽ അവർ നമ്മുടെ മനസ്സിൽ ഇടംപിടിക്കും.
സാമ്പ്രദായികത അബോധവ്യവസ്ഥയാണെന്നും അതു സമൂഹം വ്യക്തികളിൽ അടിച്ചേൽപ്പിക്കുന്നതാണെന്നും തിരിച്ചറിഞ്ഞിരുന്ന എഴുത്തുകാരി ജീവിതത്തിലും എഴുത്തിലും അതിനു പുറത്തുകടന്നു. പൊതുബോധത്തിൽനിന്ന് എക്കാലത്തും ബോധപൂർവം തന്നെ മാറിനടക്കുകയും പെൺസ്വത്വത്തിന്റെ ഉണ്മയെ അതിന്റെ എല്ലാ ആവിഷ്കാരപ്പടർച്ചകളോടും സ്വാതന്ത്ര്യപ്രഖ്യാപനങ്ങളോടും കൂടി ആവിഷ്കരിച്ച സോബ്തി പക്ഷേ ഒരിക്കലും പെണ്ണെഴുത്തുകാരിയെന്ന വിളി കേൾക്കാൻ ആഗ്രഹിച്ചില്ല. എഴുതുമ്പോൾ ആണും പെണ്ണും ചേരുന്ന അർധനാരീശ്വരത്വമാണ് തന്റെ ഉള്ളിലെന്നാണ് പറഞ്ഞത്. ലിംഗപരതയുടെ കള്ളിയിൽ എഴുത്തിനെ കുരുക്കിയിടുന്നതിനോട് എല്ലാക്കാലത്തും വിയോജിച്ചു. പക്ഷേ സ്ത്രീകളുടെ അവകാശപ്പോരാട്ടങ്ങളിൽനിന്നു മുഖം തിരിച്ചില്ല.
കാലത്തിനു മെരുക്കാനാവാത്ത കൂസലില്ലായ്മയായിരുന്നു സോബ്തിയുടേത്. പാരമ്പര്യം നിഷ്കർഷിച്ച പതിവുപാതകൾ വിട്ടു സഞ്ചരിക്കുകയും സാഹിത്യത്തിൽ പുലർന്നുപോന്നിരുന്ന സദാചാരത്തിന്റെ കാപട്യങ്ങളെ കണക്കിനു പരിഹസിക്കുകയും പൊളിച്ചടുക്കുകയും ചെയ്തു. അക്ഷരാർഥത്തിൽ ഒരു തെറിച്ച വിത്ത്. മറ്റൊരെഴുത്തുകാരനും എഴുത്തുകാരിയും ഹിന്ദിയിൽ ചെയ്യാത്തത് സോബ്തി തുടർച്ചയായി ചെയ്തുകൊണ്ടിരുന്നു. പരിചിതമായ ആഖ്യാനവഴികളെയും പ്രമേയപരിസരങ്ങളെയും മറികടന്നുകൊണ്ട് അവിസ്മരണീയമായ ഒരു ലോകം അവർ സൃഷ്ടിച്ചെടുത്തു. കപടതയിൽ മുങ്ങിയ സാഹിത്യഭാഷയിലല്ല എഴുതിയത്. ചന്തയിലും കുളിക്കടവിലും തെരുവിലും ആളുകൾ പേശുന്ന, പകിട്ടും പത്രാസുമില്ലാത്ത നാട്ടുമൊഴിയുടെ ചൂടും ചൂരും സോബ്തിയുടെ രചനകളിലുണ്ടായിരുന്നു. ഹിന്ദിയിൽ എഴുതുമ്പോഴും പഞ്ചാബി, ഉറുദു പ്രയോഗങ്ങൾ കടന്നുവരുമായിരുന്നു. സ്വാഭാവികമായി കടന്നുവരുന്ന അവയെ വെട്ടിനീക്കാൻ ഒരിക്കലും തയാറായില്ല. ഒടുവിലൊടുവിലായപ്പോൾ രാജസ്ഥാനിയും എഴുത്തിലേക്കു കടന്നുവന്നു. ഭാഷാശുദ്ധിക്കാർക്ക് അതു വലിയ അന്യായമായാണ് അനുഭവപ്പെട്ടത്. ഇത്തരത്തിലുള്ള തനിമാവാദങ്ങളുടെ പൊള്ളത്തരം സോബ്തി മനസ്സിലാക്കിയിരുന്നു.

പലകാലങ്ങളെ സംഗ്രഹിക്കുന്ന ആഖ്യാനവിസ്തൃതിയാണല്ലോ മഹാഭാരതം. അപ്പോൾ, ഒരു പുസ്തകത്തെ ‘നമ്മുടെ കാലത്തെ സംഗ്രഹീത മഹാഭാരതം’ എന്നു വിശേഷിപ്പിക്കുമ്പോഴോ? സോബ്തിയുടെ ക്ലാസിക് രചനയായ സിന്ദഗി നാമയെ വിശേഷിപ്പിക്കാൻ പ്രശസ്ത കവി അശോക് വാജ്പേയ് തിരഞ്ഞെടുത്തത് ആ വാക്കുകളായിരുന്നു. സോബ്തിയുടെ എഴുത്തിന്റെ മഹാവിസ്തൃതിയെ അതു കൃത്യമായി അടയാളപ്പെടുത്തുന്നു. ചപലതകളുടെ, ചൂതാട്ടത്തിന്റെ, കോപത്തിന്റെ, പകയുടെ, ആസക്തിയുടെ, പ്രണയത്തിന്റെയടക്കമുള്ള എത്ര വികാരങ്ങളുടെ ചൂളകളാണു മഹാഭാരതത്തിൽ എരിയുന്നത്. സിന്ദഗി നാമ, മിത്രോ മർജാനി, സൂരജ്മുഖി അന്ധേരേ കെ, ഏ ലഡ്കി, യാരോം കേ യാർ, ബാദലോം കേ ഖേരെ, ദിലോ ദാനിശ്, സമയ് സർഗം തുടങ്ങിയ കൃതികളിലോരോന്നിലും സോബ്തി സാധിച്ചതും അതാണ്.
ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തിലെ ഒരു പഞ്ചാബി ഗ്രാമത്തിന്റെ സ്വരൂപമാണ് സിന്ദഗിനാമയിൽ തെളിയുന്നത്. ഇതിഹാസ മാനങ്ങളുള്ള അതിൽ സംസ്‌കാരവും ചരിത്രവും രാഷ്ട്രീയവുമെല്ലാം കടന്നുവന്നു. അഗണ്യകോടിയിൽ തള്ളപ്പെട്ട കീഴാളമനുഷ്യരുടെ ജീവിതത്തെ, സൂക്ഷ്മ സ്വരഭേദങ്ങളോടെ, തിക്തതകളോടെ അടയാളപ്പെടുത്തി. ഒന്നാംലോക മഹായുദ്ധവും ബ്രിട്ടിഷ് ചെയ്തികളുമെല്ലാം നോവലിലുണ്ടായിരുന്നു. ‘ചന്ന’ എന്ന പേരിൽ എഴുതിയ ആ നോവൽ പ്രസിദ്ധീകരിക്കാനായി 1952ൽ അലഹാബാദിലെ ഒരു പ്രസാധകസംഘത്തെയാണു സമീപിച്ചത്. അവർ അത് അച്ചടിച്ച ശേഷമാണ് പ്രൂഫ് സോബ്തിയുടെ കയ്യിൽകിട്ടിയത്. അതുവായിച്ച് എഴുത്തുകാരി തകർന്നു. പുസ്തകത്തിലെ പഞ്ചാബി, ഉറുദു വാക്കുകളെല്ലാം വെട്ടി പകരം ഹിന്ദി വാക്കുകൾ ചേർത്തിരുന്നു. ബഷീറിന്റെ ‘ബാല്യകാലസഖി’ തിരുത്തി സംസ്കൃതവാക്കുകൾ തിരുകിയ പ്രസാധകർക്കു നേരെ അദ്ദേഹം മടിക്കുത്തിൽനിന്നു കഠാരയെടുത്തതു പോലൊരു സാഹചര്യം. സോബ്തി കഠാരയെടുത്തില്ലെങ്കിലും എഴുത്തുകാരിയുടെ സ്വാതന്ത്രൃത്തിനു മുകളിലുള്ള കടന്നുകയറ്റം സഹിക്കാവുന്നതിനും അപ്പുറത്തായിരുന്നു. ഒരു കാരണവശാലും പുസ്തകം ഇറക്കരുതെന്ന് ആവശ്യപ്പെട്ട് പ്രസാധകർക്ക് ടെലിഗ്രാം അയച്ചെങ്കിലും അച്ചടി പൂർത്തിയായെന്നായിരുന്നു മറുപടി. രൂപമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയമായ തന്റെ പുസ്തകം ആളുകൾ വായിക്കുന്നതിനോട് സോബ്തിക്കു താൽപര്യമുണ്ടായിരുന്നില്ല. ഒരു വഴി മാത്രമാണ് മുന്നിൽ ശേഷിച്ചിരുന്നത്. അച്ചടിക്കു ചെലവായ പണം മുഴുവൻ കൊടുത്ത് കയ്യെഴുത്തുപ്രതി തിരിച്ചുവാങ്ങുക. സോബ്തി ചെയ്തതും അതാണ്.

അപകടത്തിൽനിന്നു കഷ്ടിച്ചു രക്ഷപ്പെട്ട ‘സിന്ദഗിനാമ’ നീണ്ട വർഷങ്ങൾക്കു ശേഷം 1979ൽ രാജ്കമൽ പ്രകാശനാണ് പ്രസിദ്ധീകരിച്ചത്. ഈ പുസ്തകം പുറത്തെത്തിയതിനു തൊട്ടുപിന്നാലെ പ്രശസ്ത എഴുത്തുകാരി അമൃത പ്രീതം ഹർദത്ത് കാ സിന്ദഗിനാമ എന്ന പേരിൽ പുസ്തകമെഴുതിയതു വിവാദമായി. സിന്ദഗിനാമ എന്ന വാക്ക് തന്റെ സൃഷ്ടിയാണെന്നും അമൃതയുടെ പുസ്തകം പകർപ്പവകാശത്തിന്റെ ലംഘനമാണെന്നും സോബ്തി വാദിച്ചു. കോടതിയെ സമീപിക്കുക മാത്രമല്ല, പതിറ്റാണ്ടുകളോളം കേസ് നടത്തുകയും ചെയ്തു. എന്നാൽ അന്തിമവിധി അമൃതാ പ്രീതത്തിന് അനുകൂലമായിരുന്നു. കേസിൽ വിജയിക്കാനായില്ലെന്നതിനെക്കാൾ വലിയൊരു നഷ്ടം അതിലൂടെ സംഭവിച്ചു. കേസിന്റെ നൂലാമാലയിൽപെട്ടതോടെ നോവൽത്രയം എന്ന സ്വപ്നം പൂർത്തിയാക്കാനായില്ല.
‘തുറന്നെഴുത്ത്’ പലപ്പോഴും അടഞ്ഞ എഴുത്തായി മാറാറുണ്ട്. അടഞ്ഞുകിടക്കുന്ന വാതിലുകൾ തുറക്കാൻ ശ്രമിച്ച് ഒടുവിൽ വാതായനങ്ങൾ കൂടി കൊട്ടിയടയ്ക്കുന്ന സ്ഥിതി. കാണികൾക്കു വേണ്ടി മാത്രം കളിക്കുന്നൊരു കളിയായി അതു താഴാറുണ്ട്. എന്നാൽ സോബ്തി എഴുതുമ്പോൾ വായനക്കാരെ പരിഗണിച്ചതേയില്ല. അവർ എങ്ങനെ സ്വീകരിക്കുമെന്നോ അവരെ ഇക്കിളിപ്പെടുത്തണമെന്നോ നല്ലതു പറയിക്കണമെന്നോ ഒന്നും കരുതിയതേയില്ല. സ്വന്തം മനഃസാക്ഷിയോടു മാത്രം നീതിപുലർത്താനാണ് സോബ്തി ശ്രമിച്ചത്. വിഭജനത്തിനു മുൻപും ശേഷവും ഇന്ത്യയെ അറിയാൻ കഴിഞ്ഞ എഴുത്തുകാരുടെ പുസ്തകങ്ങളിൽ അസാധാരണമായൊരു സ്മൃതിസഞ്ചയം ആവിഷ്കൃതമാകുന്നതു കാണാം. സോബ്തിയുടെ എഴുത്തിലും അതുണ്ടായിരുന്നു. വിഭജനം സ്ഥലത്തിൽ മാത്രമല്ല, കാലത്തിൽക്കൂടിയാണ് നടക്കുന്നത്. ലോകത്തെക്കുറിച്ചുള്ള ധാരണകളെയും മുൻവിധികളെയും അതു തിരുത്തുന്നു. യാഥാർഥ്യത്തെ അതിന്റെ എല്ലാ അടരുകളോടെയും കാണാൻ നാം ശീലിക്കുന്നു. കൃഷ്ണ സോബ്തി എഴുത്തിലും ജീവിതത്തിലും സാഹസികയായിരുന്നു; അതുപക്ഷേ തീർത്തും സ്വാഭാവികമായിരുന്നു താനും. ഇങ്ങനെയല്ലാതെ ഈ എഴുത്തുകാരിക്കു ജീവിക്കാൻ കഴിയുമായിരുന്നില്ലെന്ന് ഇപ്പോഴും കാണിച്ചുതരുന്നു, അനശ്വര കഥാപാത്രങ്ങൾ.