മരിച്ചാലും മറക്കാനാവുമോ, മനസ്സറിഞ്ഞു സ്നേഹിച്ചവരെ...
Mail This Article
കാറ്റിൽ പറന്നുപോയ സ്വപ്നങ്ങൾ (കഥ)
"അമ്മൂ.. നീയൊന്നും പറഞ്ഞില്ല." കുഞ്ഞു തിരമാലകളെ തൊട്ടും തൊടാതെയും നടക്കുന്ന അവളെ പിടിച്ചു നിർത്തി. കൈ തട്ടി മാറ്റി അവൾ പിന്നെയും നടന്നു. ചിലപ്പോൾ കുട്ടികളെപ്പോലെ. മറ്റുചിലപ്പോൾ മുതിർന്നവരെ പോലെ. മീരയുടെ കോൾ വന്നതിനു ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണ്.
"അമ്മൂ.. നീ കേൾക്കുന്നുണ്ടോ..?"
"ഉണ്ടെങ്കിൽ..?" തിരിഞ്ഞു നിന്നു കണ്ണിൽ നോക്കിയാണ് ചോദ്യം.
"പറയ്.. ഉണ്ടെങ്കിൽ..?" വല്ലാതെ സങ്കടം വരുമ്പോഴുണ്ടാകുന്ന പരുക്കൻ സ്വരമാണത്.
"അമ്മൂ.. ഞാൻ....." എന്തുപറയണം എന്നറിയാതെ ഞാൻ വിക്കി.
"അതുപിന്നെ.." എന്നെ തടഞ്ഞു നിർത്തി കൈ കൊണ്ടു വിലക്കി.
"അവസാനം പക്ഷേ തന്നെ ആയീ എന്നല്ലേ.? ആയിക്കോട്ടെ" മുഖത്തു ഒരു ചിരി നേർത്തു വന്നു.
അതിനുള്ളിൽ അവളുടെ മനസ്സ് വിങ്ങുന്നുണ്ടാകും. അതെനിക്ക് കാണാം.
"നമ്മളതൊക്കെ പല പ്രാവശ്യം സംസാരിച്ചില്ലേ ഹരീ..?" മുഖത്ത് നോക്കാതെയാണ് ചോദ്യം.
അതേ. പലവട്ടം സംസാരിച്ചതാണ്. എന്നാലും അവളെത്ര ലാഘവത്തോടെയാണ് പറയുന്നത്. അവൾക്കുള്ളിലെ വിഷമം പറയാതെ തന്നെ അറിയാം. ഒരുപാട് സങ്കടം വരുമ്പോഴാണ് അവൾ ഒട്ടും ഭാരമില്ലാതെ പെരുമാറുന്നതും. അവൾ തിരകൾക്കിടയിലൂടെ നടന്നു പോകുന്നത് നോക്കിനിന്നു.
***** ***** ***** *****
ഒരു വൈകുന്നേരം ടിവി കണ്ടുകൊണ്ടിരിക്കുമ്പോൾ അവളുടെ മെസേജ് വന്നു.
"സഖാവേ.."
"ഉം..പറയ്.."
"അവസാനം... ഞാൻ ശോഭനയാകുമോ..?
"നീയോ ഒരിക്കലുമില്ല.."
"അതല്ല. പക്ഷേയിലെ ശോഭന."
"പക്ഷേയോ ഏതു പക്ഷേ..?" മനസിലായിട്ടും അറിയാത്ത പോലെ ഭാവിച്ചു.
"ചുമ്മാ ആക്ടിങ്ങ് വേണ്ട... സിനിമ.. പക്ഷേ.."
"ആഹാ.. എന്നിട്ട്.."
"എന്നിട്ട് കുന്തം.."
"നീ പറയ്.."
"അല്ല അതുപോലെ ആയാലോ..?"
"ബാക്കി കൂടെ നീ പറ.."
"എനിക്ക് തിരിച്ചുപോകാൻ ഡൽഹിയൊന്നും ഇല്ലല്ലോ.." എന്തു പറയണം.
"പോടീ.."
അവളുടെ വാക്കുകളിലെ ആശങ്കയെ പാടെ അവഗണിച്ചെങ്കിലും ആഴത്തിലൊരു വേദന ഉള്ളിലുണ്ടായി. ചുമരിൽ തൂക്കിയിട്ട വിവാഹ ഫോട്ടോയിലേക്ക് നോക്കി. തന്നോട് ചേർന്നു നിൽക്കുന്ന മീര. അവള് പിണങ്ങി പോയിട്ട് വർഷം രണ്ടു കഴിഞ്ഞു. ഡിവോഴ്സിനു വേണ്ടി അവൾ മുന്നോട്ട് വന്നുമില്ല ഞാന്‍ ശ്രമിച്ചതുമില്ല. ഇഷ്ടപ്പെട്ട് കല്യാണം കഴിച്ചതാണ്. ഒരു മാസത്തോളം നീണ്ടു നിന്ന വഴക്കിനു ശേഷം അവൾ ഇറങ്ങി പോയതാണ്.
തിരികെ വരാന്‍ പലവട്ടം വിളിച്ചു. വന്നില്ല. എന്തിന്റെയൊക്കെ പേരിലായാലും അവളെ വെറുക്കാൻ കഴിഞ്ഞിട്ടില്ല. അതിനൊരിക്കലും കഴിയുകയുമില്ല.
ഒരുപാട് പ്രശ്നങ്ങളിൽപ്പെട്ട് ഉഴറി നിൽക്കുമ്പോഴാണ് അമ്മു തന്റെ ജീവിതത്തിലേക്ക് വന്നത്. ശരിക്കും ഒരു റോക്കറ്റ് പോലെ. അവളുടെ സംസാരം തന്ന ആശ്വാസം എത്ര പുകയൂതി വിട്ടിട്ടും എനിക്ക് കിട്ടിയിരുന്നില്ല. അവളോട് ആദ്യമായി സംസാരിച്ച അന്ന് തന്നെ എനിക്ക് തോന്നിയത് അവളെന്റെ ആരൊക്കെയോ ആണെന്ന് തന്നെയാണ്.
അവളെ മനസ്സിലാക്കാന്‍ എനിക്ക് പെട്ടെന്ന് കഴിഞ്ഞു. കാരണമൊന്നും ഇല്ലാതെ പൊട്ടിച്ചിരിക്കും.. പെട്ടെന്നു കരയും.. കുറെ നേരം സങ്കടപ്പെട്ടിരിക്കും.. നിനച്ചിരിക്കാതെ അവളുടെ മുഖത്തു രാത്രിയും പകലും മാറിമാറി വിരിയും. അവൾ ഇങ്ങനെയൊക്കെയാണ്. ഇതൊക്കെ കൊണ്ടുതന്നെയാണ് അവളെ ഇഷ്ടപെട്ടതും. മനസ്സിൽ തോന്നിയത് പറയും. ഒന്നും മറച്ചു വയ്ക്കില്ല. രണ്ടാമത്തെ കോളില്‍ അവള്‍ക്കുണ്ടായ ബ്രേക്ക് അപ്പിനെ കുറിച്ച് പറഞ്ഞു.
"അതു വിടൂ.. വേറെ എന്തെങ്കിലും പറയൂ." കേൾക്കാൻ തോന്നിയില്ല
"ഹരീ.. ഐ ആം നോട്ട് എ വെരജിന്‍."
"ഉം.."
അധികം വൈകാതെ അവള്‍ക്ക് തോന്നിയ ഇഷ്ടം തുറന്നു പറഞ്ഞു.
"ഐ ആം സീരീസ് എബൗട്ട് യു. "
"നീ വിചാരിക്കുന്ന പോലെ അല്ല എന്റെ അവസ്ഥ." പലപ്പോഴായി അവളോട് അതൊക്കെ പറഞ്ഞിരുന്നു.
" ഞാൻ ഡിവോഴ്സി അല്ല. അവളെ മറക്കാനോ വേണ്ടെന്ന് വയ്ക്കാനോ കഴിഞ്ഞിട്ടില്ല ഇതുവരെയും. നിനക്ക് മനസ്സിലാകും എന്നു ഞാൻ വിചാരിക്കുന്നു. "
"എനിക്കു തോന്നിയ ഇഷ്ടം ഞാൻ പറഞ്ഞു."
"അമ്മൂ എനിക്കു സ്നേഹിക്കാനെ അറിയൂ. വെറുതെ ഒരാശ തന്ന് അവസാനം നീ ആഗ്രഹിക്കുന്നത് പോലെ ആയില്ലെങ്കില്‍.."
"ആകും ഹരീ.."
"നീ വിഷമിക്കുന്നത് കാണാന്‍ എനിക്ക് കഴിയില്ല. അതുകൊണ്ട് കൂടിയാണ്. "
മറുപടിയില്ല.
പതിയെ ഞാൻ പോലും അറിയാതെ എല്ലാം മാറിതുടങ്ങി. മനപൂർവം അവളെ ഒരു റിലേഷനിലേക്ക് തള്ളിയിട്ടിട്ടില്ല. അനുഭവിക്കുന്ന ഒറ്റപ്പെടലില്‍ അവൾ വലിയ ആശ്വാസമായിരുന്നു. ഞാൻ കാരണം അവൾ ഒരിക്കലും വിഷമിക്കരുത് എന്ന് നിര്‍ബന്ധവുമുണ്ട്.
മുരടിച്ചു തുടങ്ങിയ എന്റെ ജീവിതം പതിയെ നേരെയാകാൻ തുടങ്ങിയിരുന്നു. അവൾ എന്നെ മാറ്റിയെടുത്തു എന്നതാണ് ശരി. അവൾ തന്നിരുന്ന സപ്പോര്‍ട്ട് ഒന്നും ജീവിതത്തിൽ ആരുടെ അടുത്ത് നിന്നും കിട്ടിയിട്ടില്ല. അടുക്കളയിൽ ഭക്ഷണം കഴിക്കാൻ മാത്രം കയറിയിരുന്ന ഞാൻ മൂന്നു നേരം വീട്ടിൽ വച്ചുണ്ടാക്കി കഴിക്കുന്നുണ്ടിപ്പോൾ.
ഒരു സൗഹൃദത്തിനപ്പുറം മറ്റൊന്നും ചിന്തിച്ചിരുന്നില്ല. എന്നാൽ അതിനുമപ്പുറം എന്തൊക്കെയോ ആയി അതുമാറി. പക്ഷേ അവളെ വേദനിപ്പിക്കേണ്ടി വന്നാൽ.. ചിന്തകൾ കാടു കയറുന്നു.
എഴുന്നേറ്റു. സമയം ഏഴു മണി. ഉച്ചയ്ക്കുണ്ടാക്കിയ കഞ്ഞി ബാക്കിയുണ്ട്. വിശപ്പില്ല. വാരിവലിച്ചിട്ടിരിക്കുന്ന മേശപ്പുറം മുഴുവൻ തിരഞ്ഞു. സിഗരറ്റ് പാക്കറ്റ് കാണാനില്ല. ഇന്നലെ ഇവിടെ തന്നെയല്ലേ വച്ചത്. ഓർമശക്തി ഒക്കെ കുറഞ്ഞു തുടങ്ങി. ഇനി വാങ്ങാൻ പുറത്തു പോകണം. മടിയാണ് എല്ലാത്തിനും. ഒന്നു പുകയ്ക്കാതെ ഇനി രക്ഷയില്ല.
ബൈക്കു സ്റ്റാർട്ട് ചെയ്യുമ്പോൾ അകത്തു മൊബൈൽ റിങ്ങ് ചെയ്യുന്നുണ്ട്. അവളാണ്. എടുത്തില്ല. എടുക്കാത്തതു കാരണം തൊട്ടുപുറകെ മെസേജ് വന്നു. വാട്‌സാപ്പ് തുറന്നു നോക്കി.
"ഹരീ....ഡോണ്ട് സ്മോക്ക്.."
വാങ്ങിയിട്ട് വേഗം വരാം.. എന്നു മറുപടി കൊടുത്തു പുറത്തിറങ്ങി. എന്നേക്കാൾ മുൻപേ അവൾ ചിന്തിക്കുന്നുണ്ട് പലതും. അവൾ അറിയുന്നുണ്ട് പലതും. അവൾ അറിഞ്ഞതുപോലെ മറ്റാരും എന്നെ അറിഞ്ഞിട്ടില്ല.
***** ***** ***** *****
"നമുക്ക് ചിറാപുഞ്ചി വരെ പോകണം കേട്ടോ.." എന്റെ പുറത്തു ചാരി ഇരുന്നും കൊണ്ടാണ് പറയുന്നത്.
"അതെന്തിനാ ചിറാപുഞ്ചി..?"
"മഴ കാണാൻ.."
"അതിനു ഇവിടെ മഴയുണ്ടല്ലോ.."
"അതുപോരാ.. അവിടുത്തെ മഴ കാണണം. ഹരീ നമുക്ക് ബുള്ളറ്റ് കിട്ടിയാലുടനെ പോകണം."
അവളുടെ നിർബന്ധം കാരണം രണ്ടു മാസം മുൻപ് റോയൽ എൻഫീൽഡ് ബുക്ക് ചെയ്തിട്ടുണ്ട്. പണ്ടുമുതലുള്ള ആഗ്രഹമാണെങ്കിലും ഇപ്പോൾ ബുക്ക് ചെയ്യാൻ കാരണം അവളാണ്.
"ടീ..അതൊക്കെ പണ്ട്..നീ പഠിക്കുന്ന കാലത്ത്. ഇപ്പോ അവിടെ മഴയൊക്കെ കുറഞ്ഞുകാണും."
"പറ്റില്ല..പോകണം.."
"കല്യാണം കഴിഞ്ഞിട്ടു പോയാൽ പോരെ..?"
"പോരാ.. നമ്മുടെ ബുള്ളെറ്റിന്റെ ആദ്യ ട്രിപ്പ് ചിറാപുഞ്ചി.." അവൾ ഈണത്തിൽ പറഞ്ഞു.
അവളുടെ ഇത്തരം വട്ടുകളും വാശികളും ഒക്കെ പുറമെ സമ്മതിച്ചു കൊടുക്കാറില്ലെങ്കിലും ഉള്ളിൽ ഞാനൊരുപാട് ആസ്വദിച്ചിരുന്നു.
എന്റെ പല സ്വഭാവങ്ങളും മീരയേക്കാൾ ചേർന്നു നിൽക്കുന്നത് അവളോടാണ്.
പക്ഷേ അവളെ ജീവിതത്തിലേക്ക് കൂട്ടാൻ പറ്റാതെ വന്നാൽ... അതു തരുന്ന വേദന... ഒന്നും ഓര്‍ക്കരുത് എന്നു കരുതി കണ്ണുകൾ ഇറുക്കി അടച്ചു. അവളുടെ സ്വപ്നങ്ങള്‍ ഒരുപാട് ചിറകു വിരിക്കുമ്പോഴെല്ലാം ഉള്ളില്‍ പേടി തോന്നിയിട്ടുണ്ട്. അവളെ വിലക്കിയിട്ടുണ്ട്.
നേരില്‍ പറഞ്ഞിട്ടുണ്ട്.
"നിന്റെ സ്വപ്നങ്ങളെ എനിക്ക് പേടിയാണ് അമ്മൂ"
"എല്ലാം നടക്കും. നടക്കാത്ത സ്വപ്നങ്ങളൊന്നും ഞാൻ കാണാറില്ല ഹരീ."
മറക്കാനെന്ന വണ്ണം പുകയൂതി വിട്ടു. അവൾക്കൊരു വാക്ക് ഇന്ന് വരെ കൊടുത്തിട്ടില്ല. പക്ഷേ അവളെന്നെ നെഞ്ചോട് ചേർത്തു വച്ചിരിക്കുന്നത് അങ്ങനെയാണ്. എന്നോടൊപ്പം ജീവിക്കുന്ന സ്വപ്നങ്ങളെ കുറിച്ചു എത്ര പറഞ്ഞാലും മതിയാകില്ല അവൾക്ക്.
പലപ്പോഴും സംസാരിച്ചു പകുതിക്ക് വച്ച് തടസ്സം പറഞ്ഞിട്ടുണ്ട്.
"അമ്മൂ നമ്മൾ ആഗ്രഹിച്ചപോലെ നടന്നില്ലെങ്കിൽ..."
അതിനപ്പുറം പറയാൻ അവൾ സമ്മതിക്കാറില്ല.
"നടക്കും.."
"അമ്മൂ നടന്നില്ലെങ്കിലോ.. തന്റെ ഉള്ളിലെ സ്നേഹക്കടൽ ഇറമ്പുന്നത് അവൾ കേട്ടുകാണും.
"നടന്നില്ലെങ്കിൽ..." മറുവശത്ത് എന്തോ ആലോചിക്കുന്നുണ്ട്.
"എന്റെ സ്വപ്നങ്ങളെയെല്ലാം ഞാൻ കാറ്റിൽ പറത്തി വിടും.. ദേ.. ഇങ്ങനെ.." നീട്ടിയൂതി..
"അമ്മൂ ഇതൊന്നും തമാശയല്ല."
"തമാശയാണെങ്കിൽ ഇപ്പോഴിങ്ങനെ സംസാരിക്കാൻ ഞാനുണ്ടാവില്ലായിരുന്നു ഹരീ."
അവളുടെ സ്വരം പതിയെ നേർത്തു വന്നു. ഒന്നും പറയാതെ കോൾ ഡിസ്കണക്ട് ആയി. മീരയുടെ കോൾ ഉണ്ടായിരുന്നെന്ന് പറയാനാണ് വിളിച്ചത്. പറയാന്‍ കഴിഞ്ഞില്ല. ഒന്നു കാണണം എന്നു മാത്രമേ മീര പറഞ്ഞുള്ളൂ. പക്ഷേ അതില്‍ തിരിച്ചു വരവിന്റെ സൂചന ഉണ്ടായിരുന്നു.
അവളോട് പറ്റില്ലെന്ന് പറയാന്‍ കഴിയില്ല. പക്ഷേ അമ്മു.
എന്നെ കാണാതെ പറ്റുന്നില്ല എന്നും പറഞ്ഞു മസ്കറ്റില്‍ ഉണ്ടായിരുന്ന നല്ല ജോലി കളഞ്ഞ് കഴിഞ്ഞ ആഴ്ചയാണ് വന്നത്.
പറയാതെ വന്നതില്‍ പരാതി ഒന്നും ഉണ്ടായില്ല. അവൾ ഇതിലും മുന്‍പേ മതിയാക്കി വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. ആന്വല്‍ ലീവിന് പുറമെ എന്നെ കാണാനായി വന്നപ്പോഴെല്ലാം ഒട്ടും ഇഷ്ടം ഇല്ലാതെയാണ് തിരിച്ചു പോയിരുന്നത്.
"അമ്മൂ.."
അവൾ നോക്കില്ല എന്ന് അറിഞ്ഞിട്ടും വിളിച്ചു നോക്കി. ഇങ്ങനെ ഒന്നും പ്രതീക്ഷിച്ചതല്ല. നിറഞ്ഞു വന്ന കണ്ണു തുടക്കാതെ സിഗരറ്റ് എടുത്ത് കത്തിച്ചു.
***** ***** *****
"ഞാന്‍ ഹരിയെ മാത്രമേ കല്യാണം കഴിക്കൂ"
അവൾ അച്ഛനോട് സംസാരിക്കുമ്പോള്‍ ഞാൻ ഉണ്ടായിരുന്നു അരികില്‍. ഈ ആഗ്രഹം അവളുടെ അതേ അളവില്‍ ഉള്ളിലുള്ളതുകൊണ്ട് അവളെ തടഞ്ഞില്ല. അത്രമാത്രം അവൾക്കുറപ്പുണ്ടായിരുന്നു.
അന്നു ഞാനും അങ്ങനെ ആഗ്രഹിച്ചു തുടങ്ങിയിരുന്നു എന്നതാണ് സത്യം. അവളുടെ ആ ഉറപ്പാണ് നാളെ ഇല്ലാതാകാൻ പോകുന്നത്.
കഴിഞ്ഞ ഒന്നര വർഷത്തെ അവളുടെ സ്വപ്നങ്ങളെയാണ് നാളെ ഞാൻ കാറ്റിൽ പറത്തി വിടാൻ പോകുന്നത്. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. മണി ഒന്ന്.
"അമ്മൂ... മീരയെ കാണാന്‍ പോകുന്നുണ്ട്" അവൾ ഓഫ് ലൈന്‍ എന്ന് കണ്ടതുകൊണ്ടാണ് അയച്ചത്. ഉണരുമ്പോള്‍ കണ്ടാൽ മതി എന്ന് വിചാരിച്ചു.
അൽപം കഴിഞ്ഞു മറുപടി വന്നു
"എന്തേ..?"
"നീ ഉറങ്ങിയില്ലേ..?" മറുപടിയില്ല.
"എപ്പോഴാ പോകുന്നെ..?"
"വരുന്ന ഞായറാഴ്ച."
"6 ദിവസം."
"അമ്മൂ... " ഒരു സിഗരറ്റ് കൂടി കത്തിച്ചു. എത്രാമത്തെയാണെന്ന് ഓർമയില്ല. വാച്ചില്‍ നോക്കി. മണി രണ്ടര.
"ഹരീ.. പോസിറ്റിവ് ആണോ..? " ആയിരിക്കും എന്ന് ഉറപ്പുണ്ട്.
"അറിയില്ല അമ്മൂ. പോകാതിരിക്കാന്‍ എനിക്ക് കഴിയില്ല. "
"അതെനിക്കറിയാം."
"അമ്മൂ. ഉറക്കം വരുന്നില്ലേ.?" മറുപടി ഇല്ല.
നോക്കി നില്‍ക്കേ ഓഫ് ലൈന്‍ ആയി. അവളുടെ മനസ് വിങ്ങുന്നുണ്ടാവും. ഉള്ളിലെ കനല്‍ തെളിഞ്ഞു കത്തുകയാണ്.
***** ****** ****** ******
എപ്പോഴാണ് ഉറങ്ങിയത്. ഓർമയില്ല. ഫോണ്‍ എടുത്തു നോക്കി. അമ്മുവിന്റെ പതിവ് കോൾ വന്നില്ല. പകരം മീരയുടെ ഗുഡ് മോണിംഗ് മെസേജ് വന്നിട്ടുണ്ട്. അവള്‍ക്ക് എന്നോടുള്ള പിണക്കം മാറാൻ രണ്ടു വര്‍ഷം എടുത്തു എന്നത് മനസ്സ് ഒട്ടും അംഗീകരിക്കുന്നില്ല. അമ്മുവിന്റെ നമ്പര്‍ ഡയല്‍ ചെയ്തു.
സ്വിച്ച്ഡ് ഓഫ്..!
***** ***** ***** *****
മീരയെ കാത്തിരിക്കുന്നതിനിടയില്‍ പലവട്ടം വിളിച്ചു. എടുത്തില്ല. ഓൺലൈനില്‍ ഉണ്ട്.
"അമ്മൂ."
"പറയൂ."
"ഞാൻ മീരയെ വെയിറ്റ് ചെയ്യുന്നു. "
"അറിയാം. എനിക്ക് ഓര്‍മയുണ്ട്." എന്തു പറയണം എന്നറിയാതെ കുഴഞ്ഞു.
"അമ്മൂ." മറുപടി ഇല്ല.
പകരം ഫോട്ടോ ആണ് വന്നത്. കാലിക്കറ്റ് മസ്കത്ത് ഫ്ലൈറ്റ്ന്റെ ബോര്‍ഡിങ്ങ് പാസ്സ്.
"അമൃത നാരായണൻ" ഹൃദയമിടിപ്പ് കൂടി വന്നു.
ഡിപാർച്ചർ ടൈം ഒന്‍പത് നാല്‍പത്. വാച്ചില്‍ നോക്കി. ഒന്‍പത് ഇരുപത്.
"അമ്മൂ.."
"ഞാൻ പോകുന്നു ഹരീ. ഹരി ഇല്ലാത്ത ഈ നാട് എനിക്ക് വേണ്ട. എനിക്കറിയാം ഇന്ന് എന്ത് സംഭവിക്കുമെന്ന്. ഹരി ഒരു നല്ല മനുഷ്യനാണ്. സ്നേഹിക്കാന്‍ മാത്രം അറിയുന്ന ഒരു പാവം മനുഷ്യന്‍.
കുറെ കാലം കഴിയുമ്പോൾ ഞാൻ വരും. നിങ്ങളെ രണ്ടുപേരെയും കാണാന്‍. ബൈ" നിറഞ്ഞു തുളുമ്പിയ കണ്ണീര് തുടയ്ക്കാന്‍ പാടുപെടുന്നതിനിടെ കണ്ടു റോഡിനപ്പുറം ഓട്ടോയില്‍ നിന്നിറങ്ങുന്ന മീരയെ.