മറുവാദം

Mail This Article
മറുവാദം (കവിത)
ഒരു കരിയിലയിൽ
എരിഞ്ഞടങ്ങുമായിരുന്ന
അഗ്നിനാളമാണ്
കാറ്റിന്റെ തുടർച്ചയായ
പീഡകളിൽ ഭ്രാന്തെടുത്ത്
കാടാകെ ചുട്ടെരിച്ച
കാട്ടുതീ
ഇരുണ്ട നിറത്തിൻ പേരിൽ
പരിഹസിക്കപ്പെട്ട
മേഘങ്ങളുടെ കണ്ണീര് കണ്ട്
ലോകത്തോടുള്ള
ആകാശത്തിന്റെ
പരുഷമായ വിരട്ടലാണ്
ഇടിമിന്നൽ
കടൽകയറ്റം ,
കരയെ ഇനിമേൽ
തൊട്ടുപോകരുതെന്ന്
ചൊല്ലി
മുന്നിൽ നിരന്നുനിന്ന
കരിങ്കൽകൂട്ടങ്ങളെ
മറികടന്നുള്ള
കടലിന്റെ ആലിംഗനമാണ്
ഭൂമിയുടെ വസ്ത്രമായ
പച്ചക്കാടുകളെ
ബലമായുരിഞ്ഞ
ധാർഷ്ട്യത്തിൻ നേർക്കുള്ള
കോപത്താൽ വിറയാർന്ന
പ്രതികരണമാണ്
ഭൂമികുലുക്കം
ചുഴലിക്കാറ്റെന്ന്
അറിയപ്പെടുന്നത്
നാടെങ്ങും നടമാടുന്ന
ഹിംസകളിൽ
അരിശംപൂണ്ട്
കാറ്റ് കെട്ടിയാടിയ
രുദ്രരൂപിയായ
തെയ്യക്കോലമാണ്
പുഴയ്ക്ക്
കൂടുതൽ പ്രിയമാരെയെന്ന
ഇരുകരകളുടെ
നിലയ്ക്കാത്ത തർക്കം കണ്ട്
രണ്ട് വശത്തേക്കും
പുഴ ഒഴുകി പരന്നതിന്റെ
പേരാണ് പ്രളയം.