ADVERTISEMENT

സൗകര്യമുള്ള വീട് തേടി അലഞ്ഞപ്പോഴാണ് ആൾപാർപ്പില്ലാത്ത സിമന്റ് കട്ടകൾകൊണ്ട് മതിലുകൾ തീർത്ത വലിയ ഇരുമ്പ്ഗേറ്റോട് കൂടിയതുമായ ഒരു ഇരുനില മാളിക വീട് സ്നേഹിതനായ രാമൻനായർ കാണിച്ച് തന്നത്. പറഞ്ഞറിയിക്കാൻ പറ്റാത്ത ആശ്വാസത്തോടെ രാമൻനായരോട് നന്ദിപറഞ്ഞു. ടാറിട്ട റോഡിൽ നിന്ന് വീതികുറഞ്ഞ ചെമ്മൺപാത ചെന്നെത്തുന്നത് വീടിന്റെ മുമ്പിലായിരുന്നു. പാതക്കിരുവശവും വെള്ളക്കെട്ടിൽ, നിറഞ്ഞുനിൽക്കുന്ന ചേമ്പിലയും പാഴ് പൊന്തകളും ചെമ്മൺ പാതയിലേക്ക് ഒളിഞ്ഞു നോക്കുന്നുണ്ടായിരുന്നു. വെള്ളക്കെട്ടിൽ തവളാട്ടകളും പരൽ മീനുകളും അവയുടെ സാന്നിധ്യം വിളിച്ചറിയിച്ച് കാട്ടുപൊന്തകൾക്കിടയിലൂടെ ഊളിയിട്ട് നീന്തിത്തുടിച്ചു. മതിൽക്കെട്ടിനു പുറത്ത് നീണ്ടുകിടക്കുന്ന വെളി പ്രദേശം മഴക്കാലത്ത് നിറഞ്ഞുനിന്ന വെള്ളക്കെട്ടിന്റെ ബാക്കിപത്രമായി നിന്നിരുന്നു. കാടുപിടിച്ച ഈ പ്രദേശത്ത് കുറുക്കന്മാർ ദിഗന്തങ്ങൾ ഭേദിക്കുമാറ് ഉച്ചത്തിൽ ഓരിയിടുന്നത് വീടിന്റെ തെക്കിനിയിലുള്ള ജനാലയിലൂടെ നേരിയ നിലാ വെളിച്ചത്തിൽ പേടിപ്പെടുത്തുന്ന കാഴ്ച്ചയായിരുന്നു.

വീടിന്റെ പിൻവശത്ത് ചെളിനിറഞ്ഞ ഇടം. കാട്ടുവള്ളികൾ ഇണചേർന്ന് കാട്ടുപൂക്കളും കരിയിലകളും വീണ് ജീർണ്ണിച്ച ഭാഗങ്ങൾ ഭാര്യയുടെ ആവശ്യപ്രകാരമായിരുന്നു വെട്ടിത്തെളിക്കാൻ തുടങ്ങിയത്. അല്ലെങ്കിലും അവൾക്ക് കാടിനെ പേടിയായിരുന്നല്ലോ. "ദേ, പാമ്പ് ഉണ്ടാവും ട്ടോ.. നിങ്ങൾ അവിടേക്ക് പോവണ്ട". അവൾ പേടിയോടെ വിളിച്ചുപറഞ്ഞു. അവളുടെ സ്വപ്നങ്ങളിൽ പാമ്പുകൾ നിറഞ്ഞാടുന്നത് രാത്രി ഉറക്കത്തിൽ പേടിയോടെ മന്ത്രിക്കുന്നത് ഞാൻ കേൾക്കാറുണ്ടായിരുന്നു. "ഇവിടെ ഒന്നുമില്ല നീ ഒന്ന് മിണ്ടാതിരി" - ഭാര്യക്ക് നേരെ തിരിഞ്ഞ് ആശ്വസിപ്പിച്ചു. ചെറു ജോലികൾ ചെയ്തു സഹായിച്ച മക്കളോട് അവൾ ഉറക്കെ കയർത്തു "നിർത്തി പോരുന്നുണ്ടോ... ഒരു ജോലിക്കാരനെ വെച്ച് ഇതെല്ലാം പിന്നീട് വൃത്തിയാക്കാം". അവളുടെ വാക്കുകളിൽ ഈർഷ്യത നിറഞ്ഞു നിന്നിരുന്നു.

അവളുടെ വാക്കുകൾ എന്നിൽ നീരസം ഉള്ളവാക്കി നെറ്റിത്തടം വികൃതമായി ചുളിഞ്ഞു, ഇത് കണ്ടിട്ടാവണം അവൾ ഒരു നെടുവീർപ്പോടെ തിരിഞ്ഞു നടന്നത്. അവളുടെ മുമ്പിൽ അടുക്കള ജോലികൾ ബാക്കി വെച്ചത് ചെയ്തു തീർക്കാനുള്ള വ്യഗ്രത ഞാൻ കണ്ടു. കാട്ടു ചെടികളിൽ നിന്നും കൊഴിഞ്ഞുവീണ കരിയിലകൾക്കിടയിൽ മണ്ണിരകൾ സാമ്രാജ്യം തീർത്തിരുന്നു, ചെളിനിറഞ്ഞ മണ്ണിൽ ആഞ്ഞുവെട്ടി കാട്ടുചെടികളുടെ വേരുകൾ മണ്ണിന്റെ മാറിൽ നിന്നും അറുത്തെടുക്കുമ്പോൾ രൂക്ഷമായ ചേറിന്റെ ഗന്ധം പുറത്തേക്ക് വീശി. കിളച്ചുമറിച്ച മണ്ണിന്റെ അകത്തുനിന്നും ജീവന്റെ തുടിപ്പുമായി ചെറു ജീവികളും നീണ്ടു തടിച്ച കൊഴുപ്പാർന്ന മണ്ണിരകളും പുറത്തേക്ക് ചാടി...

മണ്ണിനെ വീണ്ടും ആഞ്ഞുവെട്ടിയപ്പോഴാണ് ആഴത്തിൽ കുഴിച്ചു മൂടിയ ഒരു നന്നങ്ങാടി പുറത്തു കണ്ടത്. നന്നങ്ങാടിയുടെ ചുറ്റുമുള്ള മണ്ണ് ഇളക്കിമാറ്റി കേടുകൂടാതെ വളരെ പണിപ്പെട്ട് പുറത്തെടുത്തു. "ദേ... വേണ്ടട്ടോ... അതിലൊന്നും തൊടണ്ട" അടുക്കളയിൽനിന്നും ഓടിവന്ന് ഭാര്യ വിലക്കി. അവളുടെ വാക്കുകളെ വകവയ്ക്കാതെ നന്നങ്ങാടിക്കുള്ളിലെ ചരിത്രാവശിഷ്ടങ്ങളെ ഞാൻ തിരഞ്ഞു. ഭാര്യയും മക്കളും കുറച്ചകലെ പേടിയോടെ ഇതിനെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. നന്നങ്ങാടിക്കുള്ളിൽ നിന്നും പരതിയെടുത്ത ദ്രവിച്ച ഒരു തലയോടും കുറച്ച് അസ്ഥികഷ്ണങ്ങളുമായിരുന്നു അവരുടെ ഭയത്തിന് മൂർച്ച കൂട്ടിയത്. നൂറ്റാണ്ടുകൾക്കുമുമ്പ് കാലം അതിന്റെ പരിണാമ ചക്രം പൂർത്തീകരിച്ചിട്ടും ജീവന്റെ തുടിപ്പ് വിട്ടുപിരിയാത്ത മനുഷ്യക്കോലങ്ങളെ മരണം തിരിഞ്ഞുനോക്കാതെ അറച്ചു നിൽക്കുമ്പോൾ നന്നങ്ങാടിയിൽ ജീവനോടെ കുഴിച്ചുമൂടി മരണത്തിന് കാഴ്ചവച്ച ഏതോ തലമുറക്കാരുടെ ചരിത്രാവശിഷ്ടത്തെ എല്ലിൻ കഷ്ണങ്ങൾ ഓർമ്മപ്പെടുത്തുന്നുണ്ടായിരുന്നു. ഒരു ചരിത്ര ഗവേഷകന്റെ വേഷം കെട്ടാൻ പ്രചോദനം തന്നതും ഈ എല്ലിൻകഷണങ്ങളായിരുന്നു. 

ഒരു പ്രേതാത്മാവിനെ കാണുന്ന വെറുപ്പോടെയാണ് ഭാര്യ എല്ലിൻ കഷണങ്ങളെ നോക്കിക്കണ്ടത്. അവളുടെ മുഖം വികൃതമാകുന്നതും കൺപുരികങ്ങൾ ദേഷ്യം കൊണ്ട് ചെറുതാകുന്നതും ഞാൻ കാണുന്നുണ്ടായിരുന്നു. അവളുടെ വിലക്കുകളെ വകവയ്ക്കാതെ തലമുറയിൽ നിന്നും തലമുറയിലേക്കു ഞാൻ ഊളിയിട്ടു. ചിതലരിച്ച പുസ്തകത്താളിൽ കാരണവന്മാർ എഴുതിവെച്ച മഷി കലങ്ങിയ വരികളിലൂടെ എന്റെ ചിന്തകൾ ഒഴുകിനടന്നു. ഈ ഒഴുക്കിലൂടെ ചെന്നെത്തിയത് മാറാല പിടിച്ച അകത്തളങ്ങളിലെ ഇരുമ്പ് പെട്ടിക്കുള്ളിൽ വെളിച്ചത്തിന്റെ കണികയും തേടി തപസ്സിരിക്കുന്ന താളിയോലകൾക്കുള്ളിലായിരുന്നു. താളിയോലക്കുള്ളിലെ ചരിത്രാവശിഷ്ടങ്ങൾ തോണ്ടിയെടുത്ത് ഓരോന്നായി തിരഞ്ഞിട്ടും വാലറ്റം കാണാതെ ഞാൻ തളർന്നു. അന്വേഷണങ്ങൾക്ക് ഇടയിൽ കാലചക്രം തിരിയുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നില്ല. നന്നങ്ങാടിക്കുള്ളിലെ തലയോട്ടിയും എല്ലിൻ കഷ്ണങ്ങളും കാലത്തിന്റെ ജീർണത അതിന്റെ കരവിരുത് പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. അപ്പോഴും നന്നങ്ങാടി കേടുകൂടാതെ കാത്തുസൂക്ഷിക്കാൻ ഞാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഉറക്കം നഷ്ടപ്പെട്ട പല രാത്രികളിലും എല്ലിൻ കഷണങ്ങൾ ഒരു ശല്യക്കാരനായി മുമ്പിൽ നൃത്തമാടി. എല്ലിൻ കഷണങ്ങളെ ശപിച് ഉറക്കം നഷ്ടപ്പെട്ട് കട്ടിലിലിരുന്നു.

കുപ്പായക്കീശക്കുള്ളിലെ ഇരുട്ടിൽ നിന്നും ബീഡി തപ്പിയെടുത്ത് ചുണ്ടിൽ തിരുകി. എരിയുന്ന ചെറു ബീഡിക്കുള്ളിൽ നിന്നും പുകച്ചുരുളുകൾ മനസ്സിന്റെ അകകോണിൽ തട്ടിത്തെറിച്ച് വൃത്താകൃതിയിൽ മുറിക്കുള്ളിൽ ചിത്രം വരച്ചു. ജീവിത പ്രാരാബ്ദങ്ങളെ മുഴുവനും ഇറക്കിവെച്ച് എല്ലാം മറന്ന് ഉറങ്ങുന്ന ഭാര്യയോട് അസൂയതോന്നി. ഉറക്കത്തിൽ അവളുടെ നെഞ്ചുംകൂട് ഉയർന്നു താഴുന്നതും നോക്കി വെറുതെ ഇരുന്നു. തൊണ്ടക്കുഴിയിൽ വെള്ളത്തിനായുള്ള നീറ്റൽ പുറത്തുചാടിയപ്പോഴാണ് മെല്ലെ കാലുകൊണ്ട് അവളെ തട്ടി ഉണർത്തിയത്. ഉറക്കത്തിൽ കണ്ണുതുറന്ന് അവൾ മിഴിച്ചുനോക്കി. അവളുടെ മുഖത്ത് ഉരുണ്ടുകൂടിയ ഭയം ഒരു ചെറു കണികയായി തന്റെ മേൽ പതിക്കുന്നത് അറിയുന്നുണ്ടായിരുന്നു. "കുടിക്കാൻ കുറച്ചു വെള്ളം" ഞാൻ മുരണ്ടു. ഉറക്കം നഷ്ടപ്പെടുത്തിയ വെറുപ്പിൽ എന്തെല്ലാമോ പിറുപിറുത്ത് ഇളകിയാടിയ അടുക്കളവാതിൽ ശബ്ദത്തോടെ വലിച്ചുതുറന്ന് അടുപ്പിന് മീതെയുള്ള മൺകലത്തിൽ നിന്നും ജീരകവെള്ളം ഗ്ലാസിലേക്ക് ഒഴിച്ച് മുഖത്തേക്ക് നീട്ടി. ഈ മനുഷ്യന് എന്തുപറ്റി ചിലപ്പോൾ അവൾ ഇങ്ങനെ ചിന്തിക്കുന്നുണ്ടായിരിക്കും എന്ന് മനസ്സിൽ കരുതി വെള്ളം മെല്ലെ തൊണ്ടയിലേക്ക് കമിഴ്ത്തി. ഞാനെന്തു പറഞ്ഞാലും അതിൽ കുറ്റം കാണുക എന്നത് അവളുടെ ശീലമായതുകൊണ്ട് ഒന്നും കാര്യമാക്കാതെ വീണ്ടും ചരിത്ര ഗവേഷണത്തിന് ആവേശത്തോടെ തന്റെ കണ്ടെത്തലുകൾക്കായി ചികഞ്ഞു നടന്നു.

രാത്രിയുടെ അന്ത്യയാമത്തിൽ എപ്പോഴോ ഗാഢ നിദ്ര ബോധമനസ്സിനെ വിഴുങ്ങുന്നത് ഞാനറിഞ്ഞിരുന്നില്ല. ആദ്യം കണ്ടത് ഒരു ചെറുപ്രകാശമായിരുന്നു. നന്നങ്ങാടിക്കുള്ളിലെ കട്ടപിടിച്ച ഇരുട്ടിൽ നിന്നും ഒരു പ്രകാശം ചിറകുവച്ച് ആൾരൂപമായി രൂപം പ്രാപിച്ചത് പെട്ടെന്നായിരുന്നു. ആൾ രൂപത്തിന്റെ തലഭാഗത്ത് ദ്രവിച്ച തലയോട്ടിയാണ് കണ്ടത്. ശരീരത്തിൽ അസ്ഥിക്കഷ്ണങ്ങൾ തൂങ്ങി കിടക്കുന്നുണ്ടായിരുന്നു. വിറക്കുന്ന ശരീരത്തോടെ തന്റെ നേർക്ക് നടന്നടുക്കുന്ന തലയോട്ടിയെ പേടിയോടെ നോക്കിക്കണ്ടു. എന്തെല്ലാമോ വിളിച്ചുപറയാൻ തലയോട്ടി ശ്രമിക്കുന്നതായി എനിക്ക് തോന്നി. ചിലപ്പോൾ എന്റെ കണ്ടെത്തലുകളിൽ കളഞ്ഞുപോയ ചരിത്രാവശിഷ്ടത്തെ ഓർമ്മപ്പെടുത്തുകയാവുമോ. നൂറ്റാണ്ടുകൾക്കുമുമ്പ് ചരിത്രാവിഷ്ടമായ തലയോട്ടി സ്വന്തം ജീവിതകഥ പറയാൻ ശ്രമിക്കുന്നതാകുമോ! ഒരക്ഷരം പോലും ഉരിയിടാൻ പറ്റാതെ തളർന്ന് തലയോട്ടി കുറച്ചു സമയം എന്നെ തന്നെ തുറിച്ചുനോക്കി. പ്രതീക്ഷിക്കാതെയാണ് തലയോട്ടി ആക്രമിച്ചത്. ഞാൻ ആർത്തു കരഞ്ഞു. പേടികൊണ്ട് സിരകളിലൂടെ രക്തം ഇരമ്പിപ്പാഞ്ഞു .

"പോ... ദൂരെ പോ... നീആരാണ്" ഞാൻ ഉറക്കെ അലറി. എന്റെ വാക്കുകൾക്ക് വില കൽപ്പിക്കാതെ തലയോട്ടി എന്റെ കഴുത്തിലെ ഞരമ്പിൽ കടിച്ചുതൂങ്ങി. രക്തത്തിന് വേണ്ടിയുള്ള ആർത്തി തലയോട്ടിയിൽ ഞാൻ കാണുന്നുണ്ടായിരുന്നു. സർവ്വശക്തിയുമുപയോഗിച്ച് തലയോട്ടിയെ പറിച്ചെടുത്ത് ഞാൻ ദൂരെയെറിഞ്ഞു. അപ്പോഴും എന്തെല്ലാമോ വിളിച്ചു പറയാൻ ശ്രമിച്ച് എന്റെ നേരെ ചീറി അടുക്കുന്നുണ്ടായിരുന്നു. ഇതിൽ നിന്നും രക്ഷതേടി ഞാൻ ഇറങ്ങിയോടി. തിരിഞ്ഞുനോക്കാൻ പേടിയായിരുന്നു. ഉറക്കം നഷ്ടപ്പെട്ട ഭാര്യയും മക്കളും എന്നെ പിടിച്ചു നിർത്തിയപ്പോഴാണ് സ്ഥലകാല ബോധം തിരിച്ചുകിട്ടിയത്. ഞാൻ ചുറ്റും നോക്കി എന്നെ ഭയപ്പെടുത്തിയ തലയോട്ടി എവിടെ? മനസ്സിന്റെ ഉള്ളറകളിൽ ഭയത്തിന്റെ കണികകൾ എരിയുന്നത് ഞാനറിഞ്ഞു. ഭാര്യയുടെ ആശ്വാസ വാക്കുകൾക്കൊപ്പം നടന്ന് കിടപ്പുമുറിക്കുള്ളിൽ തിരിച്ചു കയറി വാതിൽ ചേർത്തടച്ചു. ഇരുട്ടുമുറിയിലെ നേരിയ ചിമ്മിനി വെളിച്ചത്തിൽ പരുങ്ങലോടെ ഞാൻ ഭാര്യയെ നോക്കി. അവളുടെ കണ്ണുകൾ അമ്പരപ്പ് കാട്ടുന്നുണ്ടായിരുന്നു. ചിറകുകൾ വീശി വീണ്ടും തലയോട്ടി വരുന്നുണ്ടോ എന്ന് ഭീതിയോടെ ഞാൻ നാലുപാടും നോക്കി.

"എന്തുപറ്റി നിങ്ങൾക്ക്?" അവൾ പേടിയോടെ ചോദിച്ചു. "ഏയ് ഒന്നുമില്ല.. സ്വപ്നം കണ്ട് പേടിച്ചതാ" ശരീരത്തിനകത്ത് ഒളിച്ചിരിക്കുന്ന ഭയത്തെ പുറത്തുകാണിക്കാതെ മെല്ലെ ഞാൻ മന്ത്രിച്ചു. പെട്ടെന്നാണ് ചിറകുകൾ വീശി പ്രകാശ രൂപം അവളുടെ മുമ്പിൽ കയറി നിന്നത്. അവളുടെ മുഖത്തിന് പകരം ദ്രവിച്ച തലയോട്ടിയാണ് കണ്ടത്. പിശാചു ബാധിച്ചവനെപ്പോലെ ചാടിയെണീറ്റ്, തന്നെ തുറിച്ചു നോക്കുന്ന തലയോട്ടിയെ ആഞ്ഞുചവിട്ടി. അതിന്റെ ആഘാതത്തിൽ അവൾ പുറകോട്ടു മറിഞ്ഞു വീണു. അവൾ നിലത്തു വീണ് പേടിയോടെ കരഞ്ഞു. അപ്പോഴും അവളുടെ മുഖത്തിന് പകരം തലയോട്ടി എന്നെ ആക്രമിക്കാനുള്ള ഒരുക്കം കൂട്ടുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു. ഞാൻ ചുറ്റും നോക്കി. മൂലക്കിരിക്കുന്ന കൊടുവാളാണ് കിട്ടിയത്. പിന്നെ കാത്തുനിന്നില്ല, ആഞ്ഞുവെട്ടി. തലയോട്ടി രണ്ടായി പിളർന്നത് ഞാൻ കണ്ടു. ചോരയൊലിക്കുന്ന അവളെ കണ്ടില്ല. പിളർന്നുവീണ തലയോട്ടി വാരിയെടുത്ത് ഉറക്കെ ചിരിച്ചു. വാതിൽപ്പാളികൾ വലിച്ചു തുറന്ന് കത്തിവലിച്ചെറിഞ്ഞ് കട്ടപിടിച്ച ഇരുട്ടിലൂടെ ഇറങ്ങിയോടി.

രക്തബന്ധത്തിന്റ പേരിൽ അവൾക്ക് കൂട്ടായി വന്നവർ എന്നെ പിടിച്ചുകെട്ടിയത് എന്തിനാണ്? എന്റെ ഗവേഷണങ്ങൾക്ക് എന്തിനാണ് ഇവർ വിലക്ക് ഏർപ്പെടുത്തിയത്? ചന്ദനത്തിരികളുടെയും കുന്തിരിക്കത്തിന്റെയും ഗന്ധം നിറഞ്ഞ ഇരുണ്ട മുറിക്കുള്ളിൽ മന്ത്രോച്ചാരണങ്ങൾ ഉരുവിടുന്ന ആൾദൈവം എന്തിനാണ് എന്നെ വരിഞ്ഞു കെട്ടി ആഞ്ഞടിക്കുന്നത്? നന്നങ്ങാടിക്കുള്ളിലെ ബാധ കയറി എന്ന വിശ്വാസത്തിൽ തന്റെ ശരീരത്തെ വിറ്റു കാശാക്കുന്ന ആൾദൈവത്തെ ഞാൻ കാർക്കിച്ചു തുപ്പി. നൂറ്റാണ്ടുകൾക്കുമുമ്പ് എരിഞ്ഞമർന്ന എല്ലിൻ കഷ്ണങ്ങളെ അടുത്തറിയാനുള്ള ആഗ്രഹങ്ങളെ പിഴുതെറിയാൻ ഇവർക്ക് ആവില്ലാ എന്നറിയാതെ തന്റെ ശരീരത്തിൽ ശിക്ഷ വിധിക്കുന്നവരെ പുച്ഛത്തോടെ ഞാൻ നോക്കി. പുകയുന്ന പുകച്ചുരുൾ നിറഞ്ഞ മുറിക്കുള്ളിൽ ആൾ ദൈവത്തിനു മുമ്പിൽ കർമ്മങ്ങൾക്ക് വേണ്ടി ഒരു കോലത്തിനെ പോലെ അവർ എന്നെ പിടിച്ചിരുത്തി. "ഇറങ്ങിപ്പോ" ആൾദൈവം അലറി. "ഇറങ്ങിപ്പോകാനാ പറഞ്ഞത്" ആൾ ദൈവത്തിന്റെ മട്ട് മാറാൻ തുടങ്ങുന്നത് നിസ്സഹായനായി ഞാൻ കണ്ടു. വായുവിലൂടെ ചൂരൽ പുളഞ്ഞു.. "പോ.. പോകാനാ പറഞ്ഞത്.." ആൾ ദൈവത്തിന്റെ അലർച്ച ഇരുണ്ട മുറിക്കുള്ളിൽ ശ്വാസം മുട്ടി വാതിൽ പാളികളിലൂടെ പുറത്തേക്കു ചാടി. എന്നെ പിടിച്ച ബാധയോടാണ് അവർ സംസാരിക്കുന്നതും ആജ്ഞാപിക്കുന്നതും. വിഡ്ഢികളായ ഒരുപറ്റം മനുഷ്യക്കോലങ്ങളെ നോക്കി ഞാൻ ചിരിച്ചു. പൊട്ടിപ്പൊട്ടിച്ചിരിച്ചു. എപ്പോഴാണ് അവർ തോറ്റുമടങ്ങിയത് എന്നറിയില്ല. മുറിക്കുള്ളിലെ മരബെഞ്ചിൽ കാലുകളിൽ ചങ്ങലക്കണ്ണികൾ കൂട്ടിയിണക്കിയാണ് അവസാനം അവരെന്നെ തളച്ചത്. അപ്പോഴും നന്നങ്ങാടിയും അതിനുള്ളിലെ എല്ലിൻ കഷ്ണങ്ങളേയും ഞാൻ വിടാതെ കൂട്ടിപ്പിടിച്ചിരുന്നു.

ഇരുണ്ട മുറിയുടെ വാതിൽപ്പാളികൾ കൊട്ടിയടച്ച്, തുരുമ്പുപിടിച്ച ഓടാമ്പലുകൾ പിച്ചള താഴ് കൊണ്ട് പൂട്ടി. കാലം അതിന്റെ നഖങ്ങൾകൊണ്ട് കോറിയ അഴികൾ ഇളകിയാടിയ ചെറിയ ജനവാതിലുകൾക്കിടയിലൂടെ മാത്രം ഞാൻ ലോകത്തെ നോക്കിക്കണ്ടു. കാലം ഇരുണ്ട മുറിക്കുള്ളിലേക്ക് ജനാല പഴുതിലൂടെ ഒളിഞ്ഞുനോക്കി ഭയത്തോടെ മാറിനിന്നു. മക്കളിൽനിന്നും പേര മക്കളിലേക്കും പേര മക്കളിൽനിന്ന് ചെറു മക്കളിലേക്കും കാലം ജീവിതത്തെ കൂട്ടിക്കൊണ്ടു പോകുന്നതിനിടയിൽ ചങ്ങലക്കണ്ണികൾ മുറുകി വൃണമായി പൊട്ടിയൊലിക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നില്ല. ഇരുട്ടറക്കുള്ളിൽ അപ്പോഴും എന്റെ അന്വേഷണം എങ്ങുമെത്തിയിരുന്നില്ല. സന്താന പരമ്പരകൾക്ക് ഇത് അസഹ്യമായി തോന്നിയിരിക്കാം. പുഴുവരിക്കുന്ന വ്രണങ്ങളിൽ നിന്നുയരുന്ന അസഹ്യമായ ചീഞ്ഞ മാംസഗന്ധം മുറികളിലൂടെ ചുറ്റിത്തിരിഞ്ഞ് വീടിന്റെ അകത്തളങ്ങളിലൂടെ ഒഴുകുന്നത് ചന്ദനത്തിരികളും സുഗന്ധ ലേപനങ്ങളും തടഞ്ഞു നിർത്താൻ പാടുപെടുന്നുണ്ടായിരുന്നു. പുതിയ തലമുറയുടെ മുറുമുറുപ്പ് ജനൽ പാളികൾക്കുള്ളിലൂടെ തന്നെ തേടുന്നത് ഇരുട്ടിലൂടെ ഞാനറിഞ്ഞു. ഇതൊന്നും കാര്യമാക്കാതെ ഗവേഷണങ്ങളിൽ ജീവിതത്തെ മുഴുവനായി ഞാൻ തളച്ചിട്ടു.

കാലത്തിന്റെ പുസ്തകത്താളുകൾ മാറി മറിഞ്ഞ് വേനൽ ചൂടിനെ പിറകോട്ട് തള്ളി വർഷക്കാലത്തിലേക്കുള്ള യാത്ര തുടങ്ങിയ ഒരു മഴയുള്ള ദിവസം, പുറത്ത് നല്ല മഴയും കൊള്ളിയാൻ മിന്നലും ഇടയ്ക്ക് ഇരുട്ടിലൂടെ മുറിക്കുള്ളിലേക്ക് ഓടിക്കയറി. ആഞ്ഞുവീശുന്ന കാറ്റിൽ മരച്ചില്ലകൾ ഇളകിയാടി പേടിപ്പിക്കുന്ന ശബ്ദങ്ങൾ കേൾപ്പിക്കുന്നുണ്ടായിരുന്നു. കാറ്റിന്റെ ശബ്ദങ്ങളെ വകഞ്ഞു മാറ്റിയാണ് കൊട്ടിയടച്ച് വാതിൽ പാളിയുടെ ഓടാമ്പലിന്റെ കരച്ചിൽ കേട്ടത്. തുരുമ്പിച്ച ഓടാമ്പൽ ആർത്ത് കരയുന്നത് പോലെയുള്ള ശബ്ദം ഇരുട്ടിനെ കീറിമുറിച്ച് അകത്തേക്ക് കടന്നു വരുന്നത് ഞാനറിഞ്ഞു. വാതിൽ പാളികൾ മെല്ലെ തുറക്കുന്ന ശബ്ദം കേൾക്കുന്നുണ്ട്. ആരൊക്കെയോ മുറിക്കുള്ളിലേക്ക് കയറുകയാണ്. "എന്തൊക്കെ കാണും ഇതിനകത്ത് " പേര മകന്റെ ശബ്ദം ഞാൻ തിരിച്ചറിഞ്ഞു. "നന്നങ്ങാടിക്കുള്ളിലെ പിശാച്" ചെറുമകൻ പിന്നോട്ട് നിന്ന് പറഞ്ഞു. "ഏയ് ഒന്നുമില്ല നിങ്ങൾ വരിൻ നമുക്ക് പണിനോക്കാം" കൂട്ടത്തിൽ ധൈര്യമുള്ളവന്റെ മറുപടി. പുറത്ത് അലറി പൊട്ടുന്ന ഇടിമിന്നൽ മാളിക വീടിനെ വിറപ്പിച്ചു. കാറ്റ് ആഞ്ഞു വീശി പറമ്പിലെ മരക്കൊമ്പുകൾ ഭീകര ശബ്ദത്തോടെ ഒടിഞ്ഞുവീണു. "പേടിയാവുന്നു" പേരമകന്റെ വാക്കുകൾ കരച്ചിലായി. "പേടിക്കാതിരിക്കൂ.... നമ്മൾ കുറെ പേരില്ലേ" അതിൽ ഒരു ധൈര്യശാലിയുടെ ഉറച്ച ശബ്ദം.

ഞാൻ പേടിയോടെ കണ്ണുകൾ തുറന്നു. അരുതാത്തതെന്തോ സംഭവിക്കാൻ പോകുന്നുണ്ട്. മരണംപോലും എത്തിനോക്കാൻ മടിക്കുന്ന ഇരുട്ടറക്കുള്ളിൽ എന്തിനാണ് തലമുറയിലെ കണ്ണികൾ കടന്നുവന്നത്?! രക്ത ബന്ധത്തിലൂടെ ഒഴുകിയെത്തിയ മുലപ്പാലിന്റെ ഗന്ധം മുറിക്കുള്ളിൽ നിറയുന്നുണ്ടായിരുന്നു. എന്റെ മക്കൾ എന്റെ ചെറുമക്കൾ. കാലം എന്റെ മുമ്പിൽ ഇത്രയും ഒളിച്ചുകളിച്ചോ? എന്റെ തലമുറയെ ഒന്ന് കാണാൻ കണ്ണുകൾ മലർക്കെ തുറന്നു ഇരുട്ടിലൂടെ ഞാൻ തുറിച്ചുനോക്കി. പക്ഷേ എന്റെ ശ്രമങ്ങളെ ഇരുട്ട് തട്ടിമാറ്റി. "മക്കളെ.." ഞാൻ ഉറക്കെ വിളിച്ചു, ആരും വിളി കേട്ടില്ല. "എന്റെ മക്കളെ...." ശബ്ദം ഇടറിയിരുന്നു. മറുപടിയായി നടന്നുവരുന്ന കാലടി ശബ്ദങ്ങൾ മാത്രമാണ് ഞാൻ കേട്ടത്. ഇരുട്ടിലൂടെ നടന്നു വന്ന ആരോ എന്നെ വാരിയെടുക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. അവരുടെ വിയർപ്പിന്റെ ഗന്ധം ചീഞ്ഞ മാംസത്തിന്റെ ദുർഗന്ധത്തെ വകഞ്ഞുമാറ്റി എന്നിലേക്ക് കടന്നു വന്നു. അവരിലൊരുവൻ ചങ്ങലക്കണ്ണികൾ നീർകെട്ടി വീർത്ത പച്ചമാംസത്തിന്റെ ഉള്ളിൽ നിന്നും അടർത്തിയെടുത്തു. പുഴുവരിക്കുന്ന മാംസ തുണ്ടുകൾ ചങ്ങലക്കണ്ണികൾക്കൊപ്പം അടർന്നു ചാടി. അവരെ തടഞ്ഞു നിർത്താൻ എനിക്കാവുമായിരുന്നില്ല. അപ്പോഴേക്കും ഒരാൾ കാലുകൾ ബലമായി കൂട്ടി പിടിച്ചിരുന്നു.

"മക്കളെ അരുത്.." അരുത്.." ഞാൻ അലറിക്കരഞ്ഞു. ശബ്ദം പുറത്തേക്ക് ചാടിയില്ല. ചെറുമകന്റെ കൈകൾ അപ്പോഴേക്കും നാവിനെ വരിഞ്ഞു കെട്ടിയിരുന്നു. കാലത്തിനും മരണത്തിനും പുതുതലമുറയ്ക്കും വേണ്ടാത്ത എന്നെ മൂലക്കിരിക്കുന്ന നന്നങ്ങാടിയിലേക്ക് അവർ തള്ളിയിറക്കി. മരണത്തിന് കാഴ്ച്ച വെക്കാൻ വെളിമ്പ്രദേശത്ത് കാട്ടുചെടികൾ നിറഞ്ഞ സർപ്പങ്ങൾ ഇണചേർന്ന് തളർന്ന ചെളിമണ്ണിൽ നന്നങ്ങാടി കുഴിച്ചുമൂടി. വരുന്ന തലമുറയിൽ ഒരു ചരിത്ര ഗവേഷകന്റെ വേഷം കെട്ടി വരുന്ന ഒരു പിന്തുടർച്ചക്കാരൻ എന്റെ തലയോട്ടിയും എല്ലിൻ കഷണങ്ങളും തേടി വരുന്നതും കാത്ത് വെളിമ്പ്രദേശത്തെ മണ്ണിനടിയിലെ നന്നങ്ങാടിയിൽ ചുരുണ്ട് കിടന്നു. ഗവേഷകന്റെ വേഷം അഴിച്ചെറിഞ്ഞ് മരണത്തിന്റെ കാലൊച്ചകൾക്കായി ഞാൻ കാതോർത്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com