ADVERTISEMENT

പടച്ചോനാണേ, തോമസേ നിന്നെപോലുള്ള കള്ള പരിഷയുമായി എനിക്കിനി യാതൊരു ബന്ധവും ഇല്ല, ഇനി നീ എന്നെ കാണുവാനോ, എന്റെ വീട്ടുകാരുമായോ, എന്റെ കുഞ്ഞുങ്ങളുമായോ യാതൊരു സഹകരണമോ നിനക്കും, നിന്റെ കുടുംബത്തിനും പാടില്ല. അലവി നിന്ന് തിളക്കുകയാണ്.. പോടാ കള്ള ഹിമാറെ എനിക്കുമില്ല നിന്നോടിനി യാതൊരു ബന്ധവും ഇനി നീ എന്റെ മുഖത്തു പോലും നോക്കരുത്, തോമസും വിട്ടുകൊടുക്കുന്നില്ല, ഭാസ്കരേട്ടന്റെ ചായക്കടയിൽ ഇരുന്നവർ പരസ്പരം നോക്കി. ഇവർക്കിതെന്നാപറ്റി പരസ്പരം ജീവൻ കൊടുക്കാൻ നിന്ന സുഹൃത്തുക്കൾ ആണല്ലോ... തോമസും, അലവിയും ആത്മാർഥ സുഹൃത്തുക്കൾ ആണ്. രണ്ടുപേരും സമപ്രായക്കാരും അയൽക്കാരും ചെറുപ്പം മുതൽ ഒന്നിച്ചുണ്ടും, ഉറങ്ങിയും വളർന്നുവന്നവരാണ്. ജോലിക്കു പോകുമ്പോൾ അല്ലാതെ അവരെ ഒറ്റയ്ക്ക് നാട്ടുകാർ ആരും വെളിയിൽ കണ്ടിട്ടില്ല ഇതുവരെ. ഇവരുടെ ഇപ്പോഴും ഉള്ള ഈ സ്നേഹം കണ്ടിട്ട് നാട്ടിലെ ചില അസൂയാലുക്കൾ പറഞ്ഞു പരത്തി അലവിയുടെ മോനെ തോമസിന്റെ മോളെ കൊണ്ട് കെട്ടിക്കുമായിരിക്കുമെന്നു.. അത്രയ്ക്ക് സ്നേഹമായിരുന്നു അവർ തമ്മിൽ.

തോമസ് പശുക്കളെ വളർത്തി പാൽ കൊടുത്തു ഉപജീവനം കഴിക്കുന്നു, പത്തു പന്ത്രണ്ടു പശുക്കൾ ഉണ്ട് തോമസിന്. അലവി കൽപണിക്കാരനാണ്. ഇപ്പോൾ ചെറുതായി വീടുകളുടെ കോൺട്രാക്ട് വർക്ക് ഒക്കെ എടുത്തു നടത്തുന്നു. രണ്ടുപേരും പഠനത്തിൽ സമർഥരായിരുന്നതുകൊണ്ടു 8 –ാം ക്ലാസ്സിലെ തന്നെ പഠനം വീട്ടുകാർ നിർത്തി. തോമ അവന്റെ അപ്പന്റെ കൂടെ പശുക്കളെ നോക്കുവാൻ കൂടി, അലവിയെ അമ്മാവന്മാരുടെ കൂടെ കൽപണി പഠിക്കാൻ ബാപ്പ വിട്ടു. സ്വന്തമായി വരുമാനമൊക്കെ ഉണ്ടാക്കിത്തുടങ്ങിയപ്പോൾ ഇരുവരെയും കല്യാണവും കഴിപ്പിച്ചു. തോമസിന്റെ ഭാര്യ സാറകൊച്ചു. അലവിയുടെ ഭാര്യ പാത്തുമ്മ. തോമസിന് രണ്ടു പെണ്മക്കൾ ആണ് മൂത്ത മകൾ നഴ്സിംഗ് കഴിഞ്ഞു ബോംബെയിൽ ജോലിചെയ്യുന്നു. വിദേശത്തേക്ക് പോകാൻ നോക്കുന്നുമുണ്ട്. ഇളയമകൾ 12 –ാം ക്ലാസ്സിൽ പഠിക്കുന്നു. അലവിക്ക്‌ ഒരു മോനും ഒരു മോളും. മോൻ സൗദിയിൽ ജോലി ചെയുന്നു. മകൾ 11–ാം ക്ലാസ്സിൽ പഠിക്കുന്നു. അലവിയുടെയും തോമസിന്റെയും വീടുകൾ അടുത്തടുത്താണ്. അപ്പനപ്പൂപ്പന്മാരായി സ്നേഹത്തിലും സഹോദര്യത്തിലും കഴിയുന്നു. എന്തിനേറെ രണ്ടു വീടുകൾക്കുമിടയിൽ അതിർത്തി നിർണയിക്കുന്ന വേലികെട്ടുപോലുമില്ല. ജാതിയുടെയോ മതത്തിന്റേതായൊ യാതൊരു വേലികെട്ടുകളും അവർക്കിടയിലില്ല മനുഷ്യൻ ആണെന്ന ഒരൊറ്റ ചിന്ത മാത്രം.

അങ്ങനെയിരിക്കെയാണ് സൗദിയിൽ ഉള്ള അലവിയുടെ മകൻ ബാപ്പാക്കും, തോമസേട്ടനും ഓരോ സ്മാർട്ട് ഫോൺ കൊടുത്തു വിടുന്നത്. ആദ്യം ഒക്കെ അവർ അതിനെ ഒരു കാഴ്ച വസ്തു പോലെ നോക്കി നിന്നു. പൈക്കളെ കറക്കാനും, കരണ്ടി പിടിക്കാനുമല്ലാതെ ആ കൈകൾ മറ്റൊന്നിനും വഴങ്ങില്ലല്ലോ. പിന്നീട് പതിയെ പതിയെ മക്കളുടെ സഹായത്തോടെ അതെങ്ങനെ പ്രവർത്തിപ്പിക്കണം എന്ന് പഠിച്ചെടുത്തു. മക്കൾ തന്നെ ഓരോ ഫേസ്ബുക് അക്കൗണ്ടും ഉണ്ടാക്കി കൊടുത്തു.. പതിയെ അവരുടെ സമയങ്ങൾ ഫേസ്ബുക്കിൽ ചിലവഴിക്കാൻ തുടങ്ങി. സമൂഹത്തിന്റെ നന്മകൾ ഒരിക്കലും ആഗ്രഹിക്കാത്ത ഫേസ്ബുക്ക് മതാചാര്യൻമാരുടെ തീവ്രമായ പ്രസംഗങ്ങൾ കണ്ടും കേട്ടും തങ്ങളുടെ സമൂഹത്തിനു നേരിടുന്ന അവഗണനയിൽ ഇരുവരുടെയും മനസ്സ് നീറിപുകയുവാൻ തുടങ്ങി. അങ്ങനെയിരിക്കെയാണ് ഇസ്രായേലും പലസ്തീനും തമ്മിലുള്ള ബഹളം പൊട്ടി പുറപ്പെട്ടത്. ഫേസ്ബുക്കിലെ ഇരു ഭാഗത്തുമുള്ള തീവ്ര മതാചാര്യന്മാർ (മതാചാര്യന്മാർ എന്നവർ സ്വയം വിശേഷിപ്പിക്കുന്നു) തങ്ങളുടെ തീവ്ര നിലപാടുകൾ നിഷ്കളങ്കരായ ജനങ്ങളിലേക്ക് കുത്തി വെച്ച്  കൊണ്ടിരുന്നു. അങ്ങിനെ തോമസ് ഇസ്രായേൽ പക്ഷത്തും അലവിക്ക പാലസ്തീൻ പക്ഷത്തും ചാഞ്ഞു, ഇരുവർക്കും തോന്നി തങ്ങളുടെ വിഭാഗത്തിനവിടെ നീതി ലഭിക്കുന്നില്ല എന്ന്. അവർ തമ്മിൽ പരസ്പരം കാണുകയും ഒരുമിച്ചു ചിലവഴിക്കുന്ന സമയവും കുറഞ്ഞു. സമയം കിട്ടുമ്പോൾ ഒക്കെ ഫേസ്ബുക്കിൽ ചിലവഴിക്കാൻ തുടങ്ങി.

പാത്തുമ്മയും സാറകൊച്ചും തമ്മിൽ കാണുമ്പോഴൊക്കെ പറയും, ഇവർക്കിതെന്ന പറ്റി, വീട്ടിൽ വന്നാൽ സദാസമയവും മൊബൈലിൽ നോക്കിയിരുപ്പാണ്, പാത്തുമ്മേ ഇവർക്കിനി വല്ല ചുറ്റികളിയുമുണ്ടോ, ഇപ്പോൾ ഇങ്ങനെ ഫേസ്ബുക്കിലൂടെ കണ്ടൊക്കെ ഇഷ്ടപ്പെട്ടാണ് ആൾക്കാർ ഒളിച്ചോടുന്നത്. ഇനി ഈ പ്രായത്തിൽ ഇവർക്ക് അങ്ങനെ എങ്ങാനും ദുർബുദ്ധി തോന്നുമോ, ഇനി ആരോടെങ്കിലും ഇഷ്ടത്തിലാണോ, അവരെ കാണാനാണോ ഇങ്ങെനെ ഫേസ്ബുക്കിൽ കുത്തിയിരിക്കണത്. സാറാകൊച്ചു അങ്ങനെ പറഞ്ഞപ്പോൾ പാത്തുമ്മയുടെ ഉള്ളിൽ ഒരാന്തൽ. പടച്ചോനെ ഇനി ഇയ്യാൾ എന്നെ കളഞ്ഞിട്ടു വേറെ നിക്കാഹ് ചെയ്യുമോ.. എങ്കിൽ അതൊന്നു കണ്ടിട്ട് തന്നെ കാര്യം, ആ ഹലാക്കിലെ ഫോൺ വെള്ളത്തിൽ എടുത്തെറിഞ്ഞിട്ടു തന്നെ കാര്യം. തങ്ങളുടെ ഭാര്യമാർ തങ്ങളെ സംശയ ദൃഷ്ടിയോടെയാണ് നോക്കുന്നതെന്നറിയാതെ അലവിയും തോമസും തങ്ങളുടെ ഫേസ്ബുക് പ്രയാണം തുടർന്നുകൊണ്ടിരുന്നു. അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം ഭാസ്കരേട്ടന്റെ കടയിൽ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് ആരോ പലസ്തീൻ സംഘർഷം വെറുതെ സംസാരിച്ചുതുടങ്ങിയത്, സമാധാനത്തിൽ തുടങ്ങിയ സംസാരം അവസാനം തോമാച്ചനും, അലവിക്കയും ഏറ്റെടുത്തു. രണ്ടുപേരും തമ്മിൽ അതി രൂക്ഷമായ  വാഗ്വാദം, ഫേസ്ബുക്കിലെ മതാചാര്യന്മാർ പറഞ്ഞതും പഠിപ്പിച്ചതുമായ സകല വിദ്വേഷവും അവരിരുവരും പരസ്പരം ശർദ്ദിച്ചു, തങ്ങളുടെ സൗഹൃദത്തേയും, ഇല്ലായ്മയിൽ പരസ്പരം താങ്ങായി നിന്നതും, പരസ്പരം പട്ടിണി കിടക്കാതെയും, കിടപ്പിക്കാതെയും നിന്നതെല്ലാം അവർ മറന്നു (അല്ല അവരിലേക്ക്‌ കുത്തിവെയ്ക്കപ്പെട്ട വിഷം അവരെ കൊണ്ടങ്ങനെ പറയിപ്പിച്ചു) അവസാനം ഇരുവരും തനിയെ തങ്ങളുടെ വീടുകളിലേക്ക് പോയി. 

അലവിക്ക തനിച്ചു വരുന്നത് കണ്ടപ്പോൾ പാത്തുമ്മ മനസ്സിൽ ഉറപ്പിച്ചു ഇതതുതന്നെ, ഇയാൾക്ക് ആരോടോ മൊഹബത് പൊട്ടിപുറപ്പെട്ടിട്ടുണ്ട്. അത് തോമാച്ചൻ അറിയാതിരിക്കാനായിരിക്കണം ഇയാൾ ഇപ്പോൾ ഒറ്റയ്ക്ക് നടക്കുന്നത്.. എന്നാലും എന്റെ മനുഷ്യ നിങ്ങള്ക്ക് ഈ പ്രായത്തിലും ഇങ്ങനെ ഒരാഗ്രഹമോ.. ഈ പാത്തുമ്മ ജീവിച്ചിരിക്കുമ്പോൾ അത് നടത്തില്ല.. ഇങ്ങനെ മനസിൽ കണക്കുകൂട്ടികൊണ്ടിരുന്നപ്പോൾ അലവിക്ക അടുത്ത് വന്നു. "പാത്തുമ്മ ഇച്ചിരി വെള്ളം താ കുടിക്കാൻ..." "അതെന്താ  ഓള് തന്നില്ലേ ഇന്ന്." "ഓളോ, നീ എന്ത് പ്രാന്താ പാത്തുമ്മ ഈ പറയണത്..." പിന്നെ എനിക്കൊന്നും മനസ്സിലാകുന്നില്ലെന്നാ ഇങ്ങള് വിചാരിക്കണത്.. എപ്പോഴും ഈ കുന്ത്രാണ്ടത്തിൽ കയറി ഇങ്ങള് ഓളോട് കിന്നരിക്കുകയല്ലേ, ഈ വയസാം കാലത്തു ഇങ്ങെടെ ഒരു പൂതി. ഓളെയും കൊണ്ട് ഇങ്ങോട്ടു വാ ഞാൻ കാണിച്ചു തരാം.." അലവിക്കൊന്നും മനസിലായില്ല എന്തോ ഓളുടെ മനസ്സിൽ കടന്നു കൂടിയിരിക്കണു.. ഇതിപ്പോ പട പേടിച്ചു പന്തളത്തു ചെന്നപ്പോൾ അവിടെ പന്തം കൊളുത്തി പട എന്ന അവസ്ഥ ആയല്ലോ.. ദുനിയാവിലുള്ള സകലരെയും നമ്മൾക്ക് കാര്യം പറഞ്ഞു മനസിലാക്കാം സ്വന്തം ബീവിയെ ഒഴിച്ച്. ഇതേ സമയം തോമാച്ചന്റെ വീട്ടിലും സാറകൊച്ചു തോമാച്ചനോട് ചോദിക്കുന്നുണ്ടായിരുന്നു "നിങ്ങൾ എന്താ അലവിക്കയോട് ഇപ്പോൾ സംസാരിക്കാത്തത്‌. നിങ്ങള്ക്ക് ഈയിടെയായി ഇച്ചിരി കള്ളത്തരം കൂടുന്നുണ്ട്." "നീ ഇനി അവന്റെ കാര്യം ഇവിടെ സംസാരിക്കരുത്. ഞാൻ മരിച്ചാൽ എന്റെ മൃതദേഹം പോലും അവനേ കാണിക്കരുത്." തോമായുടെ നാക്കു കുഴയുന്നതു കണ്ടപ്പോൾ സാറക്ക് മനസിലായി രണ്ടെണ്ണം അടിച്ചിട്ട് ഉള്ള വരവാ.. ഇനി കൂടുതൽ സംസാരിക്കാതിരിക്കുന്നതാ നല്ലതെന്നു. നാളെ ബോധം തെളിഞ്ഞിട്ടു ചോദിക്കാം.

രാത്രിയിൽ ഭക്ഷണം കഴിഞ്ഞു അലവി കിടക്കാൻ വന്നപ്പോൾ പാത്തുമ്മ കട്ടിലിന്റെ ഒരു മൂലയിൽ തിരിഞ്ഞു കിടക്കുന്നു.. "പാത്തുമ്മാ എന്റെ ഖൽബെ," അലവി സ്നേഹത്തിൽ വിളിച്ചു. "ഇങ്ങള് എന്നോടൊന്നും മിണ്ടേണ്ട. ഇങ്ങൾക്കിപ്പോൾ പുതിയ കൂട്ട് ഒക്കെ ആയില്ലേ. എനിക്കിപ്പോൾ പ്രായം ആയി അതല്ലേ നിങ്ങളിപ്പോൾ എന്നോടൊന്നും സംസാരിക്കാതെ ഓളെ തന്നെ നോക്കി ആ കുന്ത്രാണ്ടത്തിൽ ഇരിക്കുന്നത്." അലവിക്ക്‌ മനസിലായി ഓളുടെ മനസിൽ തെറ്റിദ്ധാരണ കയറി കൂടിയിരിക്കുന്നു. ഇപ്പോൾ തന്നെ പിഴുതെറിഞ്ഞില്ലെങ്കിൽ പിന്നീടത് വലുതാകും "ഇയ്യ്‌ ഇങ്ങോട്ടു നോക്ക് എന്റെ ഖൽബിൽ നീ മാത്രമേ ഉള്ളു.. നീ അല്ലാതെ മറ്റാരെയും കുറിച്ച് ചിന്തിക്കാനെനിക്കാവില്ല.." അതുകേട്ടപ്പോൾ പാത്തുമ്മ തിരിഞ്ഞു വന്നു "സത്യം ഇങ്ങള് സത്യമാണോ പറയുന്നത്.. പിന്നെന്ന നിങ്ങൾ തോമാച്ചനുമായി മിണ്ടാത്തത്.. നിങ്ങളുടെ പ്രേമം തോമാച്ചൻ അറിഞ്ഞു എന്നോട് പറയും എന്ന് പേടിച്ചിട്ടല്ലേ." അവളോട്‌ എന്താ ഉണ്ടായെന്നു പറയണോ അതോ വേണ്ടയോ.. അലവി ആത്മ സംഘർഷത്തിലായി.. അലവിയുടെ പരുങ്ങൽ കണ്ടപ്പോൾ പാത്തുമ്മക്കു മനസിലായി എന്തോ മനസിൽ ഒളിപ്പിക്കുന്നുണ്ട് എന്ന്. ലോകത്തുള്ള മിക്കവാറും ഭാര്യമാർ ഭർത്താവിന്റെ മനസിലുള്ളത് വലിച്ചു പുറത്തിടുന്ന രീതി പാത്തുമ്മയും പ്രയോഗിച്ചു. "സ്നേഹത്തോടെ അലവിക്കയുടെ തലയിലും നെഞ്ചത്തും തലോടി.. ഇങ്ങള് എന്ത് വിഷമം ഉണ്ടെങ്കിലും എന്നോട് പറഞ്ഞോളിന്.. പരിഹാരം ഇല്ലാത്ത പ്രശ്നം ഉണ്ടോ" ഭാര്യയുടെ സ്നേഹമയമായ തലോടലിൽ അലവിക്ക മനസ് തുറന്നു. ഫേസ്ബുക് തുറന്നതും.. പിന്നെ തോമാച്ചനുമായി വഴക്കു കൂടിയത് വരെ..

"ഞാൻ അവന്റെ ആത്മാർഥ സ്നേഹിതൻ അല്ലെ. അവിടുത്തെ സാധാരണക്കാരായ ആൾക്കാരുടെ ദയനീയ അവസ്ഥ ഓർത്തെങ്കിലും ഞാൻ സംസാരിക്കുമ്പോൾ അവനു നിശബ്ദത പാലിക്കാമായിരുന്നു..." അലവി പറഞ്ഞു നിർത്തി.. "അല്ല മനുഷ്യ നിങ്ങൾ രണ്ടുപേരും എന്തിനു ഇത്രയും ദൂരെ നടക്കുന്ന ഒരു വിഷയത്തിന് വേണ്ടി ശണ്ഠ കൂടുന്നു. നിങ്ങൾ തമ്മിൽ ബഹളം വെച്ചാൽ അവിടുത്തെ പ്രശ്നങ്ങൾ തീരുമോ. അതൊക്കെ അവിടുത്തെ ഭരണാധികാരികളും ജനങ്ങളും നോക്കിക്കൊള്ളും.  പിന്നെ നിങ്ങൾക്കു ചെയ്യാൻ പറ്റുന്നത് പടച്ചോനോട് അവർക്കു വേണ്ടി ദുആ ഇരക്കുക എന്നത് മാത്രം ആണ്. നിങ്ങൾ കണ്ടിട്ടോ അറിഞ്ഞിട്ടോ ഇല്ലാത്ത ഒരു കാര്യത്തെ കുറിച്ച് എന്തിനു നമ്മുടെ സൗഹൃദം കളയണം. പിന്നെ ഈ ഫേസ്ബുക്കിൽ ഊരും പേരുമില്ലാത്ത ഓരോരുത്തൻമാർ ഓരോ കള്ളപ്പേരുകളിലല്ലേ ഓരോന്ന് എഴുതി വിടുന്നതു.. നമ്മൾക്കോ തോമാച്ചന്റെ കുടുംബത്തിനോ പെട്ടെന്നൊരാവശ്യം വന്നാൽ അവിടെ നിന്ന് നിങ്ങൾ രണ്ടുപേരും ഇപ്പോൾ വിശ്വസിക്കുന്ന ആൾകാർ വന്നു നിങ്ങളെ രക്ഷിക്കുമോ, നമ്മൾ തന്നെ വേണം അന്വോന്യം തുണക്കുവാനും, സഹായിക്കുവാനും. നിങ്ങൾ ഈ ഫേസ്ബുക് നോട്ടം ഒന്ന് കുറക്കണം അത് നോക്കാൻ തുടങ്ങിയതിൽ പിന്നീടാണ് നിങ്ങൾ രണ്ടു പേരും മാറിത്തുടങ്ങിയത്. ഈ കാര്യം സാറ കൊച്ചും എന്നോട് പറഞ്ഞിട്ടുണ്ട്."

ഇനി മുതൽ നിങ്ങൾ നമ്മുടെ നിസ്കാര പള്ളിയിലെ നിസ്കാരവും, നമ്മടെ പള്ളിയിലെ വെള്ളിയാഴ്ചയിലെ ഖുതുബയും കേട്ടാൽ മതി.. പിന്നെ ജോലിക്കുപോകുമ്പോഴും നിസ്കാരം മുടക്കരുത് അല്ലാതെ ഈ കള്ള നാണയങ്ങൾ പറയണത് കേൾക്കാൻ പോകരുത്.. പാത്തുമ്മയുടെ സംസാരം നിശബ്ദനായി കിടന്നു കേൾക്കുമ്പോൾ അലവിയുടെ കണ്ണുകൾ എന്തിനോ വേണ്ടി നിറഞ്ഞൊഴുകി.. പടച്ചോനെ എന്റെ ബീവിക്ക് ഇത്രയും അറിവുണ്ടതായിരുന്നോ അലവി മനസ്സിലോർത്തു. അലവിക്ക്‌ പിന്നീടുറങ്ങാൻ ആയില്ല. കുറ്റബോധം മനസ്സിനെ വല്ലാതെ പിടിച്ചുലക്കാൻ തുടങ്ങി, അവനോടു അങ്ങനെ ഒന്നും പറയാൻ പാടില്ലായിരുന്നു അവനു വിഷമം ആയികാണുമോ, എന്തൊക്കെ ആയാലും ഞാനും അവനും ഒരു പാത്രത്തിൽ നിന്ന് കഴിച്ചു വളർന്നവരാണ്.. അവന്റെ ഭാഗത്തു എന്തെങ്കിലും തെറ്റുണ്ടായിരുന്നുവെങ്കിൽ ഞാൻ ക്ഷമിച്ചു കൊടുക്കേണ്ടതായിരുന്നു. അങ്ങനെ ചിന്തിച്ചു കിടന്നു.

പതിവുപോലെ പാതിരാത്രി 12 മണിയായപ്പോൾ നിസ്കരിക്കാൻ എഴുനേറ്റു.. അലവിക്കിഷ്ടമാണ് പാതിരാത്രിയിൽ എഴുന്നേറ്റു നിസ്കരിക്കാൻ പ്രപഞ്ചം മുഴുവൻ ഉറങ്ങുമ്പോൾ നാഥനോട് ആകുലതകൾ പങ്കുവെയ്ക്കാൻ ഇച്ചിരി സമയം, പക്ഷെ അന്നെന്തോ അലവിക്ക്‌ മനസ്സിൽ കുറ്റബോധം കൂട്ടുകാരന്റെ മനസ്സ് വേദനിപ്പിച്ചിട്ടു എന്റെ ദുആ തമ്പുരാൻ കേൾക്കുമോ.. അവനോടു ഇപ്പോൾ പോയി മാപ്പിരന്നാലോ അങ്ങനെ മനസ്സിൽ ആലോചിച്ചു ദേഹശുദ്ധി വരുത്താൻ കുളിമുറിയിൽ കയറിയപ്പോൾ എവിടെയോ ഒരു നിലവിളി ശബ്ദം കേട്ടു.. വെളിയിലേക്കിറങ്ങി വന്നു ശ്രദ്ധിച്ചപ്പോൾ സാറ കൊച്ചിന്റെ ശബ്ദം... "അലവിക്ക ഓടി വായോ എന്റെ അച്ചായൻ ഇപ്പോൾ ചാകുമേ" എന്ന്.. അലവിയുടെ നെഞ്ചിലൂടെ ഒരു മിന്നൽ പാഞ്ഞു. പെട്ടന്ന് തന്നെ ഉറങ്ങിക്കിടന്ന പാത്തുമ്മയെ വിളിച്ചുണർത്തി കൈയ്യിൽ കിട്ടിയ ഉടുപ്പും എടുത്തു അപ്പുറത്തേക്കോടി. അവിടെ ചെല്ലുമ്പോൾ തോമാച്ചൻ നെഞ്ചത്ത് കൈ അമർത്തി വേദന കൊണ്ട് പുളയുന്നു. "അലവി ഞാൻ ഇപ്പോൾ ചത്തുപോകും എന്നെ ഒന്ന് രക്ഷിക്കടാ" എന്ന് നിലവിളിക്കുന്നു.

ഉടൻ തന്നെ അലവി ടാക്സി ഡ്രൈവർ ആയ സാന്ദ്രന്റെ വീട്ടിലേക്കോടി, ഉറങ്ങികിടന്ന അവനേ വിളിച്ചുണർത്തി എത്രയും പെട്ടന്ന് കാറുമായി തോമാച്ചന്റെ വീട്ടിലേക്കു വരാൻ പറഞ്ഞു. അലവി തിരിച്ചോടി തോമാച്ചനെ കൈകളിൽ വാരിയെടുത്തു വെളിയിൽ വന്നപ്പോൾത്തന്നെ സാന്ദ്രൻ കാർ കൊണ്ട് വന്നിരുന്നു, പെട്ടന്ന് തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി.. ഡ്യൂട്ടി ഡോക്ടർ വന്നു അപ്പോൾ തന്നെ തോമാച്ചനെ പരിശോധിച്ചു കാർഡിയാക് ഐ സി യു വിലേക്ക് മാറ്റാൻ പറഞ്ഞു. അലവി ഐ സി യു വിന്റെ മുൻപിൽ നിന്ന് മനസ്സിൽ ദുആ ചെയ്യുവാൻ തുടങ്ങി.. തമ്പുരാനെ അവനൊന്നും സംഭവിക്കല്ലേ ,,ഞാൻ ദേഷ്യപ്പെട്ടതു താങ്ങാൻ പറ്റാത്തത് കൊണ്ടായിരിക്കണം അവനു നെഞ്ചത്ത് വേദന വന്നത്.. അവനു എന്തെങ്കിലും സംഭവിച്ചാൽ എനിക്കിനി ജീവിതകാലം മുഴുവൻ സമാധാനം ലഭിക്കില്ല. ഏകദേശം വെളുപ്പിനെ ആകാറായപ്പോൾ നേഴ്സ് വന്നു വാതിൽ തുറന്നു. തോമസ് അപകട നില തരണം ചെയ്തു. കാർഡിയാക് ഡോക്ടർ നു വിളിച്ചിട്ടുണ്ട് രാവിലെ തന്നെ സാർ വരും അതിനു ശേഷം ബാക്കിയുള്ള കാര്യങ്ങൾ പറയും എന്ന് പറഞ്ഞു. അലവിക്ക്‌ ഉള്ളിൽ ഒരു ദീർഘശ്വാസം വീണു. റബ്ബിൽ ആലമീൻ ആയ തമ്പുരാനെ.. നീ കാത്തു. പടച്ചോനോട് നന്ദി പറഞ്ഞു അലവി അടുത്തുകണ്ട കസേരയിൽ ചെന്നിരുന്നു.

രാവിലെ തന്നെ കാർഡിയാക് ഡോക്ടർ വന്നു. അലവിയെ വിളിപ്പിച്ചു, "ഞാൻ ഒന്ന് ആൻജിയോഗ്രാം ചെയ്യാൻ പോകുകയാണ്. എന്തെങ്കിലും ബ്ലോക്ക് ഹൃദയത്തിൽ ഉണ്ടെങ്കിൽ ആൻജിയോ പ്ലാസ്റ്റി ചെയ്യും. അതിൽ നിന്നില്ലെങ്കിൽ ഓപ്പൺ സർജറിയിലേക്കു പോകും, തല്‍ക്കാലം ആൻജിയോപ്ലാസ്റ്റ് ചെയ്യാനുള്ള പണം അടച്ചോളു. സാറകൊച്ചിനെ അവിടെ നിർത്തി അലവി വീട്ടിലേക്കു തിരിച്ചു. പാത്തുമ്മ വന്നു വാതിൽ തുറന്നു, "എങ്ങനെ ഉണ്ട് ഇക്ക തോമാച്ചന് ഇപ്പോൾ.." "അപകടനില തരണം ചെയ്തു, ഇനി ഹൃദയത്തിൽ ബ്ലോക്ക് ആണെങ്കിൽ എന്തോ കേറ്റി തുറക്കണമെന്നോ മറ്റോ ആണ് ഡോക്ടർ പറയുന്നത്, അതിനു മുൻപേർ പണം അടക്കണം. നീ ഒരു കാര്യം ചെയ്യൂ കഴിഞ്ഞദിവസം പുതിയ വീടിന്റെ പണിക്കുവേണ്ടി ആ അസീസ് എനിക്ക് അഡ്വാൻസ് ആയിത്തന്ന ആ രണ്ടു ലക്ഷം ഇങ്ങെടുത്തോണ്ടു വാ.. ആദ്യം അവനെ രക്ഷിച്ചെടുക്കട്ടെ അതിനുശേഷം നമുക്ക് ഈ പൈസ നിന്റെയും മോളുടെയും സ്വർണം പണയം വെച്ചിട്ടാണെകിലും ഉണ്ടാക്കാം." പാത്തുമ്മ പൊതിഞ്ഞു കൊടുത്ത പൈസയുമായി അലവി ആശുപത്രിയിലേക്കുപോയി.

പൈസ എല്ലാം കൗണ്ടറിൽ അടച്ചു തോമസിന്റെ ആൻജിയോപ്ലാസ്റ്റി വിജയകരമായി കഴിഞ്ഞു. തിരിച്ചു ഐ സി യുവിലേക്ക് മാറ്റി. ഒരു ദിവസം കഴിഞ്ഞപ്പോൾ സിസ്റ്റർ വന്നുവിളിച്ചു "ആരാണ് അലവി.. തോമസിനു കാണണം എന്ന്," അലവി പതിയെ അകത്തേക്ക് കയറി. അടുത്തേക്ക് ചെന്നു, തോമസ് അലവിയുടെ കൈയ്യിൽ മുറുകെ പിടിച്ചുകൊണ്ടു പറഞ്ഞു.. "എന്നോട് ക്ഷമിക്കെടാ.. നിന്നോട് ഞാൻ അങ്ങനെ ഒന്നും പറയാൻ പാടില്ലായിരുന്നു. "നിന്നോട് അങ്ങനെ പറഞ്ഞതിന് ദൈവം എനിക്ക് തന്ന ശിക്ഷ ആണിത്." അലവി പറഞ്ഞു. "അല്ലെടാ ഞാൻ നിന്നോട് കയർത്തു സംസാരിച്ചതിന്റെ പ്രയാസം താങ്ങാൻ പറ്റാതെയല്ലേ നിനക്ക് വേദന വന്നത്. എന്നോട് നീ ക്ഷമിക്കെടാ.." രണ്ടു പേരുടെയും കണ്ണുകൾ അവരറിയാതെ തന്നെ നിറഞ്ഞു കവിഞ്ഞു ഒഴുകിക്കൊണ്ടിരുന്നു. അതുകണ്ടു നിന്ന നഴ്‌സുമാരുടെയും കണ്ണുകളിൽ ആനന്ദ അശ്രുക്കൾ പൊടിഞ്ഞു.

തിരികെ വീട്ടിൽ എത്തിയപ്പോൾ തോമാച്ചനും അലവിയും ചേർന്ന്  ഒരുറച്ച തീരുമാനത്തിലെത്തി ഇനി ഫേസ്ബുക്കിൽ ആവശ്യം ഇല്ലാത്ത മത പ്രബോധനങ്ങളോ സംഭാഷങ്ങളോ കാണില്ല.. നമ്മൾക്ക് നമ്മുടെ ഇടവകപ്പള്ളിയും, നിസ്കാരപ്പള്ളിയും അവിടുത്തെ പ്രസംഗങ്ങളും പ്രബോധനങ്ങളും മാത്രം മതി... അപ്പോൾ സന്ധ്യ പ്രാർഥന ചൊല്ലിക്കൊണ്ടിരുന്ന സാറാകൊച്ചു വായിച്ച വേദഭാഗം ഇതായിരുന്നു. ഞാൻ ദൈവത്തെ സ്നേഹിക്കുന്നു എന്നു പറകയും തന്റെ സഹോദരനെ പകക്കയും ചെയ്യുന്നവൻ കള്ളനാകുന്നു. താൻ കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവന്നു കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിപ്പാൻ കഴിയുന്നതല്ല.

English Summary:

Malayalam Short Story Written by Iypens