ADVERTISEMENT

"അപ്പോ പറഞ്ഞു വന്നത്, മീനമാസത്തിൽ മുഹൂർത്തം നോക്കിയാൽ ബന്ധുക്കളെല്ലാർക്കും വന്നു പോവാൻ സൗകര്യമായിരിക്കും. കുട്ടികൾക്ക് അപ്പൊ അവധി ആയിരിക്കുമല്ലോ?" അതായിരുന്നു ബ്രോക്കർ ശങ്കരേട്ടന്റെ അഭിപ്രായം. ആദ്യം ചെക്കനും പെണ്ണും തമ്മിൽ ഒന്ന് സംസാരിക്കട്ടെ, എന്നിട്ടു നോക്കാല്ലോ ബാക്കി കാര്യങ്ങൾ. ജനനിയുടെ അച്ഛൻ തന്റെ അഭിപ്രായം പറഞ്ഞു. ബ്രോക്കർ ശങ്കരേട്ടന് ആ വീട്ടിൽ ഇത്തരം അഭിപ്രായം പറയാനുള്ള സ്ഥാനമുണ്ട്, കാരണം ജനനിയുടെ ചേച്ചിയുടെയും ചേട്ടന്റെയും ഒക്കെ കല്യാണത്തിന് ചുക്കാൻ പിടിച്ചത് അങ്ങേരാ, പോരാത്തതിന് അച്ഛന്റെ അടുത്ത സുഹൃത്തും. ചെറുക്കന് ജോലി ചെന്നൈയിൽ എന്നാണ് പറഞ്ഞു കേട്ടത്. ഐടി പാർക്കിൽ. പേര് അരവിന്ദ്. ജനനിയും ടെക്കി ആണ് ഇൻഫോപാർക്കിൽ. അമ്മയുടെ അടുത്ത് നിന്നുകൊണ്ട് ജനനി ഇടയ്ക്കിടെ അരവിന്ദിനെ ഒളികണ്ണിടുന്നുണ്ടായിരുന്നു. എല്ലാവരുടെയും ചായകുടി കഴിഞ്ഞു. "എന്നാൽ പിന്നെ അവരെന്തെങ്കിലും സംസാരിച്ചോട്ടെ.. അല്ലെ?" അരവിന്ദന്റെ അമ്മാവനും അതേ അഭിപ്രായം. "മോനെ മുകളിലാട്ടോ ജനനിയുടെ മുറി. അവിടാവും സൗകര്യം." "ഓ.. അതിനെന്താ." ജനനിയുടെ അച്ഛന്റെ നിർദേശം സ്വീകരിച്ചുകൊണ്ട് അരവിന്ദ് പതിയെ സ്റ്റെപ്പുകൾ കയറിത്തുടങ്ങി. പിന്നാലെ ജനനിയും.

മുറിയിൽ എത്തീട്ട് കുറച്ചു നേരമായി. അകത്തളം ആസ്വദിച്ചുകൊണ്ട് അരവിന്ദ് തന്നെ പതുക്കെ സംസാരിച്ചു തുടങ്ങി. "ജനനി.. രണ്ടാൾക്കും പരസ്പരം മനസ്സിലാക്കാൻ ഇങ്ങനെ അനുവദിച്ചു കിട്ടുന്ന സമയം പോരാ എന്ന അഭിപ്രായക്കാരനാണ് ഞാൻ. പക്ഷേ നമുക്കിപ്പോ വേറെ വഴിയൊന്നും ഇല്ല. അതുകൊണ്ട് ഒന്ന് ശ്രമിച്ചു നോക്കാം." മറുപടിയെന്നോണം ജനനി ചെറുതായൊന്നു തലയാട്ടി. "ശരിക്കും പറഞ്ഞാൽ ഇതെന്റെ കടിഞ്ഞൂൽ പെണ്ണുകാണലാണ്. അതുകൊണ്ടു ചെറിയ ടെൻഷൻ കാണിച്ചാലും ഒന്നും തോന്നണ്ടട്ടോ." അരവിന്ദ് മുൻകൂറായി തന്നെ പറഞ്ഞു. "അതു സാരമില്ല, എനിക്കിതു പതിനൊന്നാമത്തെയാ. അതുകൊണ്ടു എനിക്ക് ടെൻഷൻ വരാൻ സാധ്യത ഒന്നൂല്ല." ജനനിയുടെ ആ മറുപടി അരവിന്ദിനെ ചെറുതായൊന്നു അമ്പരപ്പെടുത്തി. "പതിനൊന്നാമത്തെയോ!! ശരിക്കും?" അരവിന്ദിന്റെ ആ അമ്പരപ്പിന് ഒരു മൂളലായിരുന്നു മറുപടി. "അല്ല.. അപ്പോ എന്തുപറ്റി ഇതിങ്ങനെ നീണ്ടു നീണ്ടു പോകാൻ? ഒന്നും പിടിച്ചില്ലേ?" ഒന്നാലോചിച്ചശേഷം ജനനി പറഞ്ഞു തുടങ്ങി. പിടിക്കാഞ്ഞിട്ടല്ല.. അരവിന്ദ് നേരത്തെ പറഞ്ഞപോലെ, പരസ്പരം മനസ്സിലാക്കാൻ ഈ ചെറിയ സമയം പോരാതെ വരുമ്പോൾ ഞാൻ സംസാരിച്ചിട്ടുള്ള ചില കാര്യങ്ങൾ അപ്പുറത്തു വന്നിരുന്ന ആൾക്കാർക്കു ഉൾക്കൊള്ളാൻ പറ്റിയിട്ടുണ്ടാവില്ല.. അതുകൊണ്ടു ഇതുവരെ ഒന്നും ശരിയായില്ല." "ഇങ്ങനൊരു ആമുഖത്തിന്റെ ആവശ്യമുണ്ടോ ജനനി? തനിക്കു തുറന്നു സംസാരിക്കാം" അരവിന്ദിനും ആശ്ചര്യമായി.

"എനിക്ക് ചെറിയൊരു മെഡിക്കൽ പ്രോബ്ലം ഉണ്ട്. ചെറുതാണെന്ന് പറയാൻ പറ്റില്ല, പറഞ്ഞു വരുമ്പോൾ ഇത്തിരി വലിയൊരു പ്രശ്നമാ. കണ്ണിനാ." ജനനി പതുക്കെ തന്റെ സ്പെക്സിലൂടെ ഒന്ന് വിരലോടിച്ചു. "കണ്ണിനെന്തു പറ്റി?" അരവിന്ദൻ ആശ്ചര്യത്തോടെ തന്നെ ചോദിച്ചു. "നേർവിക്കൽ പ്രോബ്ലം കാരണം എന്റെ കാഴ്ചയ്ക്ക് പ്രശ്നമുണ്ട്. പാരമ്പര്യ രോഗമാണെന്നാ ഡോക്ടർ പറഞ്ഞത്. ഈ സ്പെക്സ് വെച്ചിരിക്കുന്നത് അതുകൊണ്ടാ." അരവിന്ദ് ജനനിയുടെ സ്പെക്സിലേക്കു ഒന്ന് ശ്രദ്ധിച്ചു നോക്കി. ശരിയാണ് അതിത്തിരി കൂടിയ പവർ ഗ്ലാസ്സാ. "ഹ ഇതിപ്പോ അത്ര കാര്യമൊന്നുമല്ല. കണ്ണിന്റെ പവർ വേരിയേഷൻ ഒക്കെ ഇപ്പൊ സർവസാധാരണമാ. ചെറിയ കുട്ടികൾക്കടക്കം ഉണ്ട്. ഇതൊരു പ്രശ്നമായി കരുതി ആലോചനകളൊക്കെ വേണ്ടെന്നു വെക്കേണ്ട ആവശ്യമുണ്ടോ?" അരവിന്ദിന് സംശയം.. "ഇതങ്ങനെ ചെറിയൊരു പവര്‍ വേരിയേഷൻ പ്രശ്നമല്ല. ഭാവിയിൽ ഒരുപക്ഷെ എന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടു എന്നു വരാം. പാരമ്പര്യ അസുഖമായതു കൊണ്ട് അതിനുള്ള സാധ്യത കൂടുതലാണെന്നാ ഡോക്ടറും പറഞ്ഞത്. പണ്ട് മുത്തശ്ശിക്കും ഇതേ അസുഖം ഉണ്ടായിരുന്നു." ജനനി കൂടുതൽ വ്യക്തമാക്കി. "ഞാനീ കാര്യം ആദ്യമേ പറയുന്നതു കൊണ്ടാവാം, ഇതു വരെ വന്ന ആലോചനയൊക്കെ ഒഴിഞ്ഞു പോയത്. അതു മാത്രമല്ല ഇങ്ങനെ ഒരു കുഴപ്പം വച്ചു കല്യാണം കഴിക്കാൻ എനിക്കും അത്ര താൽപര്യമില്ല. എന്തിനാ മറ്റൊരാളെ കൂടെ നമ്മൾ ബുദ്ധിമുട്ടിപ്പിക്കുന്നത്? ഇതിപ്പോ വീട്ടുകാര് വല്ലാതെ നിർബന്ധിക്കുമ്പോൾ വേഷം കെട്ടി നിന്ന് തരുന്നുന്നെയുള്ളു. എല്ലാം അറിഞ്ഞിട്ടും അംഗീകരിക്കുന്ന ഒരാളാണെങ്കിൽ മാത്രം നോക്കാം എന്നാ എന്റെ തീരുമാനം." ജനനി അൽപം വ്യസനത്തോടെ തന്നെ പറഞ്ഞു നിർത്തി. 

"അല്ല ഈ കാഴ്ച അങ്ങനെ പോയാൽ തന്നെ വീണ്ടെടുക്കാൻ പറ്റില്ലാന്ന് ജനനിക്കെങ്ങനെ ഉറപ്പിക്കാൻ പറ്റും? മെഡിക്കൽ സയൻസ് ഒരുപാടു പുരോഗമിച്ച ലോകത്തല്ലേ നമ്മൾ. ഇതിന് എന്തെങ്കിലും ഒരു സൊല്യൂഷൻ ഇല്ലാതിരിക്കുമോ?" അരവിന്ദ് തന്റെ സംശയം ഒന്നുകൂടെ വ്യക്തമാക്കി. "നഷ്ടപ്പെട്ടാൽ പിന്നെ കാഴ്ച വീണ്ടെടുക്കാൻ സാധ്യത 90 ശതമാനവും ഇല്ലെന്നാണ് ഡോക്ടറിന്റെ വിലയിരുത്തൽ. അല്ലെങ്കിൽ പിന്നെ റിസ്ക് എടുക്കണം. ഞാനല്ല എന്നെ കെട്ടുന്നവൻ" ഒരു ചെറു ചിരിയോടെ ആണ് ജനനി അത് പറഞ്ഞത്. അരവിന്ദ് ഒന്ന് ആലോചിച്ച ശേഷം "ജനനി, തന്റെ തുറന്നുള്ള സംസാരം എനിക്കിഷ്ടപ്പെട്ടു, പക്ഷേ പ്രാക്ടിക്കല്‍ ആയി ആലോചിച്ചാൽ... എനിക്ക് കുറച്ചു സമയം വേണം ഇതിലൊരു തീരുമാനത്തിൽ എത്താൻ. ഐ ഹോപ്പ് യു ഗെറ്റ് മീ." ജനനി മനസ്സിലായി എന്നുള്ള ഭാവത്തിൽ തലയാട്ടി. അരവിന്ദ് പതുക്കെ യാത്ര പറഞ്ഞു എന്നു വരുത്തി ആ മുറിയിൽ നിന്നിറങ്ങി. എന്തിൽനിന്നോ അയാൾ രക്ഷപ്പെട്ട് ഓടുന്ന പോലെയാണ് ജനനിക്കപ്പോൾ തോന്നിയത്. അതുകൊണ്ടുതന്നെ പിന്നാലെ ജനനിയപ്പോൾ താഴോട്ടു പോയില്ല. കുറച്ചു കഴിഞ്ഞു വന്നവരെല്ലാം യാത്ര പറഞ്ഞു പുറത്തേക്കിറങ്ങുന്ന ശബ്ദം കേട്ടപ്പോൾ, ജനനി മുറിയിലെ ബാൽക്കണിയിൽ ചെന്നുനിന്ന് താഴോട്ടു നോക്കി. അവിടെ നിൽക്കുമ്പോൾ എല്ലാം കാണാൻ പറ്റുന്നുണ്ട്. കാറിലോട്ടു കേറുംമുമ്പ് അരവിന്ദ് യാദൃച്ഛികമായി മുകളിൽ ബാൽക്കണിയിൽ നിൽക്കുന്ന ജനനിയെ കണ്ടു. ഒരു ചിരി മുഖത്തു വരുത്താന്‍ ശ്രമിച്ചുകൊണ്ട് കാറിനുള്ളിലേക്കു കയറി. അതത്ര സുഖമുള്ള ഒരു ചിരിയായി ജനനിക്കു തോന്നിയുമില്ല. ജനനി പതുക്കെ താഴോട്ട് ഇറങ്ങി വന്നു. അച്ഛന്റെയും അമ്മയുടെയും ശങ്കരേട്ടന്റെയും മുഖത്തു അത്ര വെളിച്ചം പോരാ.

"എന്തു പറ്റി അമ്മേ?" ഒരു ചെറു ചിരിയോടെ ജനനി. "എന്തു പറ്റാൻ? അവർക്ക് ഇതത്ര താൽപര്യമുള്ളതായി തോന്നുന്നില്ല. നീ എല്ലാം മുകളിൽ വെച്ചു തന്നെ വിസ്തരിച്ചു കാണുമല്ലോ. അല്ലെ?" അമ്മയ്ക്ക് ഇത്തിരി അമർഷമുണ്ട്. "അമ്മ ഇങ്ങനെ ദേഷ്യപ്പെടേണ്ട ആവശ്യമില്ല. ഞാൻ മുൻപേ പറഞ്ഞതാണല്ലോ എല്ലാം അറിഞ്ഞും അംഗീകരിച്ചും കൊണ്ട് ഒരാൾ വരുകയാണെങ്കിൽ മാത്രം ഇങ്ങനൊരു കല്യാണത്തിനെ പറ്റി ചിന്തിച്ചാൽ മതിയെന്ന്. പിന്നെ എന്താ?" ജനനി തന്റെ നയം വ്യക്തമാക്കി. "മോളേ ഈ ഇന്റർനെറ്റും ആപ്പും ഒക്കെയുള്ള കാലത്തു ബ്രോക്കർ മുഖേന ആലോചന വരുന്നതേ വിരളമാണ്. അപ്പൊ അതിന്റെ ഇടയ്ക്കു നീ ഇങ്ങനെ ഓരോ കടിച്ചാൽ പൊട്ടാത്ത നയങ്ങളുമായി വന്നാൽ, എന്നെ പോലുള്ള പാവങ്ങളാ പെട്ടു പോകുന്നത്." ശങ്കരേട്ടനും ജനനിയുടെ അമ്മയെ ന്യായീകരിക്കാനാണ് ശ്രമിച്ചത്. "ചേട്ടാ ഇങ്ങനെ ഒളിവും മറയുമായി ഒരു കല്യാണം നടത്തിയാൽ തന്നെ, ഞാൻ തന്നെ വേണ്ടേ അതിന്റെ ബാക്കിയും അനുഭവിക്കാൻ. അപ്പൊ ഈ പറയുന്ന നിങ്ങൾക്കാർക്കും എന്നെ സഹായിക്കാൻ പറ്റിയെന്നു വരില്ല." ജനനി കൂടുതൽ വ്യക്തമാക്കി. "ഹാ.. ഓരോരുത്തരുടേയും തലയിൽ ഓരോന്ന് എഴുതിയിട്ടുണ്ട്. ദൈവം അവൾക്കു വിധിച്ചത് നടക്കട്ടെ." ജനനിയുടെ അച്ഛനും ചെറുതായി പരിഭവിച്ചു.

സമയം രാത്രിയായി. അത്താഴത്തിനു ശേഷം തന്റെ മുറിയുടെ ബാൽക്കണിയിൽ ഇളംകാറ്റുകൊണ്ടു നിൽക്കുകയാണ് ജനനി. തന്റെ ജീവിതം ഇങ്ങനെ ലക്കും ലഗാനും ഇല്ലാതെ എങ്ങോട്ടാണ് പോയ്കൊണ്ടിരിക്കുന്നത് എന്ന ചിന്ത അവളിൽ ഉടലെടുക്കാതിരുന്നില്ല. എല്ലാം എപ്പോഴെങ്കിലും ശരിയാവുമായിരിക്കും എന്ന് ഏതൊരു സാധാരണക്കാരിയെയും പോലെ ആലോചിച്ചു സമാധാനിക്കാൻ അവൾ ശ്രമിക്കുകയായിരുന്നു. ടേബിളിൽ വെച്ചിരുന്ന മൊബൈൽ റിംഗ് അടിക്കുന്നത് ജനനിയുടെ ശ്രദ്ധയിൽ പെട്ടു. ഡിസ്പ്ലേയിൽ അറിയാത്ത നമ്പർ. എന്നിട്ടും എന്തുകൊണ്ടോ അവൾ ഫോൺ അറ്റന്‍ഡ് ചെയ്തു. "ഹലോ" "ജനനിയല്ലേ?" മറുതലയ്ക്കൽ നിന്നും ഭവ്യമായ ശബ്ദം. "അതേ.. ഇതാരാ?" ജനനി അൽപം സങ്കോചത്തോടെ. "ഞാൻ അരവിന്ദ് ആണ്." "അരവിന്ദ്?" ജനനി തെല്ലു സംശയത്തോടെ. "രാവിലെ പെണ്ണുകാണാൻ വന്ന അതേ ആള് തന്നെയാ" അരവിന്ദ് വ്യക്തമാക്കി. "ഉവ്വ്.. മനസ്സിലായി. പെട്ടെന്ന് കേട്ടപ്പോൾ എന്തോ.. അതുകൊണ്ടാ.. പറഞ്ഞോളൂ" ജനനിക്ക് എന്തോ പറയാൻ വാക്കുകൾ കിട്ടാത്ത പോലെ. "ശങ്കരേട്ടനാ ഈ നമ്പർ തന്നത്. എനിക്ക് തന്നോട് കുറച്ചു സംസാരിക്കണം എന്നു തോന്നി. അതാ വിളിച്ചത്. ബുദ്ധിമുട്ടാകുമോ?" "ഇല്ല. പറഞ്ഞോളൂ" ജനനിക്ക് ആകാംഷ. "രാവിലെ തന്നോട് സംസാരിച്ചതിന് ശേഷം ശരിക്കും പറഞ്ഞാൽ ഞാൻ അൽപം മൂഡ് ഓഫ് ആയിരുന്നു. അതാ ശരിക്കൊന്നു യാത്ര പോലും പറയാതെ ഇറങ്ങിയത്. സോറി.. തനിക്കും അത് മനസ്സിലായി കാണും എന്നാണ് എന്റെ വിശ്വാസം." "ഹേ അതൊന്നും സാരമില്ല. എനിക്ക് മനസ്സിലാക്കാൻ പറ്റും." ജനനിക്ക് വീണ്ടും ആകാംഷ. 

അരവിന്ദ് തുടർന്നു. "താൻ പെട്ടെന്നങ്ങനെ പറ​ഞ്ഞപ്പോൾ ഒരു തീരുമാനത്തിലെത്താൻ അപ്പോ പറ്റിയില്ല. ചില കാര്യങ്ങൾ ആലോചിച്ചു വേണ്ടേ തീരുമാനിക്കാൻ?" അതെ എന്ന ഭാവത്തിൽ ജനനി ഒന്ന് മൂളി. "താൻ ശ്രദ്ധിച്ചോ എന്നറിയില്ല, ഇന്ന് രാവിലെ വീട്ടിൽ വന്നപ്പോൾ ഒരു പ്രധാനപ്പെട്ട ആൾ എന്റെ കൂടെ അവിടെ ഉണ്ടായിരുന്നില്ല.. എന്റെ അമ്മ. പൊതുവെ ഇത്തരം ചടങ്ങുകൾക്കു മുൻപന്തിയിൽ നിൽക്കുക അവരാണല്ലോ? എന്നിട്ടും ഇന്നെന്റെ അമ്മക്ക് അവിടെ വരാൻ പറ്റിയില്ല. തന്റെ അച്ഛൻ ചോദിച്ചപ്പോൾ, അമ്മക്ക് സുഖമില്ല എന്നാ ഞാൻ കാരണം പറഞ്ഞത്. പക്ഷെ സത്യത്തിൽ അതങ്ങനല്ല" അരവിന്ദ് വിശദീകരിച്ചു തുടങ്ങി. ജനനിക്ക് കേൾക്കാൻ ആകാംഷ. "അമ്മ പൊതുവെ ഇത്തരം ചടങ്ങുകൾക്കൊന്നും കൊറേ കാലമായിട്ടു പോവാറില്ല. അതെത്ര അടുത്ത ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ ആയാൽ പോലും. കാരണം.. ജനനിക്ക് നഷ്ടപ്പെടാൻ സാധ്യത ഉണ്ട് എന്ന് വിശ്വസിക്കുന്ന, ദൈവം തന്ന ഈ അമൂല്യ വരം.. കാഴ്ച.. അതെന്റെ അമ്മയ്ക്ക് എപ്പോഴേ നഷ്ടപ്പെട്ടതാണ്." അരവിന്ദ് ചെറുതായൊന്നു നെടുവീർപ്പിട്ടു. ഇപ്പോൾ ശരിക്കും ഞെട്ടിയത് ജനനിയാണ്. എന്ത് പറയണം എന്നുപോലും അറിയാത്ത അവസ്ഥ. "എന്റെ കുട്ടിക്കാലത്തു നടന്ന ഒരു കാർ അപകടം. അത് തകർത്തത് അമ്മേടെ ഒരുപാടു സ്വപ്നങ്ങളും കൂടി ആയിരുന്നു. വിൻഡ്ഷീൽഡ് പൊട്ടി തെറിച്ചു കണ്ണിൽ കയറിയതാ.. ഭാഗ്യത്തിന് മറ്റാർക്കും ഒന്നും കാര്യമായി പറ്റിയില്ല. പക്ഷേ.. അമ്മയെ മാത്രം ഭാഗ്യം വേണ്ട പോലെ കടാക്ഷിച്ചില്ല. പല ഡോക്ടർസ് നോക്കിയതാ. മുറിവ് ആഴത്തിലുള്ളത് കാരണം ചികിത്സ ഒന്നും ഫലം കണ്ടില്ല. ഒരു മുന്നറിയിപ്പും കൂടാതെ ആ ഒരു ദുരന്തം അങ്ങനെ കടന്നു പോയി.." അരവിന്ദിന് വാക്കുകൾ ഇടറുന്നുണ്ടായിരുന്നു. ജനനിക്ക് ആശ്ചര്യം!!

"അമ്മക്ക് നല്ല മനക്കരുത്തായിരുന്നു. അതോണ്ട് റിക്കവർ ആയി വരാൻ വലിയ സമയം ഒന്നും വേണ്ടി വന്നില്ല. ഞങ്ങൾക്ക് അത് ഉൾക്കൊള്ളാനായിരുന്നു ബുദ്ധിമുട്ട്. പക്ഷെ പിന്നെ എവിടെ പോയാലും മറ്റുള്ളവരുടെ ഈ സഹതാപത്തോടെ ഉള്ള നോട്ടവും പെരുമാറ്റവും പിന്നെ കുറേ ആവശ്യമില്ലാത്ത ചോദ്യങ്ങളും. അതൊക്കെ അമ്മയെ പലപ്പോഴും വേദനിപ്പിച്ചിരുന്നു. പിന്നെ പിന്നെ അമ്മ ഇത്തരം ചടങ്ങുകൾക്കൊന്നും പോകാതെയായി. കാഴ്ച ഇല്ലെങ്കിലും, അതൊന്നും കുടുംബത്തെ നോക്കാനും തന്റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാനും ഒരു തടസ്സമായി അമ്മ ഒരിക്കലും കണ്ടിരുന്നില്ല. പകരം തന്നെ മനസ്സിലാക്കാൻ പറ്റാത്ത ആളുകളോട് മാത്രം ഒരു അകൽച്ച ഇട്ടു. അത്ര തന്നെ" ഇതെല്ലാം കേട്ടുകൊണ്ടിരുന്ന ജനനിക്ക് അരവിന്ദിനോട് എന്തു പറയണം എന്നുപോലും അറിയുന്നില്ല. "താൻ കഥ കേട്ടു ബോറടിച്ചുവോ?" ഇടയ്ക്ക് അരവിന്ദ് ചോദിച്ചു. "ഹേ.. നെവർ." "സന്തോഷം.. അപ്പോ ഞാൻ പറഞ്ഞു വന്നത്, ജീവിതം പലപ്പോഴും എല്ലാവർക്കും ഇങ്ങനെ ഒക്കെ തന്നെ ആണ്. അതെല്ലാം ഉൾക്കൊണ്ട് തന്നെ മുന്‍പോട്ടു പോകണം." "പക്ഷെ രാവിലെ പോകാൻ നേരത്തു അരവിന്ദിന്റെ മുഖം കണ്ടപ്പോൾ ഞാൻ കരുതി.." "പതിനൊന്നാമത്തെ ആലോചനയും വഴി തെറ്റി പോയെന്ന്, അല്ലെ?" അരവിന്ദിന്റെ ആ മറുപടിക്ക് ജനനി ഇപ്പോ ചെറുതായൊന്നു പുഞ്ചിരിച്ചു. "ജനനി, ഞാൻ സ്നേഹിക്കുന്ന അമ്മയ്ക്കും ഇനി സ്നേഹിക്കാൻ പോകുന്ന പെൺകുട്ടിക്കും ജീവിതം ഒരേ സമ്മാനമാണല്ലോ കാത്തുവെച്ചിരിക്കുന്നത് എന്നോർത്തപ്പോൾ വന്ന ചെറിയൊരു ഷോക്ക്. അതാണ് താനപ്പോൾ എന്റെ മുഖത്തു കണ്ടത്. തന്റെ കാര്യം പറഞ്ഞപ്പോൾ അമ്മ ഒറ്റ മറുപടിയേ പറഞ്ഞൊള്ളൂ, ഇത് നിന്റെ ജീവിതം. ഇനി ജനനി മതിയെന്നാണ് നിന്റെ തീരുമാനമെങ്കിൽ അമ്മയ്ക്കും സന്തോഷം. ഒരുപക്ഷെ നിന്റെ നിഴലായി നടക്കാൻ ഭാവിയിൽ ജനനിക്കു പറ്റാതെ വന്നാൽ നീ അവളുടെ നിഴലായി നടക്കുക. അതും സുന്ദരമാണ്."

"എന്റെ ആ തീരുമാനം അറിയിക്കാനാണ് ‍ഞാൻ ഇപ്പോൾ വിളിച്ചത്. ഇനിയുള്ള എന്റെ ജീവിതത്തിൽ നിഴലായി മാറി നടക്കാൻ താനും കൂടെ ഉണ്ടാവണം എന്നാണെന്റെ ആഗ്രഹം. എന്റെ ഭാര്യ ആയി... തനിക്കും കൂടി സമ്മതമാണെങ്കിൽ.." കേൾക്കാൻ ഏറെ ആഗ്രഹിച്ച ആ വാക്കുകൾ കേട്ടപ്പോൾ ഈറനണിഞ്ഞ കണ്ണുകളോടെ വിതുമ്പുന്ന ശബ്ദത്തിൽ ജനനി അതു പറഞ്ഞു "സമ്മതം." അപ്പോ ഞാൻ അച്ഛനോട് പറയാൻ പോകുവാ നല്ലൊരു മുഹൂർത്തം നോക്കാൻ. ഇതുവരെ കാണാത്ത പുതിയ കാഴ്ചകൾ നമുക്കിനി ഒരുമിച്ചു കാണാടോ. ഞാൻ കൂടെ ഉണ്ടാവും എന്നും.. എപ്പോഴും.. ശുഭരാത്രി. അങ്ങനെ പറഞ്ഞു നിർത്തിയപ്പോൾ അരവിന്ദിനും എന്തെന്നില്ലാത്ത ആനന്ദം. അതൊരു ഉറച്ച പുരുഷശബ്ദമായി ജനനിക്കപ്പോൾ തോന്നി. മൊബൈലിലെ വെളിച്ചവും റൂമിലെ വെളിച്ചവും പതുക്കെ അണഞ്ഞു. പുതിയ സ്വപ്നങ്ങൾ കാണാനായി ജനനി തന്റെ പുതപ്പിലേക്കു ഉൾവലിഞ്ഞു. അല്ലേലും സ്വപ്നങ്ങൾ കാണാൻ അകകണ്ണു തന്നെ ധാരാളമല്ലേ!! ജീവിതം ഇവിടെ വീണ്ടും തുടങ്ങട്ടെ..

English Summary:

Malayalam Short Story ' Muhoortham ' Written by Arunraj N.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com