വർഷങ്ങൾക്കുശേഷം അവളെ കണ്ടു, സംസാരിച്ചു, സുഹൃത്തായി കൂടെയുണ്ടാകുമെന്ന് ഉറപ്പ് നൽകി
Mail This Article
"എനിക്കൊന്ന് നിന്നെ കാണണം " അവൾ പറഞ്ഞു. "അതിനെന്താ , കാണാമല്ലോ." എന്ന് ഞാൻ. "ഞാൻ അങ്ങോട്ട് വരട്ടേ " : അവൾ ചോദിച്ചു. "എങ്ങോട്ട് ? അതിന് നീ എവിടെയാണ്" അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു: "ഞാൻ നിന്റെ പട്ടണത്തിലുണ്ട്." ഞാൻ: "നീ എപ്പോൾ ഇങ്ങോട്ട് വന്നു?" "രാവിലെ എത്തി, വളരെ പെട്ടെന്നായിരുന്നു" ഞാൻ: "നീ എവിടെയാണ് ഉള്ളതെന്ന് പറയൂ ഞാൻ അങ്ങോട്ട് വരാം." അവൾ ഒരു ഇടം പറഞ്ഞു. ഞാൻ അവളോട് അവിടെ എത്തിക്കോളാം എന്ന് പറഞ്ഞ് പുറപ്പെട്ടു.
ജയശ്രീ, എറണാകുളത്ത് ഭർത്താവും രണ്ടു മക്കളുമൊത്ത് താമസിക്കുകയാണ്. ഇപ്പോൾ എന്തായിരിക്കും പെട്ടെന്നൊരു വരവ്. മുമ്പ് ഞാൻ കുറേതവണ ഇങ്ങോട്ട് ക്ഷണിച്ചിട്ടുണ്ടായിരുന്നു. ഒരു രണ്ടുവർഷം മുമ്പ് അവളും അവളുടെ കൂട്ടുകാരും ചേർന്ന് ആഗ്രക്ക് ഒരു യാത്ര പോയിരുന്നു. അപ്പോൾ ഒരു മിന്നൽ പര്യടനം നടത്തിയിട്ടാണ് പോയത്. അന്ന് അവളും അവളുടെ വളരെ അടുത്ത കൂട്ടുകാരികളിൽ രണ്ടുപേരും വീട്ടിൽ വന്നിരുന്നു. ഇപ്പോൾ ജയശ്രീ എന്തിനാണാവോ വന്നത്? ഒരു മെസ്സേജ് പോലും അയച്ചിട്ടില്ല. വരുന്ന കാര്യം പറഞ്ഞിരുന്നുവെങ്കിൽ എനിക്കൊന്ന് തയാറാവാമായിരുന്നു. റെയിൽവേ സ്റ്റേഷനിൽ പോയി കൂട്ടികൊണ്ടുവരാമായിരുന്നു. ഒന്നിനും സമയം തന്നില്ല. ഏതായാലും പോയിക്കാണാം. കാര്യമെന്താണെന്നറിയാമല്ലോ.
കുറെ വർഷങ്ങൾക്ക് മുമ്പ്. ഞാൻ ഈ പട്ടണത്തിലേക്ക് കുടിയേറുംമുമ്പ്. മുത്തച്ഛൻ മരിച്ചിട്ട് ആറുമാസം കഴിഞ്ഞശേഷം. ഒരു ദിവസം മുത്തശ്ശിക്ക് വല്ലാത്ത ചുമ. ചുമച്ച് ചുമച്ച് ചോര ഛർദ്ദിക്കാൻ തുടങ്ങി. അന്ന് ഒരു ആശുപത്രി ഉണ്ടായിരുന്നത് ഇരുപതോളം കിലോമീറ്റർ ദൂരെയാണ്. ഒരു ജീപ്പ് വിളിച്ച് മുത്തശ്ശിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ജീപ്പിൽവെച്ച് അച്ഛൻ പറഞ്ഞു: "എന്തായാലും ഇന്ന് ആശുപത്രിയിൽ കഴിയേണ്ടിവരും. ഇന്നത്തേക്ക് കുഴപ്പമില്ല, പക്ഷെ നാളെയും നിൽക്കേണ്ടിവന്നാൽ എനിക്ക് ബുദ്ധിമുട്ടാകും."
അമ്മാവൻ പറഞ്ഞു: "എനിക്കും അങ്ങനെത്തന്നെ. ഓഫീസിൽ കുറെ പ്രശ്നങ്ങളുണ്ട്. വിട്ടുനിൽക്കാൻ പറ്റില്ല."
അച്ഛൻ: "നമുക്ക് ദേവിയെ വിളിച്ചാലോ"
അമ്മാവൻ: "ഇനിയിപ്പോൾ ദേവിയെയോ ദേവനെയോ വിളിക്കുക മാത്രമേ നിവർത്തിയുള്ളൂ"
അച്ഛൻ: "അല്ലഡോ.. ശ്രീദേവിയെ വിളിച്ചാലോ, ശാരദേടെ മോൾ വീട്ടിലിരിക്കുകയല്ലേ"
അമ്മാവൻ: "അത് നല്ലതാണ്. അങ്ങനെ ചെയ്യാം"
അച്ഛൻ: "എന്ന നീ ഒരു കാര്യം ചെയ്യൂ, ആശുപത്രിയിൽ നിന്നും നീ നേരെ അങ്ങോട്ടേക്ക് പോയി അവളെ കൂട്ടികൊണ്ടുവാ."
അങ്ങനെ മുത്തശ്ശിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. വൈകുന്നേരത്തോടെ ശ്രീദേവിയേടത്തി വന്ന് കാര്യങ്ങൾ ഏറ്റെടുത്തു. ശാരദ അമ്മായി മുത്തച്ഛന്റെ കുടുംബക്കാരിയാണ്. ഒരു അകന്ന ബന്ധം. ഈ ശ്രീദേവിയേടത്തി പത്താംതരം തോറ്റ് ചില്ലറ തുന്നൽപ്പണിയുമായി കഴിയുകയാണ്. നമ്മുടെ വീട്ടിൽ ഇടയ്ക്കിടെ വന്ന് നിൽക്കാറുണ്ട്. വന്നാൽ വീട്ടിലെ എല്ലാജോലികളും ചെയ്യും. അമ്മയ്ക്ക് വലിയ സഹായമാണ്. സാമ്പത്തികമായി നല്ല സ്ഥിതിയിൽ അല്ലാത്തതുകൊണ്ട് കല്യാണമൊന്നും നടക്കുന്നില്ല. അവരുടെ അച്ഛൻ ഇവരെ ഇട്ടിട്ടു പോയതാണ്. ശ്രീദേവിയേടത്തിക്ക് ഒരു അനുജത്തി കൂടിയുണ്ട്, ശ്രീവിദ്യ. പ്രീഡിഗ്രിക്ക് പഠിക്കുന്നു. ശ്രീദേവിയേടത്തി പഠിക്കാൻ മണ്ടിയാണ്. അതുകൊണ്ട് അവർ തന്നെ തുടർന്ന് പഠിക്കുന്നില്ല എന്നുവെച്ചു. ശ്രീവിദ്യയെ പഠിക്കാൻ സഹായിക്കുന്നത് അവരാണ്. ഇരുവർക്കും ഇടയിൽ ഒരാൾ കൂടി ഉണ്ടായിരുന്നു. അവർ ചെറിയ പ്രായത്തിൽ മരണപ്പെട്ടു.
അത്യാവശ്യചിലവിനുള്ള പണം ശ്രീദേവിയേടത്തിയുടെ കൈയ്യിൽ നൽകി അച്ഛനും അമ്മാവനും മടങ്ങി. ബോധമില്ലാതെ കിടന്നിരുന്ന മുത്തശ്ശിക്ക് കൂട്ടായി ശ്രീദേവിയേടത്തി മാത്രം. ഡോക്ടർമാരും നഴ്സുമാരും കൂടെത്തന്നെയുണ്ടായിരുന്നു. എന്നിരുന്നാലും അന്ന് രാത്രി മുത്തശ്ശി മരിച്ചു. മുത്തശ്ശിക്ക് ശ്രീദേവിയേടത്തിയെ വലിയ ഇഷ്ടമായിരുന്നു. ശ്രീദേവിയേടത്തി എപ്പോൾ വീട്ടിൽ വന്നാലും മുത്തശ്ശിയുടെ കൂടെ വളരെ കൂടുതൽ സമയം ചിലവാക്കുമായിരുന്നു. മുത്തശ്ശിയോട് പഴയകഥകൾ ചോദിച്ചറിയുക, പുരാണങ്ങളിലെ കഥകൾ ചോദിക്കുക എന്നത് അവർക്ക് വളരെ ഇഷ്ടപ്പെട്ട കാര്യങ്ങളായിരുന്നു. വെറ്റിലച്ചെല്ലം എടുത്തുവെച്ച് അടയ്ക്കയും പുകയിലയും വെറ്റിലയും വേറെ വേറെ ചതച്ച് കൊടുത്താൽ മുത്തശ്ശിക്ക് വളരെ സന്തോഷമാകും. ശ്രീദേവി കുഴമ്പിട്ട് ഒരു പിടിത്തമുണ്ട്, അതോടെ തന്റെ കാലുവേദന പമ്പകടക്കും എന്ന് മുത്തശ്ശി പറയാറുണ്ട്.
മുത്തശ്ശി മരിച്ചതറിഞ്ഞ് ആരൊക്കെയോ വന്നിട്ടുണ്ടായിരുന്നു. അവരിൽ ചിലർ പറഞ്ഞു "ദൈവാധീനം ഉള്ളവരാണ്, കിടക്കാതെ, ആരെയും ശല്യപ്പെടുത്താതെ പോയി" വേറൊരാൾ പറഞ്ഞു "നമ്മുടെയൊക്കെ സ്ഥിതി എന്താകുമോ എന്തോ!" ശവദാഹം കഴിഞ്ഞ് എല്ലാവരും പോയി. മൂന്നാം ദിവസം ശ്മശാനത്തുനിന്നും അസ്ഥി എടുത്ത് കുടത്തിലാക്കി കെട്ടിവെച്ചത് അച്ഛനാണ്. ശ്രീദേവിയേടത്തി നിമിഷം പോലും വിശ്രമിക്കാതെ ജോലി ചെയ്തുകൊണ്ടേയിരുന്നു. ഏത് സമയത്തും എന്തെങ്കിലും ജോലിയിൽ വ്യാപൃതയായിരിക്കും. കുപ്പിയിൽ നിന്നുമിറങ്ങിയ ഭൂതത്തെപ്പോലെ ഒരു ജോലി തീരുമ്പോൾ മറ്റൊരു ജോലി. പിന്നെയും കുറച്ചു ദിവസം കഴിഞ്ഞപ്പോൾ വീട്ടിൽ സദ്യവട്ടം ഒരുക്കുന്നതുകണ്ടു. കുറെ ആളുകൾ കൂടി. അന്നാണ് ശ്രീദേവിയേടത്തിയുടെ അനുജത്തി ശ്രീവിദ്യ വന്നത്, കൂടെ എനിക്കറിയാത്ത ഒരു പെൺകുട്ടിയും. സുന്ദരി. ഞാൻ ഊഹിച്ചു, ഒന്നുകിൽ ഇവരുടെ ബന്ധുവായിരിക്കും. അല്ലെങ്കിൽ ശ്രീവിദ്യയുടെ കൂടെപ്പഠിക്കുന്നതായിരിക്കും.
വീടിനു മുന്നിലെ കളത്തിൽ പന്തൽ കെട്ടി ആളുകൾ പച്ചക്കറികൾ നുറുക്കുന്നു, തേങ്ങ ചിരകുന്നു, ഇടയ്ക്കിടെ ശ്രീദേവിയേടത്തി കട്ടൻചായ വിതരണം ചെയ്യുന്നുണ്ട്. ഞാൻ തീരുമാനിച്ചു എങ്ങനെയെങ്കിലും ഈ കുട്ടിയുടെ പേര് ചോദിക്കണം. കുറെ നേരം ചുറ്റിപ്പറ്റി നടന്നു. ആളുകൾ ഒഴിഞ്ഞിട്ടുവേണ്ടേ ചോദിക്കാൻ. അച്ഛനോ അമ്മയോ കണ്ടാൽ തീർന്നു. ചീത്തപറഞ്ഞു കൊല്ലും എന്നെനിക്ക് നന്നായറിയാം. ചില ബന്ധുക്കൾ എന്നോട് ചോദ്യങ്ങളും കൊച്ചു വർത്തമാനങ്ങളും ഒക്കെ പറയുന്നുണ്ട്. "ഡിഗ്രി കഴിഞ്ഞിട്ട് എന്താ പരിപാടി?", "എന്തിനാണ് ആർട്സ് എടുത്തത്", "കോളജ് ജീവിതം എങ്ങനെയുണ്ട്" എന്നൊക്കെ ചോദിക്കുന്നുണ്ട്. എന്റെ ശ്രദ്ധ അതിലൊന്നും ആയിരുന്നില്ല. അവളിൽ തന്നെയായിരുന്നു. അവളുടെ പേര് അറിയണം. സാധിക്കുമെങ്കിൽ വീട് എവിടെയെന്നും. കുറെ കഴിഞ്ഞപ്പോൾ അത്താഴം കഴിക്കാനായി വിളിച്ചു. ഞാനും ഒരു പന്തിയിൽ ഇടം പിടിച്ചു. ഭക്ഷണം കഴിച്ച് വന്നപ്പോളാണ് ഞാൻ മനസ്സിലാക്കിയത് അവളെ കാണാനില്ല. ഞാൻ ശ്രീദേവിയേടത്തിയോട് ചോദിച്ചു "ശ്രീദേവിയേടത്തി, വിദ്യ എവിടെ, കാണാനില്ലലോ." "അവരൊക്കെ ശശികല വലിയമ്മയുടെ വീട്ടിൽ ഉറങ്ങാൻ പോയി. ഇവിടെ ഇടമില്ലല്ലോ"
ശശികല വല്യമ്മ കുറച്ചു ദൂരെയാണ് താമസം. അവർക്ക് വാതത്തിന്റെ ഉപദ്രവം കലശലാണ്. അതുകൊണ്ട് അവർ ഇന്ന് വന്നിട്ടില്ല. അച്ഛന്റെ താവഴിയിൽ പെട്ടതാണ് അവർ. ഞാൻ തീരുമാനിച്ചു, ഇന്ന് അവളുടെ പേര് അറിയുകതന്നെ വേണം. നാളെ കാണാൻപറ്റിയെന്നോ വിവരങ്ങൾ ചോദിക്കാൻ കഴിഞ്ഞെന്നോ വരില്ല. ആ രാത്രിയിൽ ഞാൻ അങ്ങോട്ട് പോകാൻ തന്നെ തീരുമാനിച്ചു. ഒറ്റ ബാറ്ററി ഇടുന്ന ഒരു കുഞ്ഞു ടോർച്ച് എന്റെ കൈയ്യിലുണ്ടായിരുന്നു. അതുമെടുത്ത് പുറപ്പെട്ടു. ഒന്നൊന്നര കിലോമീറ്റർ ദൂരെയാണ് അവരുടെ വീട്. പുല്ലും കുറ്റിച്ചെടികളും നിറഞ്ഞ വഴി. ആ കുഞ്ഞു ടോർച്ചിന്റെ നുറുങ്ങുവെട്ടത്തിൽ ഞാൻ ഓടി. പാതി വഴിയിൽ വെച്ച് ടോർച്ച് പ്രകാശിക്കാതെയായി. കൂരാക്കൂരിരുട്ടത്ത് ഞാൻ ഓടി. അവരുടെ വീട്ടിലെത്തിയപ്പോൾ ആ വീടിന്റെ ഉമ്മറത്ത് ഒരു കുഞ്ഞു വിളക്ക് എരിയുന്നു. അതിന്റെ മുന്നിൽ കൂനിക്കൂടിയിരുന്ന് വിദ്യയും അവളും വർത്തമാനം പറയുന്നു. എന്നെ കണ്ടതും അവർ ചാടിയെഴുന്നേറ്റു.
വിദ്യ ചോദിച്ചു: "ഏട്ടൻ എന്താ ഈ സമയത്ത് അതും, വിളക്കില്ലാതെ"
ഞാൻ കിതച്ചുകൊണ്ട് പറഞ്ഞു:"കുറച്ചു വെള്ളം തരൂ" വിദ്യ വെള്ളമെടുക്കാൻ അകത്തേക്ക് പോയി. അപ്പോൾ അവൾ ചോദിച്ചു, "വെള്ളം കുടിക്കാനാ ഇപ്പോൾ വന്നത്?"
ഞാൻ, "അല്ല തന്റെ പേര് ചോദിക്കാൻ"
അവൾ പറഞ്ഞു: "ജയശ്രീ"
"എവിടെയാണ് വീട്?"
ജയശ്രീ: "വിദ്യയുടെ വീടിനടുത്തുതന്നെ."
ഞാൻ: "ഒരു കാര്യം പറയാനാണ് ഞാൻ ഇപ്പോൾ വന്നത്"
ജയശ്രീ: "അതെന്താണ് എന്നെനിക്കറിയാം. ഒരു കാര്യം ചെയ്യൂ. ഇപ്പോഴുള്ള ഈ ഇഷ്ടം കുറച്ചു വർഷങ്ങൾ കഴിഞ്ഞ ശേഷവും ഉണ്ടെങ്കിൽ നമുക്കാലോചിക്കാം. നമ്മുക്ക് കുറച്ചു വർഷം കൂടി കഴിയണമല്ലോ കാര്യങ്ങൾ തീരുമാനിക്കാൻ"
അപ്പോഴേക്കും വിദ്യ വെള്ളവുമായി വന്നു. ഞാൻ അത് വാങ്ങി പെട്ടെന്നുതന്നെ കുടിച്ച് കപ്പ് മടക്കിക്കൊടുത്തു.
വിദ്യ ചോദിച്ചു:"ഈ ഇരുട്ടത്ത് എങ്ങനെ പോകും"
ഞാൻ കൈയ്യിലെ ടോർച്ച് കാണിച്ചുകൊണ്ട് പറഞ്ഞു: "ടോർച്ചുണ്ട്" കൂടുതലൊന്നും പറയാതെ ഞാൻ അവിടെനിന്നുമിറങ്ങി.
വീട്ടിലെത്തിയത് ഞാൻ അറിഞ്ഞതേയില്ല. ഞാൻ ഏതോ ഒരു ലോകത്തായിരുന്നു. മനസ്സ് ശൂന്യമായിരുന്നു. ജയശ്രീ എന്താണ് ഉദ്ദേശിച്ചത് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. പിറ്റേന്ന് കുറെ ആളുകൾ വീട്ടിൽ വന്നിരുന്നു. ജയശ്രീയും ഉണ്ടായിരുന്നു. ഞാൻ അവളെ പലവട്ടം നോക്കി. എന്നാൽ അവൾ എന്നെ കണ്ടതായി ഭാവിച്ചില്ല. ഉച്ചഭക്ഷണം കഴിച്ച് എല്ലാവരും പോയി. കൂട്ടത്തിൽ അവളും പോയി. പിന്നീട് വിദ്യ എനിക്കൊരു കുല നന്ദ്യാർവട്ട പൂവ് തന്നു. അവൾ പറഞ്ഞു "ജയശ്രീ തരാൻ പറഞ്ഞു." ഈ വെളുത്ത പൂക്കൾ കൊണ്ട് അവൾ എന്താണ് ഉദ്ദേശിച്ചിട്ടുണ്ടാവുക. പിന്നെ അതായി എന്റെ ചിന്ത. ബിരുദപഠനം കഴിഞ്ഞ് ഞാൻ മുംബൈക്ക് ചേക്കേറി. ജീവിതം കെട്ടിപ്പടുത്തുവാനുള്ള തിരക്കിൽ ജയശ്രീയെ മറന്നു. ഒരു ദിവസം അവളുടെ കല്യാണക്കുറി പോസ്റ്റൽ വഴി വന്നു. ആ കാർഡിൽ ഉണ്ടായിരുന്ന വിലാസത്തിലേക്ക് ആശംസാ കുറിപ്പ് അയച്ചു. അവളുടെ കല്യാണം കഴിഞ്ഞ ശേഷം ഞാൻ നാട്ടിൽ പോയി. ശ്രീദേവി ഏട്ടത്തിയെയും ശാരദ അമ്മായിയേയും കണ്ടു. അപ്പോൾ ഞാൻ അവരോട് വിദ്യയെ കല്യാണം കഴിച്ചു തരാമോ എന്ന് ചോദിച്ചു. ശാരദ അമ്മായി പറഞ്ഞു :"മൂത്തവളുടെ കല്യാണം നടക്കാതെ എങ്ങനെ ചെറിയവൾ?"
എനിക്ക് പരിചയമുണ്ടായിരുന്ന രാമകൃഷ്ണേട്ടനോട് കാര്യം പറഞ്ഞു. അയാൾ ശ്രീദേവിയേടത്തിയെ കല്യാണം കഴിക്കാമെന്നേറ്റു. എന്റെ കല്യാണത്തിന് ഞാനും ഒരു കല്യാണക്കുറി ജയശ്രീക്ക് അയക്കുകയുണ്ടായി. ശ്രീവിദ്യയുടെ വീട്ടിൽ നിന്നും ആരെങ്കിലും കുറി അയച്ചോ എന്നറിയില്ല. അങ്ങനെ രണ്ടുകല്യാണങ്ങളും ഒരേ പന്തലിൽ നടന്നു. രാമകൃഷ്ണേട്ടൻ മിലിട്ടറിയിൽ ആയിരുന്നു. ഭാര്യയെയും കൂട്ടി അയാൾ ഡൽഹിക്ക് പോയി. ഞാനും വിദ്യയും മുംബൈക്കും. തുടർന്ന് വിദ്യയും ജയശ്രീയും കത്തുകൾ അയക്കാൻ തുടങ്ങി. കാലത്തിനൊപ്പം സഞ്ചരിച്ച് അവർ ഇപ്പോൾ മൊബൈലിൽ അവരുടെ ബന്ധം തുടരുന്നു. സങ്കടം വന്നാലും സന്തോഷം വന്നാലും എനിക്ക് മെസ്സേജ് അയക്കുകയോ വിളിക്കുകയോ ചെയ്യുക ജയശ്രീയുടെ പതിവായി. അവളുടെ കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങളുടെ കഥ കേൾക്കാൻ ഞാൻ നല്ല കേൾവിക്കാരനായി. ചില രാത്രികളിൽ അവളുടെ കരച്ചിലിന് ദൈർഘ്യം കൂടിയിരുന്നു. തികച്ചും മദ്യപാനിയായ അവളുടെ ഭർത്താവ് കാണിക്കുന്ന വിക്രിയകൾ അവൾ വിവരിച്ചിരുന്നു.
എന്നാലും അവൾ ഇപ്പോൾ ഇങ്ങോട്ട് വന്നതെന്തിനാണ് എന്നാലോചിച്ച് എനിക്ക് വല്ലാത്ത അങ്കലാപ്പ് തോന്നി. അവൾ വേറെ വല്ലയിടത്തേക്കും പോകുന്നതിനിടയിൽ ഇവിടെ ഇറങ്ങിയതാണോ. സാന്താക്രൂസ് ഈസ്റ്റിലെ "ഗാർഡൻ വ്യൂ" റെസ്റ്റോറന്റിൽ അവൾ നിൽക്കാമെന്നല്ലേ പറഞ്ഞത്. അത് നന്നായി കാരണം അതിന്റെ മാനേജർ രാഘവ് എനിക്ക് പരിചയമുള്ള ആളാണ്. അയാളെ കണ്ടിട്ട് കുറെ നാളുകളായി. അയാളെയും കാണാം. വർഷങ്ങൾക്ക് മുമ്പ് മുത്തശ്ശിയുടെ മരണവേളയിൽ കണ്ടതാണ് ജയശ്രീയെ. ഫോണിൽ വീഡിയോ കാൾ ചെയ്യാറുണ്ട്. എന്നാലും ഇപ്പോൾ നേരിട്ട് കാണുന്നതിൽ എനിക്കെന്തോ ഹൃദയസ്പന്ദനം കൂടിയതുപോലെ തോന്നി. "ഗാർഡൻ വ്യൂ"വിൽ കയറിയതും ഞാൻ അവളെ കണ്ടു. അവൾ പ്രധാന വാതിലിന് അഭിമുഖമായാണ് ഇരിന്നിട്ടുണ്ടായിരുന്നത്. എന്നെ കണ്ടതും അവൾ എന്നെ കെട്ടിപ്പിടിച്ചു. അവളുടെ കണ്ണിൽ നിന്നും ജലപ്രവാഹമുണ്ടായി. അത് തുടച്ചുകൊണ്ട് അവൻ പറഞ്ഞു "നീ ഇരിക്ക്, സംസാരിക്കാനുണ്ട്." ഞങ്ങൾ ഫോണിൽ സംസാരിക്കാൻ തുടങ്ങിയതുമുതൽ ഇവൾ എന്നെ ഏകവചനത്തിൽ തന്നെയാണ് സംബോധന ചെയ്തിരുന്നത്. അതൊരു വിഷയമായി എനിക്ക് തോന്നിയിട്ടുമില്ല.
അവൾ കഥകളുടെ അഥവാ പ്രശ്നങ്ങളുടെ കെട്ടഴിച്ചു. തുടങ്ങിയത് ഇങ്ങനെയാണ്. "എന്നോട് തീരെ സ്നേഹമില്ല. രണ്ടാമത്തെ കുട്ടി ആയശേഷമാണ് തന്നെ പൂർണ്ണമായും അവഗണിക്കാൻ തുടങ്ങിയത്. മിണ്ടാറുപോലുമില്ല. ഇങ്ങനെ ഒരാൾ വീട്ടിൽ ഉണ്ടെന്നുപോലും കരുതാറില്ല. ഞാൻ മാടുപോലെ പണിയെടുക്കുന്നു. എന്നോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ മക്കളോട് പറയും. അവർ എന്നോടും. അവർക്കും മടുത്തു ഈ മദ്ധ്യവർത്തിയുടെ ജോലി. പക്ഷെ ഒന്നുണ്ട് കേട്ടോ.. ചീത്ത വിളിക്കാനും എന്റെ കുടുംബത്തിലുള്ളവരെ കുറ്റം പറയാനും ഉണ്ടെങ്കിൽ അത് നേരിട്ട് പറയാനുള്ള മഹാ മനസ്കതയുണ്ട്. അതൊക്കെ മദ്യപിച്ചാലേ ഉള്ളൂ. എന്നാൽ മദ്യപാനം ദിവസവും ഉണ്ട് എന്നതാണ് കാര്യം. ഒരു അവാർഡ് സിനിമപോലെ ആണ് കാര്യങ്ങൾ. ഞാൻ എന്ത് തെറ്റാണ് ചെയ്തതെന്ന് അറിയില്ല. ഞാൻ ഇപ്പോൾ ഇങ്ങോട്ട് വന്നത് ഇവിടെ എന്തെങ്കിലും ജോലി ചെയ്യാൻ വേണ്ടിയാണ്. ഇനിമുതൽ ഞാൻ ഈ നഗരത്തിലാണ് താമസിക്കാൻ പോകുന്നത്.
ഞാൻ: "ഈ മഹാ നഗരത്തിലോ? തനിക്കെന്തു ജോലി?"
ജയശ്രീ: "എന്തെങ്കിലും ജോലി കിട്ടാതിരിക്കുമോ"
ഞാൻ: "അപ്പോൾ നിന്റെ താമസം"
ജയശ്രീ: "നിന്റെ കൂടെ.."
ഞാൻ: "എന്റെ കൂടെയോ?"
ജയശ്രീ: "അതെ നിന്റെ കൂടെത്തന്നെ. എന്താ, വല്ല ബുദ്ധിമുട്ടും ഉണ്ടോ? ഞാൻ വിദ്യയോട് സംസാരിച്ചോളാം."
ഞാൻ: "എനിക്ക് ബുദ്ധിമുട്ടൊന്നും ഇല്ല."
ജയശ്രീ: "വേണ്ടടോ.. എന്റെ അമ്മ വകയിൽ ഒരു അമ്മായിയും അമ്മാവനും ഇവിടെയുണ്ട്. അവരുടെ മക്കൾ മൂന്നുപേരും അമേരിക്കയിലോ ലണ്ടനിലോ മറ്റോ ആണ്, തൽക്കാലം അവിടെ താമസിക്കാം എന്ന് വിചാരിക്കുന്നു."
ഞാൻ: "അത് കൊള്ളാം. പക്ഷേ എന്ത് ജോലി?"
ജയശ്രീ: "വല്ല സ്കൂളിലോ മറ്റോ ശ്രമിക്കാം. എറണാകുളത്ത് കുറച്ചുവർഷം ടീച്ചറായി ജോലി നോക്കിയിട്ടുണ്ടല്ലോ.. എന്താ നടക്കില്ലേ?"
ഞാൻ: "പിന്നെ, നടക്കും.."
ജയശ്രീ: "പിന്നെ.. നീ കുറച്ചുനാൾ എന്നെ സഹായിക്കണം, ഇവിടം പരിചയമാകുന്നതുവരെ മാത്രം മതി."
ഞാൻ: "അതിനെന്താ.!"
പിന്നെയും ഞങ്ങൾ കുറെ നേരം സംസാരിച്ചു. നാട്ടിലെ വിശേഷങ്ങൾ, എറണാകുളത്തെ സ്ഥിതിഗതികൾ. അങ്ങനെ പലതും. യാത്ര പറയാൻ നേരം ഞാൻ ചോദിച്ചു "ഈ അമ്മായി താമസിക്കുന്നത് എവിടെയാണ്?"
ജയശ്രീ: "കലിനയിൽ. യൂണിവേഴ്സിറ്റിക്ക് അടുത്ത്."
ഞാൻ: "ശരി നന്നായി. അമ്മാവന് യൂണിവേഴ്സിറ്റിയിൽ ആയിരുന്നോ ജോലി?"
ജയശ്രീ: "അല്ല, എയർ ഇന്ത്യയിൽ ആയിരുന്നു. ഇപ്പോൾ റിട്ടയർ ആയി പത്തു പതിനഞ്ചു വർഷങ്ങൾ ആയിട്ടുണ്ടാകും."
ഞാൻ: 'ഓ. എയർ ഇന്ത്യയുടെ ക്വാർട്ടേഴ്സ് അവിടെ അടുത്താണല്ലോ"
പിന്നെ കുറേനേരം നമ്മൾ ഒന്നും സംസാരിച്ചില്ല. വിഷയങ്ങളെല്ലാം തീർന്നതുപോലെ. അവൾ എന്തോ ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിൽ ഭംഗം നേരിടേണ്ട എന്നുകരുതി ഞാനും മിണ്ടാതിരുന്നു. കുറേനേരം കഴിഞ്ഞപ്പോൾ അവൾ ചോദിച്ചു : "നാളെ ഉച്ചവരെ ഫ്രീ ആകാൻ പറ്റുമോ?"
ഞാൻ: "ഓ, യെസ്. എന്തിനാ?"
ജയശ്രീ: "നാളെ രണ്ടു സ്കൂളുകളിൽ പോകാനുണ്ട്."
ഞാൻ: "പോകാമല്ലോ. രാവിലെ ഞാൻ കലിനക്ക് വരണോ, ഇവിടെ വരണോ?"
ജയശ്രീ: "അതൊന്നും എനിക്കറിഞ്ഞുകൂടാ. എനിക്ക് രാവിലെ പോകേണ്ടത് നവി മുംബൈക്ക് ആണ്"
ഞാൻ: "എന്നാൽ ഞാൻ അങ്ങോട്ട് വരാം. അവിടെ നിന്നും കുർള സ്റ്റേഷനിലേക്ക്, അവിടെ നിന്നും ട്രെയിൻ പിടിക്കാം."
ജയശ്രീ: "അതാണ് കാര്യം, അതിനാണ് നിന്നെ കൂട്ടാം എന്ന് തീരുമാനിച്ചത്."
ഒരു ചായകൂടി ഓർഡർ ചെയ്തു. അത് കുടിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു. "നിനക്ക് ഓർമ്മയുണ്ടോ വിദ്യയുടെ കുട്ടിക്കാലത്തെ ജീവിതം?"
ജയശ്രീ: "ഇല്ല. അന്ന് ഞാൻ അവളെ കൂടുതലും കാണുക വീടിനു വെളിയിൽ വെച്ചാണല്ലോ! എന്തെ?"
ഞാൻ: "അപ്പോൾ ശ്രീദേവിയേടത്തിയുടെ കാര്യങ്ങൾ അറിയാൻ സാധ്യതയില്ല."
ജയശ്രീ: "അങ്ങനെ കാര്യമായിട്ടൊന്നും അറിയില്ല."
ഞാൻ: "അവരുടെ കുട്ടിക്കാല ജീവിതം. അച്ഛൻ ഇല്ലാത്തതിന്റെ കഷ്ടപ്പാട്..."
ജയശ്രീ: "അതാണോ, അത് കുറച്ചൊക്കെ അറിയാം"
ഞാൻ: "അനുജത്തിക്കുവേണ്ടി ശ്രീദേവിയേടത്തി പഠിത്തം നിർത്തിയതും വീടുകളിൽ ജോലിക്കു പോയതും ഒക്കെ."
ജയശ്ര : "അതിവിടെ പറയാൻ?"
ഞാൻ: "പെൺകുട്ടികൾ ആയാൽ അച്ഛനും അമ്മയും കൂടെവേണം. കുട്ടികളുടെ ഓരോ നിമിഷത്തെ വളർച്ചയും അച്ഛനമ്മമാർ അറിയുന്നതുപോലെ വേറെ ഒരാളും അറിയില്ല. അറിയേണ്ട ആവശ്യവും ഇല്ല." ജയശ്രീ എന്തൊക്കെയോ ആലോചിക്കുന്നു എന്നെനിക്ക് മനസ്സിലായി. "തനിക്കും രണ്ട് പെൺമക്കൾ ആണെന്നോർക്കുക."
ജയശ്രീ പെട്ടെന്ന് ചാടി എഴുന്നേറ്റു. അതുകണ്ട് പരിഭ്രമത്തോടെ ഞാനും എഴുന്നേറ്റു. അവൾ എന്റെ അടുത്തേക്ക് വന്നു. കൈയ്യിൽ പിടിച്ചു. പിന്നെ എന്നെ കെട്ടിപ്പിടിച്ചു എന്നിട്ട് ചെവിയിൽ പറഞ്ഞു "താൻ എന്നെ കല്യാണം കഴിക്കാത്തത് എത്ര നന്നായി. കഴിച്ചിരുന്നെങ്കിൽ ഇതുപോലൊരു സുഹൃത്തിനെ നഷ്ട്ടപ്പെടുമായിരുന്നു." ഒന്നും പറയാതെ അവൾ അവിടെ നിന്നും ഇറങ്ങി നടന്നു. എന്തോ തീരുമാനിച്ചുറപ്പിച്ചതുപോലെ.