'ജന്മനാ കാലുകള് തളർന്ന പെൺകുട്ടി', കല്യാണാലോചന വന്നനാൾ മുതൽ നാട്ടുകാർക്ക് അസൂയ
Mail This Article
ഒരേസമയം ഒരു ഓട്ട് കമ്പനിയുടെയും മരക്കമ്പനിയുടെയും ഉടമസ്ഥൻ ആയിരുന്നു ‘സിലോൺ ഡൊമിനിക് മൊതലാളി’എന്നറിയപ്പെട്ടിരുന്ന എറണാകുളത്തെ പ്രമുഖ വ്യാപാരി ഡൊമിനിക് താക്കോൽക്കാരൻ. യുവാവായിരിക്കുമ്പോൾ തന്നെ ജോലിയന്വേഷിച്ച് കപ്പലു കയറി സിലോണിൽ പോയി. നല്ല പോലെ കാശു സമ്പാദിച്ച് തിരികെ നാട്ടിൽ വന്ന് വലിയ ബംഗ്ലാവും കാറും ഒക്കെയായി ജീവിച്ചു വന്നിരുന്ന ആളായിരുന്നു ഡൊമിനിക്. സമ്പന്ന കുടുംബത്തിൽ നിന്ന് വിവാഹവും ചെയ്ത ധനാഢ്യനായ ഡൊമിനിക്കിന് 3 മക്കളായിരുന്നു. ഒരു പെണ്ണും രണ്ടാണും. പെൺകുട്ടി യൗവനയുക്തയായിട്ടും സാധാരണ വീടുകളിലെ പോലെ ബ്രോക്കർമാർ അവിടെ വട്ടമിട്ട് പറന്നിരുന്നില്ല. കാരണം ജന്മനാൽ തന്നെ രണ്ട് കാലുകളും തളർന്ന അവസ്ഥയിൽ ഉള്ള പെൺകുട്ടിയായിരുന്നു അത്. അത്യാവശ്യത്തിനുള്ള വിദ്യാഭ്യാസമൊക്കെ നേടിയത് ട്യൂഷൻ ടീച്ചർമാർ വീട്ടിൽ വന്ന് പഠിപ്പിച്ചു കൊടുത്തിട്ടായിരുന്നു. സമ്പന്നതയുടെ മടിത്തട്ടിൽ ആണ് ജീവിതം എങ്കിലും ഡൊമിനിക്കിന്റെയും ഭാര്യയുടെയും ഒരു തീരാദുഃഖം ആയിരുന്നു ഈ പെൺകുട്ടി.
ബ്രോക്കർമാർ ആരും തിരിഞ്ഞു നോക്കാത്തതുകൊണ്ട് കാര്യങ്ങളൊക്കെ വ്യക്തമായി എഴുതി ഡൊമിനിക് ആ കാലഘട്ടത്തിൽ പത്രത്തിൽ ഒരു പരസ്യം ചെയ്തു. 1965-70 കാലഘട്ടമാണ് ഇത്തരത്തിലുള്ള പരസ്യങ്ങൾ ഒന്നും അന്ന് പത്രത്തിൽ സാധാരണമല്ല. പരസ്യം ചെയ്തിട്ടും ആരും വന്നില്ല. ഒന്നു രണ്ട് ആഴ്ച കഴിഞ്ഞപ്പോൾ മാർക്കറ്റിൽ ഞായറാഴ്ച ദിവസം ആടിനെ വെട്ടുന്ന ആൾ വളരെ ഭയത്തോടെ ഡൊമിനിക് മുതലാളിയെ കാണാൻ വന്നു. “എനിക്ക് സിനിമാ നടനെ പോലെ ഇരിക്കുന്ന ഒരു മകനുണ്ട്. അവൻ ഈ പരസ്യം കണ്ടു താൽപര്യം പറഞ്ഞു. മുതലാളിക്ക് വിരോധമില്ലെങ്കിൽ ഞാൻ അവനെ കൂട്ടിക്കൊണ്ടു വരാം. അല്ലെങ്കിൽ ഇങ്ങനെ ചോദിച്ചതായി പോലും രണ്ടാമതൊരാൾ അറിയാൻ ഇടവരാതെ മറന്നു കളഞ്ഞേക്കണം. അവിവേകമാണ് ഞാൻ പറഞ്ഞതെങ്കിൽ എന്നോട് പൊറുക്കുകയും വേണം.” ഡൊമിനിക് ആലോചിച്ച് മകനെയും കൂട്ടി വരാൻ പറഞ്ഞു. പിന്നെ എറണാകുളം നിവാസികൾ കേൾക്കുന്ന വാർത്ത നമ്മുടെ ഇറച്ചിവെട്ടുകാരന്റെ മകൻ ഡൊമിനിക്കിന്റെ മോളെ കെട്ടാൻ പോകുന്നു എന്നാണ്.
കല്യാണം കരക്കാരെ മുഴുവൻ വിളിച്ച് ആഘോഷമായി നടത്തി, മരുമകനെ ഒരു ബിസിനസ് സ്ഥാപനം കൈയ്യോടെ ഏൽപിച്ചുകൊടുത്തു ഡൊമിനിക്. പെൺകുട്ടി താമസിയാതെ സ്റ്റൗ പൊട്ടിത്തെറിച്ചു മരിക്കുമെന്നും ഇവൻ സ്വത്ത് അടിച്ചു മാറ്റി വേറെ കെട്ടും എന്നൊക്കെ എല്ലാവരും വിചാരിച്ചു. മരുമകന്റെ ഓരോ നീക്കങ്ങളും ഭൂതക്കണ്ണാടി വെച്ച് നാട്ടുകാർ നിരീക്ഷിക്കുന്നുണ്ടായിരുന്നതുകൊണ്ട് ഡൊമിനിക്കിനു മറ്റു ബിസിനസ്സുകളിൽ നന്നായി ശ്രദ്ധിക്കാൻ സമയം കിട്ടി. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് മരുമകൻ മോളെ പൊന്നുപോലെ ആണ് നോക്കിയിരുന്നത്. പള്ളിയിലും സിനിമയ്ക്കും ഷോപ്പിങ്ങിനും വീൽചെയറിൽ ഉന്തി ഈ പെണ്ണിനെയും കൊണ്ട് നടക്കുന്നത് കണ്ട് ദോഷൈകദൃക്കുകൾ അപ്പോഴും പറഞ്ഞു. ‘എല്ലാവരെയും കാണിക്കാൻ വേണ്ടി കൊണ്ടുനടക്കുകയാണ്. കുറച്ചുകഴിയുമ്പോൾ ഇതിനെ ഇവൻ കൊന്ന് കാശും സ്വന്തമാക്കി വേറെ കെട്ടു’മെന്ന്. രണ്ടു കുഞ്ഞുങ്ങളെ പ്രസവിച്ചു ആ മക്കളുടെ കല്യാണവും കഴിഞ്ഞ് മുത്തശ്ശിയും മുത്തശ്ശനും ആയി അവർ സന്തോഷമായി ഇന്നും ജീവിച്ചിരിക്കുന്നുണ്ട്.
ഡൊമിനിക്കിന്റെ മൂത്തമകന് കേൾവി കുറവുണ്ടായിരുന്നു. അവനും കല്യാണപ്രായം എത്തിയപ്പോൾ ഒരു ബ്രോക്കർമാരും തിരിഞ്ഞുനോക്കുന്നില്ല അവസാനം അതിസുന്ദരിയായ മരുമകന്റെ പെങ്ങളെ കല്യാണം കഴിച്ചു. അപ്പോഴും നാട്ടുകാരു പറഞ്ഞു ഇറച്ചിവെട്ട് സുന്ദരി പൊട്ടനെ ആടിനെ കൊല്ലുന്നത് പോലെ കൊന്ന് അവൾ വേറെ ആൺപിള്ളേരുടെ കൂടെ പോകുമെന്ന്. അവരുടെ സുന്ദരമായ ജീവിതവും നാട്ടുകാരെ നിരാശപ്പെടുത്തി. സന്തുഷ്ടമായ കുടുംബജീവിതം അവർ ഇന്നും നയിക്കുന്നു. നാട്ടുകാര്‍ ഡൊമിനിക്കിന്റെ കാര്യത്തിൽ പ്രവചനങ്ങളും നിരീക്ഷണങ്ങളും നിർത്തി. വെറുതെ സമയം കളയാം എന്നല്ലാതെ യാതൊരു പ്രയോജനവും ഇല്ല എന്ന് മനസ്സിലായി.
മൂന്നാമത്തെ മകനിൽ ആർക്കും ഒരു പ്രതീക്ഷയും ഇല്ല. കാരണം പയ്യൻ മിടു മിടുക്കനാണ്. സ്കൂൾ കാലഘട്ടം മുതൽ പഠിച്ചത് ഊട്ടിയിൽ. പിന്നെ പഠിച്ചത് ബാംഗ്ലൂരിൽ. ബിരുദാനന്തരബിരുദം നേടിയതോ വിദേശത്തുനിന്നും. പഠനം കഴിഞ്ഞ് അപ്പന്റെ വീതത്തിൽ കിട്ടിയ ബിസിനസ് സ്ഥാപനം ഏറ്റെടുത്തു. എല്ലാം ആധുനിക രീതിയിലുള്ള സംവിധാനങ്ങൾ ആക്കിയിരുന്നു അവിടം. ബ്രോക്കർമാർ പയ്യനു കല്യാണം ആലോചിച്ച് അവിടെ വട്ടമിട്ട് പറന്നു. മൂത്ത മകനും മകളും ഇറച്ചിവെട്ടുകാരന്റെ മക്കളെ ആണല്ലോ കെട്ടിയത്. അവർ സന്തോഷമായി അസൂയാവഹമായ ഒരു ജീവിതം നയിക്കുന്നത് കണ്ടപ്പോൾ ഡൊമിനിക്കിന് തോന്നി പാവപ്പെട്ട ഒരു വീട്ടിൽ നിന്ന് കല്യാണം കഴിച്ചാൽ എല്ലാം നന്നാകുമെന്ന്. കനത്ത സ്ത്രീധനം പറഞ്ഞു വന്ന എല്ലാവരെയും ഒഴിവാക്കി പാവപ്പെട്ട വീട്ടിൽനിന്ന് പയ്യനു കല്യാണം ഉറപ്പിച്ചു.
ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്ന് ദൃഢനിശ്ചയം ഉള്ളതുകൊണ്ട് നാട്ടുകാർ ആരും ഈ കല്യാണം ശ്രദ്ധിച്ചത് പോലും ഇല്ല. പക്ഷെ രണ്ടു വർഷം കഴിഞ്ഞപ്പോൾ എറണാകുളത്തുനിന്ന് ഇറങ്ങുന്ന പത്രവും സായാഹ്ന പത്രവും ഒക്കെ ചൂടപ്പം പോലെ വിറ്റു പോകുന്നു. കാരണം എന്തെന്ന് അല്ലേ, രണ്ടാമത്തെ മരുമകൾ മകന്റെ കൂട്ടുകാരനോടൊപ്പം ഒളിച്ചോടി. ഹാവൂ!!! എത്രയോ വർഷമായി നാട്ടുകാർ കേൾക്കാൻ ആഗ്രഹിച്ചിരുന്ന, പ്രതീക്ഷിച്ചിരുന്ന വാർത്തയായിരുന്നു ഇത്. പല മഞ്ഞ പത്രക്കാരും ആ നാളുകളിൽ തലക്കെട്ട് വാർത്ത വരെ എഴുതിവെച്ചിരുന്നു. ഭിന്നശേഷിയുള്ള പെൺകുട്ടിയെ ഭർത്താവ് സ്റ്റൗ പൊട്ടിത്തെറിപ്പിച്ചു കൊന്നു. പൊട്ടനെ തട്ടി വീട്ടമ്മ കാശുമായി കടന്നുകളഞ്ഞു. എല്ലാവരും ഡൊമിനിക്കിന്റെ വീട്ടിലേക്ക് വച്ചുപിടിച്ചു എന്താണ് സംഭവം എന്ന് അറിയാൻ. പെൺകുട്ടിയെ ഒന്ന് മോഡേൺ ആക്കാൻ വേണ്ടി ഡ്രൈവിംഗ് പഠിപ്പിച്ചു, ബാഡ്മിന്റൺ പരിശീലന ക്ലാസ്സിൽ ചേർത്തു, ബ്യൂട്ടിപാർലറിൽ കൊണ്ടുപോയി, ക്ലബ്ബിൽ അംഗമാക്കി മകന്റെ വിദേശ അഭിരുചിക്കനുസരിച്ച് മാറ്റിയെടുക്കാൻ ശ്രമിച്ചിരുന്നു. കന്നിനെ കയം കാണിച്ചത് പോലെ ആയി. പെൺകുട്ടി കുഞ്ഞിനെ പോലും ഉപേക്ഷിച്ച് മറ്റൊരു ക്ലബ് അംഗത്തോടൊപ്പം പോയി. ഡൊമിനിക്കും ഭാര്യയും മകനും കൂടി ഇപ്പോഴാ പൊടി കുഞ്ഞിനെ വളർത്തലാണ് ജോലി. “വരാൻ ഉള്ളതൊന്നും വഴിയിൽ തങ്ങില്ല” എന്ന പഴമൊഴി അയവിറക്കി ഡൊമിനിക്കും കുടുംബവും ആശ്വസിക്കുന്നു.
“മനുഷ്യൻ പദ്ധതികൾ വിഭാവനം ചെയ്യുന്നു. അന്തിമമായ തീരുമാനം കർത്താവിന്റെത് അത്രേ.”