ഒൻപതാം ക്ലാസുകാരന്റെ മരണം, വീടിനുള്ളിലുണ്ട് കൊലപാതകി
Mail This Article
ആ ദിവസം പുതുതായി സ്വർഗ്ഗത്തിലെത്തിയ അവസാനത്തെ അന്തേവാസിയായിരുന്നു അവൻ. സമയം അപ്പോൾ അർധരാത്രി കഴിഞ്ഞിരുന്നു. അവന്റെ മുറിയിലെ എല്ലാവരും നല്ല ഉറക്കമാണ്. അവൻ നിശബ്ദനായി അവനു നൽകിയ കിടക്കയിൽ പോയി ഇരുന്നു. പക്ഷേ, ആ നിശബ്ദത അധിക നേരം പാലിക്കാൻ അവന് സാധിച്ചില്ല. കാരണം അന്ന് അവന്റെ ആത്മാവിന് അത്രയ്ക്കു മുറിവേറ്റിരുന്നു. അവൻ ഉറക്കെ പൊട്ടിക്കരഞ്ഞു. അവന്റെ കരച്ചിൽ കേട്ട് എല്ലാവരും ഞെട്ടിയുണർന്നു അവനെ ഒന്ന് നോക്കി.
പുതിയ അന്തേവാസിയെ കണ്ടു ആദ്യം എല്ലാവരും ഒന്ന് അമ്പരന്നു. കാരണം, അവൻ ഒരു കുട്ടിയായിരുന്നു. കരഞ്ഞുകൊണ്ടിരുന്ന അവന്റെ തോളിൽ പിടിച്ചുകൊണ്ട് അപ്പോൾ ഒരു വൃദ്ധ ചോദിച്ചു.. "എന്താ മോന്റെ പേര്..?" അവൻ മറുപടി ഒന്നും പറഞ്ഞില്ല.. അന്തേവാസികൾ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് നോക്കി. "മോൻ വിഷമിക്കേണ്ട.. ഇവിടെ നല്ല രസമാണ്.. ഇവിടെ കാണാൻ മനോഹരമായ ഒരുപാട് കാഴ്ച്ചകളുണ്ട്.. മോന്റെ കൂടെ കളിക്കാൻ ഞങ്ങൾ എല്ലാവരുമുണ്ട്..." ആ വൃദ്ധ പറഞ്ഞു..
അത് കേട്ടതും അവൻ വിതുമ്പികൊണ്ടു എല്ലാവരെയും തലയുയർത്തി ഒന്ന് നോക്കി.. എല്ലാവരും അവന് പുഞ്ചിരി സമ്മാനിച്ചു. ആ വൃദ്ധ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.. "എന്താ മോന്റെ പേര്..?" "ജിത്തു....." "കൊള്ളാലോ പേര്.. സൂപ്പർ പേരാണലോ.. എത്രാം ക്ലാസ്സിലാ പഠിക്കുന്നേ..?" "ഒൻപതിൽ..." "വീട്ടിൽ ആരൊക്കെയുണ്ട്..?" "അച്ഛൻ, അമ്മ, അനുജത്തി..." "അഹ്... മിടുക്കൻ... മോൻ വിഷമിക്കേണ്ട കേട്ടോ... സന്തോഷമായി ഇരിക്ക്... മോന് കൂട്ടായിട്ടു ഞങ്ങൾ എല്ലാവരുമുണ്ട്.."
പെട്ടെന്ന് പുറകിൽ നിന്ന് ആരോ ആ ചോദ്യം ചോദിച്ചു... "ഇത്രയും ചെറുപ്പത്തിലേ എങ്ങനെയാടാ മോനേ നീ ഇവിടെ എത്തിയത്.. എന്താ നിനക്കു പറ്റിയത്..??" ആ ചോദ്യം കേട്ടതും അവൻ വീണ്ടും കരയാൻ തുടങ്ങി.. അപ്പോൾ ആ വൃദ്ധ അവനെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു... "മോൻ വിഷമിക്കേണ്ട... ഉറങ്ങിക്കോ.." "എന്നെ കൊന്നതാണ്..." അതുകേട്ടതും എല്ലാവരും ഒരുനിമിഷം ഒന്ന് സ്തംഭിച്ചു നിന്നു പോയി. "ആരാ മോനേ കൊന്നത്..?" അവൻ കരഞ്ഞുകൊണ്ട് പറഞ്ഞു.. "എന്റെ അമ്മ...." അത് കേട്ടതും ആ സ്വർഗ്ഗം ശക്തിയായി ഒന്ന് കുലുങ്ങി...