മകൾ ക്ലാസ് മുറിയിൽ തലകറങ്ങി വീണു, ആശുപത്രിയിലാണ്; 'ഇടയ്ക്കിടയ്ക്ക് അമ്മൂമ്മ എന്ന് പിറുപിറുക്കുന്നുണ്ട്...'
Mail This Article
മീനമാസത്തിലെ പ്രഭാതസൂര്യൻ കത്തിയാളുന്ന ചൂടിനെ വള്ളിക്കാവ് ഗ്രാമത്തിനും സമ്മാനിച്ച് നിശബ്ദനായിനിന്നു. വീട്ടുമുറ്റത്ത് ചന്ദനനിറം പൂശിയ സിഫ്റ്റ് കാറിലേക്ക് വെള്ളം ചീറ്റിക്കുന്ന അനന്തനെ പൂമുഖത്തിരുന്നു നോക്കിക്കാണുകയായിരുന്നു പാർവതി. "ഹലോ.. ആ... വൈകിട്ട് ആറുമണിക്കുതന്നെ പ്രോഗ്രാം തുടങ്ങുമല്ലോ അല്ലേ? കാവിമുണ്ടിന്റെ മടിക്കുത്തിൽ നിന്നും മൊബൈൽഫോണെടുത്ത് സംസാരിക്കുന്നതിനിടയിൽ ജലം പ്രവഹിക്കുന്ന ഹോസ് അലക്ഷ്യമായി അയാൾ താഴേക്കിട്ടു. "കോളജിൽ നിന്നും ഞാൻ നേരെ അങ്ങെത്തും ഒരു മണിക്കൂർ പ്രഭാഷണമോ?" ഫോണിന്റെ അങ്ങേതലക്കൽ നിന്നുള്ള സംസാരത്തിന് നെറ്റിയിൽ നിന്നൊഴുകിയിറങ്ങുന്ന വിയർപ്പു ചാലുകളെ വിരൽകൊണ്ട് തട്ടിതെറിപ്പിച്ച് അയാൾ സംസാരം തുടർന്നു. "അഞ്ച് മിനിറ്റിൽ കൂടുതൽ ഒരാളെ കേട്ടിരിക്കാൻ കഴിയാത്ത ലോകത്താണിപ്പോൾ എല്ലാവരും. പിന്നെ പ്രത്യേകിച്ചും മതപ്രഭാഷണം കേൾക്കാൻ ഇന്നത്തെ തലമുറക്ക് വല്യ താൽപ്പര്യവുമില്ലാ കാരണം മതങ്ങൾക്കപ്പുറം അവർ ജീവിതത്തെ നോക്കിക്കാണുന്നുണ്ട്." അച്ഛന്റെ സംസാരം നീണ്ടുപോവുന്നതിനിടയിൽ വെള്ളം മുറ്റത്ത് നിറയുന്നതുകണ്ട് പാർവതി മുറ്റത്തേക്ക് ഇറങ്ങി കുഞ്ഞിളം കൈകൾകൊണ്ട് ടാപ്പ് മെല്ലെ അടച്ചു.
അടുക്കളയിൽ മൂടിന് തീപിടിച്ച ദേശക്കല്ലിലേക്ക് അമ്മ കോരിയൊഴിച്ച മാവ് വെന്തുരുകുന്ന ശബ്ദം കാതിൽ പതിയുമ്പോഴാണ് വാഷ്ടബ്ബിലേക്ക് ഇറ്റിറ്റു വീഴുന്ന വെള്ളതുള്ളികൾ അവളുടെ കണ്ണിൽ തെളിഞ്ഞത്. കാൽവിരലിൽ ഊന്നി ജലകണങ്ങളുടെ വരവ് അവസാനിപ്പിക്കാനുള്ള ശ്രമത്തിൽ അവിടെ സ്ഥാനം പിടിച്ച പാത്രങ്ങൾ കലപില ശബ്ദം ഉയർത്തി താഴെക്കു വീണു. "പാറുക്കുട്ടി..! നീ എന്തിനാ വയ്യാത്ത പണിക്ക് നിൽക്കുന്നത്? ചെല്ല് പോയി കുളിച്ച് സ്കൂളിൽ പോവാനൊരുങ്ങ്." അമ്മയുടെ നീരസം കലർന്ന ശബ്ദം കേട്ട് പാർവതി തിരികേ നടന്നു. 'ജലം ഓരോ തുള്ളിയും അമൂല്യമാണ്.. പാഴാക്കാതിരിക്കുക..' അമ്മൂമ്മ പറഞ്ഞ വിഡ്ഢിപെട്ടിയിൽ നിന്നും വന്ന ദൃശ്യശബ്ദത്തിലേക്കവൾ നോക്കിനിന്നു. ''ഇനിയൊരു ലോകയുദ്ധം ഉണ്ടായാൽ അത് വെള്ളത്തിനു വേണ്ടിയാവും'. അമ്മൂമ്മയുടെ സ്വരം അശരീരി പോലെ അവളുടെ കാതിൽ മുഴുങ്ങി.
അമ്മൂമ്മയുടെ മുറിക്കുള്ളിലേക്ക് കയറിയ പാർവതിയുടെ മിഴികൾ നിരീക്ഷണം നടത്തി. വെറ്റിലചെല്ലത്തിൽ നോട്ടമവസാനിപ്പിച്ച് അവൾ അതിൽ മെല്ലെ തലോടി. അമ്മൂമ്മയുടെ വാസനക്കുഴമ്പിന്റെ ഗന്ധം മുറിക്കുള്ളിൽ നിറയുന്നതായി അവൾക്ക് തോന്നി. പാർവതി വെള്ളവിരി വിരിച്ച ശൂന്യമായ കിടക്കയിലേക്ക് നോക്കി. അവളുടെ ഇളം ചുണ്ടുകൾ വിറകൊണ്ടു. മിഴിനീര് കവിളിൽ മുത്തം നൽകിയപ്പോഴാണ് ഒരു ദിവസം ഉച്ചയ്ക്ക് മാമൻ സ്കൂളിലെത്തി പാർവതിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നത് അവളോർത്തത്.. മുറ്റത്തുനിൽക്കുന്ന ആൾക്കാരുടെ ഇടയിലൂടെ മാമൻ അവളുടെ കൈപിടിച്ച് അകത്തളത്തിലെത്തിയപ്പോൾ അമ്മൂമ്മ നിലത്ത് വെള്ളപ്പുതപ്പ് പുതച്ച് കിടന്നുറങ്ങുന്നു. എന്നും കഥകൾ പറഞ്ഞുതന്ന തന്നെ ഉറക്കിയിട്ട് മാത്രമുറങ്ങുന്ന അമ്മൂമ്മ എന്തിനാ നേരത്തേ കിടന്നുറങ്ങിയതെന്ന് ചിന്തിച്ചുകൊണ്ട്നിന്ന അവളെ നോക്കി അമ്മ ഏങ്ങലടിച്ചു കരയുന്നു. അമ്മയുടെ മടിയിലിരിക്കുമ്പോഴാണ് അമ്മൂമ്മയുടെ തലക്കൽ നാളികേരത്തിന്റെ പാതിയിൽ എരിയുന്ന ദീപം കണ്ടെത്.
'പാറൂട്ടി...' അമ്മയുടെ നീട്ടിയുള്ള വിളികേട്ടവൾ കുളിമുറി ലക്ഷ്യമാക്കി വേഗത്തിൽ നടന്നു. സ്കൂൾ ബാഗിന്റെ ഭാരം ചുമലിൽ തൂക്കി വഴിവക്കിൽ കാത്തുനിൽക്കുന്ന മീനുചേച്ചിയുടെ അടുത്തേക്ക് നടക്കുമ്പോൾ പിറകിൽനിന്ന് അമ്മയുടെ ശബ്ദം അന്തരീഷത്തിൽ നിറഞ്ഞു. "വെള്ളം കുടിക്കണം. ടിഫിൻ കാലിയാക്കണം കേട്ടോ പാറൂട്ടി..." അവളുടെ ഒരുവശം ഏന്തിയുള്ള നടപ്പുകണ്ട് അമ്മമനം നൊമ്പരപ്പെട്ടു. പാറുവിനെ സ്കൂളിൽ കാറിൽകൊണ്ടുപോയി വിട്ടുകൂടെ എന്നുള്ള ചോദ്യത്തിന് അനന്തേട്ടൻ തന്ന മറുപടി ഉള്ളിൽ തികട്ടിവന്നു. "അവൾ പ്രകൃതിയെ അറിയട്ടെ സമൂഹത്തെ ഇപ്പോഴെ നോക്കി കണ്ട് തെറ്റും ശരിയും തിരിച്ചറിയാൻ പഠിക്കട്ടെ." നെടുവീർപ്പോടെ അവൾ അടുക്കളയിൽ തന്നെ നോക്കിക്കിടക്കുന്ന എച്ചിൽ പാത്രങ്ങളിലേക്ക് നടന്നു. മീനുവിന്റെ കൈയ്യിൽ തൂങ്ങി ഇറക്കമിറങ്ങിവരുന്ന പാർവതി വെള്ളക്കുടം തലയിൽ ചുമന്ന് വേച്ചുവേച്ച് കയറ്റം കയറിവരുന്ന വൃദ്ധയെ നോക്കിനിന്നു. ആകാശത്തെ വെള്ളിമേഘം പോലെ തോന്നിപ്പിച്ച അവരെ അവൾ പിന്തിരിഞ്ഞുനോക്കി നടക്കുന്നതിനിടയിൽ മുന്നിൽ കിടന്ന ഉരുളൻ കല്ലിൽ തട്ടി മുന്നോട്ട് ആഞ്ഞു. "മുന്നോട്ട് നോക്കി നടക്കെന്റെ പാറൂ...!" അവളുടെ കൈയ്യിൽ ബലമായി പിടിച്ച് മീനു ശകാരസ്വരത്തിൽ പറഞ്ഞു.
ശനിയാഴ്ച ദീപാരാധനക്കായി ശിവക്ഷേത്രത്തിലേക്ക് കാറിൽ യാത്ര ചെയ്യുമ്പോഴാണ് പാർവതി വീണ്ടും വെള്ളക്കുടവുമായി നീങ്ങുന്ന വൃദ്ധയെ കാണുന്നത്. "കാർത്ത്യായനിയമ്മയെ സഹായിക്കാനാരുമില്ലേ അനന്തേട്ടാ... കഷ്ടം ഈ പ്രായത്തിലും.!" അമ്മയുടെ വർത്തമാനത്തിൽ നിന്നും പാറുവിന് രണ്ട് കാര്യങ്ങൾ മനസ്സിലായി പേരും അവർ ഒറ്റക്കാണെന്നുള്ളതും, "എന്താ ചെയ്യുക.., ഈ ദേശത്തുള്ളവർക്ക് അക്ഷരം പകർന്നു നൽകിയ ആശാട്ടിയാണ്. ഒരു ചേച്ചി ഉണ്ടായിരുന്നു ഇവർക്ക് ജന്മനാ ഊമ.. അവർക്കുവേണ്ടി ജീവിതം ബലികഴിപ്പിച്ചുന്ന് പറയാം. അവരുടെ കല്യാണം നടക്കാതായതോടെ ചേച്ചിക്ക് കിട്ടാത്ത ജീവിതം തനിക്കും വേണ്ടാന്നു തീരുമാനിച്ചു! അനന്തന്റെ സംസാരം ചെവി കൂർപ്പിച്ച് ശ്രവിച്ച പാർവതി സങ്കടത്തോടെ കാറിന്റെ പുറം ഗ്ലാസിലൂടെ പുറത്തേക്ക് നോക്കി. "അച്ഛാ..." അവളുടെ നിലവിളി ശബ്ദം കേട്ട് അറിയാതെ അയാളുടെ കാൽ ബ്രേക്കിലമർന്നു. "ദേ.. ആ അമ്മൂമ്മ താഴെ വീണു" സങ്കടം തിങ്ങിനിറഞ്ഞ സ്വരത്തിൽ പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
അനന്തൻ മുന്നിലെ കണ്ണാടിയിലൂടെ പുറകിലെ കാഴ്ച കണ്ടു. താഴെ വീണുകിടക്കുന്ന ഗുരുനാഥയെ അടുത്തുള്ള വീട്ടുകാർ പിടിച്ച് എഴുന്നേൽപ്പിക്കുന്നത് കണ്ട് അയാൾ കാർ മെല്ലെ മുന്നോട്ട് ചലിപ്പിച്ചു. "എന്തോരം കിഴുക്കാണ് കിട്ടിയിരിക്കുന്നതെന്നറിയാമോ? തുടയിൽ കരിനീലിച്ച പാടുമായാണ് മിക്കവാറും വീട്ടിലെത്തുന്നത് അക്ഷരസ്ഫുടത ആശാട്ടിക്ക് നിർബന്ധമായിരുന്നു." ഓർമ്മകൾ ചികഞ്ഞെടുത്ത് പറയുമ്പോൾ പാർവതിയുടെ കണ്ണുകൾ പുറകിൽ പൊട്ട് പോലെ കാണപ്പെട്ട വെള്ള വസ്ത്രത്തിലായിരുന്നു. "പാറൂ... മോൾ നന്നായി പഠിക്കണം സ്വന്തം കാലിൽ നിലയുറപ്പിച്ചാലെ ആളുകൾ നമ്മളെ ബഹുമാനിക്കൂ." അച്ഛന്റെ സംസാരം കേട്ട് പുറത്തേക്ക് തെറിച്ചുവീണ ചിരി അടക്കിപ്പിടിച്ച അമ്മയെ അവൾ സന്ദേഹത്തോടെ നോക്കി. അലമാരയിലിരുന്ന് ചിതലരിച്ചുപോയ ഡിഗ്രി സർട്ടിഫിക്കറ്റുകൾ അമ്മയെ നോക്കി കൊഞ്ഞനംകുത്തിയത് പാറുവിന് കാണാൻ കഴിഞ്ഞിരുന്നില്ല..
'മഹാഭാരതത്തിലെ ഏടുകളിൽ ദാനകർമ്മങ്ങളിൽ നമ്മൾക്കു കാണാൻ കഴിയുക കർണ്ണനെയാണ്.' കുറച്ചു നാളുകൾക്കുശേഷം കിട്ടിയ നിറഞ്ഞ സദസ്സിനെ കണ്ട സന്തോഷത്തിൽ അനന്തന്റെ നാവ് നിർത്താതെ കർമ്മങ്ങളെക്കുറിച്ച് പ്രഘോക്ഷിച്ചുകൊണ്ടിരുന്നു. നമ്മൾ പലരും മറന്നു പോയൊരു കഥാപാത്രം നമ്മൾക്കു മുന്നിലുണ്ട് ഹിഡുംബി..!! സത്യത്തിൽ കർണ്ണനെക്കാൾ ദാനകർമ്മത്തിൽ ഒരുപടി മുന്നിലല്ലേ അസുരഭാവം വെടിഞ്ഞ ഹിഡുംബി. വിട്ടുകൊടുക്കുക എന്നുള്ളതല്ലേ സത്യത്തിൽ ഏറ്റവും വലിയ ദാനം. അഗ്നിവിതറുന്ന വാക്കുകളാൽ ആൾക്കൂട്ടത്തെ ബന്ധിച്ച അനന്തന്റെ അടുത്തേക്ക് സംഘാടക പ്രതിനിധി ഒരു കുറിപ്പുമായി എത്തിയതും അതുവരെ പുഴപോലെ ഒഴുകിയ അയാളുടെ നാവ് വേനലിലെ പുഴയായി മാറി. വീണ്ടും അവൻ കുറിപ്പിലേക്ക് നോക്കി. മകൾ ആശുപത്രിയിലാണ്..! ദാനവും കരുണയുമാണ് ഒരു മനുഷ്യനെ മോക്ഷപ്രാപ്തിക്കായി ചെയ്യാവുന്ന ഏറ്റവും വലിയ കർമ്മമെന്ന് പറഞ്ഞ് പ്രസംഗം അവസാനിപ്പിച്ച് അനന്തൻ ഹോസ്പിറ്റൽ ലക്ഷ്യമാക്കി കാർ പായിച്ചു.
പാറുവിന്റെ നെറ്റിയിൽ തലോടി നിറകണ്ണുകളോടെയിരിക്കുന്ന പ്രിയതമയുടെ മുഖത്തേക്ക് അനന്തൻ നോക്കി. "പാർവതി ക്ലാസ് റൂമിൽ തലകറങ്ങി വീണു.. ഹോസ്പിറ്റലിൽ എത്തുംവരെ ബോധം ഉണ്ടായിരുന്നില്ലാ സർ." ക്ലാസ് ടീച്ചർ ലൈലാ മിസ് കുറ്റബോധം നിഴലിച്ച ശബ്ദത്തിൽ പറഞ്ഞതും ആവലാതിയോടെ അയാൾ ഡോക്ടറുടെ റൂമിലേക്ക് ഓടി. 'പേടിക്കാനൊന്നുമില്ലാ മിസ്റ്റർ അനന്തൻ ഡീ ഹൈഡ്രേറ്റണ്ട് ആയതാണ്. മോൾ വെള്ളം കുടിച്ചിട്ടില്ലാ, ഒപ്പം ആഹാരവും! അയാൾ ചിന്താധീനനായി ഡോക്ടറെ നോക്കിനിന്നു. "ആ പിന്നെ മോൾ ഇടയ്ക്ക് ഇടയ്ക്ക് അമ്മൂമ്മ എന്ന് പിറുപിറുക്കുന്നുണ്ടായിരുന്നു താങ്കളുടെ അമ്മയാണോ? ചിന്തകളെ ഭേദിച്ച് അവൻ ഉത്തരം നൽകി. "അതേ അമ്മയാണ്.. കുറച്ചു മാസങ്ങൾക്കു മുൻപ് മരണപ്പെട്ടു..! ആശുപത്രിയിൽ നിന്നും പാർവതിയെയും കൂട്ടി മടങ്ങുമ്പോൾത്തന്നെ അയാളെ മഥിച്ചിരുന്ന ചോദ്യങ്ങൾക്ക് പാറു ഉത്തരം നൽകിയിരുന്നു. ടിഫിൻ ബോക്സിലെ ഭക്ഷണവും നീല കുപ്പിയിലെ വെള്ളവും ആരും കാണാതെ കാർത്ത്യായനിയമ്മയുടെ വീട്ടുവരാന്തയിലെ പാത്രത്തിൽ നിക്ഷേപിച്ചായിരുന്നു പാറു എന്നും സ്കൂളിൽ പോയിരുന്നത്..!
വീട്ടുമുറ്റത്തേക്ക് കാർ ഇരമ്പലോടെ നിന്നു. ഡോർ തുറന്ന് ഇറങ്ങിയ അനന്തൻ പെയ്യാൻ വിതുമ്പിനിൽക്കുന്ന കാർമേഘങ്ങളിലേക്ക് നോക്കി..! വാതിൽ തുറക്ക്.. ഭാര്യക്കുനേരെ താക്കോൽക്കൂട്ടം നീട്ടി അയാൾ കാറിന്റെ പുറം വാതിൽ തുറന്നു. മിഴികളിൽ നക്ഷത്രതിളക്കവുമായി ഇറങ്ങിയ പാറു കാറിനുള്ളിലേക്കുനോക്കി കൊഞ്ചലോടെ വിളിച്ചു 'വാ.. അമ്മൂമ്മേ..' അവളുടെ കൈവിരൽ തുമ്പ്പിടിച്ച് കാർത്ത്യായനിയമ്മ മുറ്റത്തേക്കിറങ്ങി..!! ഇരുണ്ട ആകാശത്തുനിന്നും ജലകണങ്ങൾ മണ്ണിലേക്കു വീണുചിതറി.. വീടിനുള്ളിലേക്ക് കയറിപോയ വൃദ്ധക്ക് തന്റെ അമ്മയുടെ മുഖഛായയാണെന്ന് അയാൾ കണ്ടെത്തി! മീനമാസത്തിലെ പെരുംമഴയിൽ മുങ്ങി കുളിച്ചു നിന്ന് അനന്തന്റെ അന്തരാത്മാവ് അയാളോട് മന്ത്രിച്ചു വാക്കുകൾ അല്ല കർമ്മം.. ഹൃദയം കൊണ്ടുള്ള പ്രവർത്തിയാണ് കർമ്മം!!