നഷ്ടപ്രണയം ഇന്നും ആഘാതമാണ് അവന്, രാത്രി മുഴുവൻ ഉറക്കത്തിൽ ആ പേര് നിലവിളിക്കും...
Mail This Article
അവൻ അവസാനമായി നോക്കിച്ചിരിച്ചത് ഇന്നും ഓർമയുണ്ട്. അന്നെന്റെ കണ്ണുകൾ നിറഞ്ഞു. ഞങ്ങളുടെ പ്രണയമറിഞ്ഞ് വീട്ടുകാർ വന്ന് പിടിച്ചു കൊണ്ട് പോയതായിരുന്നു അവനെ. എന്റെ കണ്ണുകൾ കലങ്ങി മറിയുന്നത് അവന് കാണാമായിരുന്നു. എങ്കിലും ഞങ്ങൾക്കൊന്നും ചെയ്യാനില്ലായിരുന്നു. ഒന്നിച്ച് നടന്നത് മുതൽ എല്ലാം ഞാൻ ഓരോ ദിവസവും ഓർത്തുകൊണ്ടേയിരുന്നു. ആദ്യ പ്രണയം! എത്ര മായ്ച്ചാലും മനസ്സിൽ നിന്ന് പോകാത്ത ഒരേയൊരു മധുരവികാരം. എന്റെ ചുണ്ടും കവിളും തുടുത്തു. ഒന്നുകൂടെ അവനെ ചുംബിക്കുവാൻ ഞാൻ വെമ്പൽ കൊണ്ടു. ഓരോ ദിവസവും മറക്കുവാൻ കൊതിക്കുമ്പോഴും മറന്ന് പോകരുതേയെന്ന് ഈ പ്രപഞ്ചം നിയന്ത്രിക്കുന്ന ശക്തിയോട് ഞാൻ കെഞ്ചി. അവൻ പോകാൻ നേരം, നിന്റെ പേരെഴുതി വച്ച് ഞാൻ മരിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്താത്തതിൽ എനിക്കിപ്പോൾ ദുഃഖമുണ്ട്. അവനെ കൊണ്ടുപോയാൽ നിങ്ങളെ ഞാൻ കോടതി കയറ്റുമെന്ന് അവന്റെ വീട്ടുകാരോട് പറയാനുള്ള ധൈര്യം കാണിക്കാത്തതിൽ എനിക്കിപ്പോൾ എന്നോട് തന്നെ പുച്ഛം തോന്നുന്നുണ്ട്.
ഞാൻ പതുക്കെ കണ്ണുകൾ അടച്ചു. ഉള്ളിലപ്പോൾ തെളിഞ്ഞു വന്നത്, കാടും മലയും കടന്ന് ഞങ്ങൾ ആദ്യമായി യാത്ര പോയ ആ ദിവസമാണ്. സൂര്യനപ്പോൾ ആളിക്കത്തുന്ന ജ്വാലയുടേത് പോലത്തെ നല്ല സ്വർണ നിറമായിരുന്നു. ഞാൻ അവന്റെ ശരീരത്തിനോട് ചേർന്നിരുന്നു. ഇണ ചേരാൻ വെമ്പൽ കൊള്ളുന്ന കുരുവിയുടേത് പോലുള്ള ചേർന്നിരിക്കലായിരുന്നു അതെന്ന് പറഞ്ഞാലും തെറ്റൊന്നുമില്ല. ഞാൻ ശരിക്കും അത് കൊതിച്ചിരുന്നു. അവന്റെയുള്ളിലും അങ്ങനെ തന്നെയായിരുന്നുവെന്ന് എനിക്കറിയാം. ഇടയ്ക്കെപ്പോഴോ അവൻ പറഞ്ഞു, "തളർന്നു." ഞാൻ പെട്ടെന്ന് ഒന്നുമോർക്കാതെ ബുള്ളറ്റിന്റെ കീ കൈയിൽ വാങ്ങി. സ്റ്റാർട്ട് ചെയ്യുമ്പോൾ അവൻ കണ്ണും മിഴിച്ച് നിന്നിരുന്നത് ഇപ്പോഴും എന്റെയുള്ളിലെ, ചിത്രങ്ങൾ നിറഞ്ഞ ഡയറിക്കെട്ടുകളിൽ തെളിഞ്ഞു കാണാം.
ഹിൽ സ്റ്റേഷനിലെ ഗസ്റ്റ് ഹൗസിൽ എത്തുമ്പോഴേക്ക് അവൻ തളർന്ന്, എന്റെ അരയിൽ ചുറ്റിപ്പിടിച്ച് ഉറങ്ങിക്കഴിഞ്ഞിരുന്നു. പുറത്തു നിന്ന് വരുത്തിച്ച ഭക്ഷണം വിളമ്പി വച്ച് ഞാൻ അവന്റെ ഉറക്കവും നോക്കി അങ്ങനെയിരുന്നു. കണ്ണുതുറക്കുമ്പോൾ, എന്റെ ഇമ വെട്ടാതെയുള്ള നോട്ടം കണ്ട് അവന്റെ വികാരങ്ങളുണർന്നു. അന്ന് ആ മെഴുകുതിരി വെട്ടത്തിൽ ഞങ്ങൾ ഒന്ന് ചേർന്നു. ഇരു വസ്ത്രങ്ങളും കട്ടിലിന് ചുവട്ടിൽ ഇണ ചേർന്ന പാമ്പുകളെപ്പോലെ കെട്ടുപിണഞ്ഞ് കിടന്നു. ഇരുനെടുവീർപ്പുകളും ഒരുമിച്ച് ഉയർന്നു താഴ്ന്നു. രണ്ട് ചുണ്ടുകളും ചുംബനങ്ങളാൽ കൂട്ടിമുട്ടി. ഓർമകൾ മറഞ്ഞു. കണ്ണുകൾ അടഞ്ഞു. കണ്ണ് തുറക്കുമ്പോൾ, നഗ്നമായ ഇരുശരീരങ്ങൾ ഒരേ പുതപ്പിനുള്ളിൽ ചുരുണ്ടുകിടക്കുകയായിരുന്നു. ഞാൻ ഊർന്നു വന്ന വിയർപ്പുതുള്ളികൾ തുടച്ചു കൊണ്ട്, ഒരു പുഞ്ചിരിയുടെ അലിവോടെ അവനിലേക്ക് ചേർന്നു കിടന്നു.
എല്ലാം ഇന്നലെ കഴിഞ്ഞ പോലെ! ഞാൻ കണ്ണുതുടച്ചു കൊണ്ടാണ് പുതിയ പുലരിയിലേക്ക് കണ്ണുതുറന്നത്. കണ്ണീരിന് പിന്നിൽ ഇന്നലെ അവനെ വീണ്ടും കണ്ടുവെന്നത് തന്നെ കാര്യം! അവൻ പുതുപ്പെണ്ണിനെയും കൊണ്ട് ബുള്ളറ്റിൽ കറങ്ങാനിറങ്ങിയതായിരുന്നു. ഞാനിരുന്ന അതേ ഇടം! ഞാൻ ചുറ്റിപ്പിടിച്ചിരുന്നത് പോലെയുള്ള അതേ ഇരുത്തം! എന്റെ കണ്ണുകൾ നിറയാൻ വേറെന്തു വേണം കാര്യം. ഏറെ നേരം, ടൗണിലെ പലഹാരക്കടയിൽ ചായ കുടിച്ചിരുന്ന അവരെ ഞാൻ അസൂയയോടെയും സങ്കടത്തോടെയും, മറഞ്ഞ് നിന്ന് നോക്കി. എന്റെ നാലു വയസുകാരൻ മകൻ പിന്നിൽ നിന്ന് ഓടി വന്ന് കെട്ടിപ്പിടിച്ചപ്പോൾ ഞാൻ കണ്ണുകൾ തുടച്ചു. ചെറിയ ചിരി വരുത്തി, അവനെയും കൊഞ്ചിച്ച് ഷോപ്പിങ്ങിന് വന്ന കടയിലേക്ക് ഞാൻ തിരിച്ചു കയറി.
"അഭിജിത്ത് ഭാര്യയെയും കൂട്ടി ആ വഴി പോയിരുന്നു, അല്ലേ?" പിറകിൽ നിന്ന് കേട്ട ശബ്ദം ആരുടേതെന്ന് അറിയാമായിരുന്നതിനാൽ ഞാൻ തിരിഞ്ഞു നോക്കിയില്ല. "ഞാൻ കണ്ടു." അത് പറഞ്ഞപ്പോൾ എനിക്കവളെയൊന്ന് കെട്ടിപ്പിടിക്കണമെന്ന് തോന്നി. ആളുകൾ ചുറ്റും നിൽക്കുകയായിരുന്നതിനാൽ അവളെന്റെ കൈയിൽ മുറുക്കെപ്പിടിക്കുക മാത്രം ചെയ്തു. പക്ഷേ, അതിലും ഞാൻ ആശ്വാസം കൊണ്ടു! സമാധാനപ്പെട്ടു! സുഖമായുറങ്ങി! "അവനെ മറന്നില്ലെങ്കിൽ പിന്നെ എന്തിന് എന്റെ ജീവിതം നശിപ്പിക്കാൻ ഇങ്ങോട്ട് കയറി വന്നു?" ഉറക്കത്തിൽ നിന്നുണർത്തിയ ആ ചോദ്യം എന്നെ സങ്കടപ്പെടുത്തിയില്ല. പലപ്പോഴും ഞാൻ കേൾക്കുന്നത് തന്നെയാണല്ലോ! "രാത്രി മുഴുവൻ എന്റെ അഭീ എന്ന് മാത്രമായിരുന്നു വിളി. എന്തെങ്കിലും ഓർമ്മയുണ്ടോ? മനുഷ്യൻ സഹിക്കുന്നതിന് ഒരു പരിധിയുണ്ട്." അതും പറഞ്ഞ് അവൾ അകത്തേക്ക് കയറുമ്പോൾ എനിക്ക് ചിരി വന്നു.
കുറച്ച് കഴിയുമ്പോൾ, 'നിങ്ങളിങ്ങനെ വിഷമിക്കല്ലേ' എന്നും പറഞ്ഞ് വരാനുള്ളൊരു പോക്കാണ് അവൾ കയറിപ്പോയതെന്ന് എനിക്കറിയാം. അതാണ് ഇങ്ങനെയൊരു അവസ്ഥയിലായിരുന്നിട്ടും ഞാൻ ചിരിച്ചു പോയത്. ആദ്യമൊന്നും അവൾക്ക് ഒന്നും മനസിലായിരുന്നില്ല. ഒടുവിൽ ഡോക്ടേഴ്സിനോട് എല്ലാം തുറന്ന് പറഞ്ഞ്, അവരിൽ നിന്ന് കേട്ടറിഞ്ഞ വഴികളുമായി, അവളുടെ വർഷങ്ങളായുള്ള ഒരു കുഞ്ഞെന്ന ആഗ്രഹ സഫലീകരണത്തിന് ഐവിഎഫ് എന്ന സാധ്യത മാത്രമേ മുന്നിലുള്ളൂവെന്ന് പറയുവാൻ ചെല്ലുമ്പോഴാണ് എല്ലാ കാര്യങ്ങളും അവളറിയുന്നത്. എനിക്കൊരിക്കലും ഒരു സ്ത്രീയോട് ഇണ ചേരാൻ കഴിയില്ലെന്ന് കേട്ടപ്പോൾ അവൾ പൊട്ടിക്കരഞ്ഞു. അവളുടെ ജീവിതം നശിപ്പിച്ചു കളഞ്ഞ രണ്ട് നീചന്മാരായി അഭിജിത്തും കിഷോറും ആ വീടിന്റെ ചുമരുകളിൽ കിടന്ന് ശാപം ഏറ്റു വാങ്ങി.
എങ്കിലും കുറച്ചു കഴിയുമ്പോൾ കണ്ണുതുടച്ചു കൊണ്ട് അവൾ കേറി വരും. പിന്നെ പതുക്കെ പറയും, "നിങ്ങൾ വിഷമിക്കണ്ട. ഞാനുണ്ടല്ലോ കൂടെ." എങ്കിലും ഓർക്കുമ്പോൾ എന്റെയുള്ളിലെ സ്നേഹം മുഴുവനും അവനുള്ളതായി തോന്നും. അവനെക്കുറിച്ചോർക്കുമ്പോൾ വികാരങ്ങൾ നിറയുന്നതായി തോന്നും. വീട്ടുകാരും നാട്ടുകാരും അനുവദിച്ചു തരികയാണെങ്കിൽ മറ്റെന്തിനെയും ഉപേക്ഷിച്ചു കൊണ്ട് അവനൊപ്പം ജീവിക്കുമെന്ന് തോന്നും. എങ്കിലും എന്റെ ജീനാ.., നിന്നെ ഉപേക്ഷിക്കുവാനും എനിക്കാകില്ലെന്ന് തോന്നും..., നീയെനിക്ക് ആരെന്ന് അറിയില്ലെങ്കിലും...!!!