ADVERTISEMENT

"ഇന്നത്തെ വിശേഷം എന്താന്ന് നിനക്ക് വല്ല ഓർമ്മേ ണ്ടോ. എങ്ങനെ ഓർക്കാൻ ല്ലേ? ജീവിതത്തിലെ കൊച്ചുകൊച്ചു സന്തോഷങ്ങൾ എന്നേ നീ മറന്നുപോയിരിക്കുന്നു, അല്ല മറന്നതായി നടിക്കാൻ പഠിച്ചിരിക്കുന്നു. ഇന്ന് മകരത്തിലെ മൂലം നക്ഷത്രം.. ഇന്ന് നിന്റെ പിറന്നാൾ ആണ്. നിന്റെ കുട്ടിക്കാലത്ത് നിന്റെ അമ്മ നിന്നെ പിറന്നാൾ ഊട്ടിയിരുന്നതു ഓർമ്മയുണ്ടോ? സാമ്പാറും, പയറിന്റെ കൂടെ മത്തങ്ങയോ കൊള്ളിക്കിഴങ്ങോ ചേർത്തുണ്ടാക്കിയ എരിശ്ശേരിയും, പപ്പടവും, മെഴുക്കുപുരട്ടിയും, പായസവും എല്ലാം ഉണ്ടാക്കി, വിളക്ക് വെച്ചു, ഗണപതിക്കുവേണ്ടി നാക്കിലയിൽ എല്ലാം വിളമ്പിയതിനു ശേഷം അതിനു എതിർവശത്തു കിഴക്കോട്ട് തിരിച്ചിരുത്തി ഊട്ടിയിരുന്നത് ഓർമ്മയിൽ എവിടെയെങ്കിലും ഒരു മിന്നാമിന്നിയായ് തിളങ്ങുന്നുണ്ടോ? ഞാൻ ഇന്നും നിന്നെ ശല്യം ചെയ്യാൻ എത്തുകയാണ്. ഏകദേശം രണ്ട് വർഷത്തിലധികമായി നീ മിണ്ടാതെയിരിക്കുന്നു. എങ്കിലും നിന്നെ ഇടയ്ക്കിടെ ചൊറിയാതെ ഇരുന്നാൽ ഞാൻ എങ്ങനെ നിന്റെ ബെസ്റ്റ് ഫ്രണ്ട് ആകും. നിന്നെ കാണാൻ കൊതിയേറെ ഉണ്ട്. ഇനിയും എത്ര നാൾ.... ഇനിയും എത്ര നാൾ...."

വാട്സാപ്പിൽ വന്ന സന്ദേശം വായിച്ചു കുറച്ചു നേരം നരേഷ് അതിലേക്ക് തന്നെ നോക്കിയിരുന്നു. "ഇവളെന്തിനാണ് എന്നെ ഇത്രയും കാലം കഴിഞ്ഞിട്ടും വിടാതെ പിന്തുടരുന്നത്." എല്ലാ ഓർമ്മകളെയും തുടച്ചു കളയാനുള്ള ശ്രമത്തിലാണ് താൻ. മനസ്സിന്റെ ശ്മശാനത്തിൽ കുഴിച്ചുമൂടിയ ശവപ്പെട്ടികളെ വീണ്ടും കുഴിച്ചു പുറത്തെടുക്കാൻ വേണ്ടി ഇവൾ എന്തിനാണ് ഇടയ്ക്കിടെ വരുന്നത്. പുറത്തേക്ക് നോക്കിയപ്പോൾ സന്ധ്യാംബരത്തിൽ മറയാൻ വേണ്ടി തയാറെടുക്കുന്ന സൂര്യൻ, പാടലവർണ്ണത്താൽ മനോഹരമായ ചിത്രങ്ങൾ വരച്ചു കൊണ്ടിരിക്കുന്നു. അവളുടെ സന്ദേശം കണ്ടതുകൊണ്ടാകാം തന്റെ മനസ്സിലിപ്പോൾ നാട്ടിലെ സന്ധ്യകൾ ഓർമ്മ വരുന്നത്. കടലോരഗ്രാമത്തിലെ തന്റെ ബാല്യകൗമാര സന്ധ്യകൾ. അധികവും അസ്തമയസൂര്യന്റെ ചെങ്കതിരേറ്റു മണൽകൊട്ടാരങ്ങൾ പണിതും ഓടിക്കളിച്ചും കടപ്പുറത്തു തന്നെയായിരുന്നുവല്ലോ? തന്റെ സമപ്രായക്കാരായ കൂട്ടുകാർ കടലിൽ നീന്തുന്നതും മത്സ്യംപിടിക്കാൻ പോകുന്നതും നോക്കി കരയിൽ അന്തിച്ചു നിന്ന ദിവസങ്ങൾ. ഒരു ദിവസം കടലിൽ ഇറങ്ങിയതിനു അമ്മയുടെ കൈയിൽ നിന്നും കിട്ടിയ പുളിങ്കമ്പിന്റെ അടിയേറ്റ നീറ്റൽ ഇപ്പോൾ ചന്തിയിൽ അനുഭവപ്പെട്ടപോലെ തോന്നിയപ്പോൾ അറിയാതെ ഒരു ചിരിയും കൂടെ ഓർമ്മകളുടെ ഒരു കുത്തൊഴുക്കും നരേഷിനെ ആകെ അസ്വസ്ഥനാക്കി.

ഇരുപത്തിമൂന്നാം വയസ്സിൽ നാടുവിട്ടതാണ്. താൻ മനസ്സിൽപോലും ചിന്തിക്കാത്ത ഒരു കാര്യത്തിൽ തന്നെ കുറ്റവാളി ആക്കിയവരിൽ നിന്നുള്ള രക്ഷപ്പെടൽ ആയിരുന്നു ആ ഒളിച്ചോട്ടം. മാർക്സിയൻ ചിന്താഗതികളിൽ ആകൃഷ്ടനായിരുന്നു താൻ. കറകളഞ്ഞ കമ്യുണിസ്റ്റ് ചിന്താഗതിയുള്ള അച്ഛൻ ചെറുപ്പം മുതൽ തന്റെ റോൾ മോഡലായിരുന്നല്ലോ? സിലോണിൽ പോയി സമ്പാദിച്ചതെല്ലാം ആദർശങ്ങൾക്കായി ചെലവാക്കി, അവസാനം ഒന്നും നേടാതെ, അമ്മയെയും ആറു സഹോദരിമാരേയും, തന്നെയും വിട്ടു, അച്ഛൻ മരിച്ചപ്പോഴും ആ പ്രസ്ഥാനം തിരിഞ്ഞു നോക്കിയില്ല. അന്നു സ്കൂളിൽ പഠിച്ചിരുന്ന തനിക്ക് അതൊന്നും മനസിലായില്ല. സ്കൂളിലും കോളജിലും വിദ്യാർഥിരാഷ്ട്രീയത്തിൽ സജീവപ്രവർത്തകൻ ആയിരുന്നു എങ്കിലും അവരുടെ ചോരക്കു ചോര എന്ന ആശയം ഒരിക്കലും തനിക്ക് പിന്തുടരാൻ കഴിഞ്ഞിരുന്നില്ല. രണ്ടാം വർഷം ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് താനവളെ കാണുന്നത്. പ്രീഡിഗ്രിക്കാരെ ആദ്യദിനത്തിൽ സ്വാഗതം ചെയ്യാൻ തോരണങ്ങളും നോട്ടീസുകളും ബാനറുകളുമായി വിവിധ സംഘടനപ്രതിനിധികൾ നിരന്നു നിൽക്കുന്നതിനിടയിൽ ഒരാളായി താനുമുണ്ടായിരുന്നു. അപ്പോഴാണ് അവൾ ഒറ്റക്ക് വരുന്നത് കണ്ടത്.

ആദ്യമായി കോളജിൽ എത്തിയതിന്റെ അങ്കലാപ്പ് മുഖത്തുണ്ട്, എങ്കിലും നോട്ടീസ് കൊടുക്കുന്നവരുടെ കൈയിൽ നിന്നും വാങ്ങി അവർക്കെല്ലാം ഒരു പുഞ്ചിരി സമ്മാനിച്ചു നടന്നു നീങ്ങുന്ന അവളെ എല്ലാവരും നോക്കുന്നുണ്ടായിരുന്നു കാരണം മിക്ക പെൺകുട്ടികളും നോട്ടീസ് വാങ്ങാതെ തലകുനിച്ചു, രക്ഷപ്പെടാനെന്നപോലെ വേഗത്തിൽ നടക്കുകയായിരുന്നു. പിന്നെ അവളുമായി വളരെ പെട്ടെന്നാണ് സൗഹൃദം സ്ഥാപിച്ചത്. സ്കൂളിൽ തന്റെ അനിയത്തിയുടെ കൂട്ടുകാരിയായിരുന്നു അവളെന്നും തന്റെ നാട്ടിലെ ഒരു പ്രമുഖനായർ കുടുംബത്തിലെ കുട്ടിയാണെന്നും പിന്നെയാണ് അറിഞ്ഞത്. ഒരു ജാഡയുമില്ലാതെ എല്ലാവരോടും ഇടപെടുന്ന അവളെ എല്ലാവർക്കും ഇഷ്ടമായിരുന്നു. ആ വർഷം കോളജ് ഇലക്ഷനിൽ സ്റ്റുഡന്റ്സ് എഡിറ്റർ പോസ്റ്റിൽ താൻ മത്സരിക്കുമ്പോൾ അവൾ പറഞ്ഞു, "എന്റെ വോട്ട് നിനക്കില്ല, നിന്റെ രാഷ്ട്രീയത്തോട് എനിക്ക് യോജിക്കാൻ കഴിയില്ല" ഇലക്ഷൻ കഴിഞ്ഞു ജയിച്ചപ്പോൾ താൻ പറഞ്ഞു "തന്റെ വോട്ട് കിട്ടിയില്ലെങ്കിലും ഞാൻ വമ്പിച്ച ഭൂരിപക്ഷത്തിലാണ് ജയിച്ചത് ട്ടോ." അത് കേട്ട് അവൾ കിലുക്കാംപെട്ടി പോലെ ചിരിച്ചു.

ബസ്സിറങ്ങിനടക്കുമ്പോൾ മിക്കവാറും അവൾ കൂടെയുണ്ടാകും. അവളുടെ മനസ്സിൽ തോന്നിയതെല്ലാം കലപിലാ സംസാരിച്ചുകൊണ്ട് നടക്കുന്ന അവളുടെ കണ്ണുകളും ചിരിയും സംസാരവും എല്ലാം താനൊട്ടേറെ ഇഷ്ടപ്പെട്ടിരുന്നു. തന്റെ മനസ്സിൽ അവളോട് തോന്നുന്ന വികാരം പ്രകടിപ്പിക്കാൻ ഒരിക്കലും കഴിഞ്ഞില്ല. പറഞ്ഞാൽ ആ സൗഹൃദം നഷ്പ്പെടുമോ, നാട്ടിലാകെ അറിഞ്ഞാൽ എന്തൊക്കെയാണ് സംഭവിക്കുക എന്നെല്ലാം പേടിച്ചു താൻ അതൊന്നും പുറത്താരോടും പറഞ്ഞില്ല. ആ കോളജിൽ നിന്നും പോന്ന ശേഷവും ഇടയ്ക്ക് വഴിയിൽ വെച്ചു അവളെ കണ്ടിരുന്നു. അതിനിടയിൽ താൻ വേറൊരു പ്രണയത്തിൽ പെട്ടിരുന്നു. ആ കുട്ടിയെ അവൾക്കുമറിയാമായിരുന്നു. സ്കൂളിൽ അവളെക്കാൾ ഒരു ക്ലാസ്സ്‌ സീനിയർ ആയി പഠിച്ച കുട്ടി. ഒരു ദിവസം വഴിയിൽ കണ്ടപ്പോൾ കുറേ നേരം ആ കാര്യമെല്ലാം സംസാരിച്ചു. അതിനു ശേഷം അവളെ കണ്ടിട്ടേയില്ല.

പിന്നെയാണ് തന്റെ ജീവിതത്തെ ആകെ മാറ്റിമറിച്ച സംഭവങ്ങൾ അരങ്ങേറിയത്. നാട്ടിൽ നടന്ന ഒരു രാഷ്ട്രീയ കൊലപാതകത്തിൽ താൻ വിശ്വസിച്ചിരുന്ന പാർട്ടിയിലെ ഒരു നേതാവ് പ്രതിയായി. അയാളെ രക്ഷിക്കുന്നതിനു വേണ്ടി തന്നെ ബലിയാടാക്കാൻ ശ്രമിക്കുന്നതറിഞ്ഞ തന്റെ സുഹൃത്ത് രാത്രിക്ക് രാത്രി അവിടെ നിന്നും തന്നെ നിർബന്ധപൂർവം പറഞ്ഞയച്ചു. പിന്നീട് ബോംബെയിലും ഗൾഫിലും സിംഗപ്പൂരും എത്രയോ കൊല്ലങ്ങൾ. തിരിച്ചു ഇപ്പോൾ ഗൾഫിലെത്തിയിട്ട് 20 വർഷത്തോളമായി. അതിനിടയിൽ നാട്ടിൽ പോയത് തന്റെ കല്യാണത്തിനും സഹോദരിമാരുടെ വിവാഹത്തിനും അമ്മ മരിച്ചപ്പോഴും മാത്രം. അപ്പോഴും നാട്ടിലുള്ള കൂട്ടുകാരോടൊത്ത് കൂട്ടുകൂടാൻ പോയില്ല. അത്രയധികം മുറിവേറ്റ മനസ്സുമായിട്ടായിരുന്നല്ലോ താനന്ന് നാട് വിട്ടത്. "നീ വലിയവനായപ്പോൾ ഞങ്ങളെയെല്ലാം മറന്നു" ഒളിഞ്ഞും തെളിഞ്ഞും തന്റെ ഫേസ്ബുക്ക് പേജിൽ പോലും പലരും പലതും പറഞ്ഞു. ഒന്നിനും താൻ പ്രതികരിക്കാൻ പോയില്ല. 

പുതിയ കൂട്ടുകാരും, പുതിയ ബന്ധങ്ങളും, ശീലങ്ങളും, സുഖസൗകര്യങ്ങളും, ഓർക്കാൻ ഇഷ്ടപ്പെടാത്ത പഴയതിനെ എല്ലാം ശവപ്പെട്ടിയിൽ ആക്കി മനസ്സിനുള്ളിൽ ശ്മശാനം ഒരുക്കി കുഴിച്ചു മൂടി. പുറമെ കാണുന്നവർക്ക് താൻ സൗഭാഗ്യങ്ങൾ നിറഞ്ഞ ഒരു കുടുംബനാഥൻ ആണ്. തന്റെ ലേഖനത്തിൽ മുഴുവൻ നിറയുന്നത് സ്നേഹവും സമാധാനവും നിറഞ്ഞ കുടുംബചിത്രങ്ങളാണല്ലോ? കുറേ വർഷങ്ങൾക്കു മുൻപൊരിക്കൽ ഇ മെയിൽ ചെക്ക് ചെയ്യുമ്പോൾ അവിചാരിതമായി അവളുടെ ഒരു മെയിൽ കണ്ടത്. "ഓർമ്മയുണ്ടോ, ഈ മുഖം, എങ്ങനെ ഓർക്കാൻ ല്ലേ?, തന്റെ പുതിയ ലേഖനം കണ്ടപ്പോൾ എഴുതാതിരിക്കാൻ കഴിഞ്ഞില്ല അതു കൊണ്ടു ബുദ്ധിമുട്ടിച്ചതാണ് - എന്ന ക്ഷമാപണത്തോടെ തുടങ്ങിയ കത്ത്. തന്റെയും കുടുംബത്തെയും എല്ലാം വിശദമായി ചോദിച്ചറിയുന്ന കത്ത് കണ്ടു, മറുപടി നൽകിയെങ്കിലും പിന്നെ കുറേക്കാലം ഒരറിവും ഉണ്ടായിരുന്നില്ല. പിന്നെ കുറച്ചു വർഷങ്ങൾക്ക് ശേഷം വന്ന വാട്സാപ്പ് സന്ദേശത്തിൽ അവൾ നാട്ടുവിശേഷങ്ങൾ എഴുതിയപ്പോൾ താൻ ശവക്കല്ലറ തുറന്നു എല്ലാം പുറത്തിടുകയാണല്ലോ എന്നായി തന്റെ മറുപടി. പിന്നെ പിന്നെ അവളുടെ സന്ദേശം കാത്തിരിക്കലായി. 

പതിയെ മനസിലെ വിഷമങ്ങൾ എല്ലാം അവളോട് പറയാൻ തുടങ്ങി. സംശയരോഗിയായ ഭാര്യ കാരണം താനും മക്കളും വർഷങ്ങളായി അനുഭവിക്കുന്ന വിഷമം അവളോടു പറഞ്ഞു. "നിന്നോട് ഉള്ള സ്നേഹകൂടുതൽ കൊണ്ടാണ് അവൾക്കു ഇങ്ങനെ, നീ നല്ല മനഃശാസ്ത്രവിദഗ്ധനെ കാണിക്ക്" എന്നായിരുന്നു അവളുടെ മറുപടി. ഒന്നു രണ്ടു രാത്രികളിൽ മന:സമാധാനം നഷ്ടപ്പെട്ടു, ഒരു ലക്ഷ്യവുമില്ലാതെ കാറോടിച്ചു നടന്ന തന്നെ, നിർത്താതെ സന്ദേശങ്ങൾ നൽകി പുലർച്ചെ മൂന്നുമണിയോടെ വീട്ടിലെത്തിച്ചത് അവളായിരുന്നു. ആരോടും അതുവരെ പങ്കുവെക്കാത്ത ഹൃദയവേദനകൾ എല്ലാം അവളോട് പറയുമ്പോൾ തനിക്ക് ആശ്വാസം കിട്ടുമായിരുന്നു. ഇനിയും തന്റെ വേദനകൾ പങ്കുവെച്ചാൽ അവൾ വിഷമിച്ചാലോ, അവളുടെ ജീവിതം തകർന്നാലോ എന്നുകരുതി, ഇനി സന്ദേശമയക്കരുത് എന്നും മിണ്ടരുതെന്നും പറഞ്ഞു. അതുകഴിഞ്ഞിട്ട് ഇപ്പോൾ രണ്ടു വർഷത്തിലധികമായിരിക്കുന്നു. എങ്കിലും ഇടയ്ക്കിടെ അവൾ ഓരോന്ന് എഴുതി കൊണ്ടിരിക്കും. താനൊരു മറുപടിയും എഴുതിയില്ലെങ്കിലും.

ഓരോന്നാലോചിച്ചിരിക്കേ രാത്രി കടന്നുവന്നത് അറിഞ്ഞില്ല. മുറിയിൽ നല്ല ഇരുട്ട്. പുറത്തു ഗാർഡൻ ലൈറ്റുകൾ പ്രകാശിക്കാൻ തുടങ്ങിയിരിക്കുന്നു. വീണ്ടും അവളുടെ സന്ദേശത്തിലേക്ക് നോക്കി. "ഇനിയും എത്ര നാൾ...." എന്തോ ദു:സൂചനയുണ്ടോ അതിൽ.. ഒരിക്കൽ അവൾ എഴുതിയത് ഓർത്തു. "മരണം വരെ നിന്നോട് സംസാരിച്ചു കൊണ്ടിരിക്കാൻ ഇഷ്ടപ്പെടുന്നവളാണ് ഞാൻ." അതിനു നീ എന്റെ ആരാ എന്ന ചോദ്യത്തിനു നിന്റെ ആത്മാവിന്റെ കൂട്ട് എന്നു ഉത്തരം നൽകിയവളേ മാപ്പ് മാപ്പ്.. മുറിയിലെ വെളിച്ചം തെളിയുന്നതോടൊപ്പം തന്റെ മനസ്സിലും പ്രകാശം നിറയുന്നത് അയാൾ അറിഞ്ഞു.

English Summary:

Malayalam Short Story ' Iniyethra Naal ' Written by PM Kongattil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com