ADVERTISEMENT

എവിടെയാണ് നിർത്തേണ്ടതെന്ന് ഓട്ടോഡ്രൈവർ ചോദിച്ചപ്പോഴാണ് ചെറുമയക്കത്തിൽനിന്ന് കണ്ണുതുറന്നതും ചുറ്റുപാടും ശ്രദ്ധിച്ചതും. വലതുവശത്തായി തെളിഞ്ഞുനിൽക്കുന്ന ബോർഡ് താൻ പറഞ്ഞ അടയാളമാണെന്നും അതുതന്നെയാണ് കുമാരേട്ടന്റെ ഹോട്ടലെന്നും തിരിച്ചറിയാൻ ഏതാനും നിമിഷങ്ങളെടുത്തു. ഹോട്ടലുൾപ്പെടുന്ന പുതിയ കെട്ടിടത്തിന്റെ പ്രൗഢി ആർക്കും ഒറ്റനോട്ടത്തിലേ മനസ്സിലാകുമായിരുന്നു. “ഇവിടെ നിർത്തിയാൽ മതി...” ഡ്രൈവർ നീട്ടിത്തന്ന സ്കാനറിലേക്ക് സ്വന്തം മൊബൈൽഫോൺ പരിചയപ്പെടുത്തി പറഞ്ഞുറപ്പിച്ച തുക മുഴുവനായിക്കൊടുത്തു. ഇരുട്ടിനെ തുളയ്ക്കുന്ന യന്ത്രംപോലെ ഓട്ടോ തിരിച്ചുപോകുന്നത് നോക്കിനിൽക്കവെ ഓർമ്മകൾ പലതും മനസ്സിൽ തിക്കിത്തിരക്കിവന്നു. തന്റെ ജീവിതരേഖ ആരംഭിച്ച സൈലന്റ് വാലിയുടെ ഈ ചെരിവുകൾ… അവിടെനിന്ന് ബാംഗ്ലൂരും ഡൽഹിയും ഫ്ലോറിഡയും തൊട്ട് തിരികെയീ രാജ്യത്തേക്ക് നീണ്ടുവരാൻ പോകുന്ന തന്റെ ജീവിതരേഖ… വർഷങ്ങൾക്കുമുമ്പാണ് ഈ ഭൂമിക വിട്ടിറങ്ങിയത്. താനേറ്റവും ഇഷ്ടപ്പെടുകയും അതിലുപരി തന്നെ നെഞ്ചേറ്റുകയും ചെയ്തിരുന്ന ഈ ദേശത്ത് താനൊരു പരദേശിയാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നതല്ല. പക്ഷേ കാലം തനിക്കായി കരുതിവച്ചത് അതുതന്നെയായിരുന്നു. ചുറ്റും സംഭവിച്ച മാറ്റങ്ങളെല്ലാം അതിനുവേണ്ടി മാത്രമുള്ളവയായിരുന്നെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ആ തോന്നൽ സത്യമായിരുന്നു എന്നത് ഇപ്പോഴും ഉറപ്പില്ല…

ട്രെയിൻ കൃത്യസമയത്തുതന്നെയാണ് സ്റ്റേഷനിലെത്തിയത്. പ്ലാറ്റ്‌ഫോമിലെ തിരക്കിലേക്കും വെളിച്ചത്തിലേക്കും പഞ്ചേന്ദ്രിയങ്ങൾ ചേർത്തുവച്ചപ്പോഴേക്കും ഒരിരമ്പലോടെ ട്രെയിൻ കിതച്ചുനിന്നിരുന്നു. തൊട്ടടുത്ത നിമിഷം കച്ചവടക്കാരുടെയും യാത്രക്കാരുടെയും തിരക്കുകൂട്ടൽ തന്റെ ചെവികളെ പൊതിഞ്ഞു. ചായ–കാപ്പി വിളിയൊച്ചയിൽ സ്റ്റേഷൻ ശബ്ദമുഖരിതമായി. തോൾബാഗുമായി പ്ലാറ്റ്‌ഫോമിലേക്ക് കാലെടുത്തുവച്ചതും തലക്കുമേലെ പിടിപ്പിച്ചിരിക്കുന്ന ടെലിവിഷനിൽനിന്ന് ഉച്ചത്തിലുയരുന്ന പരസ്യങ്ങൾ ഏതാനും നിമിഷം നോക്കിനിന്നു. പിന്നെ പുറത്തേക്കൊഴുകുന്ന ആൾക്കൂട്ടത്തിലേക്ക് താനും അലിഞ്ഞുചേർന്നു. രാവിലത്തെ ഫ്‌ളൈറ്റിനുവന്ന് കാര്യങ്ങൾ പെട്ടെന്നുതീർത്ത് തിരിച്ചുപോകാനായിരുന്നു അമേരിക്കയിലിരുന്നുള്ള സക്കീനയുടെ നിർദ്ദേശം. എന്നാൽ ഒറ്റയ്ക്കുള്ള ഈ യാത്രയിൽ തന്റെ പഴയ ജീവിതകാലത്തെ ഒരിക്കൽക്കൂടി ഓർമ്മിച്ചെടുക്കണമെന്നും അതിന്റെ അന്തസത്തയെ വീണ്ടുമൊന്നുൾക്കൊള്ളണമെന്നും ശരിക്കുമാഗ്രഹിച്ചിരുന്നതുകൊണ്ടാണ് ട്രെയിൻതന്നെ തിരഞ്ഞെടുത്തത്.

സത്യത്തിൽ അമേരിക്കയിലേക്ക് കുടിയേറാൻ താനും സക്കീനയും തീരുമാനിച്ചത് മറ്റൊന്നും കൊണ്ടായിരുന്നില്ല; ഈ രാജ്യത്തിന്റെ തെക്കും വടക്കുമായി തങ്ങളനുഭവിച്ച ഭീഷണിയും അതിൽനിന്നുളവായ വീർപ്പുമുട്ടലും വാക്കുകളിൽ വിവരിക്കാവുന്നതിനും അപ്പുറമായിരുന്നു. ഇന്നാട്ടിൽവച്ചായിരുന്നു അതിന്റെ തുടക്കം. പിന്നെയത് ബാംഗ്ലൂരിലേക്ക് ചേക്കേറി. ഡൽഹിയിലേക്ക് തങ്ങൾ താമസം മാറിയിട്ടും ഭീഷണിയുടെ കാഠിന്യം കൂടുകയാണ് ചെയ്തത്. അതോടെ പുറംരാജ്യത്ത് പുതിയൊരു മേച്ചിൽസ്ഥലം കണ്ടെത്താൻ തങ്ങൾ നിർബന്ധിതരാക്കപ്പെടുകയായിരുന്നു. ഇന്നിപ്പോൾ പലതും പറഞ്ഞ് ആ തീരുമാനത്തെ ലാഘവത്തോടെ നോക്കിക്കാണാറുണ്ടെങ്കിലും അന്നത്തെ സാഹചര്യത്തിൽ അതൊരു ദുർഘടംപിടിച്ച തീരുമാനമായിരുന്നു. ഓരോന്നോർത്ത് സ്റ്റേഷനുപുറത്തേക്കിറങ്ങാനുള്ള ആൾക്കൂട്ടത്തിൽ രാജേഷും ചേർന്നു. പ്ലാറ്റ്‌ഫോമിലെ പ്രകാശവലയത്തിനപ്പുറത്ത് കനച്ചുകിടന്നിരുന്ന ഇരുട്ട് നേരം വെളുക്കാനേറെ സമയമുണ്ടെന്ന് പറയാതെ പറഞ്ഞു. യാത്രക്കാരെ വരവേൽക്കാനൊരുങ്ങി ആകാംക്ഷ കത്തുന്ന നോട്ടങ്ങളുമായി ടാക്സിഡ്രൈവർമാരുടെ ഒരു കൂട്ടം കവാടത്തിനപ്പുറം നിൽപ്പുണ്ടായിരുന്നു. അവരിൽ ചിലർ തനിക്കു നേരെയും തിരിയുമെന്ന് തോന്നിയപ്പോൾ “വേണ്ട, വേണ്ട” എന്ന് അനിഷ്ടത്തോടെ പറഞ്ഞ് വഴിയുടെ ഒരരികിലേക്ക് മാറിനിന്ന നേരത്താണ് ഈ ഓട്ടോ കണ്ടത്. ഓട്ടോയിലിരുന്ന് ഡ്രൈവർ “വരൂ സാർ, ഇന്നത്തെ ആദ്യത്തെ ഓട്ടമാണ്” എന്ന് വിളിച്ചുപറഞ്ഞു. ഒരൊറ്റ നിമിഷത്തെ ആലോചനയേ വേണ്ടിവന്നുള്ളു ആ ക്ഷണം സ്വീകരിക്കാൻ.  

അത്രയുംനേരം ഡ്രൈവർ മൊബൈൽഫോണിലെന്തോ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. സ്ഥലപ്പേര് കേട്ടതും ഓട്ടോ നന്നായൊന്നിളക്കി അത് സ്റ്റാർട്ടു ചെയ്യലും ഗിയർ മാറ്റലുമെല്ലാം നൊടിയിടയിൽ കഴിഞ്ഞു. ഉറക്കംഞെട്ടി കുതിച്ചുചാടിയ ഓട്ടോ പതിയെപ്പതിയെ സ്വതസിദ്ധമായ താളത്തിലായി. അതോടെ സീറ്റിലേക്ക് ഒന്നുകൂടിയമർന്ന് നാട്ടിലിറങ്ങിയെന്നറിയിച്ച് സക്കീനക്ക് വാട്ട്സാപ്പിൽ സന്ദേശമയച്ചു. പിന്നെ ഇൻസ്റ്റഗ്രാം പേജിലെ തന്റെ സ്റ്റോറികളിലൂടെ കണ്ണോടിക്കാനാരംഭിച്ചതും സക്കീനയുടെ ഫോൺവിളിയെത്തി. എപ്പോഴും അങ്ങനെയാണവൾ. ചെറിയ കാര്യങ്ങൾക്കുപോലുമുണ്ട് വല്ലാത്ത ടെൻഷൻ. താൻ തനിച്ചൊന്ന് പുറത്തേക്കിറങ്ങിയാൽ, ചെറുതോ വലുതോ ആയ യാത്ര പോയാൽ, അപരിചിതരായ ആൾക്കാർ വീടിനുമുന്നിലൂടെ നടന്നാൽ, ആരെങ്കിലുമൊന്ന് തുറിച്ചുനോക്കിയാൽ, എല്ലാറ്റിനുമുണ്ട് ഒരേ അളവിലുള്ള ടെൻഷൻ… “കുമാരേട്ടന്റെ ഹോട്ടലിലൊന്ന് കയറിയിട്ടേ വീട്ടിലേക്കുള്ളു. അവിടുന്നങ്ങോട്ട് നടക്കാനുള്ളതല്ലേയുള്ളു.”, ഫോണിലൂടെ താനത് പറഞ്ഞതും പഴയ ഏതോ ഭീഷണിയെക്കുറിച്ച് അവളോർമ്മിപ്പിച്ചു.. അതിന് മറുപടിയായി ‘ഇനി ആരെന്തു ചെയ്യാനാണ്? എനിക്കും മേലുകീഴ് നോക്കാനൊന്നുമില്ല. നീ വെറുതെയിങ്ങനെ പേടിക്കാതിരുന്നാൽ മാത്രം മതി’ എന്നുപറഞ്ഞ് ഫോൺ പോക്കറ്റിലേക്കിട്ടു. അപ്പോഴേക്ക് ഓട്ടോ നല്ല വേഗതയാർജ്ജിച്ചു കഴിഞ്ഞിരുന്നു. 

“കുമാരേട്ടനെ എങ്ങനെയറിയാം..?” “കുമാരേട്ടന്റെ ആരാ നിങ്ങൾ.?” ഡ്രൈവറുടെ രണ്ടു ചോദ്യങ്ങൾക്കും മറുപടി പറയാതെ പട്ടണവുമായി ഒട്ടിച്ചേർന്നുവരുന്ന പ്രദേശങ്ങൾ നോക്കിയിരുന്നപ്പോൾ കുട്ടിക്കാലത്തും യൗവനത്തിലുമുണ്ടായിരുന്ന തന്റെ സ്വപ്നത്തെക്കുറിച്ച് രാജേഷോർത്തു. നഗരത്തിൽ താമസിക്കുകയെന്നത് സത്യത്തിൽ മനസ്സിന്റെ ഒരു നിശ്ചയമായിരുന്നു. ഇപ്പോൾ അതേപ്പറ്റി പ്രത്യേകിച്ചൊന്നും തോന്നാറില്ലെങ്കിലും ആ വാശിയായിരുന്നിരിക്കാം ഒരുപക്ഷേ തന്റെ ജീവിതത്തെ ഇത്രയും വേഗത്തിലാക്കിയത്.. പുറത്തേക്ക് നോക്കിയിരുന്നപ്പോൾ ചുറ്റുവട്ടങ്ങൾ മാറ്റത്തിന്റെ വേഷപ്പകർച്ചകളെ കാട്ടിത്തന്നുകൊണ്ടേയിരുന്നു. അപ്പാർട്ട്മെന്റുകളും ഷോപ്പിംഗ് മാളുകളും ബിസിനസ്സ് കെട്ടിടങ്ങളും അവയുടെ നിഴൽപറ്റിനിൽക്കുന്ന വലിയ മരങ്ങളും. മനസ്സിൽനിന്ന് പഴയ ഗ്രാമത്തിന്റെ ചിത്രം പതിയെ മാഞ്ഞുതുടങ്ങിയപ്പോൾ തന്നോടുതന്നെ രാജേഷ് പറഞ്ഞു: ‘നഗരങ്ങളുടെ ഒരു പൊതുസ്വഭാവമാണല്ലോ ഇത്, തങ്ങളുടെ ചൂടുപറ്റിക്കിടക്കുന്ന ഗ്രാമങ്ങളെ അവ മെല്ലെമെല്ലെ വിഴുങ്ങും. എന്നിട്ട് ഒന്നുമറിയാത്തതുപോലെ മുഖത്തൊരു ചിരിയും ഒട്ടിച്ചുവച്ചുനിൽക്കും.’

ഓർമ്മകൾ ഏതാനും നിമിഷത്തേക്ക് സ്തംഭിച്ചതും ഒന്ന് മയങ്ങിയുണർന്നു. അപ്പോഴേക്കും ഓട്ടോറിക്ഷ നന്നായി കിതച്ചുതുടങ്ങിയിരുന്നു. ചുറ്റുമുള്ള പ്രദേശങ്ങൾക്കുനേരെ ആർത്തിയോടെ കണ്ണുകളയച്ചപ്പോൾ നെല്ലിപ്പുഴപ്പാലവും കടന്ന് ഓട്ടോ കുന്ന് കയറുകയാണെന്ന് മനസ്സിലായി. മുരണ്ടും മൂളിയുമുള്ള ആ കുന്നുകയറൽ സ്‌കൂളിൽ പഠിച്ചിരുന്ന കാലത്തിനെ മുന്നിൽക്കൊണ്ടുവന്നുനിറുത്തി. വിയർപ്പിലും കിതപ്പിലും മുങ്ങി ദിനംപ്രതി മത്സരിച്ചായിരുന്നല്ലോ കുന്നുകയറുകയും ഇറങ്ങുകയും ചെയ്തിരുന്നത്. അപ്പോഴേക്കും ഓട്ടോ കുന്നിന്റെ തുഞ്ചത്തെത്തി. തളർച്ചയുടെ പ്രതീകങ്ങളെന്നപോലെ ഓട്ടോയിൽനിന്ന് തുടരെത്തുടരെ നെടുവീർപ്പുകൾ പുറത്തുചാടിക്കൊണ്ടിരുന്നു. “നിങ്ങൾ എവിടെനിന്നാണ് വരുന്നത്.?”, ഓട്ടോഡ്രൈവർ തല പിന്നോട്ട് വെട്ടിച്ചു. “ഡൽഹി.” “ഇന്നാട്ടുകാരനാണോ.? എവിടെയോ കണ്ടുമറന്നതുപോലെ…” ഒരു സംഭാഷണത്തിന് തുടക്കമിടാനുള്ള ശ്രമത്തിലാണ് അയാളെന്നു തോന്നി. “ബിസിനസ്സുകാരനാണോ.?”, താനൊന്നും മിണ്ടാത്തതുകൊണ്ടാകണം അയാൾ വീണ്ടും ചോദിച്ചു. അപ്പോഴും താൻ മിണ്ടിയില്ല. “അല്ല വെറുതെ ചോദിച്ചെന്നേയുള്ളു. ദിവസേനയെന്നോണമല്ലേ ഇവിടെ പുതിയ നിർമ്മിതികൾ പൊന്തിവരുന്നതും ഭൂമിക്ക് വില കയറുന്നതും. നിങ്ങളെ കണ്ടപ്പോൾ ഒരു ബിസിനസ്സുകാരനാണെന്ന് തോന്നി.”, ഒന്നു നിറുത്തി അയാൾ കൂട്ടിച്ചേർത്തു: “ഓട്ടോയോടിക്കുന്നത് എനിക്കൊരു സൈഡ് ബിസിനസ്സ് മാത്രം. ഭൂമിയിടപാടുകൾ പലതും ഞാനും ചെയ്യാറുണ്ട്. അങ്ങനെയെന്തെങ്കിലുമുണ്ടെങ്കിൽ പറയാൻ മടിക്കേണ്ട കേട്ടോ.” അതുപറഞ്ഞശേഷം ഡ്രൈവർ നിശ്ശബ്ദനായി.

കുന്നുകയറിയതും ഓട്ടോ ചിരിക്കാൻ തുടങ്ങി. റോഡിന്റെ വശങ്ങളിൽ തലയുയർത്തിനിൽക്കുന്ന കെട്ടിടങ്ങൾ ഇപ്പോൾ കുറേക്കൂടി വ്യക്തമായി. അച്ഛന്റെ മരണശേഷം രണ്ടോ മൂന്നോ തവണമാത്രമേ ഇങ്ങോട്ടേക്ക് വന്നിട്ടുള്ളു. ഏട്ടനുമായുള്ള ബന്ധത്തിലെ വിള്ളലുകൾ വീട്ടുകാരെ തന്നിൽനിന്ന് ക്രമേണ അകറ്റിയതോടെ വിശേഷങ്ങൾ പലതുമറിഞ്ഞിരുന്നത് അനന്തരവന്മാരുടെയും പഴയ കൂട്ടുകാരിൽ ചിലരുടെയും ഫേസ്‌ബുക്ക്, ഇൻസ്റ്റ പേജുകളിൽനിന്നുമായിരുന്നു. പിന്നെ വല്ലപ്പോഴുമൊരിക്കലുണ്ടായിരുന്ന കുമാരേട്ടനുമായുള്ള ഫോൺ വിളികൾ. “ഞാൻ ഇന്നാട്ടിൽത്തന്നെയുള്ളതാണ്. നിങ്ങളെ ഇപ്പോഴെനിക്ക് മനസ്സിലായി. നിങ്ങൾ നാടു വിടുമ്പോൾ ഞാൻ ചെറുതായിരുന്നു.”, പണം കൈപ്പറ്റിയെന്നുറപ്പുവരുത്തി ഡ്രൈവർ പറഞ്ഞു. പിന്നെ അകത്തേക്കുനോക്കി വിളിച്ചുപറഞ്ഞു: “കുമാരേട്ടാ, നിങ്ങൾക്ക് വേണ്ടപ്പെട്ടയൊരാൾ എത്തിയിട്ടുണ്ട്.”, മറുപടിയൊന്നും കിട്ടുന്നില്ലെന്ന് കണ്ടതോടെ ആക്സിലറേറ്റർ അയാളുടെ മുഷ്ടിക്കുള്ളിൽ ഞെരിഞ്ഞു. ‘എല്ലാവരും ബിസിനസുകാരാണ്, ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ..!’ ഓട്ടോയുടെ വെളിച്ചം ദൂരെ വളവിൽ ചെന്നുമറയുന്നത് നോക്കിനിൽക്കവേ മനസ്സിലാരോ മന്ത്രിച്ചു. തലയൊന്നു വെട്ടിച്ചപ്പോഴേക്കും പിന്നിൽനിന്നാരോ വിളിച്ചു. തിരിഞ്ഞുനോക്കിയതും കെട്ടിടത്തിനുമുന്നിലെ തെളിഞ്ഞ ലൈറ്റിനുകീഴെ പുഞ്ചിരിതൂകി നിൽക്കുന്ന കുമാരേട്ടൻ.

“കയറിവരൂ…” “കുമാരേട്ടൻ ഒന്നുകൂടി ചെറുപ്പമായല്ലോ..”, അപ്പറഞ്ഞതുകേട്ട് കുമാരേട്ടൻ കളിയായെന്നോണം മറുപടിയേകി: “മുടിയൊന്നു കറുപ്പിച്ചു. അത്രയേയുള്ളു. അതിനൊക്കെയിപ്പോൾ വേണ്ടുവോളം സൗകര്യമുണ്ടല്ലോ…” “ഈ നാടാകെ മാറിപ്പോയല്ലോ കുമാരേട്ടാ…” “കാലം കുറേ മുമ്പോട്ടുപോയില്ലേ കുട്ട്യേ…” “ഈ ഹോട്ടൽപോലും എനിക്ക് തിരിച്ചറിയാനൊത്തില്ല….” “അടുത്ത കാലത്താണീ ബിൽഡിങ് പണിതത്. ഈ ഹോട്ടലൊഴികെ ബാക്കിയെല്ലാം വാടകക്ക് കൊടുത്തിരിക്കുകയാണ്. അല്ലാതെന്ത് ചെയ്യാൻ.? ഇവിടെയും ഞാനൊറ്റക്കല്ലേ ഉള്ളു. മക്കൾ രണ്ടുപേരും നഗരത്തിൽ സെറ്റിലായി.”, ഒന്നുനിറുത്തിയശേഷം കുമാരേട്ടൻ കൂട്ടിച്ചേർത്തു: “ഇവിടം വിട്ടുപോകാൻ മനസ്സ് സമ്മതിക്കുന്നില്ല. അതുകൊണ്ടുമാത്രം മക്കൾ മാറിമാറി വിളിച്ചിട്ടും പോകാതെ നിൽക്കുന്നു…” പൊടുന്നനെ കല്യാണിയേടത്തിയെ ഓർമ്മവന്നു. കുമാരേട്ടന്റെ കടയോട് തൊട്ടുചേർന്നായിരുന്നു അവരുടെ തയ്യൽക്കടയും. അവരോട് സംസാരിക്കാതെ ആ റോഡിലൂടെയാരും നടന്നുപോകാറില്ലായിരുന്നു. സ്‌കൂളിൽ പഠിച്ചിരുന്ന കാലത്ത് തുണി തുന്നിക്കുന്നതിനായി ഏട്ടനൊപ്പം അങ്ങോട്ടേക്ക് കയറിച്ചെല്ലും. അളവെടുക്കാനുള്ള ടേപ്പ് കൈയ്യിലെടുത്ത് ഒരു യുദ്ധത്തിന് തയാറെടുത്തിട്ടെന്നപോലെ അവർ നിൽക്കും. അരയിൽ ടേപ്പ് വലിഞ്ഞുമുറുകുമ്പോൾ അവര് പറയും: “ചെക്കമ്മാര് രണ്ടും വലുതായി. രണ്ടാൾക്കുംകൂടി തുന്നണച്ചാ ഇത്ര തുണി പോരാട്ടോ…” അതുകേട്ട് അച്ഛൻ ചിരിക്കും.

“മേലത്തെ നിലയിൽ വിശ്രമമുറിയുണ്ട്. വേണച്ചാൽ ഒന്നു ഫ്രഷായി കുറച്ചുനേരം കിടന്നോളൂ…”, കുമാരേട്ടന്റെ ശബ്ദം കാതുകളെ തൊട്ടു. “വേണ്ട, അത്ര ക്ഷീണമൊന്നുമില്ല.” അതുംപറഞ്ഞ് ചുമരിനരികെ വാഷ്ബേസിനോടുചേർന്നുള്ള ബാത്റൂമിലേക്കു കയറി മുഖം നന്നായൊന്നു കഴുകി തിരിച്ചുവന്നപ്പോഴേക്കും കുമാരേട്ടൻ ചായ മേശപ്പുറത്ത് വച്ചിരുന്നു. അതു മുഴുവൻ കുടിച്ചുതീരുവോളം കുമാരേട്ടനും എതിർവശത്തായി ഇരുന്നു. “നമ്മൾ വിചാരിക്കുമ്പോലെയല്ലല്ലോ ജീവിതത്തിൽ പല കാര്യങ്ങളും നടക്കുന്നത്...”, കുമാരേട്ടന്റെ വാക്കുകളിലെ ഭാവം ശരിക്ക് മനസ്സിലായില്ല. എങ്കിലും ജീവിതത്തെക്കുറിച്ചുള്ള എത്രയോ അർഥവത്തായ ഒരു പൊതുതത്വമാണ് അദ്ദേഹം പറഞ്ഞത്. ഏട്ടന്റെ കല്യാണശേഷമാണ് വീട്ടിലെ സാഹചര്യങ്ങളും മാറിയത്. ഏട്ടത്തിയമ്മ നല്ലവളല്ലെന്ന് ഒരിക്കലും തോന്നിയിരുന്നില്ല. പക്ഷേ അവരുടെ കണ്ണിൽ എന്തിനും ഏതിനും അവരുടെ കാര്യങ്ങൾക്ക് മാത്രമായി മുൻഗണന. സത്യത്തിൽ കുടുംബത്തിനകത്തെ ചെറുകുടുംബമായി അതോടെ അവരിരുവരും മാറി. കുമാരേട്ടനുമൊത്ത് വിശേഷങ്ങൾ അയവിറക്കി കുറച്ചുനേരമിരുന്നു. സക്കീനയും കുട്ടികളും പുറംരാജ്യത്തെ ജീവിതവുമെല്ലാം സംഭാഷണത്തിൽ കടന്നുവന്നു. കല്യാണിയേടത്തിയുടെ മരണത്തോടെ കുമാരേട്ടൻ വല്ലാതെ ഒറ്റപ്പെട്ടുപോയെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽനിന്നുതന്നെ വ്യക്തമായിരുന്നു. കൊച്ചുമക്കളെ കാണാൻപോലും കിട്ടാറില്ലെന്ന് കുമാരേട്ടൻ പറഞ്ഞപ്പോൾ അതും മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടായില്ല. തിരക്കിന്റെ നടുവിലാണല്ലോ എല്ലാവരുടെയും ജീവിതം. 

വർത്തമാനത്തിനിടെ വായനശാലയും ക്ലബുമെല്ലാം വാക്കുകളായി തലനീട്ടി. ഇപ്പോൾ പഴയതുപോലൊന്നുമല്ലെന്ന് പറഞ്ഞ് ഡിജിറ്റൽ പരിഷ്‌ക്കാരങ്ങളിൽ മാറുന്ന അവയുടെ മുഖങ്ങൾ കുമാരേട്ടൻ വിശദീകരിച്ചു. ഇതൊക്കെ സാങ്കേതികരംഗത്ത് ലോകംമുഴുക്കെയുള്ള പുരോഗതിയുടെ ഭാഗമാണെന്ന് പറയണമെന്നുണ്ടായിരുന്നെങ്കിലും താൻ വാക്കുകളെ കടിച്ചുപിടിച്ചു. അദ്ദേഹത്തിന് അതൊന്നും മനസ്സിലായിക്കൊള്ളണമെന്നില്ല. പറഞ്ഞുവന്നതിന്റെ തുടർച്ചയെന്നോണം അപ്പോഴേക്കും കുമാരേട്ടൻ പറഞ്ഞു: “നമ്മളൊക്കെ ഇല്ലാണ്ടായാലും ഇക്കണ്ട സ്ഥാപനങ്ങളൊക്കെ അങ്ങനെത്തന്നെ നിലനിൽക്കും.”, ഒന്നുനിർത്തി, അതുവരെ പറഞ്ഞതെല്ലാം സംഗ്രഹിക്കുമ്പോലെ അദ്ദേഹം കൂട്ടിച്ചേർത്തു: “അവയ്‌ക്കൊക്കെ അല്ലറചില്ലറ മാറ്റങ്ങളുണ്ടാകുമെന്നുമാത്രം..” ഏതാനും നിമിഷത്തേക്ക് അവർക്കിടയിൽ മൗനം തളംകെട്ടിനിന്നു. അതിനെ നോവിക്കാതെ പതിയെ എഴുന്നേൽക്കവെ അൽപ്പംകൂടി വിശ്രമിച്ചിട്ട് പോയാൽ പോരേയെന്ന കുമാരേട്ടന്റെ ചോദ്യത്തെ സ്നേഹപൂർവ്വം നിരസിച്ച് പുറത്തേക്കിറങ്ങി. അപ്പോഴേക്കും  ഇരുട്ട് നേർത്തുകഴിഞ്ഞിരുന്നു. ഹോട്ടലിലേക്ക് ആരൊക്കെയോ കയറിവരാൻ തുടങ്ങി.

“മേലേടംന്ന് പറയണത് ഇപ്പഴും എനിക്കൊരു വികാരമാണ്. പിന്നെ ഭൂമി വിൽക്കാനുള്ള തീരുമാനം നന്നായതേയുള്ളു. ഇതുപോലൊരു വിലയൊന്നും പിന്നീട് കിട്ടിക്കൊള്ളണമെന്നില്ല.”, പിന്നിലായി കുമാരേട്ടന്റെ ശബ്ദംകേട്ട് പുറത്തേക്കിറങ്ങി. “മേലേടത്തെ ഇളയ കുട്ടിയാ..”, നടന്നു തുടങ്ങിയപ്പോൾ ആരോടോ കുമാരേട്ടൻ പറയുന്നതു കേട്ടു. “ദത്തെടുത്ത മകനല്ലേ...?” “അങ്ങനെ പറയാമ്പറ്റോ, സ്വന്തം ചോര തന്നെയല്ലേ.?” “വസ്തുവിൽപ്പനയല്ലേ; ഇപ്പോൾ രണ്ടുപേരും ഒരുമിച്ചല്ലേ പറ്റൂ.!” അതോടെ കാതുകൾക്ക് വാക്കുകളുമായുള്ള അകലം കൂടി. കൈയിലെ കൊച്ചുബാഗ് ചുമലിലേക്ക് എറിഞ്ഞിട്ട് കാലുകൾ നീട്ടിവച്ചുനടക്കവേ ദത്തുപുത്രനെന്ന വിശേഷണം കൊച്ചുനാൾമുതലേ പലരിൽനിന്നും പലപ്പോഴായി കേട്ടിട്ടുണ്ടല്ലോ എന്നോർത്തു. തനിക്ക് ഏതാനും മാസങ്ങളുടെ പ്രായമുള്ളപ്പോൾ ഒരാക്സിഡന്റിൽപ്പെട്ട് അച്ഛനുമമ്മയും നഷ്ടമായതും അങ്ങനെ വലിയച്ഛന്റെ കുടുംബത്തിന്റെ ഭാഗമായി താൻ മാറിയതും മറ്റുള്ളവരിൽനിന്നാണറിഞ്ഞത്. ഓരോന്നാലോചിച്ച് നടന്നു. ചുറ്റുമുള്ള പ്രകൃതി ഇപ്പോഴും മയക്കത്തിലാണെന്ന് തോന്നി. ആളനക്കം ഒട്ടുമില്ല. മണ്ണും മരവുമെല്ലാം ഇപ്പോഴും ഉറക്കത്തിലാണ്. ആകെയുള്ളത് ഇടയ്ക്കിടെ പോകുന്ന വാഹനങ്ങളും വഴിയോരത്തെ വൻമരങ്ങളിൽനിന്നുള്ള പക്ഷിശബ്ദങ്ങളുംമാത്രം. വീട്ടിലേക്ക് അധികദൂരമില്ല. കുറച്ചു മുമ്പോട്ടുചെന്ന് ഒരു വളവു തിരിഞ്ഞാൽ വീട്ടിലേക്കുള്ള ഗേറ്റായി. വീടിനു പിൻഭാഗത്ത് മലഞ്ചെരിവാണ്. സൈലന്റ് വാലിയുടെ കാൽവിരലുകളിൽ ഒന്നാണിതെന്നാണ് എഴുത്തുകാരിൽ ചിലർ പറഞ്ഞുവച്ചിട്ടുള്ളതെങ്കിലും അതിലെന്തെങ്കിലും സത്യമുള്ളതായി തനിക്ക് തോന്നിയിട്ടില്ല. 

ഇരുട്ട് മാഞ്ഞതോടെ ഒരു പച്ചപ്പുതപ്പുപോലെ മല നെടുനീളത്തിൽ തെളിഞ്ഞുകഴിഞ്ഞു. ഒരുകാലത്ത് മണ്ണിനോടും കൃഷിയോടും ഏട്ടന് വല്ലാത്ത ആത്മബന്ധമായിരുന്നു. ഇപ്പോൾ അതൊന്നുമുണ്ടെന്ന് തോന്നുന്നില്ല. മക്കൾ രണ്ടും നല്ല നിലയിലായതോടെ ജീവിതനിലവാരം ഒന്നുകൂടി ഉയർന്നു. ക്ഷേമപദ്ധതികൾകൊണ്ടുള്ള പുരോഗതി ആളുകളെ മടിയന്മാരാക്കുമെന്ന മിഥ്യാധാരണയെക്കുറിച്ച് എവിടെയൊക്കെയോ വായിച്ചിട്ടുണ്ട്. ഏട്ടന്റെ കാര്യത്തിലത് പ്രസക്തമാണോ എന്നറിയില്ല. “എപ്പോഴെങ്കിലും വിൽക്കുകയാണെങ്കിൽ നിനക്കുള്ള ഷെയർ തരണം. അത്രയേയുള്ളു ഒസ്യത്തിലെ വ്യവസ്ഥ. അതിനിപ്പോൾ കൃഷിഭൂമി ആരു വിൽക്കാനാണ്..? ഇത് പൂർവ്വികസ്വത്തല്ലേ…”, രണ്ടു പതിറ്റാണ്ടിലേറെ പഴക്കമുള്ള ഏട്ടന്റെ വാക്കുകളും ഏട്ടത്തിയമ്മയുടെ അർഥംവച്ചുള്ള അപ്പോഴത്തെ ചിരിയും ഇപ്പോഴുമുണ്ട് മനസ്സിൽ. നാട്ടിലെ പ്രമാണിയായിരുന്നു ഏട്ടൻ. കൃഷിഭൂമിയുടെ വിസ്തൃതിയിലും വിളകളുടെ എണ്ണത്തിലും ഏട്ടനോളം പോന്നവരാരും നാട്ടിലുണ്ടായിരുന്നില്ല. അതുതന്നെയായിരുന്നു ജീവിതത്തിലൊരിക്കലും കൃഷിപ്പണി ഉപേക്ഷിക്കേണ്ടിവരില്ലെന്ന ഏട്ടന്റെ ആത്‌മവിശ്വാസത്തിന്റെ ആധാരവും.  

മുറ്റത്തേക്ക് കാലെടുത്തുവച്ചതും എങ്ങനെയോ ഏട്ടൻ മണംപിടിച്ചെത്തി. പിന്നാലെ ഏട്ടത്തിയമ്മയും മുഖം കാട്ടി. ങ്ഹാ, നീയോ.! ഇന്നുവരുന്നകാര്യം നേരത്തേ അറിയിച്ചിരുന്നെങ്കിൽ സ്റ്റേഷനിൽ വരുമായിരുന്നല്ലോ.”, ഏട്ടന്റെ സ്വരത്തിൽ ഒരുതരം പരിഭവം. “കുഴപ്പമില്ല. എനിക്ക് പരിചയമില്ലാത്ത സ്ഥലമൊന്നുമല്ലല്ലോ..” “ഇടയ്ക്കിടെയെങ്കിലും എല്ലാവരെയും കൂട്ടി വരണം… എന്തൊക്കെപ്പറഞ്ഞാലും കൂടപ്പിറപ്പുകൾ അങ്ങനെയല്ലാണ്ടാകില്ലല്ലോ.”, കൂടുതൽ വിഷമിപ്പിക്കാനാണോ ഏട്ടത്തിയമ്മയത് പറഞ്ഞതെന്ന് തോന്നാതിരുന്നില്ല. അതിനാൽത്തന്നെ ഏതാനും നിമിഷത്തെ ഇടവേളക്കുശേഷമാണ് രാജേഷ് ചോദിച്ചത്: “എന്നത്തേക്കാണിനി നിങ്ങളുടെ യാത്ര.?” “എന്നത്തേക്കെന്നതു പോകട്ടെ, എങ്ങോട്ടേക്കെന്നതും ഇതുവരെ ഉറപ്പിച്ചിട്ടില്ല. പാരീസിലേക്കോ അല്ലെങ്കിൽ ബാർലിനിലേക്കോ എന്നതാണ് തീരുമാനം. രണ്ടുമക്കളും അവരവരുടെ സ്ഥലത്തേക്ക് വിളിച്ചുകൊണ്ടിരിക്കുന്നു...”, ഒന്നുനിർത്തി ഏട്ടൻ പൂരിപ്പിച്ചു: “ഒമ്പതുമണിയാകുമ്പോഴേക്കും നമുക്കിറങ്ങണം കേട്ടോ...” കുളിച്ചു ഫ്രഷായി വന്നപ്പോഴേക്കും നേരം നന്നായി വെളുത്തിരുന്നു. പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരിക്കവേ ഏട്ടൻ ഒരിക്കൽക്കൂടി കാര്യങ്ങൾ വിശദീകരിച്ചു: “സാധാരണ ഒസ്യത്തിൽ ഇങ്ങനെയൊരു ക്ളോസൊന്നും വയ്ക്കാറുള്ളതല്ല. ഇത് ടൈപ്പിംഗിലോ മറ്റോ സംഭവിച്ച കൈപ്പിഴയാകാം. ആരുമത്ര ശ്രദ്ധിച്ചിട്ടുണ്ടാകില്ല. ഇതൊന്നും പിന്നെ അച്ഛന്റെ കണ്ണിൽ പെട്ടിട്ടുണ്ടാകില്ല.”

ഏട്ടന്റെ വാക്കുകൾക്ക് മൂളുമ്പോൾ ചുമരിൽ മൂന്നാണിമേൽ പതിച്ചുവച്ചിരിക്കുന്ന അച്ഛന്റെയും അമ്മയുടേയും ഫോട്ടോയിലേക്ക് കണ്ണുകൾ പാളി. ചിരിച്ചുകൊണ്ടാണ് രണ്ടുപേരുടെയും ഇരിപ്പ്. തനിക്കും ഏട്ടനുമിടയിൽ അവരൊരിക്കലും തിരിച്ചുഭേദം കാണിച്ചിട്ടില്ല. പൊടുന്നനെ ഫോട്ടോയിലെ അച്ഛന്റെ കണ്ണുകൾ വലുതാകുകയും പുരികം വളയുകയും ചെയ്തു. ദേഷ്യത്തോടെ എന്തോ പറയാൻ ശ്രമിക്കുകയാണെന്ന് തോന്നിയെങ്കിലും ഞെട്ടലിൽ താൻ കണ്ണൊന്നടച്ചു തുറന്നപ്പോഴേക്കും ഫോട്ടോയിലിരുന്ന് അവർ സാധാരണപോലെ ചിരിക്കാൻ തുടങ്ങി. “ആകെത്തുകയുടെ പകുതിയും എഗ്രിമെന്റ് വേളയിൽ കിട്ടുന്നുണ്ട്. നിനക്ക് തരണമെന്ന് ഒസ്യത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നതും അത്രതന്നെ. ഒപ്പം ആ കൈമാറ്റത്തിന്റെ രസീത് രജിസ്റ്റർ ചെയ്യുകയും വേണം.”, അപ്പോഴേക്കും തങ്ങളുടെ സംഭാഷണത്തെ സംഗ്രഹിക്കുമ്പോലെ ഏട്ടൻ പറഞ്ഞു. എഴുന്നേറ്റ് കൈകഴുകി സൂര്യപ്രകാശം പരന്നുകഴിഞ്ഞ ഭൂമിയെ കണ്ടാസ്വദിച്ച് പറമ്പിലേക്കിറങ്ങി. ഏട്ടന്റെ വാക്കുകൾ അപ്പോഴും മനസ്സിനെ ഇളക്കിമറിക്കുന്നുണ്ടായിരുന്നു. പാതി പണംതന്ന് അതിന്റെ രസീത് രജിസ്റ്റർചെയ്തു കൈപ്പറ്റിയശേഷമേ ഭൂമി വിൽക്കാൻ ഏട്ടന് അധികാരമുണ്ടാകൂ എന്ന വ്യവസ്ഥ വെറുതെ വന്നതാകാൻ വഴിയില്ല. അച്ഛന് പിണഞ്ഞ ഒരബദ്ധമായതിനെ കാണാനാകില്ല. വസ്തുവിന്മേലുള്ള ഉടമസ്ഥാവകാശം ഏട്ടനുമാത്രമായി കൈമാറുന്നതിലെ അപകടം അച്ഛൻ മുൻകൂട്ടി കണ്ടിട്ടുണ്ടാകണം. 

ഓരോന്നാലോചിച്ച് നടന്നു. ശരീരം നന്നായി വിയർക്കുന്നുണ്ട്. കുറേക്കാലത്തിനുശേഷമാണ് ഇങ്ങോട്ടെല്ലാം വരുന്നത്. പലതും പ്രതീക്ഷിച്ചിരുന്നു. പണ്ടത്തേതുപോലെ കിളിനാദങ്ങളും കുയിലിന്റെ പാട്ടും തവളകളുടെ കരച്ചിലുമെല്ലാം ചുറ്റുമുണ്ടാകുമെന്ന് കരുതി. പക്ഷേ പ്രതീക്ഷയ്ക്കു വിപരീതമായി ചാറുവറ്റിയ ഭൂമിയാണ് കൺമുന്നിലുള്ളത്. മനസ്സിൽ കുടിയിരിക്കുന്ന നെൽപ്പാടങ്ങളും പള്ളിയാലുമെല്ലാം തരിശായിക്കിടക്കുന്നു. പലയിടങ്ങളിലും അവ തുണ്ടുഭൂമികളായി മാറിക്കഴിഞ്ഞു. അവയിൽ പലതും കോൺക്രീറ്റ് കെട്ടിടങ്ങളെ മാറിലേറ്റിയിരിക്കുന്നു. പറമ്പിന്റെ അതിരിലെത്തിയതും കണ്ണുകൾ പൊടുന്നനെ വാപ്പുഹാജിയുടെ പുരയിടത്തിലേക്ക് നീണ്ടു. പല കഷണങ്ങളായി അതും മുറിഞ്ഞുകഴിഞ്ഞു. സക്കീനയോടുള്ള പ്രതികാരമായാണ് എല്ലാം വിറ്റുപെറുക്കി അയാൾ നാടുവിട്ടതെന്നായിരുന്നു ആദ്യമൊക്കെ പറഞ്ഞുകേട്ടിരുന്നത്. മറ്റൊരു വിവാഹം കഴിച്ച് അയാൾ കർണാടകയിലെങ്ങോ സ്ഥിരതാമസമാക്കിയെന്ന് കുറേക്കഴിഞ്ഞാണറിഞ്ഞത്.“ഒടുങ്ങാത്ത പകയാണ് ഹാജിയാർക്ക്. നീയെങ്ങാൻ ഇന്നാട്ടിൽ കാലുകുത്തിയാൽ തീർത്തുകളയുമെന്നാണ് ഭീഷണി. അയാൾക്കൊപ്പം വേറെയുമുണ്ടല്ലോ കുറേപ്പേർ. എന്തായാലും നിങ്ങളിപ്പോൾ ഇവിടേക്ക് വരേണ്ട...”, ദശാബ്ദങ്ങളുടെ പഴക്കമുള്ള ഏട്ടന്റെ വാക്കുകൾ മനസ്സിൽ തികട്ടി. സത്യത്തിൽ വർഷങ്ങളോളം താൻ ഡൽഹിയിൽത്തന്നെ തളച്ചിടപ്പെടുകയായിരുന്നു. സക്കീന ഡൽഹിയിലേക്കുവരുമ്പോൾ തകർന്ന സിവിൽ സർവീസ് സ്വപ്നങ്ങൾക്കുമുന്നിൽ താൻ പകച്ചുനിൽക്കുന്ന സമയമായിരുന്നു. പുതിയൊരു ജോലി കഷ്ടിച്ച് തുടങ്ങിയിരുന്നതേയുള്ളു. ഒട്ടും പ്രതീക്ഷിക്കാതെ സക്കീനയെ മുന്നിൽക്കണ്ടപ്പോൾ അന്ന് വല്ലാതെ ഭയന്നുപോയി. 

ഹാജിയാർക്കുമാത്രം ഇഷ്ടപ്പെട്ട വിവാഹാലോചനയെക്കുറിച്ച് അവൾ സൂചന തന്നിരുന്നു. എന്നിരുന്നാലും കാര്യങ്ങൾ അത്രത്തോളം കൈവിട്ടുപോകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. എങ്ങനെയൊക്കെയോ ഒരു പകലും രാത്രിയും ഇടുങ്ങിയ മുറിയിൽ ഒരുമിച്ച് കഴിച്ചുകൂട്ടി. അവളെ സ്വന്തമായി സ്വീകരിക്കുകയല്ലാതെ മുന്നിൽ മറ്റു വഴികളൊന്നുമുണ്ടായിരുന്നില്ല. കുറച്ചുകാലം കഴിയുമ്പോൾ മഞ്ഞുരുകുമെന്നായിരുന്നു തുടക്കത്തിലൊക്കെ പ്രതീക്ഷിച്ചിരുന്നതെങ്കിലും പതിയെപ്പതിയെ അതെല്ലാം അസ്തമിച്ചു. ജീവനുതന്നെ ഭീഷണിയുയർന്നതോടെ മനസ്സിൽ ഭയാശങ്കകളും മുളച്ചുപൊന്തി. അങ്ങനെ ഒരു നഗരത്തിൽനിന്ന് മറ്റൊന്നിലേക്കും ഒരു രാജ്യത്തുനിന്ന് മറ്റൊന്നിലേക്കുമുള്ള പലായനവും സംഭവിച്ചു… ഇന്നലെകൾ പാളംതെറ്റിച്ച ജീവിതത്തെക്കുറിച്ചുള്ള ഓർമ്മകൾ മുഴുവനായും കുടഞ്ഞെറിയാൻ എത്ര ശ്രമിച്ചാലും കഴിയില്ല. പിന്തുടർന്നു കൊല്ലാനെത്തിയവരിൽനിന്ന് തലനാരിഴക്കായിരുന്നു ഒരിക്കൽ രക്ഷപ്പെട്ടത്. തിരക്കുള്ള നിസാമുദ്ദീൻ റെയിൽവെസ്റ്റേഷനിൽവച്ച് ഒട്ടും പ്രതീക്ഷിക്കാതെയാണ് ഒരുവൻ കയറിപ്പിടിച്ചത്. “അവളെയല്ലാതെ നീയാരെയും കണ്ടില്ല, അല്ലേടാ…”, മുഖംമൂടിവച്ച അവന്റെ അലർച്ചയിൽ എല്ലാമുണ്ടായിരുന്നു. ഒരു നിമിഷാർദ്ധത്തിൽ അവന്റെ കൈയിൽ കത്തി ദൃശ്യമായി. മരിച്ചുവെന്ന് മനസ്സിലുറപ്പിച്ച നിമിഷത്തിൽ എവിടെനിന്നോ കിട്ടിയ കരുത്തിൽ ഊക്കോടെയുള്ള തന്റെ തള്ളലേറ്റ് അവൻ വേച്ചുവീണതും പിടഞ്ഞെഴുന്നേറ്റ് പ്ലാറ്റ്‌ഫോം മുറിച്ചോടി രക്ഷപ്പെട്ടതും ഇപ്പോഴും കൺമുന്നിലുണ്ട്. അന്ന് ചുമലിനേറ്റ പരിക്ക് ഏറെനാളത്തേക്ക് തനിക്ക് കൂട്ടുണ്ടായിരുന്നു. 

“രണ്ടുകൂട്ടർക്കും നഷ്ടമില്ലാത്ത കച്ചവടമാണ്. നിങ്ങൾക്ക് നല്ല വില കിട്ടണം. വാങ്ങുന്നോർക്കാണെങ്കിൽ പുതിയ പ്രോജക്ട് ആരംഭിക്കണം.”, കുമാരേട്ടൻ കടയിൽവച്ച് പറഞ്ഞതോർമ്മവന്നു. വീടും പറമ്പും വിൽക്കാൻ എന്തിനാണ് ഏട്ടനിത്ര ഉത്സാഹം കാണിക്കുന്നതെന്ന് എത്രയാലോചിച്ചിട്ടും മനസ്സിലായില്ല. യൂറോപ്പിലേക്ക് പോകാനുള്ള അവരുടെയാഗ്രഹം മോശമെന്ന് പറയാനാകില്ല. പുതുതലമുറയുടെ സ്വപ്‌നങ്ങൾക്കൊപ്പം ചേരാൻ മറ്റുള്ളവരും നിർബന്ധിതരാകുമല്ലോ. മൊബൈൽഫോൺ ഓണാക്കി പറമ്പിന്റെയും വീടിന്റെയും ഫോട്ടോയെടുത്ത് അവയിൽ ചിലത് ‘പറക്കാനുള്ള സ്വപ്‌നങ്ങൾ കുട്ടികളുടെ മനസ്സിൽ കുത്തിനിറച്ചാൽ…’ എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തു. സക്കീനയുടെ നമ്പറിൽ വീഡിയോകോളിന്റെ ഐക്കണിൽ വിരൽതൊട്ടതും സക്കീനയുടെ മുഖം അതിൽത്തെളിഞ്ഞു. “നീയിനിയും മറക്കാത്ത എന്നാൽ നിന്നെ മറന്നുപോയ ഒരു ഭൂമികയാണിത്.”, മൊബൈൽഫോൺ പിടിച്ച കൈയുയർത്തി ചുറ്റുവട്ടങ്ങൾ പകർത്തുമ്പോൾ അവളുടെ ചിരിയും വാക്കുകളും ഫോണിൽ ഒരുമിച്ചുയർന്നു: “സ്ഥലങ്ങൾ മാത്രമല്ല, നമ്മളും മാറിയില്ലേ.?” 

കാറിൽ രജിസ്ട്രാർ ഓഫീസിലേക്ക് പോകുമ്പോൾ ഏട്ടൻ പറഞ്ഞുകൊണ്ടിരുന്നതും മാറ്റങ്ങളെക്കുറിച്ചായിരുന്നു. വളരെ ചുരുങ്ങിയ കാലത്തിനുള്ളിലാണ് ഇവിടേക്ക് വികസനത്തിന്റെ കാറ്റടിച്ചതും തൽഫലമായി ഭൂമിക്ക് വിലയേറിയതുമെന്ന് പറഞ്ഞതിനൊപ്പം ഏട്ടൻ കൂട്ടിച്ചേർത്തു: “എന്തായാലും നന്നായി. നമ്മളെപ്പോലെയുള്ളവർക്ക് ഭൂമി വിൽക്കാൻ ഇത് നല്ലൊരവസരമായി.” ആ വാക്കുകൾ കേട്ടതും ഏറെനേരമായി മനസ്സിൽ തിങ്ങിനിന്ന ചോദ്യം പുറത്തേക്കു ചാടി: “ഏതാനും വർഷങ്ങൾക്കുമുമ്പ് ഇതേകാര്യം ഞാൻ പറഞ്ഞപ്പോൾ ഏട്ടൻ നഖശിഖാന്തം എതിർത്തതല്ലേ.? അന്ന് കൃഷിയെക്കുറിച്ചും അതിന്റെ മഹത്വത്തെക്കുറിച്ചും പറഞ്ഞ ഏട്ടനെന്താ ഇപ്പോൾ ഇങ്ങനെയൊരു തീരുമാനമെടുത്തത്.?”“നിനക്കറിയില്ലെങ്കിൽ ഞാൻ പറയാം, അന്നത്തേതുപോലെയല്ല കൃഷിയിപ്പോൾ. ഉൽപ്പന്നങ്ങളുടെ വിലക്കുറവും വിത്ത്, വളം, കൂലി എന്നിവയുടെ വിലക്കൂടുതലും കൃഷിയെ ലാഭകരമല്ലാതാക്കി. പിന്നെ ജലസേചനത്തിനുള്ള കുറവുകൾ, പണിക്കാരെ കിട്ടാനില്ലായ്‌ക; ഇതൊക്കെച്ചേർത്ത് വായിക്കുമ്പോൾ ഇനിയിവിടെ കൃഷി പച്ചപിടിക്കുമെന്ന് തോന്നുന്നില്ല.”, ഒന്നുനിറുത്തി ഏട്ടൻ പൂരിപ്പിച്ചു: “പിന്നെ മക്കളുടെ നിർബന്ധം കൂടിയാകുമ്പോൾ മാറിച്ചിന്തിക്കാതെ പറ്റില്ലല്ലോ…” പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്ന രാജേഷിന്റെ മനസ്സിലേക്ക് ഡൽഹിയിൽ താൻ വാങ്ങിക്കഴിഞ്ഞ അപ്പാർട്ട്മെന്റിന്റെ ചിത്രം ഓടിക്കയറിവന്നു. പക്ഷേ അതേക്കുറിച്ച് ഏട്ടനോട് സൂചിപ്പിക്കാൻപോലും തോന്നിയില്ല. 

എന്തോ ആലോചനയിലായിരുന്ന ഏട്ടന്റെ സ്വരം അപ്പോഴേക്കും കാതിൽ പതിച്ചു: “മറ്റൊരു രാജ്യത്ത് നല്ലൊരു ജീവിതം കിട്ടുകയാണെങ്കിൽ അത് നല്ലതല്ലേ.?” ആ ശബ്ദത്തിലെ ശുഭാപ്തിവിശ്വാസം രാജേഷിനെ അത്ഭുതപ്പെടുത്തി. രാജ്യത്തിന് പുറത്തുള്ളവർക്ക് അകത്തേക്കുവരാനും അകത്തുള്ളവർക്ക് പുറത്തേക്കുപോകാനും പ്രലോഭനമേകുന്ന ഇഹലോകജീവിതത്തെക്കുറിച്ചോർത്തപ്പോൾ മനസ്സിൽ ചിരിമുളച്ചു. ശരിയാണ്, എല്ലാവരെയും നയിക്കുന്നത് സ്വപ്നങ്ങളാണ്. അതിൽ മണ്ണും പെണ്ണും പണവുമെല്ലാം കഥാപാത്രങ്ങളായി വരും അത്രമാത്രം. എല്ലാംകഴിഞ്ഞ് തിരിച്ചുവന്ന് ഉച്ചയൂണുകഴിഞ്ഞ് നന്നായൊന്ന് മയങ്ങി. ഉഷ്ണവും വിയർപ്പും ചേർന്ന് ശരീരത്തെ വല്ലാതെ തളർത്തിയിരുന്നു. കാലത്തിന്റെ പോക്കിൽ കാലാവസ്ഥയും പ്രകൃതിയുംപോലും തന്നോട് അപരിചിതത്വം കാണിക്കുകയാണെന്ന് രാജേഷിന് തോന്നി. ഏട്ടത്തിയമ്മയുണ്ടാക്കിയ ചായ കുടിച്ചാണ് വൈകുന്നേരത്തോടെ യാത്ര പറഞ്ഞിറങ്ങിയത്. റെയിൽവേസ്റ്റേഷൻവരെ കൂടെവരാമെന്ന് ഏട്ടൻ നിർബന്ധിച്ചു പറഞ്ഞതാണ്. കുമാരേട്ടനെ കണ്ട് യാത്ര പറയണമെന്ന ആഗ്രഹവും ഇന്നാട്ടിലെ കാറ്റും വെളിച്ചവുമേറ്റ് കൊതിതീരാത്ത മനസ്സുംകൂടി സ്നേഹപൂർവ്വമത് നിരസിച്ചു. 

ഹോട്ടലിൽ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. ഇപ്പോൾ വരാമെന്നുപറഞ്ഞ് ഒരിടത്ത് പിടിച്ചിരുത്തി ചായ മേശപ്പുറത്തുവച്ച് കുമാരേട്ടൻ അകത്തേക്കുപോയി. പരിചയമുള്ളവരും അല്ലാത്തവരുമായ പലരുമുണ്ട് ചുറ്റുമായി. ചിലർ അടുത്തുവന്ന് കുശലം ചോദിച്ചു. പിന്നെ അവരവരുടേതായ ചെറുകൂട്ടങ്ങളിലേക്ക് ചുരുങ്ങി. അപ്പോഴാണ് മുന്നിൽ ആർക്കും വേണ്ടാത്തതുപോലെ കിടക്കുന്ന പത്രം കണ്ണിൽപ്പെട്ടത്. ചായ നുണഞ്ഞുകൊണ്ട് വാർത്തകളിലൂടെ പായുമ്പോൾ ചുറ്റുവട്ടങ്ങളിലെ പല പ്രദേശങ്ങളുടെയും പേരുകൾ ഓർമ്മയിൽ പൊന്തിവന്നുകൊണ്ടിരുന്നു. “ഞാനൊരാളെ പരിചയപ്പെടുത്താം..”, ശബ്ദംകേട്ട് ഞെട്ടലോടെ തലയുയർത്തി നോക്കി. കുമാരേട്ടനൊപ്പം സുമുഖനായ മറ്റൊരു ചെറുപ്പക്കാരൻ. കുമാരേട്ടൻ അയാളെ വിരൽകൊണ്ട് തൊട്ടു: “ഓഷ്യാനിയ ഗ്രൂപ്പിന്റെ കോർപറേറ്റ് മാനേജരാണ്. പേര് നന്ദകുമാർ.” “ഇതാണ് മേലേടത്തെ..”, കുമാരേട്ടന് മുഴുമിപ്പിക്കേണ്ടി വന്നില്ല. “മനസ്സിലായി, ഇദ്ദേഹത്തെപ്പറ്റി ഇന്നലെയും പറഞ്ഞതല്ലേ...”, വിനയത്തോടെ നന്ദകുമാർ പറഞ്ഞു. അമേരിക്കയിലെ ജീവിതത്തെക്കുറിച്ച് അയാൾ ഏതാനും ചോദ്യങ്ങൾ ചോദിച്ചതോടെ തമ്മിൽ വിശേഷം പറച്ചിലായി. എന്നാലും കുറച്ചുനേരത്തിനകം വാക്കുകളുടെ ആവനാഴിയൊഴിഞ്ഞു. 

യാത്രപറഞ്ഞ് അയാൾ പോകാനായി എഴുന്നേറ്റു. അപ്പോഴാണ് കുമാരേട്ടൻ പറഞ്ഞത്: “സ്റ്റേഷൻവരെ ഈ കാറിൽ പോകാമല്ലോ.” ഒന്നു മടിച്ചപ്പോൾ അയാളും പറഞ്ഞു: “പട്ടണത്തിലേക്കാണെങ്കിൽ വന്നോളൂ. ഞാനും അങ്ങോട്ടുതന്നെയാണ്.” കുമാരേട്ടനും പിന്താങ്ങി: “പൊയ്ക്കോളൂ, ഇനിയിപ്പോൾ ടാക്സി പിടിക്കാനൊന്നും മെനക്കെടേണ്ട. നിങ്ങൾക്ക് വർത്തമാനം പറഞ്ഞിരുന്ന് പോകാമല്ലോ.”പിന്നെ കൂടുതലൊന്നും ആലോചിച്ചില്ല. കുമാരേട്ടനോട് യാത്ര പറഞ്ഞ് അയാളുടെ കാറിനകത്തേക്കിരുന്നു. പുറത്ത് മാഞ്ഞുതുടങ്ങുന്ന വെയിലിന്റെ ഭംഗിയാസ്വദിച്ച് രാജേഷിരുന്നു. ഓടിമറയുന്ന മുഖങ്ങളിൽ ഒന്നുപോലും തിരിച്ചറിയാനൊത്തില്ല. അൽപ്പനേരം കഴിഞ്ഞപ്പോൾ ആർക്കും ശല്യമില്ലാത്ത തരത്തിലുള്ള ഒരു സംഭാഷണത്തിന് തുടക്കമിടാനെന്നവണ്ണം രാജേഷ് ചോദിച്ചു: “വലിയൊരു പ്രോജക്ടാണ് കമ്പനി ലക്ഷ്യമിടുന്നതെന്നാണല്ലോ കേട്ടത്.?” ഗഹനമായെന്തോ ചിന്തിച്ചിട്ടെന്നതുപോലെ വാഹനത്തിന്റെ വേഗത കുറച്ച് അതെയെന്ന അർഥത്തിൽ തലയാട്ടിക്കൊണ്ട് നന്ദകുമാർ പറഞ്ഞു: “ഇതിൽനിന്നാണ് തുടക്കം. ഘട്ടംഘട്ടമായി അടുത്തുള്ള സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് പദ്ധതി.”, ഏതാനും നിമിഷത്തെ ആലോചനക്കുശേഷം നന്ദകുമാർ തുടർന്നു: “നിങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു ഭാഗ്യഡീൽതന്നെ. സ്വപ്നവിലയല്ലേ കിട്ടിയത്.” “അതെ, ഏട്ടനും അതുതന്നെ പറയുകയുണ്ടായി.” 

അതുകേട്ട് രാജേഷിനെയൊന്ന് നോക്കി മെല്ലെമെല്ലെ കാറിന്റെ വേഗത കൂട്ടിക്കൊണ്ട് നന്ദകുമാർ പറഞ്ഞു: “താങ്കൾക്കും ജ്യേഷ്ഠനുമാണ് ഇതുകൊണ്ട് ഏറ്റവുമധികം നേട്ടമുണ്ടാകുന്നത്. ഈ വിലയ്ക്കുപുറമെ നഗരഹൃദയത്തിൽത്തന്നെയല്ലേ ജ്യേഷ്ഠന് ഒരു പ്രീമിയം വില്ല കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. കൂടാതെ, ഈ പ്രോജക്ടിൽ നാലിലൊന്ന് പങ്കാളിത്തവും..!” ഭാരമുള്ളതെന്തോ തലയിലേക്ക് വീണതുപോലെ രാജേഷ് ഞെട്ടി. തലച്ചോറിലൂടെ വൈദ്യുതി പായുന്ന അനുഭവം ഞെട്ടലായി മുഖത്തേക്ക് പടർന്നു. വർത്തമാനം നിർത്തി നന്ദകുമാർ ശ്രദ്ധ ഡ്രൈവിങ്ങിൽ മാത്രമാക്കി. അയാൾ തെളിക്കുന്ന വഴിയിലൂടെ കാർ പാഞ്ഞുകൊണ്ടിരുന്നു. എത്ര ഭാവനാസമ്പന്നമായ ഒസ്യത്തിനേയും നിഷ്‌ഫലമാക്കാനുള്ള കുത്സിതശ്രമം മനുഷ്യനുള്ളിടത്തോളം കാലം നിർബാധം തുടരുമെന്ന ചിന്ത രാജേഷിന്റെ മനസ്സിനെ മദിച്ചുകൊണ്ടിരുന്നു. പുറത്തെ കാഴ്ചകൾ രാജേഷിനപ്പോൾ അരോചകമായി തോന്നി.

English Summary:

Malayalam Short Story ' Veshappakarchakal ' Written by Joshy Martin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com