കോറിനെ അടിച്ചു കൊന്നത് ആര്? അന്വേഷിച്ച് 10 വർഷത്തിനു ശേഷം നാട്ടിലേക്ക്; ആ സംഭവം ഞെട്ടിച്ചു!
Mail This Article
മേഗൻ മിറാൻഡ എഴുതിയ സൈക്കളോജിക്കൽ ത്രില്ലർ നോവലാണ് 'ഓൾ ദി മിസ്സിംഗ് ഗേൾസ്'. 2016 ജൂൺ 28 നാണ് ഇത് ആദ്യമായി പ്രസിദ്ധീകരിച്ചത്. രോഗബാധിതനായ പിതാവിനെ പരിചരിക്കുന്നതിനായി പത്തുവർഷത്തിനുശേഷം തന്റെ ജന്മനാട്ടിലേക്ക് മടങ്ങുന്ന നിക്കോലെറ്റ് ഫാരെലിനാണ് കഥാനായിക.
നിക്കോലെറ്റിന് (നിക്ക്) നാട്ടിലേക്ക് പോകുവാൻ യാതൊരു താൽപര്യവുമില്ല. പക്ഷേ മകളെന്ന ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാനുമാവില്ല. പത്ത് വർഷം മുമ്പ്, അവളുടെ ഉറ്റ സുഹൃത്തായ കോറിൻ കാണാതെ പോയ സംഭവമാണ് അവളെ നാടിനെ വെറുക്കാൻ പ്രേരിപ്പിക്കുന്ന ഘടകം. കോറിന്റെ കാമുകനാണ് അവൾ കാണാതായപ്പോൾ പ്രധാന പ്രതിയായി സംശയിക്കപെട്ടത്. പെട്ടെന്നൊരു ദിവസം അപ്രത്യക്ഷയായ കോറിന്‍, ജീവനോടെയുണ്ടോ ഇല്ലയോ എന്നുപോലുമറിയില്ല. ഒരു തെളിവുമില്ലാത്തതിനാൽ കേസ് കാലക്രമേണ തേഞ്ഞുമാഞ്ഞു പോയി.
രണ്ട് മാസത്തേക്ക് തന്റെ ജന്മനാടായ കൂലി റിഡ്ജിലേക്ക് നിക്കോലെറ്റ് മടങ്ങാൻ കാരണം അവളോട് സംസാരിക്കണമെന്ന് പറഞ്ഞ് അച്ഛൻ അയച്ച കത്താണ്. കോറിനെ കുറിച്ചെന്തോ പറയുവാനാണ് അദ്ദേഹം വിളിക്കുന്നതെന്ന് നിക്കോലെറ്റിന് തോന്നുന്നു. അതിനാൽ തിരികെയെത്തിയ അവൾ തന്റെ പഴയ കാമുകനെ കണ്ടുമുട്ടുന്നു, അയാളുമായി സമയം പങ്കുവെയ്ക്കുന്നു.
അവൾ നാട്ടിൽ വന്ന് ദിവസങ്ങൾക്കകം അന്നലീസ് കീറ്റിംഗ് എന്നൊരു യുവതിയെ കാണാതായതോടെയാണ് നിക്ക് ഈ കേസ് അന്വേഷിക്കുവാൻ തീരുമാനിക്കുന്നത്. ഫാരെൽ കുടുംബത്തിലെ ആരോ ആണ് കോറിനെ കൊന്നതെന്ന് കരുതിയ അന്നലീസ്, ആ കാര്യം പറഞ്ഞ് നിക്കോളറ്റിനെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ ശ്രമിച്ചിരുന്നു. അതിനിടെയാണ് അവളെ കാണാതാകുന്നത്.
അന്വേഷണത്തിനിടെയാണ് കൂടുതൽ സത്യങ്ങള്‍ പുറത്തു വരുന്നത്. കോറിനെ കാണാതായ രാത്രിയിൽ, നിക്കോളറ്റിന്റെ വീടിന്റെ ചിത്രങ്ങൾ ആ വഴി പോയ അന്നലീസ് എടുത്തിരുന്നു. അന്ന് ആ ചിത്രങ്ങൾ ശ്രദ്ധിക്കാതിരുന്ന അന്നലീസ്, അടുത്തിടെ ആ ചിത്രം നോക്കിയപ്പോൾ പൂമുഖത്ത് ഒരു മൃതദേഹം ഉണ്ടെന്ന് അവൾക്ക് മനസ്സിലായി. ഫാരെൽ കുടുംബത്തിലെ ആരോ ചെയ്ത കൊലപാതകമാണ് കോറിന്റെ കാണാതെ പോകലായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.
യഥാർഥത്തിൽ നിക്കോലെറ്റാണ് കോറിനെ അടിച്ച് കൊന്നത്. അതറിഞ്ഞ നിക്കോലെറ്റിന്റെ പിതാവ് കോറിനിന്റെ മൃതദേഹം ഗാരേജിനടിയിൽ കുഴിച്ചിട്ടു. ഒരു മോശം പിതാവായി മാറി എന്ന ചിന്തയാണ് അവളുടെ പിതാവിനെ ഇപ്പോഴും അലട്ടുന്നത്. എല്ലാ സത്യങ്ങളും പൊലീസിനോട് തുറന്ന് പറയണമെന്ന് ആഗ്രഹിച്ച അദ്ദേഹം, ഈ കാര്യം ചർച്ച ചെയ്യുവാനാണ് നിക്കോലെറ്റിനെ നാട്ടിലേക്ക് വിളിപ്പിച്ചത്. എന്നാൽ ഈ സത്യം പുറത്തുവരാതെയിരിക്കാൻ, പിതാവിനെ വിലക്കുന്നത്. ഒടുവിൽ പിടിക്കപ്പെടുമെന്ന് തോന്നിയ നിക്കോലെറ്റാണ് അന്നലീസിനെയും കൊന്നത്.
പണ്ട് നിക്കോലെറ്റ് തന്റെ കാമുകനോട് ആത്മാർഥമായിട്ടല്ല ഇടപഴകുന്നതെന്ന് അറിഞ്ഞ കോറിൻ അത് അവനെ അറിയിക്കും എന്ന് പറഞ്ഞതിന്റെ ദേഷ്യത്തിലാണ് നിക്കോലെറ്റ് അവളെ കൊല്ലുന്നത്. "ആകസ്മികമായി" താൻ കോറിനയെ അടിച്ചെന്ന് പിതാവിനെ പറഞ്ഞ് വിശ്വസിപ്പിച്ച നിക്കോലെറ്റ്, അത് ഒളിപ്പിക്കുവാൻ അദ്ദേഹത്തിന്റെ സഹായം തേടി. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് എപ്പോഴും പറഞ്ഞിരുന്ന നിക്കോലെറ്റ്, ഒടുവിൽ പിതാവിന്റെ മനസ്സു മാറി എന്ന മനസ്സിലാക്കി പൊലീസിനോട് സംസാരിക്കുന്നതിൽ നിന്ന് അദ്ദേഹത്തിനെ തടയാൻ ശ്രമിക്കുകയായിരുന്നു.
അന്നലീസിന്റെ മരണത്തോടെ ഈ സത്യം ആകെ അറിയാവുന്നത് പിതാവിന് മാത്രമാണ്. സമയം അതിക്രമിച്ചുകൊണ്ടിരിക്കുകയാണെന്നും കോറിനോട് ചെയ്തതിന് താൻ വില നൽകേണ്ടിവരുമെന്നും നിക്കോലെറ്റ് മനസ്സിലാക്കുന്നു. തന്റെ കുറ്റകൃത്യത്തെക്കുറിച്ച് അറിയുന്നവരുടെ അടുത്ത് നിൽക്കുകയെന്നതാണ് അവൾ കാണുന്ന ഏക വഴി. ആ നാട്ടിൽ സ്ഥിരതാമസമാക്കാൻ അവൾ തീരുമാനിക്കുന്നു. താൻ ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞ അവൾ കാമുകനും കുഞ്ഞിനും പിതാവിനുമൊപ്പം തന്റെ വീട്ടിൽ താമസമാക്കുന്നു. സ്വന്തം രഹസ്യത്തിന്റെ തടവറയിൽ നിന്ന് അവൾ മോചനമില്ല എന്ന് പറഞ്ഞ് നോവൽ അവസാനിക്കുന്നു.
ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലറായ ഈ പുസ്തകം ചലച്ചിത്രമായി മാറാൻ തയ്യാറെടുക്കുയാണ്. റിവേഴ്സ് ക്രോണോളജിക്കൽ ഓർഡറിലാണ് നോവൽ പറയുന്നത്. അന്നലീസിനെ കാണാതായ ദിവസം മുതൽ കോറിൻ അപ്രത്യക്ഷമായ ദിവസം വരെ പിന്നോട്ടാണ് കഥ പറയുന്നത്. ഈ അതുല്യമായ കഥപറച്ചിൽ നോവലിലുടനീളം സസ്പെൻസ് നിലനിർത്തുന്നു.