ADVERTISEMENT

അധ്യായം: പതിമൂന്ന്

സാമൂതിരി രാജ്യത്തെ മാസചന്തകളിൽ പേരും പെരുമയും കൊണ്ട് ഏവരെയും ആകർഷിക്കുന്നതാണ് പന്തലായനി ചന്ത. അങ്ങ് കുറുമ്പ്രനാടിന്റെ ആസ്ഥാനമായ ബാലച്ചേരിയിൽ നിന്നും ബ്രാഹ്മണ അധിവാസ കേന്ദ്രങ്ങളായ ഉൾച്ചേരി, മണിയൂര്, തൃക്കോട്ടൂര് തുടങ്ങിയ ദേശത്തു നിന്നുപോലും ആൾക്കാർ ചന്തയിൽ പങ്കെടുക്കാൻ കൂട്ടത്തോടെ എത്തുമായിരുന്നു. എലത്തൂർ കളത്തിലെയും മൂച്ചിക്കുന്നിലെയും കടലൂരിലെയും മറ്റും ഗ്രാമവാസികൾ തലേ ദിവസം തന്നെ അവരവരുടെ ഉൽപന്നങ്ങളുമായി വന്ന് പന്തലായനിയിൽ തമ്പടിക്കും. മലയോര മേഖലകളിൽ നിന്നും തീരദേശത്തു നിന്നും ഇടനാട്ടിൽ നിന്നും എത്തുന്ന ചരക്കുകളാൽ ചന്ത നിറയും. കുരുമുളക്, ഏലം, ഇഞ്ചി, മഞ്ഞൾ, ചുക്ക്, മൺപാത്രങ്ങൾ, കിഴങ്ങ് വർഗ്ഗങ്ങള്‍, ധാന്യങ്ങൾ, കൊട്ട, പായ, തുണിത്തരങ്ങൾ, മരയുൽപ്പന്നങ്ങള്‍, ഉണക്കമീൻ, സൗന്ദര്യവര്‍ധക ഉൽപ്പന്നങ്ങൾ തുടങ്ങി ഉപ്പ് തൊട്ട് കർപ്പൂരം വരെയെന്ന ചൊല്ല് അന്വർഥമാക്കുന്ന തരത്തിൽ എല്ലാതരം വസ്തുവകകളും അവിടെ കിട്ടുമായിരുന്നു.

രാജ്യത്തെ മറ്റു ചന്തകളെ അപേക്ഷിച്ച് വിദേശ നിർമ്മിത ഉൽപ്പന്നങ്ങളും സുലഭമായി ലഭിക്കുന്ന ഇടമായിരുന്നു പന്തലായനി ചന്ത. പന്തലായനി തുറമുഖത്ത് എത്തിച്ചേരുന്ന ചീനഭരണി, ചീന ചട്ടി, ചീനവല, വെള്ളിനാണയങ്ങൾ, പലതരം പഴങ്ങൾ, ചെടികൾ, ലഹരിപാനീയങ്ങൾ, ശിൽപങ്ങൾ കരകൗശല വസ്തുക്കൾ തുടങ്ങിയവയൊക്കെ വില കുറച്ച് കിട്ടുമായിരുന്നു. റോം, ഈജിപ്ത്, ചീന, അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള ധാരാളം കച്ചവടക്കാരും ഇവിടെ എത്തിച്ചേരാറുണ്ട്. ചന്തയുടെ വടക്കുഭാഗത്തെ വിശാലമായ മൈതാനിയിൽ കന്നുകാലി ചന്തയും ആ ദിവസം തന്നെ നടക്കും. നൂറുകണക്കിന് പശുക്കൾ, പോത്തുകൾ, കാളകള്‍, ആടുകൾ, കോഴികൾ, താറാവുകൾ തുടങ്ങിയവയാൽ മൈതാനം പുലർച്ചെ തന്നെ നിറയും. ജനനിബിഡവും ശബ്ദമുഖരിതവുമായ ചന്ത നാട്ടുകാർക്കും വിരുന്നുകാർക്കും ഒരു ഉത്സവപ്രതീതി തന്നെ സൃഷ്ടിക്കും.

വിശാലമായ ചേമംചേരി പാടവും കടന്ന് രാജകീയ വാഹനം മുന്നോട്ട് കുതിച്ചു. പന്തലായനിയിലേക്ക് അടുക്കുന്തോറുംനാട്ടുപാതയിലും ഒറ്റയടി പാതകളിലും തലചുമടുമായി ആളുകൾ കൂട്ടമായും ഒറ്റയ്ക്കും നടന്നു പോകുന്നത് മൂത്തേടം കണ്ടു. "പന്തലായനി ചന്ത നാളെയാണെന്നു തോന്നുന്നു. ആളകളൊക്കെ സാധനങ്ങളുമായി പോകുന്നത് കണ്ടില്ലേ?" മൂത്തേടത്തിന്റെ പറച്ചിൽ കേട്ടാണ് മയക്കത്തിലായിരുന്ന സുഭദ്ര തമ്പുരാട്ടി പതുക്കെ കണ്ണു തുറന്ന് പുറത്തേക്ക് നോക്കിയത്. ഒറ്റയടിപ്പാതയിലൂടെ സാധനങ്ങളുമായി നടന്നുകൊണ്ടിരുന്ന പലരും നടത്തം നിർത്തി തങ്ങളുടെ വാഹനത്തെ അത്ഭുതത്തോടെ നോക്കിനിൽക്കുന്നതവർ കിളിവാതിലിലൂടെ കണ്ടു. കുട്ടികളില്‍ചിലർ കുതിരവണ്ടി, കുതിരവണ്ടി എന്നുറക്കെ വിളിച്ചു കൊണ്ട് ഓടുന്നുണ്ടായിരുന്നു. മുന്നിൽ പതുക്കെ പോയിരുന്ന ഒരു ചരക്ക് കാളവണ്ടി രാജകീയ വാഹനം കടന്നു പോകാനായി വഴിമാറികൊടുത്തു. "പന്തലായനി കവല വഴിയാണോ നമുക്ക് പോകേണ്ടത്?" സുഭദ്ര തമ്പുരാട്ടി മൂത്തേടത്തിനോട് ചോദിച്ചു. "കുറുമ്പ്രനാട്ടെ എല്ലാ നാട്ടുവഴികളും പന്തലായനിയിലേക്ക് എന്നല്ലേ ചൊല്ല്. ചന്ത നാളെയാണെങ്കിലും വലിയൊരു ആൾക്കൂട്ടം ഇപ്പോഴെ തമ്പടിച്ചിട്ടുണ്ടാകും അവിടെ." സുഭദ്ര തമ്പുരാട്ടിയുടെ ചോദ്യത്തിനുള്ള പാതി ഉത്തരമായും ജനക്കൂട്ടത്തിനിടയിലൂടെ പോകേണ്ടി വരുമല്ലോയെന്ന എന്ന ആശങ്ക വെളിപ്പെ‍ടുത്തുന്ന രീതിയിലും മൂത്തേടം മറുപടി പറഞ്ഞു.

പന്തലായനി കവലയിൽ എത്തുന്നതിന് തൊട്ടുമുമ്പ്, തീരദേശത്തു നിന്നും വരുന്ന നാട്ടുപാത പ്രധാന വഴിയുമായി കൂടിച്ചേരുന്ന ഭാഗത്തെത്തിയപ്പോൾ വലിയൊരു കോലാഹലം കേട്ടു.ആ കോലാഹലം നേരത്തെ എവിടെയോ കേട്ടതു പോലെ തോന്നിയതുകൊണ്ടാണ് മൂത്തേടം തീരദേശ പാതയിലേക്ക് കണ്ണ് പായിച്ചത്. എലത്തൂർ കളത്തിലെ അയിത്ത ജാതിക്കാർ..! പൂക്കാട് കാടിന്റെ മധ്യം വരെ തങ്ങളുടെ പിന്നിലുണ്ടായിരുന്ന സംഘം. അവര്‍ മറ്റൊരു വഴിയിലൂടെ ചന്തയിലേക്ക് വരികയാണ്. പന്തലായനി ചന്തയിൽ വലിയൊരു ആൾക്കൂട്ടം ഉണ്ടായിരുന്നെങ്കിലും മൂത്തേടം മനസ്സിൽ പേടിച്ചതുപോലെ തിക്കും തിരക്കുമൊന്നുമുണ്ടായില്ല. ചന്തയുടെ ഓരം ചേർന്നുള്ള പാതയിൽ കൂടി ധാരാളം കാളവണ്ടികളും അപൂർവം കുതിരവണ്ടികളും ചരക്കുകള്‍ ഇറക്കി പോകുന്നുണ്ട്. ജനക്കൂട്ടത്തിൽ ഭൂരിഭാഗം പേരും കവലയ്ക്ക് ചുറ്റും തങ്ങളുടെ ഉൽപ്പന്നങ്ങൾ ഒരുക്കിവയ്ക്കുന്ന തിരക്കിലായിരുന്നതിനാൽ രാജകീയ വാഹനം വളരെ കുറച്ചു പേരുടെ ശ്രദ്ധ മാത്രമെ ആകർഷിച്ചുള്ളു. അരയൻകാവിന് മുന്നിൽ പടർന്നു പന്തലിച്ച വലിയ ആൽമരച്ചോട്ടിലെ കൽത്തറയ്ക്കരികിൽ വണ്ടി നിന്നു. മുന്നിൽ സഞ്ചരിച്ചിരുന്ന സുരക്ഷ ഭടന്മാരും കുതിര പുറത്തു നിന്നിറങ്ങി ആൽത്തറയിൽ വന്നിരുന്നു. ഒരു നാഴികനേരം അവിടെ വിശ്രമിച്ചിട്ടാണ് അവർ യാത്ര തുടർന്നത്.

ഏഴിലംപാലകളും നാട്ടുമാവുകളും പന്തലുവിരിച്ച നാട്ടുപാതയിൽ ചുവന്ന കിരണങ്ങൾ പലതരം നിഴൽ ചിത്രങ്ങൾ വരച്ചു വെച്ചിരുന്നു. മൂടാടി കുന്നിന്റെ താഴ്‌വാരം വിശാലമായ പാടമാണ്. തോടുകളും കുളങ്ങളും നിറഞ്ഞ പാടത്ത് കന്നുകാലികളും ആട്ടിൻപറ്റങ്ങളും മേയുന്നുണ്ടായിരുന്നു. മൂടാടി കുന്നിൽ നിന്നും ഇറങ്ങിവന്ന കുളിർന്ന കാറ്റ് പാടം ചുറ്റി കുതിരവണ്ടിയുടെ ഉള്ളിൽ അനുവാദം കൂടാതെ കയറിയിരുന്നു. അവന്റെ തണുത്ത സ്പർശനത്തിൽ കാർത്തികയ്ക്ക് കുളിരു കോരി. അപ്പോഴാണവൾ ആ കാഴ്ച കണ്ടത്. പാടത്തിനോരത്ത് കൈതച്ചെടിയും മറ്റും മറ കെട്ടിയ, ചെറിയ മഞ്ഞ പൂക്കൾ മെത്ത വിരിച്ച മൺതിട്ടയിൽ രണ്ട് യുവമിഥുനങ്ങൾ. കൈകൾ പരസ്പരം ചേർത്തു പിടിച്ച് കണ്ണോട് കണ്ണ് നോക്കിയിരിക്കുകയാണവർ. കണ്ണുകൾ കൊണ്ടുള്ള കഥ പറച്ചിൽ. പെട്ടെന്ന് കാർത്തികയ്ക്ക് െചമ്പനെയും ചിരുതയെയും ഓർമ്മ വന്നു. തുരുത്തി കാട്ടിൽ ചിരുതയെ തനിച്ചാക്കി ചെമ്പൻ എങ്ങോട്ടാണ് പോയത്? കണ്ടിട്ടും കണ്ടിട്ടും മതി വരാത്ത ചിരുതയെ പിരിഞ്ഞിരിക്കാൻ ചെമ്പന് സാധിക്കുമോ? കാർത്തികയുടെ മനസ് വീണ്ടും ചിരുതമാനസത്തിലേക്ക് വഴുതി വീണു.

(തുടരും)

English Summary:

E-novel Chandravimukhi by Bajith CV

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com