ADVERTISEMENT

ഇന്നമ്മ. വയസ്സ് 73. ഇരുണ്ട നിറം. ചെരിഞ്ഞ നടത്തം. മുണ്ടും ജാക്കറ്റും വേഷത്തിൽ അകത്തളങ്ങളിൽ എല്ലായിടത്തും. ഇടക്കൊക്കെ പടിവരെ പോയി നെൽപ്പാടത്തേക്ക് കണ്ണുംനട്ട് ഇരുകരയുള്ള തോർത്ത് തോളത്തു വകഞ്ഞു വെച്ച് ഒന്നും പറയാതെ തിരിഞ്ഞു നടക്കും. തൊഴുത്തിൽ പശു ആർത്തു കരയുമ്പോൾ അതിന്റെ അടുത്തുപോയി ഇത്തിരി കഞ്ഞിവെള്ളം കൊടുക്കും. ചിലപ്പോഴെങ്കിലും പകലിന് ഒരായുസ്സിന്റെ വലിപ്പം തോന്നും. ഇന്നമ്മക്ക് ഇരുണ്ട നിറം വേദനയുടെ നേർക്കാഴ്ചയാണ്. പണ്ടെങ്ങോ ആരോ ചെയ്ത തെറ്റുകളുടെ തനിയാവർത്തനത്തിൽ ഒരുപാട് മുഖങ്ങൾക്കിടയിൽ ഏടത്തിയുടെ മക്കളുടെയും പേരക്കുട്ടികളുടെയും ഇന്നമ്മ ഒരു പുനർജ്ജന്മം പോലെ വലിയ ആരവങ്ങൾക്കിടയിൽ ഒരുത്സവപ്പറമ്പിലെന്നപോലെ എല്ലായിടത്തും.

പക്ഷേ ഇന്നമ്മ എല്ലാവർക്കും പ്രിയപ്പെട്ട മുഖമാണ്. ഭൂതകാലത്തിന്റെ ഓർമകളിൽ ചുക്കിച്ചുളിഞ്ഞ പേശികളിൽ ഒരു രേഖാചിത്രംപോലെ ബന്ധങ്ങൾ വരിഞ്ഞുമുറുകി കിടക്കുന്നത് ഒരാത്മ പുനർചിന്തനത്തിന് പ്രചോദനമേകുന്നതാണ്. അറിയാത്ത കൈപ്പടയിൽ എഴുതിപ്പോയ വരികളിലെ ഒളിഞ്ഞുകിടക്കുന്ന ചില അർഥങ്ങളാണ് ഇന്നമ്മ പറഞ്ഞുതരുന്നത്. എല്ലാവരും എണീറ്റു പോയിട്ടും ഇന്നമ്മ പ്രാർഥിച്ചുകൊണ്ടേയിരുന്നു. അതിനിടക്ക് കുട്ടികൾ ബഹളം വെക്കുമ്പോൾ കണ്ണുരുട്ടി പേടിപ്പിക്കും. പിന്നെ അടുത്തേക്കിരുത്തി ചേർത്തുപിടിക്കും. അപ്പോഴൊക്കെ തോന്നും എഴുപതു കഴിഞ്ഞിട്ടും കുട്ടിത്തം ഇന്നമ്മയെ വിട്ടകന്നിട്ടേയില്ലെയെന്ന്.

രാവും പകലും പോലും തിരിച്ചറിയുന്നത് അടുക്കളയിലെ തിരക്കിലാണ്, അതല്ലെങ്കിൽ പിന്നെ വിറക് ഊതി ഊതി കണ്ണ് പുകയുമ്പോഴാണ്. "എനിക്കുള്ള ദോശ ഇന്നമ്മ ഇണ്ടാക്ക്യാ മതി." അത് ചെറുമക്കളുടെ സന്തോഷം. ഒരു തരത്തിൽ പറഞ്ഞാൽ ആ മക്കളുടെ ബഹളവും ചിരിയുമാണ് ആ വലിയ വീട്ടിലെ മച്ചിൽ പോലും ഇരുട്ടിനെ വകഞ്ഞുമാറ്റി ഇന്നമ്മക്ക് വെളിച്ചം കാണിച്ചുതരുന്നത്. ചില പൊട്ടിച്ചിരികളിൽ ഇത്തിരി ബാല്യത്തിന്റെ സൗന്ദര്യമാണ് ഇന്നമ്മയെ ഇടക്കെങ്കിലും ഒന്ന് ചിരിപ്പിക്കുന്നതും. വല്ലപ്പോഴുമൊക്കെ പാതിചാരിയ വാതിലിലൂടെ പൂമുഖത്ത് ആരെങ്കിലുമൊക്കെ ഉണ്ടോ എന്ന് ഒളിഞ്ഞു നോക്കും. അവിടെയിരിക്കുമ്പോൾ കുറച്ചു കാറ്റും വെളിച്ചവും കൂട്ടിനിരിക്കും. പിന്നെ കാളിക്കുട്ടിയോട് പറമ്പിലെ പണിയെക്കുറിച്ചൊക്കെ ചോദിച്ചറിയും. എന്നാലും ആഢ്യത്തത്തിന് കുറവില്ല. 

കല്യാണം കഴിയാത്ത ഇന്നമ്മ എല്ലാവർക്കും വല്ലപ്പോഴുമെങ്കിലും പൊതുസ്വത്തുപോലെയാണ്. കളിക്കാനും, അടുക്കളയിലെ തിരക്കിൽ ഒരു കൈ സഹായമെത്തുമ്പോഴും യഥാർഥത്തിൽ ഇന്നമ്മയിലെ സ്ത്രീയെയാണ് മറന്നുപോകുന്നത്. അവരെ ഓർക്കേണ്ടസമയത്ത് ആരോ മറന്നുപോയതാണ് ഇന്നത്തെ ഒറ്റപ്പെടലിന്റെ യാഥാർഥ്യം. ചിലപ്പോഴെങ്കിലും ഒരിടവപ്പാതിപോലെ കണ്ണുകൾ ആർത്തലക്കുമ്പോൾ അറിയാതെ വീശുന്ന കാറ്റിന്റെ ഗതിയെപ്പുണർന്ന് എങ്ങോട്ടെന്നില്ലാതെ ആർക്കോ വേണ്ടി അവരൊഴുകും. പതിമൂന്ന് വയസ്സിൽ ഏടത്തിക്ക് കല്യാണം കഴിച്ചു മക്കളുണ്ടായപ്പോഴൊക്കെയും ആരായിരിക്കും ഇന്നമ്മക്ക് വിവാഹംതന്നെ വേണ്ടെന്നു പറഞ്ഞത്? ആരോ; അല്ലെങ്കിൽ ഇന്നമ്മതന്നെ പറഞ്ഞതായിരിക്കുമോ? ചെറിയ മക്കൾ കല്യാണം കഴിഞ്ഞു വീട്ടിലേക്കു വന്നുകയറുമ്പോൾ വാതിൽചാരിനിന്ന് എഴുപതിലും വെറുതെയെങ്കിലും ഒന്ന് കണ്ണ് നിറയുമ്പോൾ ഏടത്തിയുടെ പതിനേഴിന്റെ പേരമക്കൾ കളിയാക്കിപറയുന്ന ചില വാക്കുകളിൽ ഒരായുസ്സുമുഴുവനും തിളക്കുകയാണ്. അതിലെ അഗ്നിഗോളങ്ങളിൽ നിന്നും, പക്ഷേ, ആരും കാണാത്ത ആവിയായുയരുന്ന കണികകൾ ഒരു സമുദ്രം തന്നെ തീർക്കുന്നു. 

ഏടത്തിയുടെ മകളുടെ പട്ടാളത്തിലുള്ള ഭർത്താവിന് പക്ഷേ ഇന്നമ്മയെ അത്ര പഥ്യമല്ല. വാക്കുകളിൽ പലപ്പോഴെങ്കിലുമായി അതൊളിഞ്ഞും പതിഞ്ഞും മുഴച്ചിരിക്കും. വല്ലപ്പോഴുമെങ്കിലും അറിയാതെ അതുകേൾക്കേണ്ടിവരുമ്പോൾ ഉള്ളിലേക്ക് വലിയുന്ന ഇന്നമ്മയെന്ന പൈതൃകം നഷ്ടപ്പെട്ട ഒരു ജന്മം തന്നെ തിരിച്ചെടുക്കാൻ ആരോടോ പറയുകയാണ്. ഈ ഭൂമിയിൽ എവിടെയാണെനിക്കൊരിടം എന്ന ഇടയ്ക്കുള്ള ചോദ്യം കേട്ടിട്ടും കേൾക്കാതെ തിരിഞ്ഞു നടക്കുന്ന മുഖങ്ങൾ. പലപ്പോഴും ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിക്കുന്ന വികാരങ്ങൾ ചാറ്റൽ മഴയിൽ ഉതിർന്നുവീഴുമ്പോഴാകും കുട്ടികളാരെങ്കിലും പുതപ്പു വലിച്ചു മാറ്റി സ്വയം തണുപ്പ് മാറ്റുന്നത്. പക്ഷേ ഇന്നമ്മക്കത് ശീലമായി, അവരെ കൂടെപിടിച്ചു അറിയാതെ പോകുന്ന രാത്രികളിൽ ഇത്തിരി വെട്ടം നൽകുന്നത് ഇടനാഴികയിലെ ചിമ്മിനി വിളക്കാണ്. "അതെന്നെപ്പോലെയാണ്", വല്ലപ്പോഴും ചിരിച്ചുകൊണ്ട് പറയും, കെടില്ലത്രെ. പടുതിരിവരെ നിലാവുപോലെ ഏകാന്തതക്ക് കൂട്ടുകിടക്കും.

ചിലപ്പോൾ ചുടലപ്പറമ്പിലെ കുറ്റിച്ചെടികളെപ്പോലെ ഒന്നുമറിഞ്ഞില്ലെന്നു കരുതി വളർന്നുകൊണ്ടേയിരിക്കും. അവിടത്തെ അതിഥികൾ അവസാനത്തെ അത്താഴത്തിന്റെ രുചിയിൽ ദീർഘമായുറങ്ങും. അതേ ഉറക്കത്തിന്റെ അകൽവിളികളെ അറിയാതെയെങ്കിലും വല്ലപ്പോഴുമെങ്കിലും ഇന്നമ്മ ഓർക്കുന്നുണ്ടാകാം. പ്ലാവില പെറുക്കി കുട്ടികളോടൊപ്പം ഇത്തിരിനേരം കളിക്കുമ്പോൾ തോന്നും ഇന്നമ്മക്കും പ്രായം അത്രയൊക്കെയേ ഉള്ളൂന്ന്. ആ ഇത്തിരിനേരത്തിൽ പ്രായത്തിന്റെ മൗനത്തിൽ അടക്കിപ്പിടിച്ചിരിക്കുന്നതെല്ലാം ലാവപോലെ പുറത്തേക്ക് വമിക്കുകയാണ്. ആ ഒഴുകിയെത്തുന്ന ഓർമ്മകളുടെ ചെപ്പിൽ മോഹങ്ങളുടെയും ആഗ്രഹങ്ങളുടെയും ഒരു കൂമ്പാരം തന്നെയുണ്ട്. അതിന്റെ ചൂടിൽ ജീവിതാനുഭവങ്ങളുടെ നേർചിത്രങ്ങൾ ആർക്കെങ്കിലുമൊക്കെ കാണാൻ കഴിഞ്ഞാൽ അതുതന്നെയല്ലേ ജീവിതത്തെ പഠിപ്പിക്കുന്നതും. 

"ഈ ചെറിയമ്മ എണീറ്റില്ലേ, എത്ര നേരായി വിളിക്കുണു?" ആ വിളിയിൽ, പക്ഷേ പരിഭവമില്ലെന്നറിയാം. കുട്ടി നാലുമണിക്ക് എണീറ്റാൽ ആദ്യം ഇന്നമ്മയെ വിളിക്കും, അത് പതിവാ. അവൾക്ക് ഒരു താങ്ങായി കൂടെ നിൽക്കും. പിന്നെ നിർത്താതെയുള്ള ഓട്ടമാണ്. സമയത്തേക്കാൾ വേഗത്തിൽ അവളോടും, ആരോടും പരിഭവമില്ലാതെ. ഏടത്തീടെ മകൾക്ക് ഏഴുമക്കളും സ്വർഗം തന്നെ തീർക്കുമ്പോൾ, ഇതുപോലെ ഇടക്കിടക്കുള്ള വിളികളിൽ ഇന്നമ്മക്ക് അനാഥത്വം അറിയാതെ പോകുകയാണ്. എല്ലാവരുടെയുമായി മാറുന്ന ചിലനിമിഷങ്ങളിൽ, ആ ഇത്തിരി നേരമെങ്കിലും ആരൊക്കെയോ കൂടെയുള്ളതുപോലെയാണ്. അമ്മയുടെ രണ്ടാമത്തെ കല്യാണത്തിൽ രണ്ടാങ്ങളമാരുണ്ടായെങ്കിലും അതൊക്കെ 'ചെറിയമ്മ' എന്ന ഒറ്റ വിളിയിലൊതുങ്ങി. തറവാടിന്റെ മഹിമ കേട്ടും കണ്ടും ആരെങ്കിലുമൊക്കെ വരുമ്പോൾ വലിയ കുടുംബമാണെന്നും തറവാട്ടുകാരെന്നും പറയുന്നതിൽ അന്ന് സന്തോഷിക്കാൻ ആരെങ്കിലുമൊക്കെ ഉണ്ടാവുമല്ലോ. എന്നാലും അകത്തളങ്ങളിലെ വല്ലപ്പോഴുമുള്ള നിശബ്ദത അതൊക്കെ അറിയാതെ പോകുകയാണ്.

ദോശച്ചട്ടി അടുപ്പിൽ വെച്ച് രാവിലത്തെ ജോലി ഇന്നമ്മക്കാണ്. എത്ര ദോശ ഉണ്ടാക്കി എന്നതിനൊന്നും കണക്കില്ല, പക്ഷേ കുട്ടികൾ കാഴ്ചക്കാരായി അടുത്തിരുന്നു ആസ്വദിക്കുമ്പോൾ ഇന്നമ്മക്ക് മാത്രം സ്വന്തമാകുന്നത് ഇത്തിരി സന്തോഷം തന്നെ. സ്വന്തം ചോരയിൽ പിറന്നില്ലെങ്കിലും ഏടത്തിയുടെ പേരമക്കളുടെ സന്തോഷം ഇടക്കെങ്കിലും പതിനേഴിന്റെ കാലത്തേക്ക് വഴിമാറി പോകാതില്ല. അതല്ലെങ്കിലും അങ്ങനെയാണ്, ചില അനുഭവങ്ങൾ കാട്ടിത്തരുന്ന വെളിച്ചത്തിന് പ്രകാശം വഴിമാറും. "കഴിഞ്ഞില്ലേ, ദോശണ്ടാക്കല്?" തിരിഞ്ഞു ദോശക്കല്ലിലേക്ക് നോക്കിയപ്പോൾ പരത്തിയത് ഏകദേശം കരിഞ്ഞിരുന്നു. ഇത്തിരി കരിഞ്ഞാലും അതോർമ്മപ്പെടുത്തി കൊണ്ടുപോയത് ചില അപൂർവമായ നാൾവഴികളിലേക്കാണ്. ബാല്യവും കൗമാരവും ഓർത്തെടുക്കാനും വേണ്ടേ ഇത്തിരി ഭാഗ്യമെന്നു അറിയാതെ മനസ്സിൽ പറഞ്ഞിട്ടുണ്ടാകും. ഊണ് കഴിഞ്ഞാലും ഇത്തിരിനേരം കിടക്കാതെ മുറ്റത്തു ഉണങ്ങാനിട്ട മുണ്ടും തുണികളൊക്കെ നോക്കി കാലുനീട്ടി ഉമ്മറത്തിരിക്കുമ്പോൾ പഴയ ചില പുരാണങ്ങളും കുടുംബവിശേങ്ങളും ഇന്നമ്മ കുട്ടികൾക്ക് പറഞ്ഞു കൊടുക്കും. എന്നാൽ വല്ലപ്പോഴും മമ്മസ്സൻ കഥ പറയാൻ വീട്ടിൽ വരുന്നതൊക്കെ ഒരു നേരംപോക്ക് പോലെയാണ് തോന്നിയിരുന്നതെങ്കിലും ഏകാകിയായ ആ വയസ്സനും ഏതാണ്ടൊക്കെ തുല്യദുഃഖിതരെപ്പോലെതോന്നും. പക്ഷേ എന്താണെന്നല്ലേ, ചിലപ്പോഴൊക്കെ അടക്കിവെച്ചിരിക്കുന്ന ഏകാന്തതയിലേക്ക് ആരെങ്കിലുമൊക്കെ കയറിവരുന്നത് ചാറ്റൽ മഴയിൽ കുഞ്ഞുകിളി ചിറകു പിടക്കുംപോലെയാണ്. അതിൽനിന്നും ഉതിർന്നുവീഴുന്ന തുള്ളികൾക്ക് മനസ്സിന്റെ കിലുക്കമാണ്. 

സമയം നാലുമണി. "ഇവിടാരുല്യേ...?" ആരോ കതകിനു മുട്ടുന്നതു കേട്ട് ചെന്ന് നോക്കിയപ്പോൾ പോസ്റ്റുമാനാണ്. കുട്ടിക്ക് മണിയോർഡർ. അതെല്ലാമാസവുമുള്ളതാ. അതോർമ്മപ്പെടുന്നത് സ്വന്തമായി ആരെങ്കിലുമൊക്കെയുള്ളപ്പോൾ അറിയാത്ത പലരും വിരുന്നുകാരെപ്പോലെ വരും. കുട്ടിക്കതൊപ്പിട്ടു വാങ്ങുമ്പോൾ അതിലെ നോട്ടിനെക്കാളും മണം അങ്ങ് ദൂരെയുള്ള അവളുടെ ഭർത്താവിന്റെ സാമിപ്യമായിരിക്കും തോന്നിയത്. തിരിച്ചും മറിച്ചും എണ്ണിനോക്കി പോസ്റ്റ്മാന്റെ കൈയ്യിലേക്ക് എന്തോ വച്ച് നീട്ടുന്നത് കണ്ട് അയാൾ ചിരിച്ചു. "എന്താ ചെറ്യേമ്മ നോക്കണത്?" അതും ചോദിച്ചു കുട്ടി മുറിയിലേക്ക് നടന്നുനീങ്ങുമ്പോൾ പാതി തുറന്ന വാതിൽചാരി ഇന്നമ്മ പോസ്റ്റുമാൻ പോകുന്നതും നോക്കിനിന്നു. ആ നോട്ടത്തിൽ ഇന്നമ്മയുടെ മുഖത്ത് നഷ്ടബോധം തീർക്കുന്നത് കാണാം. ബന്ധങ്ങളുണ്ടാക്കുന്ന തീവ്രത എത്രത്തോളമെന്ന് കുട്ടിയെന്ന ഏടത്തിയുടെ മകളുടെ ജീവിതം ഓരോ നിമിഷവും ഇന്നമ്മയിൽ വരച്ചുകാണിക്കുകയാണ്. 

അതങ്ങനെയാണ്. അക്ഷരങ്ങളിലൂടെ അകലെയുള്ള ആകാശപുഷ്പങ്ങളെ വരച്ചു കാണിക്കുന്ന കാവ്യഭംഗിയിൽ ആകൃഷ്ടരാകാത്തവർ ആരാണുള്ളത്? നിലാവും നക്ഷത്രങ്ങളും ഇന്നമ്മയെ എന്നും കൊതിപ്പിക്കുന്നതും ബന്ധങ്ങൾ തന്നെ. അതെപ്പോഴൊക്കെയോ ഒരു സൂര്യകാന്തിയായ് കുട്ടിയുടെ മുഖത്ത് വിരിയുന്നത് നോക്കിനിൽക്കുന്നതുതന്നെ ഇന്നമ്മക്ക് കൗതുകമാണ്. അനിയൻ അപ്പു ഇത്തിരി പാവമാണ്. എന്നാലും കല്യാണം കഴിഞ്ഞപ്പോൾ അവൻ വേറെ വീട്ടിലേക്ക് മാറി. എപ്പോഴെങ്കിലും അവനും തോന്നിക്കാണും ജീവിക്കണമെന്ന്. ഏടത്തി എന്ന എല്ലാവരുടെയും ഇന്നമ്മ അവന് ഒരു പാഠപുസ്തകമായി തോന്നിയെങ്കിൽ അതിനെന്തിന് അവനെ കുറ്റം പറയണം. മുപ്പതും നാൽപതുമൊക്കെ വയസ്സായപ്പോഴെങ്കിലും ഇന്നമ്മ ആലോചിച്ചിട്ടുണ്ടാകില്ലേ ഒരു യൗവനം ഉണ്ടായിരുന്ന പണ്ടത്തെ ഒരു കാലം. തിരിഞ്ഞു നോക്കാൻ സമയം കൊടുക്കാതെ കാലമങ്ങനെ കുതിച്ചുപായുമ്പോൾ ഒരു ദാനമായി കിട്ടുന്ന ജീവിതമെന്ന സത്യത്തെ ഇന്നമ്മ തീർത്തും ഓർത്തിരിക്കും. സമയക്രമങ്ങൾ തെറ്റി ഓടുന്ന തീവണ്ടിക്ക് ഇടക്കൊക്കെ വന്നു കയറുന്ന യാത്രക്കാർ വിരുന്നുകാരെപ്പോലെയാണ്. അവരുടെ ചില അടക്കം പറച്ചിലുകൾപോലും ആരെക്കാളും വേഗത്തിൽ ഇന്നമ്മയുടെ കാതിൽ ചെന്നെത്തും.

എട്ടുവരെ പഠിച്ച 'കുട്ടി' എന്ന ഓമനപ്പേരിൽ വിളിക്കുന്ന ഏടത്തിയുടെ മകൾക്ക് ഇന്നമ്മയോട് സ്നേഹം തോന്നുന്നത് ചെറിയമ്മയായതുകൊണ്ട് മാത്രമായിരിക്കില്ല, ഏഴുമക്കളുടെ അമ്മയാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ ജീവിതമറിയാതെപോയ ഇന്നമ്മയെ അവൾ ഓർക്കുന്നതുകൊണ്ടാകാം. അതുകൊണ്ടാകാം "ചെറിയമ്മയെ ഞാൻ നോക്കുമെന്ന്" ഇടയ്ക്കിടയ്ക്ക് പറയുന്നത്. കുട്ടി എന്നും ഇന്നമ്മക്കൊരു താങ്ങാണ്. അകത്തളങ്ങളിലെ ഇരുട്ടിൽ ആ സൂര്യകാന്തിയുടെ പ്രകാശം ഇന്നമ്മയെ കുറച്ചൊന്നുമല്ല കൊതിപ്പിച്ചിട്ടുള്ളത്. ഒരു ചിമ്മിനി വെട്ടം പോലെയുള്ള അവളുടെ സാന്നിധ്യമായിരിക്കാം ചിലപ്പോൾ ഇന്നമ്മയെ മുന്നോട്ടുള്ള വഴികാട്ടിയാക്കുന്നതും. "മൂത്തു വരുന്നേള്ളൂ, മുഴുവനും നശിപ്പിച്ചാൽ ഓടിക്കും ഞാൻ." ഗുളികൻ പ്ലാവിൽ ചിലച്ചു കളിക്കുന്ന അണ്ണാനെ നോക്കി ഇടക്കിടക്ക് ഇന്നമ്മ പറയും. അത് കേട്ട് തിരിഞ്ഞു നോക്കി ഇന്നമ്മയെത്തന്നെ നോക്കി അത് ചിലച്ചുകൊണ്ടിരിക്കും. വരിക്കച്ചക്കയുടെ രുചി ഇന്നമ്മക്ക് നന്നായറിയാം. പടയായി വിരുന്നുകാരെത്തുമ്പോൾ ഇന്നമ്മക്കാണ് ചക്കപ്പണി. എന്നാലും നന്നായിയെന്ന് പറയാൻ ആർക്കെങ്കിലുമൊക്കെ ഇത്തിരി മടികാണും. ഇങ്ങനെ ആട്ടിത്തോളിക്കാൻ ആരായിരിക്കും ഇന്നമ്മയെ വിട്ടുകൊടുത്തതെന്ന് ചിലപ്പോഴെങ്കിലും ആ വൃദ്ധമനസ്സിൽ തോന്നിക്കാണില്ലേ? പുറമെയുള്ള പ്രൗഢിയൊന്നും തറവാടുകളുടെ അകത്തളങ്ങളിൽ ഇല്ലെന്നതാണ് ഇന്നമ്മയെന്ന സത്യമെന്ന് വല്ലപ്പോഴുമോർക്കുന്ന ചിലരെങ്കിലുമുണ്ടാകില്ലേ, ഇന്നമ്മ സ്വയം ചോദിക്കും.

ചിലപ്പോഴൊക്കെ ബന്ധുവീടുകളിലെ സമപ്രായക്കാരെക്കുറിച്ച്‌ ഒരുപാടുനേരം ഇന്നമ്മ സംസാരിക്കും. അവരെക്കാണുമ്പോളും കൂടെയുള്ള മക്കളെയും പ്രാരാബ്ധങ്ങളെയും കുറിച്ച് വാതോരാതെ സംസാരിക്കുന്നവർ ഇന്നമ്മയിലെ ജീവിതത്തെ മനസ്സിലായിട്ടും നിർത്താതെ ഒരുപാട് പറഞ്ഞുകൊണ്ടിരിക്കും. പക്ഷേ അതെല്ലാം പലപ്പോഴും മറക്കാൻ ശ്രമിച്ചതാണെന്ന് അവർക്കറിയില്ലല്ലോ. "ദാ കണ്ടില്ലേ, എത്രപ്രാവശ്യം മാറ്റി വിരിച്ചാലും, മക്കള് വന്ന് നെരങ്ങി മുഴുവനും നശിപ്പിക്കും." ഇന്നമ്മയുടെ അലറലാണ്. കിടക്കാൻ നേരത്തു കട്ടിലിലെ കാഴ്ചകണ്ടിട്ട് അടങ്ങുന്നില്ല. മിക്കദിവസവും കാണും, എന്തെങ്കിലുമൊക്കെയായി. ഒരാൾക്ക് മാത്രം കിടക്കാവുന്ന മരക്കട്ടിൽ മൂലക്കിട്ട് കൊതുകിന്റെ പാട്ടാണ് കൂട്ട്. ആകാശവാണി വാർത്ത കഴിഞ്ഞാൽ കാരണോർ അതും നിർത്തും. ചിലപ്പോഴെങ്കിലും കഥകളി കേട്ടിരിക്കുന്നതാണ് വർണാഭമായ ചമയങ്ങളെ അടുത്തുകാണുന്ന സുഖം തരുന്നത്. ഉത്സവത്തിന് കഥകളിയുണ്ടെങ്കിൽ മുഴുവനുറക്കവും കളഞ്ഞു നാലുമണിക്കൂർ തിരിച്ചു നടക്കാനൊക്കൊന്നും ഒരു മടിയുമില്ല ഇന്നമ്മക്ക്. കൂടിയിരിക്കുന്ന സദസ്സിനോടും ഇന്നമ്മക്കതേയിഷ്ടമാണ്. എന്താന്നല്ലേ, വീട്ടിലെ ഇരുൾവീണ ഇടനാഴികയിലെ അടക്കം പിടിച്ചുള്ള തേങ്ങലുകൾക്ക് ചിറകുമുളക്കുന്നതാണ് ഒരു വലിയ ജനസഞ്ചയത്തോടൊപ്പമുള്ള കുറച്ചുസമയം. ഇന്നമ്മക്കത് മനസ്സിലാകും.

അവധിക്കാല സായാഹ്നങ്ങളിൽ അയൽ വീടുകളിൽ നിന്നും കുട്ടികൾ ഓടിയെത്തും. അവരോടൊപ്പം ചെലവിടുന്ന ഇത്തിരി നേരം പോലും ഇന്നമ്മക്ക് ഒരു ബാല്യത്തിന്റെ സൗന്ദര്യം നൽകുന്നുണ്ടാകും. ഓർത്തെടുക്കാൻ പാടുപെടുന്ന തന്റെതല്ലാത്ത തെറ്റുകൾ കാലം തന്നെ മറന്നു പോകുന്ന ചില സത്യങ്ങളായി നിൽക്കുന്നു. അകന്നുപോകുന്ന ബന്ധങ്ങളുള്ളപ്പോൾ ദൈർഘ്യമേറിയ ചില സംഭാഷണങ്ങൾ ഇന്നമ്മയെ സന്തോഷിപ്പിക്കുന്നു, എന്നാലും എഴുപതിന്റെ ആശങ്കകൾ കൂടുതൽ സങ്കീർണമാകുന്ന ജീവിത സാഹചര്യങ്ങളെ സൃഷ്ടിക്കുന്നുവെന്ന് വല്ലപ്പോഴുമൊക്കെ അവർ പറയാതെ പറയും. ഏകാന്തത വല്ലപ്പോഴുമൊക്കെ കൊളുത്തഴിഞ്ഞു വീഴുന്നത് ചില അപ്രതീക്ഷിത വിരുന്നുകാരെത്തുമ്പോഴാണ്. ഒത്തുചേരലുകൾ ചിലപ്പോഴെങ്കിലും അവരുടെ വികാരങ്ങൾ തുറന്നുപറയുന്നതിനു വേദിയാകുന്നതാണ് ഇത്തിരി സന്തോഷമെന്ന് കുട്ടിയോട് ഇടയ്ക്ക് ഇന്നമ്മ പറയാറുണ്ട്.

"ഇന്ന് കൊയ്ത്തുള്ളതാണ്. ഒരു പന്ത്രണ്ടാളുണ്ടാകും കഞ്ഞിക്ക്." കാരണവരുടെ ഉറക്കെയുള്ള ആ ശബ്ദം വീട്ടിലെ ഓരോ മുറിയിലുമായി അലയടിക്കും. അതൊരാജ്ഞപോലെയാണ്, എന്നാലും മച്ചിലേക്ക് ഇരുണ്ടവെളിച്ചത്തിൽ അരിയും പത്രങ്ങളുമെടുക്കാൻ ഇന്നമ്മ മുന്നിൽത്തന്നെയുണ്ടാകും. വലിയ ശകാരങ്ങളുണ്ടാകുമ്പോൾ ചിലപ്പോഴെങ്കിലും മാറി നിന്ന് ഉമ്മറപ്പടിയിലൂടെ നോക്കും. ചാരുകസേര വല്ലപ്പോഴുമൊക്കെ ഒഴിഞ്ഞുകിടക്കുന്നത് ഒരാശ്വാസമാണ്. കൈയുള്ള ആ കസേരക്കുപോലും ഇന്നമ്മെയെ അറിയാം. അതെപ്പോഴും നിർവികാരമായ ഒരു ലോകത്താണ്. അല്ലെങ്കിലേ തിരക്കുള്ള വീട്ടിൽ പാടത്തെ പണി കഴിഞ്ഞെത്തുമ്പോഴേക്കും പിന്നെ പറയണ്ട. സ്‌കൂളിൽ പോകുന്ന കുഞ്ഞുമക്കളുടെ കാര്യത്തിൽ കുട്ടി എപ്പോഴും ജോലിയിലാകും. എന്നാലും സന്തോഷിക്കാൻ അവൾക്കവകാശമുണ്ടല്ലോ, അതിഥിയായി എത്തുന്ന പോസ്റ്റ്മാനും, ആശ്വാസവാക്കുകളുമായി എത്തുന്ന കത്തുകളും. അല്ലെങ്കിൽ തന്നെ ഞാനെന്തിന് അവളെ പഴിക്കണം. അതിനൊന്നും ഉത്തരവാദി അവളല്ലല്ലോ.  

മുണ്ടും ജാക്കെറ്റുമെടുത്ത് കുളത്തിലേക്കുപോകുമ്പോൾ കുട്ടികൾ ഒപ്പംകൂടും. അവരെയൊക്കെ നീന്താൻ പഠിപ്പിക്കാൻ ഇന്നമ്മതന്നെ വേണം. നാലാൾക്ക് താഴ്ചയുള്ള കുളത്തിൽ എപ്പോഴും വെള്ളത്തിന് നീല നിറമാണ്. അതിന്റെ പടവുകളിലിരുന്ന് ചിലപ്പോഴെങ്കിലും ഇന്നമ്മ പറയുമായിരുന്നു, എത്ര നീന്തിത്തുടിച്ചതാണിവിടെ. ധനുവിലെ ഓരോ തിരുവാതിരരാവിന്റെ തണുപ്പും തെളിനീരിന്റെ നിഷ്കളങ്കതയും ഇന്നമ്മയെ ചിലപ്പോഴെങ്കിലും ഒരു പതിനേഴിന്റെ നോവറിയിച്ചുകാണും. പുഞ്ചപ്പാടത്തിന്റെ ഓരം പറ്റിയുള്ള കുളക്കടവിൽ ഒരുപാടുപേരിൽ ഒരാളായി ഇന്നമ്മയുടെ ഓരോ ആണ്ടും കടന്നുപോകും. സോപ്പും താളിയും തേച്ച് കുളികഴിഞ്ഞു മടങ്ങുമ്പോൾ ചിലപ്പോഴെങ്കിലും വെയിൽ മാഞ്ഞുകാണും. "അല്ല, ഇതുവരേം ഒറങ്ങീല്ലേ? നേരം പതിനൊന്നര കഴിഞ്ഞു. നാളെ പണിക്കാരുള്ളതല്ലെ, നേരത്തെ എണീക്കണ്ടേ? റാന്തൽ താഴ്ത്തി കേടന്നൂടെ?" ചാറ്റൽ മഴയിൽ രാത്രിയിൽ ജനാല തുറന്നിട്ട് ഇത്തിരിനേരം പുറത്തേക്ക് നോക്കി നിന്നപ്പോൾ, ആരോ അറിയാതെ മുറിയിലേക്ക് കടന്നു വന്നതുപോലെ തോന്നി. ചിലപ്പോൾ കേട്ട് താഴകിയ കഥയിലെ ആരെങ്കിലുമൊക്കെയായിരിക്കും. കമ്പിളി പുതപ്പ് നീർത്തി, തലയിണ തട്ടിക്കുടഞ്ഞു ഒന്നിരുന്നു. പിന്നെ കിഴക്കു വെള്ളകീറുന്നതിനുമുമ്പേ എണീക്കണമെന്ന ദീർഘ ശ്വാസത്തിൽ ചെരിഞ്ഞു കിടന്ന് ഒരിക്കൽക്കൂടി ജനൽപ്പാളിയിലൂടെ മഴയുടെ ലോകത്തേക്ക് ഒന്നെത്തിനോക്കി. ഇന്ന് കുട്ട്യോളെ ഒന്നും കൂടെ കിടക്കാൻ കണ്ടില്ല. അല്ലെങ്കിൽ ആരെങ്കിലുമൊക്കെ കാണും. തലോടാനും, പാട്ടുപാടി ഉറക്കാനും കുട്ടീടെ മക്കൾ ആരെങ്കിലുമൊക്കെ വരാതിരിക്കില്ല. അവധിക്കാലത്ത് അതൊരു പതിവാണ്. കുട്ടികൾ ഉറക്കം കവർന്നെടുക്കും. 

ഇന്നമ്മയെ ഓർക്കുമ്പോഴെല്ലാം തോന്നുന്നത് ചെറുപ്പം തൊട്ടുള്ള ചിലരുടെ ശ്രേഷ്ഠതയ്ക്ക് ന്യായബോധം എന്ന സങ്കൽപ്പം ഇനിയും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ്. എന്നിരിക്കിലും തറവാടും കൂട്ടുകുടുംബവുമുള്ള ജീവിത സാഹചര്യങ്ങളിൽ ചിലരെങ്കിലും ഇന്നമ്മയെപ്പോലെ ഇന്നും ജീവിച്ചിരിക്കുന്നുണ്ടാകാം. നിഷ്കളങ്കരായ കുട്ടികളോടൊപ്പം ഒരു കുട്ടിയെപ്പോലെയാകുന്ന ഇന്നമ്മ, പക്ഷേ ജീവിതവികാരങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഒരു സമൂഹത്തിന്റെ തന്നെ ഭാഗമാണ്. അത് കാണാതെ പോകുന്ന ചില സത്യങ്ങളുണ്ട്, അതിലെ വേദനയാണ് ഇന്നമ്മയിലെ സ്ത്രീവികാരങ്ങൾ.  യഥാർഥ ലോകത്ത്, സ്ത്രീകളുടെ സംസ്കാരം പരമ്പരാഗത വേഷങ്ങളിൽ നിന്ന് മാറിക്കൊണ്ടിരിക്കുന്നു എന്നത് വസ്തുതയാണ്. ഈ തിരിച്ചറിവ് ഭൂതകാലത്തിൽ നിന്നുള്ള ഒരു മാറ്റമാണ്. അല്ലെങ്കിൽത്തന്നെ, ഇന്നമ്മ പലപ്പോഴായി ചോദിക്കുന്നത് വീണുകിട്ടുന്ന ജീവിതത്തിന്റെ കയ്പ്പും മാധുര്യവുമെന്തെന്നറിയാൻ ഒരാൾ മാത്രം അവശേഷിച്ചാൽ പോരെയെന്നാണ്. മരക്കട്ടിലിൽ തല പുറത്തേക്ക് നീട്ടി, കാഴ്ചക്കാരില്ലാത്ത തട്ടകത്തിലെന്നപോലെ, ഉറക്കമെന്ന അതിഥിയെകാത്ത് ഇന്നമ്മ ജീവിക്കുമ്പോൾ യഥാർഥ ജീവിതത്തിലെ നിറക്കൂട്ടുകൾ പതിയെ അലിഞ്ഞലിഞ്ഞു പോകുകയാണ്. ജനൽപാളികളിലൂടെ അരിച്ചെത്തുന്ന തണുത്ത കാറ്റിൽ ഇന്നമ്മ വിറങ്ങലിക്കുന്നത് ആ ഇരുണ്ടമുറിയെ പതിയെ നിശബ്ദമാക്കികൊണ്ടിരുന്നു.  

English Summary:

Malayalam Short Story ' Innamma ' Written by N. Ramachandran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com