'മാഷിന്റെ അടിയും വാങ്ങി ചിരിച്ചുകൊണ്ട് ഞങ്ങളുടെ അടുത്തേക്ക് അവന്റെ ഒരു വരവുണ്ട്...'
Mail This Article
തൊണ്ണൂറുകളിലെ സ്കൂൾ കാലഘട്ടമാണ്. ഫസ്റ്റ് പീരീഡ് കണക്കാണ്. തലേ ദിവസം തന്ന ഹോം വർക്ക് ഒന്നും ചെയ്തിട്ടില്ല, കർക്കശക്കാരനായ കണക്കു മാഷ് ചോദിക്കുമ്പോൾ കൈ മലർത്തി കാണിക്കുകയല്ലാതെ വേറൊന്നും ചെയ്യാനില്ല, സഹപാഠികളായ കുമാരനും സുബൈറുമെല്ലാം സമാന രീതിയിൽ തന്നെയാണ്, കൂട്ടത്തിൽ കുമാരന് വലിയ ടെൻഷൻ ഒന്നുമില്ല, വിശക്കുന്ന വയറിനേക്കാൾ വലിയ വേദന ഇല്ലെന്ന അവന്റെ തിരിച്ചറിവുകൾ, സാറിന്റെ ചൂരലിന്റെ അടികൾ വിടർന്ന മുഖത്തോടെ അവൻ ഏറ്റു വാങ്ങുമ്പോൾ, അവന്റെ കണ്ണുകൾ കണ്ണീരിന്റെ ലേശം നനവ് പോലും പടർത്താതെ അടുത്ത അടിക്കായി കാത്തു നിൽക്കുന്ന ഞങ്ങളോട് ഈ അടികൾക്ക് വലിയ വേദന ഒന്നുമില്ല എന്ന് അവൻ പറയാതെ പറയുന്നു, നിങ്ങൾ പേടിക്കേണ്ട, ചെറിയൊരു വേദന മാത്രമേയുള്ളൂ എന്നൊരു ആശ്വാസവാക്കുകൾ അവന്റെ ചുണ്ടുകൾ ഞങ്ങളോട് മന്ത്രിക്കുന്നതായി തോന്നി.
മാഷിന്റെ അടിയും വാങ്ങി ചിരിച്ചുകൊണ്ട് ഞങ്ങളുടെ അടുത്തേക്ക് ഒരു വരവുണ്ട് തലേ ദിവസത്തെ അത്താഴമോ, ഇന്ന് രാവിലെയോ ഭക്ഷണം കഴിക്കാത്ത വയറിനോട്, കൈകൾ അടിയുടെ വേദന പങ്കിടുമ്പോൾ, വിശപ്പിനു മുൻപിൽ അടിയുടെ വേദന തോറ്റു പോകുന്ന സമയം.. ആ നിമിഷം അവന്റെ മുഖത്ത് കണ്ടത് സങ്കടമല്ല, മറിച്ചു വൈകീട്ട് കൂടി പട്ടിണിയാകും എന്ന വിചാരമാകാം വേദനയേക്കാൾ മുൻപേ നിൽക്കുന്ന വികാരം. സുഹൃത്തുക്കൾ അങ്ങനെയാണ്, വേദനയിലും, അവരുടെ സങ്കടങ്ങളിലും ഒന്നുമില്ലടാ എന്നു പറഞ്ഞു കൂടെ നിൽക്കുന്നവർ, അവരുടെ കണ്ണുകളിലെ പ്രകാശങ്ങൾ നമുക്കുള്ള ഒരു പ്രചോദനമാണ്, പലപ്പോഴും.
പുതിയ ബാഗോ, പുസ്തകമോ കണ്ടു ശീലിച്ച കണ്ണുകളേക്കാൾ, നിറം മങ്ങിയതിൽ ഒതുങ്ങിക്കൂടുന്ന കണ്ണിനുടമകൾ ആയിരുന്നു എന്റെ പല സ്നേഹിതരും. ഉച്ച ഭക്ഷണത്തിനുള്ള സ്കൂൾ ബെല്ലുകൾ വയറു നിറയെ വെള്ളം കുടിക്കാൻ ആയെന്ന ഓർമ്മപ്പെടുത്തലുകൾ ആയിരുന്നു ആ കൂട്ടത്തിൽ പലർക്കും, അല്ലെങ്കിൽ ചെറിയ ചോറ്റു പാത്രത്തിൽ ഇന്നലത്തെ അത്താഴത്തിന്റെ ബാക്കി വന്ന ചോറ് ചെറിയ പ്ലാസ്റ്റിക് പാക്കറ്റിൽ കിട്ടുന്ന അച്ചാറും കൂട്ടി ആസ്വദിച്ചു കഴിക്കുന്ന എന്റെ പല ചങ്ങാതിമാരും ആണ് വിശപ്പ് എന്നത് മറ്റേതിനേക്കാളും മുകളിൽ നിൽക്കുന്ന വികാരം ആണെന്ന് എന്നെ മനസ്സിലാക്കി തന്നത്.
ആകെ ഉണ്ടായിരുന്ന ഒരു ജോഡി യൂണിഫോം ഷർട്ട് കീറിയതുകൊണ്ടാണ് ഇന്നലെ ക്ലാസ്സിൽ വരാതിരുന്നത് എന്ന് ചിരിച്ചു കൊണ്ട് പറയുമ്പോഴും, തോറ്റു പിന്മാറി നിൽക്കുന്നവരുടെ മുഖങ്ങൾ അല്ല ഞാൻ കണ്ടിരുന്നത്, കീറിയത് തുന്നി ചേർത്ത് അത് വിടർന്ന പുഞ്ചിരിയോടെ ഞങ്ങളെ കാണിച്ചു തന്ന്, ഇന്നലെ വരാതിരുന്നതിനുള്ള ലീവ് ലെറ്റർ സ്വന്തം എഴുതി അമ്മയുടെ വിറയാർന്ന ഒപ്പുമായി വന്ന എന്റെ ചങ്ങാതിമാർ... ചെറു പ്രായത്തിൽ തന്നെ ജീവിതാനുഭവങ്ങളിൽ ഒരുപാട് മുന്നേറിയവർ...
ഓർത്തെടുക്കുവാൻ ഒരുപാടുണ്ട്... ഒരു ജൂൺമാസം ഉമ്മയുടെ കൈ പിടിച്ച് ആ സ്‌കൂളിന്റെ പടികൾ ചവിട്ടിയതുമുതൽ മറ്റൊരു വേനലിന്റെ തുടക്കത്തിൽ അതേ പടികൾ ഇറങ്ങുന്നതുവരെയുള്ള എത്രയോ സുന്ദര മുഹൂർത്തങ്ങൾ... ഒരു സ്‌കൂൾ കാലഘട്ടത്തിന്റെ മുഴുവൻ മനോഹാരിതയും മാധുര്യവുമുണ്ട് ആ ഓർമ്മകൾക്ക്...
കാലം ഒന്നിനും വേണ്ടി കാത്തുനിൽക്കുന്നില്ല, നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷങ്ങളും അതങ്ങനെ നമ്മൾ അറിയാതെ തന്നെ കടന്നുപോകും, ഒരുപാട് മുന്നോട്ടു പോകുമ്പോൾ... വീണ്ടും ഇടക്കൊന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ചിലപ്പോൾ തോന്നും വന്ന വഴിയേ ഒന്നുകൂടി തിരികെ നടക്കാൻ, പക്ഷേ കാലങ്ങൾ നമ്മെയും കൊണ്ട് ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു എന്ന ആ യാഥാർഥ്യം ഉൾക്കൊള്ളുമ്പോഴും മനസ്സ് വെറുതെ ആഗ്രഹിക്കും, വളരേണ്ടായിരുന്നു, ആ പഴയ കുട്ടിക്കാലമായിരുന്നു നല്ലതെന്ന്.. മുതിർന്നവരുടെ ശാസനകൾക്കും, നിയന്ത്രണങ്ങൾക്കുമുള്ളിലുള്ള ആ ബാല്യകാലത്തിന്റെ നിഷ്കളങ്കതകളുമായി ഒരു വട്ടം കൂടി ജീവിക്കുവാൻ കഴിഞ്ഞിരുന്നെങ്കിൽ… കാലമേ, നീയൊന്ന് തിരിഞ്ഞു കറങ്ങിയിരുന്നെങ്കിൽ...