ലൈറ്റ് ബോയി ആയി തുടക്കം, ‘കുവൈറ്റ് വിജയൻ’ ഒരു സംഭവമാണ്
Mail This Article
നാടകങ്ങളിൽ ലൈറ്റ് ബോയി ആയി നിന്ന് പിന്നീട് അഭിനയിച്ചു തുടങ്ങി ആദ്യ നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയ താരമാണ് കെ.യു. മനോജ്.‘തിങ്കളാഴ്ച നിശ്ചയത്തിലെ’ കുവൈറ്റ് വിജയന്‍ എന്ന അച്ഛൻ കഥാപാത്രത്തെ അവിസ്മരണീയമാക്കിയത് മനോജിന്റെ കരുത്തുറ്റ പ്രകടനമാണ്. സിനിമയുടെ വിശേഷങ്ങളുമായി മനോജ് മനോരമ ഓൺലൈനിൽ...
ലൈറ്റ് ബോയ് മുതൽ തിങ്കളാഴ്ചവരെ
നാടകത്തിനു വേണ്ടി ലൈറ്റ് ചെയ്യുകയായിരുന്നു എന്റെ ജോലി. അതിനു ശേഷമാണ് നാടകത്തിൽ അഭിനയിച്ച് തുടങ്ങിയത്. സാമുവൽ ബക്കറ്റിന്റെ "വെയ്റ്റിങ് ഫോർ ഗോഥോ" എന്ന നാടകത്തിലാണ് ആദ്യമായി ഒരു വേഷം ചെയ്തത്. ആദ്യ നാടകത്തിനു തന്നെ ഏറ്റവും നല്ല നടനുള്ള പുരസ്‌കാരം കിട്ടി. അതിനു ശേഷം പിന്നെ സ്ഥിരമായി നാടകം ചെയ്യുമായിരുന്നു. ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന നാടകം ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് ‘ഓട്ടോറിക്ഷ’ എന്ന സിനിമയിൽ അഭിനയിച്ചത്.
പത്തുപന്ത്രണ്ടു പടത്തിൽ ഇതുവരെ അഭിനയിച്ചു. പ്രിയനന്ദന്റെ രണ്ടുമൂന്നു സിനിമകളിൽ മുഖം കാണിച്ചിട്ടുണ്ട്. അദ്ദേഹം എന്റെ സുഹൃത്താണ്. അതിനു ശേഷം ഒരു നല്ല വേഷം ചെയ്തത് സുജിത്ത് വാസുദേവിന്റെ ‘ഓട്ടോറിക്ഷ’യിൽ ആണ്. അദ്ദേഹം പറഞ്ഞു നിങ്ങൾക്ക് നല്ല ടൈമിങ്ങും ടാലന്റും ഉണ്ടല്ലോ സീരിയസ് ആയി സിനിമകളിലേക്ക് ശ്രമിച്ചുകൂടേ എന്ന്. അങ്ങനെയാണ് ഞാൻ ഓഡിഷന് പോയി തുടങ്ങിയത്.
‘കപ്പേള’യിലെ വേഷം എന്റെ സുഹൃത്തുവഴി വന്നതാണ്. അതിൽ സഖാവ് കൃഷ്‌ണൻ എന്ന കഥാപാത്രമായിരുന്നു. ആൻഡ്രോയിഡ് കുഞ്ഞപ്പനിൽ നല്ല ഒരു വേഷം ചെയ്‌തു. അതും ഓഡിഷന് പോയി കിട്ടിയതാണ്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ കണ്ടിട്ടാണ് സെന്ന സർ (സെന്ന ഹെഗ്ഡെ) എന്നെ ഇത്രയും വലിയൊരു കഥാപാത്രം ഏൽപ്പിച്ചത്. ഈ സിനിമയുടെ ഓഡിഷന് വേണ്ടി അവർ കുറെ കാരിക്കേച്ചർ പടങ്ങൾ പബ്ലിഷ് ചെയ്തിരുന്നു. അത് എന്റെ ഒരു സുഹൃത്ത് അയച്ചു തന്നിട്ട് ഒരു പടം അയച്ചുകൊടുക്ക് എന്ന് പറഞ്ഞു.
ഞാൻ നരയെല്ലാം കറുപ്പിച്ച് ഷേവ് ചെയ്തിട്ട് ഒരു ഫോട്ടോ എടുത്ത് അയച്ചു. അതിലെ മൂത്ത മകളുടെ ഭർത്താവിന്റെ വേഷം ആയിരുന്നു എന്റെ മനസ്സിൽ. ഓഡിഷൻ നടത്തിയത് രാജേഷ് മാധവൻ ആണ്. ഞാൻ അപ്പോൾ കപ്പേളയിൽ അഭിനയിക്കുകയാണ്. രാജേഷ് മാധവൻ സെന്ന സാറിനെ ഫോട്ടോ കാണിച്ചു. അദ്ദേഹം പറഞ്ഞു ഇയാൾ പറ്റില്ല എന്ന്. അതിനു ശേഷം ആണ് അദ്ദേഹം ആൻഡ്രോയിഡ് കുഞ്ഞപ്പൻ കണ്ടത്. കണ്ട ഉടനെ അദ്ദേഹം പറഞ്ഞു, നമ്മുടെ സിനിമയിലെ വിജയൻ ഇതാണെന്ന്. എന്നെ വിളിച്ച് താല്പര്യം ഉണ്ടോ എന്ന് ചോദിച്ചു, ഞാൻ പറഞ്ഞു ഉണ്ടെന്ന്. അതിനു ശേഷം ഒരു ഓഡിഷൻ നടത്തി. പക്ഷേ സെന്ന സർ ഓഡിഷൻ ശ്രദ്ധിച്ചതേ ഇല്ല, ആൻഡ്രോയിഡ് കുഞ്ഞപ്പൻ കണ്ടപ്പോൾ തന്നെ വിജയൻ ഇതാണെന്ന് അദ്ദേഹം ഉറപ്പിച്ചിരുന്നു.
കാഞ്ഞങ്ങാട് ഭാഷയാണ് താരം
കാഞ്ഞങ്ങാട് ഭാഷ സംസാരിക്കുന്നവർ വേണമെന്ന് പരസ്യത്തിൽ ആദ്യം തന്നെ പറഞ്ഞിരുന്നു. കാഞ്ഞങ്ങാടും പയ്യന്നൂരും തമ്മിൽ ചെറിയ സ്ലാങ് വ്യത്യാസമേ ഉള്ളൂ. അതുകൊണ്ടു രണ്ടു സ്ഥലങ്ങളിലെയും ഭാഷ മിക്സ് ആയിട്ടുണ്ട്. സിനിമ മുഴുവൻ നമ്മുടെ സ്വന്തം ഭാഷ കേൾക്കുമ്പോൾ സന്തോഷമുണ്ട്. നമ്മുടെ ഭാഷ സിനിമയിൽ സംസാരിക്കുമ്പോൾ നമ്മൾ വളരെ കംഫർട്ടബിൾ ആയിരിക്കുമല്ലോ. തിരുവനന്തപുരം മുതൽ ഇങ്ങോട്ടു പല സ്ഥലത്തും ഉള്ള ഭാഷ സിനിമയിൽ സംസാരിക്കേണ്ടി വന്നിട്ടുണ്ട്. അതിനൊക്കെ നല്ല ഹോം വർക്ക് വേണ്ടി വരും. ഏതു സ്ഥലത്തെ ഭാഷയും സംസാരിച്ചു നോക്കാൻ ശ്രമിക്കാറുണ്ട്. സിനിമയിൽ ഉടനീളം സ്വന്തം ഭാഷ പറയുന്നതുകൊണ്ട് അതിനെപ്പറ്റി ശ്രദ്ധിക്കേണ്ടി വന്നില്ല.
ഐഎഫ്എഫ്കെ പ്രദർശനം, സംസ്ഥാന അവാർഡ്
ഞാൻ പതിനഞ്ചു വർഷത്തോളമായി ചലച്ചിത്രമേളയ്ക്കു പോകാറുണ്ട്. സിനിമാമോഹം ഉള്ളിൽ കയറിയതിനു ശേഷം എന്റെ ഒരു സിനിമ എന്നായിരിക്കും ഐഎഫ്എഫ്കെയിൽ വരുകയെന്നും സ്റ്റേജിൽ കയറി പൂച്ചെണ്ട് ഒക്കെ വാങ്ങുകയെന്നും ആലോചിച്ചിട്ടുണ്ട്. എന്റെ സ്വപ്നം ഈ സിനിമയിലൂടെ സാക്ഷാത്കരിക്കപ്പെട്ടു. കൊറോണ ആയതുകൊണ്ട് പൂച്ചെണ്ട് കിട്ടിയില്ല, വേദിയിൽ വിളിച്ച് പരിചയപ്പെടുത്തുകയും ആദരിക്കുകയും ചെയ്തു. തിങ്കളാഴ്ച നിശ്ചയത്തിന് രണ്ടു സംസ്ഥാന അവാർഡുകൾ കിട്ടുകയുണ്ടായി. ഞാൻ പ്രധാന കഥാപാത്രമായി അഭിനയിച്ച സിനിമ ഐഎഫ്എഫ്കെയിൽ വരുക, സംസ്ഥാന അവാർഡ് കിട്ടുക എല്ലാം ഒരു സ്വപ്നം പോലെ തോന്നുകയാണ്. ഇതൊക്കെ സത്യമാണോ എന്ന് സംശയിച്ച് ഞാൻ ഇടക്ക് എന്നെ നുള്ളി നോക്കാറുണ്ട്. സിനിമ റിലീസ് ചെയ്തതിനു ശേഷം ഒരുപാട് പേര് വിളിച്ചു. ഫെസ്റ്റിവലിന് പോയപ്പോൾ സിബി മലയിൽ സർ അടുത്തുവന്ന് നല്ല അഭിപ്രായം പറഞ്ഞിരുന്നു. സിനിമ റിലീസ് ചെയ്തതിനു ശേഷം ജയസൂര്യ സർ വിളിച്ച് വളരെ നന്നായിരുന്നു എന്ന് പറഞ്ഞു. സംവിധായകൻ ജിയോ ബേബി, കമൽ സർ ഒക്കെ വിളിച്ചു. ഫോൺ നിലത്തു വയ്ക്കാൻ സമയം കിട്ടിയിട്ടില്ല. സ്വപ്നലോകത്തു നിന്നും ഇറങ്ങിവന്നു മണ്ണിൽ ചവിട്ടിയിട്ടു വേണം ഇനി പുതിയ സിനിമയുടെ കഥ കേൾക്കാൻ.
ജീവിതത്തിൽ ‘കുവൈറ്റ് വിജയൻ’ ആണോ?
അയ്യോ അല്ലപ്പാ, ഞാൻ ഒരു പാവമാണ്. ഞാൻ ഒരു കൂട്ടുകുടുംബവ്യവസ്ഥയിൽ വളർന്ന ആളാണ്. കുവൈറ്റ് വിജയന്റെ സ്വഭാവമുള്ള ഒരുപാടുപേരെ ഞാൻ കണ്ടിട്ടുണ്ട്. കാസർഗോഡ് മാത്രമല്ല കേരളമെമ്പാടും ഇത്തരത്തിലുള്ള അച്ഛന്മാരെ കാണാൻ കഴിയും. കേരളത്തിൽ അച്ഛൻ ഒരു ഏകാധിപതി ആണ്. ചുരുക്കം ചില കുടുംബങ്ങൾ മാത്രമേ അങ്ങനെ അല്ലാതുള്ളൂ. അച്ഛന്മാർക്ക് മക്കളോട് സ്നേഹം ഇല്ലാത്തതുകൊണ്ടല്ല, മക്കളുടെ നല്ല ഭാവി ഓർത്താണ് അച്ഛൻ അങ്ങനെ ആകുന്നത്. "ഞാൻ പറയും നിങ്ങൾ കേൾക്കുക" അത്തരത്തിലുള്ള അച്ഛന്മാരെ ഞാൻ കണ്ടിട്ടുണ്ട്. വിജയന്റെ ഏതെങ്കിലും ഒക്കെ സ്വഭാവം എന്നിലും ഉണ്ടാകും. കാരണം നമ്മുടെ സമൂഹത്തിൽ നിന്നാണല്ലോ നമ്മൾ പലതും പഠിക്കുന്നത്. ചില കുടുംബങ്ങളിൽ മൂത്ത മകനും അച്ഛനും തമ്മിൽ ശത്രുക്കൾ ആയിരിക്കും. അത് ആ ഏകാധിപത്യ സ്വഭാവം മക്കൾ വളരുന്നതിന് ശേഷവും അടിച്ചേൽപ്പിക്കുന്നത് കൊണ്ടാണ്. ഞാൻ അങ്ങനെ ഒരു അച്ഛൻ അല്ല. വിജയൻ ഒരു ദേഷ്യക്കാരൻ മാത്രമല്ല, സന്തോഷം വരുമ്പോൾ ആടുകയും പാടുകയും ചെയ്യുന്ന, താമശക്കാരനായ, ഭാര്യയോട് ചിലപ്പോഴൊക്കെ സ്നേഹം പ്രകടിപ്പിക്കുന്ന, മക്കളുടെ ശ്രേയസ് ആഗ്രഹിക്കുന്ന ഒരച്ഛൻ ആണ് വിജയൻ. ഒരുപാട് അഭിനയ സാധ്യത ഉള്ള ഒരു കഥാപാത്രമായിരുന്നു.
കുടുംബം പോലെ ഒരു ലൊക്കേഷൻ
ഞാൻ പല സിനിമയിലും ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. അതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു ഈ സിനിമയുടെ ലൊക്കേഷൻ. എല്ലാവരും രാവിലെ 5 മണിക്ക് ഒരു ബസിൽ കയറുന്നു കാഞ്ഞങ്ങാട് നിന്ന് മുക്കാൽ മണിക്കൂർ അകലെ കർണാടക ബോർഡറിനടുത്തുള്ള പ്രകൃതിരമണീയമായ അത്തെങ്ങാനം എന്ന സ്ഥലത്തുള്ള ഒരു വീട്ടിലേക്ക് പോകുന്നു, ആ വീടായിരുന്നു പ്രധാന ലൊക്കേഷൻ. ഷൂട്ടിങ് സമയത്ത് ഞങ്ങൾ ഒരു കുടുംബം ആയിരുന്നു. നാടക ക്യാമ്പിൽ ഒക്കെ താമസിച്ചിട്ടുള്ള എനിക്ക് അത് നന്നായി മനസിലാകും. നാടകം കഴിഞ്ഞു വീട്ടിലെത്തുമ്പോൾ വീണ്ടും ക്യാമ്പ് മിസ് ചെയ്യും. ഈ സിനിമ കഴിഞ്ഞപ്പോഴും അങ്ങനെ ആയിരുന്നു. എല്ലാവരും ഒരുപാട് അടുത്തു. സംവിധായകൻ സെന്ന സർ ഒട്ടും ടെൻഷൻ തരാത്ത ആളായിരുന്നു. നമുക്ക് ആവശ്യത്തിന് സമയം തന്നിട്ട് ഒടുവിൽ സാറിന് വേണ്ടത് സർ ചെയ്യിച്ചെടുക്കും. ഓരോ ആക്ടറിന്റെയും മാക്സിമം കഴിവ് പുറത്തെടുപ്പിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. ഞാൻ കുറച്ച് വയലൻസ് കാണിക്കുന്ന സീനിൽ "മനോജിന് കുറച്ച് സമയം വേണോ" എന്ന് ചോദിച്ചു, പത്തുമിനിറ്റ് റിലാക്സ് ചെയ്തു കഴിഞ്ഞിട്ടാണ് പിന്നെ ചെയ്തത്. സിനിമയോട് വളരെ സീരിയസ് ആയ സമീപനം ആണ് അദ്ദേഹത്തിന്. അതിന്റെ ഫലമാണ് ഈ സിനിമയുടെ വിജയം.
ക്ലൈമാക്സിലെ പകർന്നാട്ടം
സിനിമയുടെ ക്ലൈമാക്സിൽ മക്കളാൽ പറ്റിക്കപെട്ട അച്ഛന്റെ മനസ്സ് കൈമോശം വരുകയാണ്. ആ സീൻ അഭിനയിക്കാൻ എനിക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല. തെയ്യങ്ങളുടെ നാട്ടിൽ നിന്നാണ് ഞാൻ വരുന്നത്. നാട്ടിൽ വൈരജാതൻ എന്നൊരു തെയ്യമുണ്ട്. പടിഞ്ഞാറ്റിൽ നിന്ന് ദൃഷ്ടി മറഞ്ഞിട്ട് ഒരു നോട്ടം നോക്കിയിട്ട് പീഠത്തിൽ കയറി ഇറങ്ങി മുഴുവൻ ആളുകളെയും പരിച കൊണ്ട് തട്ടി ഇടൽ ആണ്. ശിവൻ ജട പറിച്ചെറിഞ്ഞു വന്നിട്ട് എല്ലാം തട്ടിഎറിഞ്ഞു യാഗം മുടക്കുന്നു എന്നുള്ള വിശ്വാസമാണ്. ആ സീൻ അഭിനയിക്കാൻ നേരം ഞാൻ വൈരജാതനെ ഉള്ളിലേക്ക് ആവാഹിച്ചു, പിന്നീട് എല്ലാം എളുപ്പമായിരുന്നു. തെയ്യമാണ് ഞാൻ എന്ന് വിശ്വസിച്ച് എല്ലാം തകർക്കുകയായിരുന്നു. കുറെ സാധനം കാണിച്ചിട്ട് എല്ലാം നിങ്ങൾക്ക് പൊളിക്കാൻ ഉള്ളതാണ് ഈ തുണികൾ എല്ലാം നിങ്ങൾക്ക് കീറാൻ ഉള്ളതാണ്, എന്തുവേണമെങ്കിലും ചെയ്യാം എന്നാണ് എന്നോട് സെന്ന സാർ പറഞ്ഞത്. പിന്നീട് ഒന്നും നോക്കാനില്ലായിരുന്നു ആ പരിസരത്തുള്ളതെല്ലാം ഞാൻ പൊളിച്ചു. കഥാപാത്രത്തെക്കൂടി ഞാൻ ഉള്ളിലേക്ക് എടുത്തിരുന്നു. എന്റെ മക്കൾ എന്നെ ചതിച്ചാൽ എനിക്ക് എങ്ങനെ തോന്നും, ഈഗോ എന്നുള്ളത് എല്ലാ മനുഷ്യർക്കും ഉള്ളതാണല്ലോ. സീൻ ചെയ്ത് കഴിഞ്ഞു കുറേനേരത്തേക്ക് ഒരു വിറ ആയിരുന്നു . ആ മാനസികാവസ്ഥയിൽ നിന്നും പുറത്തുവരാൻ ഒരുപാട് സമയമെടുത്തു. ആരോടും സംസാരിക്കാൻ കഴിഞ്ഞില്ല. രണ്ടു രാത്രികൾ എടുത്താണ് ആ സീൻ ഷൂട്ട് ചെയ്തത്.
കുടുംബം
എന്റെ ജ്യേഷ്ടൻ പയ്യന്നൂർ മുരളി ഒരു നാടകനടൻ ആണ്. അദ്ദേഹം ഇപ്പോൾ സീരിയലിൽ അഭിനയിക്കുന്നുണ്ട്. എനിക്ക് ഒരു സഹോദരിയും അനുജനും ഉണ്ട്. എല്ലാവരും അടുത്ത് തന്നെയാണ് താമസം. വീട്ടിൽ അമ്മയും ഭാര്യ ധന്യയും രണ്ടു ആണ്മക്കളും ഉണ്ട്. കുട്ടികൾ ഒമ്പതിലും മൂന്നിലും പഠിക്കുന്നു. എല്ലാവർക്കും സിനിമ വളരെയധികം ഇഷ്ടമായി. ഭാര്യ എന്നോടൊപ്പം ഐഎഫ്എഫ്കെക്ക് വന്നിരുന്നു. സിബി മലയിൽ സാർ അവളോട് ചോദിച്ചു, വിജയൻറെ ഭാര്യയല്ലേ എന്ന്, അവൾ ആകെ ഞെട്ടി. മക്കൾക്കും ഞാൻ അഭിനയിക്കുന്നത് വലിയ ഇഷ്ടമാണ്.
പുതിയ പ്രോജക്ടുകൾ
‘തിങ്കളാഴ്ച നിശ്ചയം’ കഴിഞ്ഞു രണ്ടു സിനിമകൾ ചെയ്തു. തിങ്കളാഴ്ച നിശ്ചയത്തിന്റെ അസ്സോസിയേറ്റ് വിഷ്ണു ആദ്യമായി സംവിധാനം ചെയ്യുന്ന ഒരു സിനിമയിൽ അഭിനയിക്കുന്നു. 96 ഫെയിം ഗൗരി ആണ് നായിക. നായികയുടെ അച്ഛൻ ആണ് കഥാപാത്രം. പുതിയ ചിത്രങ്ങളുടെ ചർച്ചകൾ നടക്കുകയാണ്.