ഉണ്ണി മുകുന്ദന്റെ പിറന്നാളെന്ന് പറഞ്ഞാണ് എന്നെ പറ്റിച്ചത്: വൈഷ്ണവി രാജ് അഭിമുഖം

Mail This Article
ചെറുപ്പം മുതൽ അമ്മയുടെ അഭിനയം കണ്ടുവളർന്ന വൈഷ്ണവി അഭിനയലോകത്തെത്തിയതിൽ അദ്ഭുതപ്പെടാനില്ല. എന്നാൽ പഠനം പൂർത്തിയാക്കി ജോലിയും നേടിയതിനു ശേഷമാണ് ഉള്ളിലെ അഭിനയമോഹം വൈഷ്ണവി രാജ് പുറത്തെടുത്തത്. മിസ് കേരള 2020 പേജന്റിൽ മത്സരിച്ച് മിസ് ഫോട്ടോജെനിക് എന്ന ടൈറ്റിൽ നേടിയ ആത്മവിശ്വാസത്തോടെയാണ് വൈഷ്ണവി ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിന്റെ ഒഡിഷനെത്തുന്നത്. ഷെഫീക്കിനൊപ്പം ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമായെത്തിയ ലൂയിസ് എന്ന ചിത്രവും റിലീസ് ചെയ്തതിന്റെ സന്തോഷത്തിലാണ് വൈഷ്ണവി. വികെപിയുടെ ലൈവ്, സുരേഷ്‌ഗോപി ചിത്രം ജെഎസ്കെ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന വൈഷ്ണവി മനോരമ ഓൺലൈനിനൊപ്പം ചേരുന്നു.

ഉണ്ണി മുകുന്ദന്റെ സഹോദരി

ഓഡിഷൻ വഴിയാണ് ഞാൻ ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയിലേക്ക് എത്തുന്നത്. സംവിധായകൻ അനൂപ് ആണ് ഓഡിഷൻ ചെയ്ത് എന്നെ തിരഞ്ഞെടുത്തത്. സിനിമയിലെ ഏറ്റവും ഇമോഷനൽ ആയ സീൻ ആയിരുന്നു ചെയ്തു കാണിക്കാൻ പറഞ്ഞത്. അത് പെട്ടെന്ന് വർക്ക് ആയി എന്ന് തോന്നുന്നു. ബാക്കി എല്ലാവരെയും കാസ്റ്റ് ചെയ്ത് ഒടുവിലാണ് എന്നെ ഓഡിഷൻ ചെയ്തത്. ഉണ്ണി മുകുന്ദന്റെ സഹോദരി ആയാണ് ഞാൻ ഈ ചിത്രത്തിൽ അഭിനയിച്ചത്. അധികം ഓർത്തഡോക്സ് അല്ലാത്ത ഒരു മുസ്‌ലിം കുടുംബത്തിലെ പെൺകുട്ടി, ചെറുപ്പത്തിൽ തന്നെ വിവാഹം കഴിഞ്ഞ് ഒരു കുട്ടിയുള്ള കുറച്ച് അസൂയയും കുശുമ്പുമുള്ള കഥാപാത്രമാണ്. വളരെ ആസ്വദിച്ച് ഇഷ്ടത്തോടെ ചെയ്ത കഥാപാത്രമാണ് അത്. കഥാപാത്രത്തെക്കുറിച്ച് നല്ല പ്രതികരണങ്ങൾ കിട്ടുന്നതിൽ വളരെ സന്തോഷം.

മിസ് കേരള മിസ് ഫോട്ടോജനിക്

ഞാൻ തൃശൂർകാരി ആണ്. അച്ഛൻ സെൽവരാജ്, അമ്മ രേഖ, അനുജത്തി വൈദേഹി. എനിക്ക് ചെറുപ്പം മുതൽ അഭിനയം വളരെ ഇഷ്ടമായിരുന്നു. എന്റെ അമ്മ ഒരു തിയറ്റർ ആർടിസ്റ്റാണ്. അമ്മ അഭിനയിക്കുന്നത് കണ്ടു വളർന്ന എനിക്ക് ചെറുപ്പം മുതൽ നാടകവും സിനിമയുമൊക്കെ ഏറെ ഇഷ്ടമായിരുന്നു. എങ്കിലും വിദ്യാഭ്യാസത്തിനു എന്റെ കുടുംബം മുൻതൂക്കം കൊടുത്തിരുന്നു. ഡിഗ്രി കഴിഞ്ഞു ഞാൻ ഒരു ജോലിക്ക് പോയിരുന്നു.


എങ്കിലും എന്റെ ഉള്ളിലെ കലാകാരി എന്നെ അഭിനയത്തിലേക്ക് മടക്കി വിളിച്ചുകൊണ്ടിരുന്നു. അങ്ങനെയാണ് കലാരംഗത്തേക്ക് ചുവടുവയ്ക്കാൻ തീരുമാനിച്ചത്. ആദ്യം ഞാൻ എത്തിയത് മോഡലിങ്ങിൽ ആയിരുന്നു. മിസ് കേരള 2020 ൽ പങ്കെടുക്കുകയും അതിൽ മിസ് ഫോട്ടോജനിക് എന്ന ടൈറ്റിൽ സ്വന്തമാക്കുകയും ചെയ്തു. അതിനു ശേഷമാണ് സിനിമയിലേക്കുള്ള വഴി തുറന്നത്.

സെറ്റിലും അനൂപിന്റെ പ്രാങ്ക്
ഷെഫീക്കിന്റെ സെറ്റ് വളരെ രസകരമായ അനുഭവമായിരുന്നു. സംവിധായകൻ അനൂപ് പ്രാങ്ക് ചെയ്യുന്ന ആളാണല്ലോ. അനൂപേട്ടനും മറ്റുള്ളവരും ചേർന്ന് മിക്കവാറും ദിവസം പറ്റിക്കുന്നത് എന്നെയായിരുന്നു. ഒരു ദിവസം ഉണ്ണി മുകുന്ദന്റെ പിറന്നാൾ ആണെന്ന് എന്നോട് പറഞ്ഞു. ഞാൻ ഉണ്ണിയേട്ടന്റെ അടുത്ത് ചെന്നിട്ട് ഹാപ്പി ബർത്ത്‌ഡേ പറഞ്ഞു കൈ കൊടുത്തു. കണ്ടുനിന്നവരെല്ലാം പൊട്ടിച്ചിരിച്ചു. എല്ലാവരും വളരെ ആസ്വദിച്ച സെറ്റാണ് ഷെഫിക്കിലേത്. ഒരു തുടക്കക്കാരിയായ എനിക്ക് ആ സെറ്റിൽ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. ഉണ്ണിയേട്ടൻ, സ്മിനു ചേച്ചി, കൃഷ്ണേട്ടൻ തുടങ്ങിയവരുമായിട്ടാണ് എനിക്ക് കൂടുതൽ കോമ്പിനേഷൻ ഉള്ളത്. അവരെല്ലാം നല്ല സപ്പോർട്ട് ആണ് തന്നത്. ഞങ്ങളുടെ കുടുംബത്തിന്റെ കെമിസ്ട്രി എല്ലാവരും തമ്മിൽ പിന്തുണച്ചു അഭിനയിച്ചു എന്നതാണ്. സീനിയർ ആർട്ടിസ്റ്റും നിർമാതാവും ആയിട്ടുപോലും ഒരു ജാടയും ഇല്ലാതെ സിംപിൾ ആയി എല്ലാവരോടും ഇടപെടുന്ന ആളാണ് ഉണ്ണി മുകുന്ദൻ. വെറും 22 ദിവസം കൊണ്ടാണ് ഈ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്.
പ്രിയതാരം ശോഭ
എനിക്ക് ഏറ്റവും ഇഷ്ടമുള്ള താരം പഴയ നടി ശോഭയും ശോഭന മാഡവും ആണ്. അഭിനയത്തിൽ എന്റെ ഗുരു മുരളി മേനോൻ ആണ്. അദ്ദേഹത്തിന്റെ സ്റ്റുഡന്റ് ആയിരിക്കുമ്പോൾ അദ്ദേഹം നിർദേശിച്ചുതന് ചിത്രങ്ങൾ ഞാൻ കാണുമായിരുന്നു, കെ.ജി. ജോർജ് സർ, വേണു നാഗവള്ളി സർ, ഭരത് ഗോപി സർ തുടങ്ങിയവരുടെ ചിത്രങ്ങൾ ആയിരുന്നു സ്ഥിരം കാണുന്നത്. അഭിനയം ഏറ്റവും അധികം ഇഷ്ടപ്പെട്ടത് ശോഭ മാമിന്റെ ആയിരുന്നു. കാണുമ്പോൾ ഒരു വൗ ലൂക്ക് ഉള്ള നടി അല്ല അവർ, പക്ഷേ അവരുടെ സിനിമ കാണുമ്പോൾ അവരുടെ അനായാസമായ അഭിനയത്തിൽ നമ്മൾ അഡിക്റ്റ് ആയിപ്പോകും. അങ്ങനെ എനിക്കൊരു അഡിക്ഷൻ വന്ന നായിക ശോഭ മാം ആണ്. അവരൊക്കെ ചെയ്ത പോലത്തെ കഥാപാത്രങ്ങൾ ചെയ്യാൻ വലിയ ആഗ്രഹമാണ്. കുറെ നല്ല ചിത്രങ്ങളുടെ ഭാഗമാകണം എന്നാണ് ആഗ്രഹം.
വിനയപൂർവം ഇന്ദ്രൻസ്
ശരിക്കും പറഞ്ഞാൽ വളരെ അനുഗ്രഹീതമായ ഒരു നിമിഷത്തിലാണ് ഞാൻ നിൽക്കുന്നത്. എന്റെ രണ്ടു ചിത്രങ്ങൾ ഒരുമിച്ച് റിലീസ് ആയി. ഒന്ന് ഉണ്ണി മുകുന്ദന്റെ ചിത്രം മറ്റൊന്ന് ഇന്ദ്രൻസ് ഏട്ടന്റെ ചിത്രം. ലൂയിസ് എന്ന ചിത്രത്തിൽ ഇന്ദ്രൻസ് ഏട്ടനോടൊപ്പമാണ് കോമ്പിനേഷൻ ഉള്ളത്. അദേഹത്തൊപ്പോലെ ഇത്രയും സിംപിൾ ആയ ഒരു വ്യക്തിയെ ഞാൻ ആദ്യമായി കാണുകയാണ്. ആള് കാരവാൻ ഒന്നും ഉപയോഗിക്കില്ല സെറ്റിൽ വന്നു നേരെ നമ്മളോടൊപ്പമാണ് ഇരിക്കുക. ഒരാളുടെ ഡ്രെസ്സിന്റെ ബട്ടൻ പോയിട്ടുണ്ടെങ്കിൽ ഉടനെ അദ്ദേഹം പറയും ബട്ടൻ പൊട്ടിയോ, കുഴപ്പമില്ല ഞാൻ വച്ച് തരാം. അത്രയും സിംപിൾ ആയ ആളാണ് അദ്ദേഹം. അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ണ്ടു സിനിമകൾ ഒരുമിച്ച് റിലീസായത്തിന്റെ സന്തോഷത്തിലാണ് ഇപ്പോൾ.
പുതിയ ചിത്രങ്ങൾ
വി.കെ. പ്രകാശ് സർ സംവിധാനം ചെയ്യുന്ന ലൈവ് എന്ന സിനിമയിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രം ജെഎസ്കെയിലും ഒരു കഥാപാത്രം ചെയ്യുന്നുണ്ട്. രണ്ടു സിനിമകളുടെയും ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുകയാണ്.