മിയയോട് ചോദിച്ചിട്ടാണ് അശ്വിന്റെ ചിത്രം ഉപയോഗിച്ചത്: പ്രണയ വിലാസം സംവിധായകൻ അഭിമുഖം
Mail This Article
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ‘പ്രണയ വിലാസം’ എന്ന സിനിമയിൽ നിറയെ പ്രണയമാണ്. നായകന്റെയും നായികയുടെയും മാത്രമല്ല പല കാലങ്ങളിൽ പല കഥാപാത്രങ്ങളുടെ പ്രണയത്തിലൂടെ സഞ്ചരിക്കുന്ന ഗൃഹാതുരത ഉണർത്തുന്ന ഈ ചിത്രം നിഖിൽ മുരളി എന്ന കലാകാരന്റെ ആദ്യചിത്രമാണ്. മനസ്സിൽ കുഴിച്ചു മൂടിയ ആദ്യ പ്രണയത്തിന്റെ ഓർമകളും ക്യാംപസ് പ്രണയത്തിന്റെ പ്രസരിപ്പുമായി പ്രേക്ഷകരെ ആകർഷിച്ച ചിത്രം കാലങ്ങളായി ഒരു സിനിമ ചെയ്യണമെന്ന ഫൈൻ ആർട്സ് ആർടിസ്റ്റിന്റെ സ്വപ്നസാഫല്യം കൂടി ആയിരുന്നു. കണ്ണൂരിനെ ഏറെ സ്നേഹിക്കുന്ന നിഖിൽ ആ നാടിന്റെ മനോഹാരിതയും നിഷ്കളങ്കതയും കുളവും പാടങ്ങളും ചരിത്രം പറയുന്ന ക്യാംപസുകളും അഭ്രപാളിയിലാക്കി. കഴിവുറ്റ താരങ്ങളുടെ സാന്നിധ്യവും ഷാൻ റഹ്മാന്റെ അനുഭവ പരിചയവും നവാഗതനായ തനിക്ക് ഏറെ സഹായകമായെന്ന് നിഖിൽ പറയുന്നു. പ്രണയവിലാസത്തിന്റെ വിശേഷങ്ങൾ മനോരമ ഓൺലൈനിനോട് പങ്കുവച്ച് നിഖിൽ മുരളി...
നഷ്ടപ്രണയമില്ലാത്തവർ ഉണ്ടോ
ആദ്യത്തെ ചിത്രം പ്രണയ ചിത്രം ആകണം എന്ന വാശി ഒന്നും ഇല്ലായിരുന്നു. ഒരു നല്ല ഐഡിയ വരുമ്പോഴാണല്ലോ നമുക്കൊരു സിനിമ ചെയ്യാം എന്ന് തോന്നുന്നത്. നല്ലൊരു സ്റ്റോറി മനസ്സിൽ വന്നു, അത് വികസിപ്പിച്ചെടുത്തപ്പോൾ നല്ലൊരു തിരക്കഥയായി മാറി. അത് സിനിമയായി ചെയ്യാം എന്ന് തീരുമാനിക്കുകയായിരുന്നു. സുനു ആണ് ഈ കഥ പറഞ്ഞത്. സുനുവും ജ്യോതിഷും ചേർന്നാണ് തിരക്കഥ എഴുതിയത്. സുനു ഡിസി ബുക്സിന്റെയും മാതൃഭുമിയുടെയുമൊക്കെ യുവകഥാ പുരസ്‌കാരം നേടിയിട്ടുള്ള എഴുത്തുകാരനാണ്. അവർ രണ്ടുപേരും ചേർന്നാണ് കഥ തിരക്കഥ സംഭാഷണം എല്ലാം എഴുതിയത്. ഒരു ക്യാംപസ് പ്രണയവും നഷ്ടപ്രണയവും പ്രണയ നൈരാശ്യവുമൊക്കെ ഇല്ലാത്തവർ കുറവാണ്. അങ്ങനെ വരുമ്പോൾ ഇത് ഒരുപാടുപേരുടെ കഥയാണ്. ഒരുപാട് പേർക്ക് ഈ കഥ സ്വന്തം കഥയായിട്ട് തോന്നുന്നുണ്ട് എന്നുള്ള ഫീഡ്ബാക്ക് കിട്ടുന്നുണ്ട്. ഒരു കഥ ചെയ്യുമ്പോൾ അതിൽ സമകാലീനമായി എന്തെങ്കിലും വേണമല്ലോ അങ്ങനെയുള്ള ചുറ്റുപാടുകൾ നിരീക്ഷിച്ചപ്പോൾ സോഷ്യൽ മീഡിയയും വാട്സാപ്പും ഗൂഗിൾ പേയും ഒക്കെ ചേർത്തിട്ടുണ്ട്. അത് കാലത്തോട് ചേർന്ന് നിൽക്കാൻ ചെയ്തതാണ്. തിരക്കഥ എഴുതുമ്പോൾ മുതൽ അത് എത്രത്തോളം സത്യസന്ധമായി ചിത്രീകരിക്കാം എന്നതായിരുന്നു മനസ്സിൽ. ഞങ്ങൾ ഞങ്ങളോട് തന്നെ സത്യസന്ധമായിരിക്കുക എന്നത് മാത്രമേ ചെയ്തിട്ടുള്ളൂ. അങ്ങനെ ചെയ്യുമ്പോൾ അതിൽ വരുന്ന കഥാപാത്രങ്ങളും പരിശുദ്ധമായിരിക്കും. ഇങ്ങനെയൊക്കെയാണ് ‘പ്രണയ വിലാസം ’കെട്ടിപ്പടുത്തത്.
ചുറ്റുപാടുകളെ ക്യാൻവാസിലേക്ക് ആവാഹിക്കുക
ഞാൻ ചെറുപ്പം മുതലേ ചിത്രം വരയ്ക്കുമായിരുന്നു. തിരുവനന്തപുരം ഫൈൻ ആർട്സ് കോളജിൽ പെയിന്റിങ് സ്പെഷലൈസേഷൻ ചെയ്തതാണ്. അത് കഴിഞ്ഞു വിഷ്വൽ കമ്യൂണിക്കേഷൻ ആണ് പോസ്റ്റ് ഗ്രാജുവേഷൻ ചെയ്തത്. അതും കഴിഞ്ഞാണ് സിനിമ ചെയ്യണം എന്ന ആഗ്രഹം വന്നത്. പിന്നീട് കൂടുതൽ സിനിമ കാണുകയും സിനിമയെന്തെന്ന് പഠിക്കാൻ ശ്രമിക്കുകയും ചെയ്തു. പരസ്യ ചിത്രങ്ങൾ ചെയ്തു, സീ കേരള ചാനലിന്റെ ഓൺ എയർ പ്രൊമോഷൻ ഹെഡ് ആയി ജോലി ചെയ്തിട്ടുണ്ട്. ആ സമയത്ത് അവർക്കു വേണ്ടി നാഷനൽ ക്യാംപെയ്ൻ ചെയ്തിട്ടുണ്ട്. അതോടൊപ്പം തന്നെ സിനിമയ്ക്കു വേണ്ടിയുള്ള പരിശ്രമങ്ങളും ഉണ്ടായിരുന്നു. തിരക്കഥ തയാറായപ്പോൾ ഞാൻ ജോലി ഉപേക്ഷിച്ച് മുഴുവൻ സമയം സിനിമയ്ക്കു വേണ്ടി വർക്ക് ചെയ്തു. പണ്ടുമുതൽ ഞാൻ വരയ്ക്കാൻ വേണ്ടി ചുറ്റുപാടുകൾ നിരീക്ഷിക്കുന്ന പതിവുണ്ടായിരുന്നു. മനസ്സിൽ കയറിക്കൂടുന്ന ഇമേജുകൾ പെയിന്റിങ്ങാക്കി മാറ്റും. അതൊക്കെ സിനിമ ചെയ്തപ്പോൾ എന്നെ ഒരുപാട് സഹായിച്ചു.
മിയയും അശ്വിനും
സിനിമയ്ക്കായി കാസ്റ്റിങ് ചെയ്യുമ്പോൾ മീരയുടെ കഥാപാത്രത്തെപ്പറ്റി പലരോടും സംസാരിച്ചിട്ടുണ്ടായിരുന്നു. ഒടുവിൽ മിയ ജോർജ് എന്ന താരം മനസ്സിലേക്ക് വന്നു. മീര എന്ന കഥാപാത്രത്തെപ്പറ്റി ഏറ്റവും കൂടുതൽ കണക്റ്റ് ചെയ്തു സംസാരിച്ചത് മിയ ആയിരുന്നു. മീരയെപ്പറ്റി വളരെ രസകരമായി മിയ സംസാരിച്ചു. മാനസികമായി മീരയെ ഉൾക്കൊള്ളാനുള്ള കഴിവ് മിയക്ക് ഉണ്ടായിരുന്നു. അത് കേട്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷമായി. അപ്പോൾ തന്നെ ഇത് മിയ ചെയ്‌താൽ നന്നാകും എന്ന് തോന്നി. മിയ കുറെ നാളായി സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ്, ഉടനെ തിരിച്ചു വരുമോ എന്നൊന്നും ഞാൻ ചിന്തിച്ചില്ല. ഞങ്ങൾ പോയി സംസാരിച്ചു അന്ന് വൈകിട്ട് തന്നെ മിയ വിളിച്ച് ഈ കഥാപാത്രം ചെയ്യാം എന്ന് സമ്മതിച്ചു. മിയയുടെ ഭർത്താവിന്റെ ഒരു ഫോട്ടോ ഞങ്ങൾ ഈ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. ഞങ്ങൾക്ക് അവിടെ ഒരു ഫോട്ടോ വേണമായിരുന്നു. അപ്പോൾ ഞാൻ മിയയോട് ഒരു ഫോട്ടോ അയച്ചു തരുമോ എന്ന് ചോദിച്ചു. അങ്ങനെയിരിക്കുമ്പോഴാണ് മിയയുടെ ഇൻസ്റ്റാഗ്രാമിൽ അവരുടെ ഭർത്താവ് അശ്വിനുമായി നിൽക്കുന്ന പടം കാണുന്നത്. അശ്വിൻ സെറ്റിലൊക്കെ വരുമായിരുന്നു, ഞങ്ങളോടൊക്കെ നല്ല സൗഹൃദത്തോടെ പെരുമാറുന്ന ആളാണ്. മിയയോട് ഞാൻ ഈ ഫോട്ടോ ഉപയോഗിച്ചോട്ടെ എന്ന് ചോദിച്ചപ്പോൾ മിയ അവരുടെ കുറച്ചു ചിത്രങ്ങൾ അയച്ചു തന്നു. അങ്ങനെയാണ് അശ്വിന്റെ ചിത്രം ഉപയോഗിച്ചത്.
കണ്ണൂർ ഭാഷയും ഗ്രാമങ്ങളും ഏറെ പ്രിയം
തിരുവനന്തപുരത്താണ് എന്റെ വീട്. എന്റെ ഭാര്യവീട് കണ്ണൂരാണ്. എഴുത്തുകാരിൽ ഒരാൾ കണ്ണൂർകാരൻ ആണ്. അവർക്ക് രണ്ടുപേർക്കും കണ്ണൂർ ഭാഷ നന്നായി അറിയാം. കഥ എഴുതുമ്പോൾ അവർക്ക് ആ നാടിന്റെ സംസ്കാരം ഏറ്റവും നന്നായി കൊണ്ടുവരാൻ പറ്റും എന്നുള്ളതുകൊണ്ടാണ് ഞങ്ങൾ ഈ സിനിമ കണ്ണൂര്‍ വച്ച് ചെയ്തത്. എന്റെ ഒപ്പം പഠിച്ചവരിൽ കൂടുതൽ പേരും കണ്ണൂരുകാരാണ്. എനിക്ക് കണ്ണൂർ ഭാഷയും അവിടുത്തെ ഗ്രാമങ്ങളും ഒരുപാട് ഇഷ്ടമാണ്. പാലായി എന്ന സ്ഥലത്തെ ഒരു വീടാണ് അർജുന്റെ വീടായി കാണിച്ചത്. നല്ല രസമുള്ള ഒരു വീടാണ് അത്, അവിടുത്തെ അമ്മയും അപ്പു എന്ന മകനും ഞങ്ങളുടെ സ്വന്തം ആൾക്കാരാണ്. ആ അമ്മ ഞങ്ങളുടെ അമ്മയാണ്. ആ വീടിനടുത്തൊരു കുളമുണ്ട്. ആ വീടിനും ചുറ്റുപാടിനും ഒരു കേടുപാടും സംഭവിക്കാതെ വളരെ മൃദുവായിട്ടാണ് ഞങ്ങൾ ഉപയോഗിച്ചത്. അവിടെയുള്ള ഒരു ചെടിയെപോലും ഉപദ്രവിക്കാതെയാണ് ചെയ്തത്. ബ്രണ്ണൻ കോളജ്, പയ്യന്നൂർ കോളജ്, മാടായി കോളജ്, കാഞ്ഞങ്ങാട് നെഹ്‌റു കോളജ് ഒക്കെ ലൊക്കേഷൻ ആയിരുന്നു. മയ്യിൽ എന്ന സ്ഥലത്താണ് കുറച്ചു ഭാഗം ഷൂട്ട് ചെയ്തത്. വയനാടും ലൊക്കേഷൻ ഉണ്ടായിരുന്നു.
പ്രമോഷൻ ചെയ്തപ്പോൾ പല കാര്യങ്ങളും വെളിപ്പെടുത്തിയിരുന്നില്ല. ആൾക്കാർക്ക് സിനിമ കാണുമ്പോൾ എന്തെങ്കിലും സർപ്രൈസ് വേണ്ടേ, അത്തരത്തിലാണ് പ്രമോഷൻ ചെയ്തത്. സിനിമ കാണുമ്പോൾ ഞാൻ പ്രതീക്ഷിക്കുന്നതല്ല മറ്റൊന്നാണ് അവിടെ സംഭവിക്കുന്നതെങ്കിൽ അതിനോട് കൂടുതൽ ഇഷ്ടം തോന്നും. സിനിമയുടെ പ്രധാന ഭാഗം ഒളിച്ചു വച്ച് അനശ്വര–മമത–അർജുൻ എന്നിവരെ മുൻനിർത്തിയാണ് ട്രെയിലർ കട്ട് ചെയ്തത്. അനശ്വരയെയും മമതയെയും അർജുനെയും ഇഷ്ടപ്പെടാത്ത മലയാളികളില്ല. ഇവർ മൂന്നുപേരും ഉള്ളതുകൊണ്ട് പ്രേക്ഷകർക്ക് സിനിമയോട് തന്നെ ഒരു സ്നേഹം വരുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു.
പ്രണയവിലാസത്തിലെ അന്തേവാസികൾ കഴിവുറ്റ താരങ്ങളാണ്
അനശ്വരയുടെ രൂപസാദൃശ്യമുള്ള ഒരു താരത്തെ തിരഞ്ഞു നടന്നപ്പോഴാണ് ശ്രീധന്യ മാമിന്റെ പടം കാണുന്നത്. അവർ ചെയ്യുന്ന ഒരു സീരിയലിന്റെ ഹോർഡിങ് കണ്ടപ്പോൾ അനശ്വരയുമായി സാദൃശ്യം തോന്നി. പിന്നെ ശ്രീധന്യ മാമിന്റെ ഇൻസ്റ്റയിൽ ഒരു പഴയ പരസ്യ ചിത്രം കണ്ടു. അതിൽ അനശ്വരയും ശ്രീധന്യ മാമും ഒരുമിച്ച് ഇരിക്കുന്നത് കണ്ടു. അത് നോക്കിയപ്പോൾ ഞങ്ങൾക്കെല്ലാം ഇഷ്ടപ്പെട്ടു. മാമിനോട് കഥ പറഞ്ഞപ്പോൾ അവർക്ക് ഇഷ്ടമായി ഒരുപാട് കഠിനാധ്വാനം ചെയ്യുന്ന താരമാണ് അവർ. മനോജ് കെ.യു. എന്ന താരത്തെ നിർമാതാക്കൾ ആണ് നിർദേശിച്ചത്. വളരെ ജെനുവിൻ ആയ താരമാണ് മനോജേട്ടൻ. തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിൽ അദ്ദേഹത്തിന്റെ പകർന്നാട്ടം നമ്മൾ കണ്ടതാണ്. വളരെ റിയലിസ്റ്റിക്കായി അഭിനയിക്കുന്ന താരമാണ് മനോജേട്ടൻ. നല്ല കഴിവുള്ള താരവും വളരെ നല്ലൊരു മനുഷ്യനുമാണ് അദ്ദേഹം. മനോജേട്ടനെ ഇഷ്ടപ്പെട്ടുകഴിഞ്ഞാൽ പ്രേക്ഷകർ അദ്ദേഹത്തോടൊപ്പം സഞ്ചരിച്ചുകൊള്ളും എന്നൊരു തോന്നലുണ്ടായിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. അദ്ദേഹം വരുന്ന സീനിലെല്ലാം പ്രേക്ഷകർ ആസ്വദിക്കുനന്നതാണ് കണ്ടത്.
ശരത് സഭ എന്ന താരം വളരെ നല്ലൊരു രസികനാണ്. ജാനേ മൻ എന്ന സിനിമയിൽ "സജിയേട്ടാ ഇവിടെ സേഫ് അല്ല" എന്ന അദ്ദേഹത്തിന്റെ ഡയലോഗ് വൈറലാണ്. കണ്ണൂർ കഥ പറഞ്ഞപ്പോൾ ആ നാടിന്റെ കൾച്ചറുമായി ചേർന്നുപോകാനായി അദ്ദേഹത്തിന് തെയ്യം കലാകാരന്റെ ഒരു ബാക് ഡ്രോപ്പ് കൊടുത്തതാണ്. അദ്ദേഹത്തെ കാണുന്നവരെല്ലാം ഇപ്പോഴും ‘‘സജിയേട്ടാ ഇവിടെ സേഫ് അല്ല’’ എന്ന് പറയാറുണ്ട്. അതുപോലെ ഹക്കിം ഷായുടേതും ഒരു സർപ്രൈസ് കഥാപാത്രമായിരുന്നു. നല്ല ടാലന്റഡ് ആയ താരമാണ് അദ്ദേഹം. കഴിവുറ്റ ഹാർഡ് വർക്കിങ് ആയ താരങ്ങളാണ് സിനിമയെ ഇത്രയും ജീവസ്സുറ്റതാക്കി മാറ്റിയത്.
ഷാൻ റഹ്മാൻ എന്ന സംഗീത സംവിധായകന്റെ മാജിക് ആണ് പ്രണയവിലാസത്തിലെ പാട്ടുകളെ മനോഹരമാക്കിയത്. ആദ്യമായി സിനിമ ചെയ്യുന്ന എനിക്ക് ഷാൻ റഹ്മാൻ എന്ന സംഗീതജ്ഞന്റെ അനുഭവസമ്പത്ത് ഒരുപാട് സഹായിച്ചു. ഞാൻ ഓരോ സംശയങ്ങൾ ചോദിക്കുമ്പോൾ അദ്ദേഹം പറയും, ‘‘ബ്രോ അത് അങ്ങനെ അല്ല ഇങ്ങനെ ചെയ്താലാകും നന്നാവുക. നീ ഇങ്ങനെ ചെയ്തു നോക്ക് അത് കറക്റ്റ് ആയിരിക്കും’’. ഒരുപാട് അനുഭവ പരിചയമുള്ള അദ്ദേഹത്തിന്റെ സഹായം വളരെ വലുതായിരുന്നു. അതുപോലെ തന്നെ വേണുഗോപാൽ എന്ന ഗായകന്റെ ശബ്ദം കുറെ നാളിന് ശേഷം കേട്ടപ്പോൾ എല്ലാവർക്കും ഇഷ്ടമായി. ആൾക്കാർക്ക് വേണു ചേട്ടനെ അത്രത്തോളം ഇഷ്ടമാണെന്ന് എനിക്ക് മനസിലായി. അദ്ദേഹത്തിന്റെ പാട്ടുകളെ എല്ലാവരും രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. മനു മഞ്ജിത്ത് എഴുതി ഷാൻ ഇക്ക ഈണം നൽകി വേണു ചേട്ടൻ പാടിയ "കരയാൻ മറന്നു നിന്നോ" എന്ന പാട്ട് എനിക്കും ഏറെ പ്രിയപ്പെട്ട ഗാനമാണ്. 'മനസ്സിൻ പകൽവാനിലായ് ചിരിതൂകിടും സിന്ദൂരമേ ഇരുൾ പൂകയോ' ഈ വരികൾ കെട്ടവരെല്ലാം കണ്ണുകൾ ഈറനണിഞ്ഞു എന്നാണ് പ്രതികരണങ്ങൾ അയയ്ക്കുന്നത്. ഗൃഹാതുരത ഉണർത്തുന്ന പാട്ടുകളാണ് ഷാൻ ഇക്ക ചെയ്തു തന്നത്.
പോസിറ്റീവ് റിവ്യൂ
നല്ല സിനിമയാണ് എന്നുപറഞ്ഞ് ഒരുപാട് നല്ല റിവ്യൂ കിട്ടുന്നുണ്ട്. കുടുംബമായി എത്തി കാണാൻ പറ്റുന്ന സിനിമയാണ് എന്നാണ് എല്ലാരുടെയും അഭിപ്രായം. ഫാമിലി ഓഡിയൻസ് ആണ് കൂടുതലും വരുന്നത്. കണ്ടവരൊക്കെയും നല്ല അഭിപ്രായം പറയുന്നു. കോവിഡ് കഴിഞ്ഞതിനു ശേഷം സിനിമ കാണലിന്റെ രീതി ഒരുപാട് മാറിയിട്ടുണ്ടല്ലോ. മൗത്ത് പബ്ലിസിറ്റി വഴി കൂടുതൽ ആളുകൾ സിനിമയെക്കുറിച്ച് അറിഞ്ഞ് വന്നു കാണുമെന്നു കരുതുന്നു. എല്ലാവരും തീയറ്ററിൽ എത്തി സിനിമ കണ്ട് അഭിപ്രായം അറിയിക്കണം എന്നാണ് എനിക്ക് അഭ്യർഥിക്കാനുള്ളത്.