ADVERTISEMENT

സംസ്ഥാന അവാർഡ് ജൂറിയിലെ ആറുപേർക്കും ഒരുപോലെ ഇഷ്ടപ്പെടാത്ത ഹോമിന് ദേശീയ പുരസ്‌കാരവേളയിൽ ഏറ്റവും മികച്ച മലയാള സിനിമ എന്ന ബഹുമതി ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് ‘ഹോം’ സിനിമയുടെ സംവിധായകൻ റോജിൻ തോമസ്. സിനിമ റിലീസ് ചെയ്തു രണ്ടുവർഷം ആയിട്ടും എന്നും രാവിലെ അഞ്ചു മെസ്സേജ് എങ്കിലും ഹോമിനെക്കുറിച്ച് കിട്ടും എന്ന് റോജിൻ പറയുന്നു. എല്ലാ മലയാളികളും കുടുംബാംഗത്തെപോലെ കാണുന്ന ഇന്ദ്രൻസിന് വൈകിയെങ്കിലും അംഗീകാരം കിട്ടിയതിൽ സന്തോഷമുണ്ട്.  അപ്രതീക്ഷിതമായി ലഭിച്ച നേട്ടത്തിൽ സന്തോഷമുണ്ടെന്നും ‘കത്തനാർ’ എന്ന പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് ഇപ്പോൾ എന്നും റോജിൻ തോമസ് മനോരമ ഓൺലൈനിനോട് പറഞ്ഞു.

 

രണ്ടുവർഷത്തിനു ശേഷം അംഗീകാരം 

 

‘ഹോം’ എന്ന ഞങ്ങളുടെ സിനിമക്ക് ഏറ്റവും മികച്ച മലയാളം സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതിൽ ഭയങ്കര സന്തോഷമുണ്ട്.  കാരണം ഹോം ഇറങ്ങിയിട്ട് രണ്ടുവർഷമായി  ഇപ്പോഴും രാവിലെ ഞാൻ ഫെയ്സ്ബുക്ക് തുറക്കുമ്പോൾ മിനിമം അഞ്ചു മെസ്സേജ് എങ്കിലും ഹോമിനെ കുറിച്ച് ഉണ്ടാകും. ലോകത്തുള്ള എവിടെയെങ്കിലും ആരെങ്കിലും ഒക്കെ കണ്ടിട്ട് മെസ്സേജ് അയക്കാറുണ്ട്.  അങ്ങനെ ഒരു പടത്തിന് രണ്ടുവർഷം കഴിഞ്ഞിട്ട് രാജ്യത്തിന്റെ തന്നെ ഏറ്റവും വലിയ അംഗീകാരം കിട്ടുക എന്നതിൽ  കവിഞ്ഞ് മറ്റൊരു സന്തോഷമില്ല.

 

ഇന്ദ്രൻസ് മലയാളികളുടെ വീട്ടിലെ അംഗം 

 

ഹോം സിനിമയുടെ കാര്യം ആരോടെങ്കിലും പറയുമ്പോൾ ഒരു പരിചയമില്ലാത്ത ആളുകൾ പോലും അവരുടെ വീട്ടിലെ ഒരു അംഗത്തെ പോലെയാണ് നമ്മളെ കാണുന്നത്. ഇന്ദ്രൻസ് ഏട്ടൻ എന്ന് പറഞ്ഞാൽ എല്ലാ  മലയാളികളും നെഞ്ചോട് ചേർത്ത ആക്ടറാണ്. ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രം അവരുടെയെല്ലാം വീട്ടിലെ ഒരു അംഗത്തെപ്പോലെയാണ് എല്ലാവരും കാണുന്നത്. അങ്ങനെയുള്ള ഇന്ദ്രൻസ് ചേട്ടന് ഇത്തരമൊരു ബഹുമതി കിട്ടുന്നത് ഇരട്ടിമധുരം തന്നെയാണ്.

 

സംസ്ഥാന പുരസ്‌കാര ജൂറിയിലെ ആറുപേർക്കും ഒരുപോലെ ഇഷ്ടപ്പെടാത്ത ഹോം 

 

ജനങ്ങൾ ഇത്രയും ഏറ്റെടുത്ത സിനിമ ആയിട്ടുകൂടി സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേളയിൽ ഒരു കാറ്റഗറിയിൽ പോലും പരിഗണിക്കപ്പെട്ടില്ല എന്നത് മനസ്സിന്റെ ഉള്ളിൽ വിഷമം തോന്നിയ കാര്യമായിരുന്നു. ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഏറ്റെടുത്ത എല്ലാവർക്കും ഇഷ്ടപ്പെട്ട സിനിമ ജൂറിയിലെ ആറു പേർക്കും  ഒരുപോലെ ഇഷ്ടപ്പെടാതെ പോയി എന്നത് ഞങ്ങളെ ഞെട്ടിച്ചു.  ആ വേളകളിലൊക്കെ എല്ലാ മാധ്യമങ്ങളിലും ഹോം ഹോം എന്നു തന്നെയാണ് കണ്ടുകൊണ്ടിരിക്കുന്നത്. അപ്പോൾ നമ്മളും ആഗ്രഹിച്ചു പോകുമല്ലോ  പക്ഷേ ഒരു കാറ്റഗറിയിൽ പോലും അവാർഡ് ലഭിച്ചില്ല എന്നുള്ളതിൽ ഒരു വിഷമം തോന്നി. ആ പക്ഷേ ആരോടും പരാതികൾ ഒന്നുമില്ല. പക്ഷേ കുറച്ചു വൈകിയിട്ടെങ്കിലും രാജ്യത്തിന്റെ പരമോന്നത ബഹുമതി കിട്ടി എന്ന് അറിയുന്നത് എല്ലാ വിഷമങ്ങളും മറികടക്കുന്ന സന്തോഷമാണ്. ഞങ്ങളെല്ലാവരും അവാർഡ് കിട്ടുന്ന കാര്യം മറന്നിരിക്കുകയായിരുന്നു. ഹോമിന്റെ രണ്ടാമത്തെ വാർഷികം ആണ് ഇപ്പോൾ. ഈ രണ്ടാം വാർഷികത്തിൽ ഹോമിന് ഇത്രയും ഒരു ബഹുമതി കിട്ടുന്നത് ശരിക്കും വലിയ ഒരു കാര്യമാണ്

 

എല്ലാവരുമെത്തിയിട്ട് ആഘോഷം 

 

ഞങ്ങൾ ഈ അവാർഡ് പ്രതീക്ഷിച്ചിരുന്നത് അല്ലല്ലോ അതുകൊണ്ട് ഞങ്ങളുടെ കുറച്ച് ടീം അംഗങ്ങൾ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ അതുകൊണ്ട് ചെറിയൊരു ആഘോഷം നടത്തി. എല്ലാവരും കൂടി വന്ന് എത്തിച്ചേർന്നിട്ടു വലിയൊരു ആഘോഷം നടത്തണമെന്നാണ് ആഗ്രഹിക്കുന്നത്

 

വരുന്നത് ‘കത്തനാർ’

 

‘കത്തനാർ എന്ന ചിത്രത്തിന്റെ വർക്കിലാണ് ഇപ്പോൾ.  അത് ഗോകുലം മൂവീസിന്റെ പടമാണ്. ഹോമിനെക്കാൾ വലിയൊരു ബജറ്റ് ഉള്ള  സിനിമയാണ് കത്തനാർ.  അതിന്റെ ഒരു ഉത്തരവാദിത്വവും കാര്യങ്ങളും ഒക്കെ ഉണ്ട്.  ചിത്രത്തിന്റെ രണ്ട് ഷെഡ്യൂൾ ഷൂട്ടിംഗ് കഴിഞ്ഞു.  ഇനി ഒരു വലിയ ഷെഡ്യൂൾ അടുത്തമാസം തുടങ്ങാൻ ഇരിക്കുകയാണ് അതിന്റെ വർക്കിലാണ് ഇപ്പോൾ. ഷൂട്ട് അടുത്ത് ഫെബ്രുവരി വരെ പോകാൻ സാധ്യതയുണ്ട് മേജർ പോർഷനാണ് ഷൂട്ട് ചെയ്യാനുള്ളത്. അടുത്തവർഷം ഈ സമയത്തോടുകൂടി എന്തെങ്കിലും ഒക്കെ ഒരു അപ്ഡേറ്റ് തരാൻ കഴിയും എന്ന് തോന്നുന്നു

 

കത്തനാറിനു വേണ്ടി പണിഞ്ഞത് ഇന്ത്യയിൽ തന്നെ വലിയ സ്റ്റുഡിയോ ഫ്ലോറുകളിൽ ഒന്ന്  

 

ഈ സിനിമയിൽ ഉപയോഗിക്കുന്ന പല കാര്യങ്ങളും ഇതുവരെ ആരും ഇവിടെ ഉപയോഗിച്ചിട്ടില്ലാത്ത കാര്യങ്ങൾ എന്തുകൊണ്ട് ഒരുപാട് പ്രക്കും കാര്യങ്ങളും ഒക്കെ വേണം. ഈ സിനിമയ്ക്ക് വേണ്ടി ഗോകുലം മൂവീസും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി സാറും മുഴുവൻ സപ്പോർട്ട് ഞങ്ങൾക്ക് തന്നിരുന്നു പത്തനാർക്കുവേണ്ടി പഴനി സ്റ്റുഡിയോ എന്ന് പറയുന്നത് ഇന്ത്യയിൽ തന്നെ വലിയ സ്റ്റുഡിയോ ഫ്ലോറുകളിൽ ഒന്നാണ് പത്തനാർക്കുവേണ്ടി പണിഞ്ഞെങ്കിലും ഇനി ഏത് സിനിമയ്ക്കും ഉപയോഗിക്കാവുന്ന തരത്തിലാണ് ഫ്ലോർ ഉണ്ടാക്കിയിരിക്കുന്നത്.

 

ജയസൂര്യയുടെ രണ്ടു വർഷത്തെ കഠിനാധ്വാനം

 

ജയസൂര്യ ഒന്നര വർഷമായി മറ്റു സിനിമകളിൽ ഒന്നും പോകാതെ ഒരു ബ്രേക്ക് എടുത്ത് സിനിമയ്ക്കു വേണ്ടി തയാറെടുക്കുകയായിരുന്നു. അതുപോലെ എല്ലാവരും ആത്മാർഥമായി നിൽക്കുന്ന സിനിമയാണ് കത്തനാർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com