ADVERTISEMENT

വ്യവസായിയായ ബോബി ചെമ്മണൂരിനെതിരെ നേരിട്ട് യുദ്ധം പ്രഖ്യാപിച്ച നടി ഹണി റോസിന്റെ പ്രവർത്തിയിൽ സന്തോഷമുണ്ടെന്ന് നടി മറീന മൈക്കിൾ. ബോബി ചെമ്മണൂരിന്റെ സ്ഥാപനങ്ങളിൽ ഉദ്ഘാടനങ്ങൾക്ക് വിളിക്കുമ്പോൾ അവിടെ ബോബി ഉണ്ടാകുമോ എന്ന് ചോദിക്കാറുണ്ടെന്നും താൻ പോയ ഉദ്ഘാടനങ്ങളിലൊന്നും ബോബിയുടെ സാന്നിധ്യം ഉണ്ടായിട്ടില്ലെന്നും മെറീന മൈക്കിൾ പറഞ്ഞു. തനിക്ക് നേരിട്ട അപമാനം തുറന്നുപറഞ്ഞു ഹണി പോലീസിൽ പരാതി കൊടുത്തതിൽ സന്തോഷമുണ്ട്. പക്ഷേ, പല പരാതികളും ഒടുവിൽ ഒത്തുതീർപ്പിലാവുകയോ കേസ് തേഞ്ഞുമാഞ്ഞുപോവുകയോ ചെയ്യുന്നതാണ് കണ്ടിട്ടുള്ളതെന്നും ഈ കേസ് അത്തരത്തിലാകാതിരിക്കണം എന്നാണ് ആഗ്രഹമെന്നും മെറീന മൈക്കിൾ പറയുന്നു. ചങ്ക്സ് എന്ന സിനിമയിൽ ഹണിയോടൊപ്പം ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഹണി വളരെ സൗമ്യയായി പെരുമാറുന്ന വളരെ പ്രഫഷണലായ ആർടിസ്റ്റാണ് എന്ന് തോന്നിയിട്ടുണ്ട്. അമ്മയും ഡബ്ല്യൂസിസിയും ഉൾപ്പെട്ട സഹപ്രവർത്തകർ എല്ലാം ഹണിക്ക് പിന്തുണ പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ടെന്നും ഹണി ധൈര്യമായി മുന്നോട്ട് പോകണം എന്നും മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ മറീന മൈക്കിൾ പറഞ്ഞു.   

‘ബോബി ഉണ്ടാകുമോ’ എന്നു ചോദിക്കും 

ഞാൻ ബോബി ചെമ്മണൂരിന്റെ ആറോ ഏഴോ സ്ഥാപനങ്ങളിൽ ഉദ്ഘാടനങ്ങൾക്ക് പോയിട്ടുണ്ട്. അവിടെയൊന്നും ബോബി എന്ന വ്യക്തിയുടെ സാന്നിധ്യം ഇല്ലായിരുന്നു. അവിടെയുള്ള സ്റ്റാഫുകൾ വളരെ മാന്യമായിട്ടാണ് പെരുമാറിയിട്ടുള്ളത്. ഇദ്ദേഹം പറയുന്ന കമന്റുകൾ മുൻപ് കണ്ടിട്ടുള്ളതുകൊണ്ട് ഞാൻ ഇദ്ദേഹം അവിടെ ഉണ്ടാകുമോ എന്ന് ചോദിച്ച് ഇല്ല എന്ന് ഉറപ്പാക്കിയതിന് ശേഷമാണ് പോയിട്ടള്ളത്. സാധാരണ ഒരു ഉദ്ഘാടനത്തിന് പോകുമ്പോൾ അങ്ങനെ ചോദിക്കേണ്ട കാര്യമില്ല. പക്ഷേ, ഇവരുടെ സ്ഥാപനത്തിൽ ഞാൻ പോകുമ്പോൾ അങ്ങനെ ചോദിക്കാറുണ്ട്.  അക്കാര്യത്തിൽ ഞാൻ വളരെ കെയർഫുൾ ആണ്. എന്നോട് പൊതുവെ പല ആളുകളും പറയാറുണ്ട്, ഇദ്ദേഹത്തിന്റെ സ്ഥാപനങ്ങളിൽ വിളിച്ചാൽ പോകരുത് എന്ന്. അത്തരത്തിൽ പൊതുജനങ്ങൾക്ക് ഒരു ധാരണ കൊടുക്കുന്ന വ്യക്തിയാണ് അത്. ഞാൻ സ്ഥാപനത്തിനെ കുറ്റം പറയുന്നില്ല.  

ആ വിഷമാവസ്ഥയിൽ ദുഃഖമുണ്ട്

ഹണി റോസ് ഈ വ്യക്തിയുടെ പേര് പറഞ്ഞ് മുന്നോട്ട് വന്നതിൽ വളരെയധികം സന്തോഷമുണ്ട്. പക്ഷേ, ഇതിന്റെ ഒരു അനന്തരഫലം എന്തായിരിക്കും എന്നൊരു ആശങ്ക എനിക്കുണ്ട്. കാരണം ഇത്തരമൊരു കാര്യം തുടങ്ങിവച്ചിട്ട് അത് പിന്നീട് ഒരു ഒത്തുതീർപ്പിലോ ഒക്കെ ആയി പോകുന്നത് കണ്ടിട്ടുണ്ട്. ഇങ്ങനെ ചെയ്യുന്ന ആൾക്കാർക്ക് ഒരു ശിക്ഷ കിട്ടുന്നതൊന്നും കാണാറില്ല. ഇക്കാര്യത്തിൽ അങ്ങനെ ഉണ്ടാകരുത് എന്നാണ് ആത്മാർഥമായി ആഗ്രഹിക്കുന്നത്. ഹണിയുടെ ന്യൂസിൽ ഒക്കെ വന്ന ശബ്ദസന്ദേശം കേട്ടിട്ട് ഹണി വളരെ ബോൾഡായി മുന്നോട്ട് പോകും എന്നാണ് മനസ്സിലായത്. വർഷങ്ങളായി സൈബർ ബുള്ളീയിങ് നേരിടുന്ന ആളാണ് ഹണി. ഈ വ്യക്തിയുടെ ദ്വയാർഥ പ്രയോഗം വളരെ മോശം ആയിപ്പോയി. ഹണി നേരിട്ട വിഷമാവസ്ഥയിൽ ശരിക്കും ദുഃഖം തോന്നുന്നു. ഹണിയോടൊപ്പം ഞാൻ ചങ്ക്സ് എന്ന സിനിമയിൽ വർക്ക് ചെയ്തിട്ടുണ്ട്. ഹണി വളരെ പ്രഫഷണൽ ആയ വ്യക്തിയാണ്. വളരെ നല്ല പെരുമാറ്റമാണ്. നമ്മളോട് പെരുമാറുന്ന രീതിയും അവർ അവരെ തന്നെ ക്യാരി ചെയ്യുന്ന രീതിയും വളരെ പെർഫെക്റ്റ് ആണ്. ആ ഒരു പ്രഫഷണലിസം ഹണി പോകുന്ന എല്ലാ പരിപാടിയിലും കാണിക്കാറുണ്ട്.

പണം ഉണ്ടായാൽ മാത്രം പോരാ

ഈ ബോബി ചെമ്മണൂർ എന്ന വ്യക്തി ഒരു ന്യൂഇയർ ഇവന്റിന് ആളുകളെ വിളിച്ച രീതി ഇന്നും എനിക്ക് ഓർമ്മയുണ്ട്. "കുടിക്കാൻ ഉള്ളത് ഞങ്ങൾ തരും, കളിക്കാനുള്ളത് നിങ്ങൾ കൊണ്ടുവരണം" എന്നാണ് പറഞ്ഞത്.  അവിടെ ആ പരിപാടിയിൽ പങ്കെടുത്ത സ്ത്രീകൾ ആരായി. ഇത്തരത്തിൽ ആണ് ഇദ്ദേഹം സംസാരിക്കുന്നത്. എന്തെങ്കിലും പറഞ്ഞാൽ നിങ്ങളുടെ ചിന്താഗതിയുടെ കുഴപ്പമെന്ന് പറയും. ഓരോരുത്തർക്കും ഒരു ക്ലാസ് ഉണ്ടല്ലോ അത് എത്ര പണമുണ്ടെങ്കിലും മാറ്റാൻ കഴിയില്ല. ആളുകളുടെ ബേസിക് സ്വഭാവം മാറാൻ പോകുന്നില്ല. എത്രയോ കാലമായി ഹണിയെ ആളുകൾ ടാർഗറ്റ് ചെയ്യുന്നതായി തോന്നിയിട്ടുണ്ട്. ഒരിടത്തും മോശമായ ഒരു പ്രതികരണവും ഹണി നടത്തിയിട്ടില്ല. എല്ലാം സഹിച്ച് ഒരു പോയിന്റ് കഴിയുമ്പോൾ ആരായാലും പ്രതികരിച്ചുപോകും. 

സഹപ്രവർത്തകരുടെ പിന്തുണ പ്രധാനം 

ഹണി പരാതി കൊടുത്തപ്പോൾ താരസംഘടന അമ്മയും ഡബ്ല്യുസിസിയും  മറ്റു താരങ്ങളും ഉൾപ്പടെ എല്ലാവരും വളരെ നല്ല പിന്തുണയാണ് കൊടുത്തത് അത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. നമ്മുടെ സഹപ്രവർത്തകരുടെ പിന്തുണ കിട്ടുന്നത് നല്ല കാര്യമാണ്. ഈ കേസ് വളരെ സ്ട്രോങ്ങ് ആയി മുന്നോട്ട് പോകണം. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. പ്രശസ്തിക്ക് വേണ്ടി മറ്റുള്ളവരെ മോശക്കാരിയാക്കി ചിത്രീകരിക്കുന്നത് നല്ല പ്രവണതയല്ല. ഇതൊരു മാറ്റമാകട്ടെ. ഇത്തരത്തിൽ സ്ത്രീവിരുദ്ധ കമന്റ്റ് പറയുന്നവർക്ക് ഇതൊരു പാഠമാകട്ടെ. എന്തും ആരെയും പറയാം എന്നുള്ള ഒരു ധാരണ മാറണം.

English Summary:

Actress Mareena Michael supports Honey Rose's brave stand against businessman Bobby Chemmannur, highlighting the importance of professional conduct and condemning misogynistic behavior. Learn more about this crucial case and the support from AMMA & WCC.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com