ഗെറ്റ് സെറ്റ് നിഖില; അഭിമുഖം

Mail This Article
‘നോ വയലൻസ്, നോ ഫൈറ്റ്, നോ ബ്ലഡ് ഷെഡ്..... മികച്ച കുടുംബ ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി’– തിയറ്ററുകളിൽനിന്ന് സിനിമ കണ്ട് പുറത്തിറങ്ങുന്ന പ്രേക്ഷകർ നൽകുന്ന സ്വീകാര്യതയുടെ സന്തോഷത്തിലാണ് നിഖില വിമൽ. ഉണ്ണി മുകുന്ദനൊപ്പം ആദ്യമായി അഭിനയിച്ച ചിത്രത്തിന്റെ വിശേഷങ്ങൾ നിഖില പങ്കുവയ്ക്കുന്നു.
ഗെറ്റ് സെറ്റ് ബേബി പങ്കുവയ്ക്കുന്ന ആശയങ്ങൾ എന്തൊക്കെയാണ്
ഇന്നത്തെ കുടുംബങ്ങൾക്കു വേണ്ടതെല്ലാം ഈ ചിത്രത്തിലുണ്ട്. ഒരു പുരുഷ ഗൈനക്കോളജിസ്റ്റിന്റെ ജീവിതത്തിലെ സംഭവങ്ങളും അദ്ദേഹത്തിന്റെ മുന്നിലൂടെ കടന്നുപോകുന്ന ദമ്പതികളും കുടുംബങ്ങളുമാണ് ചിത്രത്തിലുള്ളത്. ഇന്നത്തെ കാലത്ത് ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ് വിവാഹവും കുട്ടികൾക്ക് ജന്മം നൽകുന്നതുമൊക്കെ. വളരെ കളർഫുള്ളും എന്റർടെയ്നിങ്ങും ആയാണ് സംവിധായകൻ വിനയ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ആശയം പ്രേക്ഷകരിലേക്ക് എത്തിക്കാൻ എത്രത്തോളം കഴിഞ്ഞിട്ടുണ്ട്.
പുതിയ കാലത്തെ അമ്മമാരും മുത്തശ്ശിമാരുമടക്കമുള്ള പ്രേക്ഷകർക്ക് അവരുടെ ജീവിതത്തോടു ചിത്രത്തെ ചേർത്തുവയ്ക്കാൻ സാധിച്ചിട്ടുണ്ട്. യുവാക്കളടക്കമുള്ളവർ സമൂഹത്തിൽ ഏറ്റവും അധികം കേൾക്കുന്ന ചോദ്യമാണ് കല്യാണമായില്ലേ, കുട്ടികളായില്ലേ...തുടങ്ങിയവ. അതുകൊണ്ടുതന്നെ ആളുകൾക്ക് വളരെ എളുപ്പത്തിൽ കണക്ട് ചെയ്യാൻ സാധിക്കും.
സിനിമ സമൂഹത്തിലുണ്ടാക്കുന്ന സ്വാധീനത്തെപ്പറ്റി നിഖിലയുടെ ആശയം എന്താണ്.
സിനിമയിലൂടെ പ്രേക്ഷകരിലേക്ക് ആശയങ്ങൾ എത്തിക്കാം എന്നത് വാസ്തവമാണ്. എന്നാൽ ആ ആശയങ്ങൾ സ്വീകാര്യമാണോ അല്ലയോ തുടങ്ങിയ കാര്യങ്ങൾ ഓരോ വ്യക്തിയാണ് തീരുമാനിക്കുന്നത്. സിനിമയിലൂടെ വയലൻസിനെ ആഘോഷിക്കുന്നത് അംഗീകരിക്കാനാവില്ല. സിനിമ കണ്ടു സ്വാധീനിക്കപ്പെട്ടിട്ടു മാത്രമല്ലല്ലോ സമൂഹത്തിൽ കുറ്റകൃത്യങ്ങൾ ഉണ്ടാകുന്നത്. സമൂഹ മാധ്യമങ്ങൾ ഉൾപ്പെടെ ഉള്ളവയ്ക്കും ഇതിൽ പങ്കുണ്ട്.
നിഖില– ഉണ്ണി മുകുന്ദൻ ജോഡിയെ പ്രേക്ഷകർ സ്വീകരിച്ചോ
മുൻപും ഉണ്ണിയുമായി ഒന്നിച്ചുള്ള ചിത്രങ്ങളിലേക്കു ക്ഷണം ലഭിച്ചിരുന്നു. എന്നാൽ രണ്ടുപേരുടെയും ഡേറ്റുകൾ ഒത്തുവരാത്തതിനാൽ ആ ചിത്രങ്ങളിൽ ചെയ്യാൻ സാധിച്ചിരുന്നില്ല. ഗെറ്റ് സെറ്റ് ബേബി കണ്ട പ്രേക്ഷകർ നല്ല അഭിപ്രായമാണ് പറഞ്ഞത്. സ്വാതിയെയും അർജുനെയും പ്രേക്ഷകർ ഏറ്റെടുത്തതിൽ സന്തോഷമുണ്ട്.