'ലണ്ടനിലെ ട്യൂബ് ലൈൻ ബ്ലോക്ക് ചെയ്ത് ഷൂട്ട് ചെയ്തു, എമ്പുരാന് ബജറ്റ് ഇല്ല'; ആന്റണി പെരുമ്പാവൂർ അഭിമുഖം

Mail This Article
എറണാകുളം ചിറ്റൂർ റോഡിലെ ആശിർവാദ് സിനിമാസിന്റെ ഓഫിസിലേക്കു വെളുത്ത ലാൻഡ്ക്രൂസർ വളഞ്ഞു കയറുമ്പോൾ രാവിലെ 8 മണി. മോഹൻലാൽ ശബരിമലയിൽ ദർശനത്തിനു പോയ ദിവസം ആന്റണി പെരുമ്പാവൂർ വേളാങ്കണ്ണിയിലായിരുന്നു. ഫോണിലെ റിങ് ടോണിൽ എമ്പുരാന്റെ ഹൈവോൾട്ടേജ് മ്യൂസിക് മുഴങ്ങുന്നു. താഴ്‌വാരത്തുനിന്ന് കൊടുമുടിയിലേക്ക് ഓടിക്കയറുന്ന ഫീൽ. ഓഫിസ് മുറിയുടെ ചുവരുകളിൽ 25 വർഷം പിന്നിട്ട ആശിർവാദിന്റെ സിനിമായാത്രകളുടെ ചിത്രങ്ങൾ. തിയറ്ററുകളിലേക്ക് അയയ്ക്കാൻ അബ്രാം ഖുറേഷിയുടെ സ്റ്റില്ലുകളുള്ള പോസ്റ്റർ അടുക്കിവച്ചിരിക്കുന്നു. 2000 ജനുവരി 26 ന് നരസിംഹമായിരുന്നു ആശിർവാദിന്റെ ആദ്യ ചിത്രം. ഇതുവരെ 35 സിനിമകൾ ചെയ്തതിൽ 34 ലും മോഹൻലാൽ തന്നെ നായകൻ. ഒരു വട്ടം നായകനായത് പ്രണവ് മോഹൻലാലും.

നിർമാണ കമ്പനിക്ക് ആശിർവാദ് എന്നു പേരിട്ടതിലുമുണ്ട് ഒരു കൗതുകം. ആശിർവാദ്, അനുഗ്രഹ, ആരാധന എന്നീ മൂന്നു പേരുകളിൽ ഒന്നാണ് കണ്ടുവച്ചത്. മോഹൻലാലിന്റെ നിർദേശമായിരുന്നു ആശിർവാദ്. പ്രേക്ഷകരുടെ ആശിർവാദമാണ് സിനിമയിലെ വിജയത്തിന്റെ അടിസ്ഥാനമെന്ന ഓർമപ്പെടുത്തൽ പോലെ അനുഗ്രഹം ചൊരിയുന്ന പേര്.

‘‘ സത്യത്തിൽ 13 ദിവസമായി ഞാൻ 2 പേരുടെ ഫോണേ എടുക്കാറുണ്ടായിരുന്നുള്ളൂ. ലാൽസാറിന്റെയും പ്രൃഥ്വിരാജിന്റെയും. അത്തരമൊരു സ്ഥിതി ഉണ്ടായിരുന്നു. ആശങ്കയുടെ ഇരുളകന്ന് പുതിയ പ്രഭാതം വിടർന്നു എന്നു ഞങ്ങൾ പോസ്റ്ററിലെഴുതിയ പോലെയായിരുന്നു കാര്യങ്ങൾ. ഇനി 10 ദിവസം കൊണ്ട് 30 ദിവസത്തെ കാര്യങ്ങൾ ചെയ്യണം. 27 ന് എമ്പുരാൻ ലോകം മുഴുവൻ തിയറ്ററുകളിലെത്തിക്കാൻ നിർത്താതെ ഓടണം.’’–പടികൾ ഓടിക്കയറുമ്പോൾ ആന്റണി പറഞ്ഞു. ഒന്നാം നിലയിലെ ഓഫിസ് മുറിയിൽ ആന്റണിയുടെ സീറ്റിനോടു ചേർന്ന് അപൂർവമായൊരു ചിത്രം ഫ്രെയിംചെയ്ത് സൂക്ഷിച്ചിരിക്കുന്നു. അതിൽ മോഹൻലാലിനൊപ്പം മമ്മൂട്ടിയുമുണ്ട്. അരികിൽ ആന്റണിയും.
മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ നിർമാതാവ് എന്നു വിളിച്ചാൽ ആന്റണി ബ്ലോക്ക് ചെയ്യും –‘‘ സത്യത്തിൽ എമ്പുരാന് ബജറ്റില്ല. എമ്പുരാന്റെ ബജറ്റ് 100 കോടിയോ 150 കോടിയോ 200 കോടിയോ എന്നൊന്നും വിളിച്ചുപറയേണ്ട കാര്യമില്ല. പ്രേക്ഷകർക്ക് ഈ സിനിമ കാണുമ്പോൾ അതിന്റെ വലുപ്പവും ബജറ്റും കൃത്യമായി മനസ്സിലാകുമെന്നാണ് സംവിധായകൻ എന്നോടു പറഞ്ഞത്. അതാണ് ശരി. ലണ്ടനിലെ ട്യൂബ് ലൈൻ ബ്ലോക്ക് ചെയ്ത് എമ്പുരാൻ ഷൂട്ട് ചെയ്തിട്ടുണ്ട്. പൃഥ്വി നേരിട്ട് ഇടപെട്ടാണ് അതു നടത്തിയത്. യഷ് രാജ് ഫിലിംസ് അവരുടെ സ്വന്തം സിനിമയ്ക്കു വേണ്ടി മാത്രമാണ് വിഎഫ്എക്സ് ചെയ്യാറുള്ളത്. എന്നാൽ അവരുടെ ടീം നമുക്കു വേണ്ടി വിഎഫ്എക്സ് ചെയ്തു. ആദ്യമായാണ് അവർ പുറത്തു വർക്ക് ചെയ്യുന്നത്. ക്രിസ്ടെൽമാന്റെ നേതൃത്വത്തിൽ ഐമാക്സിന്റെ രാജ്യാന്തര ടീമാണ് ഐമാക്സ് വേർഷനിൽ വർക്ക് ചെയ്തിരിക്കുന്നത്. ആശിർവാദ് എൽഎൽസിക്കു വേണ്ടി ദുബായിൽനിന്ന് വിദേശത്തേക്ക് സിനിമ വിതരണം ചെയ്യുന്നത് എന്റെ മകൻ ആശിഷ് ആന്റണിയാണ്. .
പൃഥ്വിരാജിനൊപ്പം മൂന്നാമത്തെ ചിത്രമാണല്ലോ ?
ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഒരുക്കാൻ ഇന്ന് മലയാളത്തിൽ പൃഥ്വിരാജിനെ കഴിഞ്ഞേ മറ്റൊരു സംവിധായകനുള്ളു. ഹൈദരാബാദിൽനിന്ന് ലൂസിഫറുമായി എന്നോടൊപ്പം ചേർന്നതാണ് പൃഥ്വിരാജ്. മൂന്നു സിനിമകൾ ഞങ്ങൾ ഒരുമിച്ച് ചെയ്തു. ബജറ്റ് തീരുമാനിക്കാതെയാണ് ലൂസിഫറും എമ്പുരാനും ഷൂട്ട് ചെയ്തു തുടങ്ങിയത്. എങ്കിൽ മാത്രമേ സ്വപ്നം കാണുന്ന സിനിമ യഥാർഥ്യമാക്കാൻ സാധിക്കുകയുള്ളു എന്ന് ഞങ്ങൾക്കറിയാമായിരുന്നു. ലാൽ സാറും പൃഥ്വിരാജും കൂടെയുള്ള ധൈര്യത്തിലാണ് പതിവിൽനിന്ന് മാറി ഇത്തരമൊരു സാഹസത്തിന് മുതിർന്നത്. പൃഥ്വിരാജ് തന്നെയാണ് ലൊക്കേഷനുകളെല്ലാം കണ്ടെത്തിയത്. അമേരിക്കയിൽ ഇതുവരെ സിനിമ കടന്നു ചെല്ലാത്ത ലൊക്കേഷനുകളിൽ എമ്പുരാൻ ഷൂട്ട് ചെയ്തിട്ടുണ്ട്.
സിനിമയുടെ റിലീസ് സംബന്ധിച്ച് ചില ആശങ്കകൾ ഉണ്ടായിരുന്നോ ? നിർമാണ കമ്പനിയുമായി ബന്ധപ്പെട്ട് ?
റിലീസിനെപ്പറ്റി ആശങ്ക ഉണ്ടായിരുന്നു. അത് അകറ്റിയത് ഗോകുലം ഗോപാലൻ സാറാണ്. പ്രതിസന്ധികളിൽ അദ്ദേഹം ഞങ്ങൾക്ക് കൈത്താങ്ങായിരുന്നു. ഗോകുലത്തിലെ കൃഷ്ണമൂർത്തിയും ഒപ്പം നിന്നു. ലൈക്കയാണ് ചിത്രത്തിന്റെ പങ്കാളിയായി ഉണ്ടായിരുന്നത്. ഏതു ബിസിനസിലും പങ്കാളികളുമായി ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുന്നതും അത് സൗമ്യമായി പരിഹരിക്കുന്നതും സ്വാഭാവികമാണ്.
സിനിമ നിർമിക്കാൻ വരുന്നവർക്ക് എന്തുപദേശമാണ് നൽകാനുള്ളത് ?
ചെയ്യാൻ പോകുന്ന സിനിമയെപ്പറ്റി മാത്രമല്ല, അതിൽ ജോലി ചെയ്യുന്നവരെപ്പറ്റിയും വ്യക്തമായി മനസ്സിലാക്കിയ ശേഷമേ സിനിമകൾ ചെയ്യാവൂ എന്നാണ് പുതിയ നിർമാതാക്കളോട് പറയാനുള്ളത്. എങ്കിൽ മാത്രമേ നല്ല സിനിമകൾ ഉണ്ടാവുകയുള്ളു. സംവിധായകനെ മാത്രമറിഞ്ഞാൽ പോര. പ്രധാനപ്പെട്ട ക്രൂവിനെക്കുറിച്ചും ധാരണ വേണം. പണ്ട് സിനിമ കണ്ടിറങ്ങുന്ന ജനങ്ങളാണ് ഒരു സിനിമയുടെ വിജയപരാജയങ്ങൾ തീരുമാനിച്ചിരുന്നത്. ഇന്ന് സ്ഥിതി പൂർണമായും മാറി. ഇന്ന് സിനിമ വിജയമാണോ പരാജയമാണോ എന്നറിഞ്ഞാണ് ആളുകൾ തിയറ്ററിലെത്തുന്നത്.