ബിഗ് ബിക്കൊപ്പം ടോണി ലൂക്ക് ബോളിവുഡിൽ; ബദ്‌ലാ ട്രെയിലർ

Mail This Article
ആദി, നയൻ എന്നീ ചിത്രങ്ങളിലൂടെ തിളങ്ങിയ മലയാളിതാരം ടോണി ലൂക്ക് ബോളിവുഡിൽ. അമിതാഭ് ബച്ചൻ പ്രധാനവേഷത്തിലെത്തുന്ന ബദ്‌ലാ എന്ന ചിത്രത്തിലൂടെയാണ് ടോണിയുടെ ബോളിവുഡ് അരങ്ങേറ്റം. കഹാനി എന്ന സൂപ്പർഹിറ്റ് ചിത്രമൊരുക്കിയ സുജോയ് ഘോഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. താപ്സി നായികയാകുന്നു.
2016ൽ റിലീസ് ചെയ്ത സ്പാനിഷ് ത്രില്ലർ ദ് ഇൻവിസിബിൾ ഗസ്റ്റിന്റെ റീമേയ്ക്ക് ആണ് ബദ്‌ലാ. ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ്ചില്ലീസ് എന്റർടെയ്ൻമെന്റ് ആണ് നിർമാണം. ചിത്രം മാർച്ച് എട്ടിന് റിലീസ് ചെയ്യും.
മോഡലിങ് രംഗത്തുനിന്ന് സിനിമയിലെത്തിയ ടോണി ഊഴം, നാം, സഖാവ്, ആദി എന്നീ സിനിമകളിലൂടെയാണ് ശ്രദ്ധേയനായത്. പൃഥ്വിരാജ് നായകനായി എത്തിയ 9-ൽ സന്ദീപ് രാമമൂർത്തി എന്ന കഥാപാത്രമായാണ് ടോണി എത്തുന്നത്.
ബെംഗളൂരുവിൽ എൻജിനീയറിങ്ങിന് പഠിക്കുന്ന സമയത്താണ് ടോണി മോഡലിങ്ങിലേക്ക് തിരിയുന്നത്. അത് കഴിഞ്ഞ് ലണ്ടനിൽ എം.ബി.എ.യ്ക്ക് പഠിക്കുമ്പോൾ ഇറ്റലിയിൽനിന്ന് നല്ല ഓഫർ തേടിവന്നു. പിന്നെ 14 രാജ്യങ്ങളിലായി മോഡലിങ്ങും ഷോകളും.
ചങ്ങനാശ്ശേരി പാറക്കുളത്തിന് സമീപം കോച്ചേരി കുടുംബത്തിൽ ആന്റണിയുടെയും ത്രേസ്യയുടെയും മകനാണ് ടോണി. കൂടുതൽ ശ്രദ്ധയോടെ നല്ല കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുകയാണ് ടോണിയുടെ ലക്ഷ്യം.